പുനർവായന തേടുന്ന കേരള ‘മോഡൽ’
text_fields‘കേരള മോഡൽ’ എന്ന, സ്ഥാനത്തും അസ്ഥാനത്തും പൊതുമണ്ഡലം എടുത്തുപെരുമാറുന്ന ഈ സങ്കൽപനം ഇന്നത്തെ സാഹചര്യത്തിൽ ഒന്നു പുനർവായന ചെയ്യണം. പുനർവായനയും പുനർചിന്തയും പുനർനിർമിതിക്ക് അനിവാര്യമാണ്. ഇന്ത്യക്കു മുന്നിൽ പറയാൻ നമ്മുടെ പക്കൽ എന്തു ഗുണപാഠങ്ങൾ? മാർഗദീപമാകാൻ എത്രകണ്ടു സാധ്യതയുണ്ട്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നാം സ്വയം ചോദിക്കേണ്ടതുണ്ട്
‘‘ഇന്ത്യ മഹാരാജ്യം പിന്തുടരേണ്ട പാതക്ക് വെളിച്ചംവീശുന്ന മാർഗദീപമാണ് കേരളം. ഇവിടെ വിവിധ മതങ്ങളിൽപെട്ടവരും നിരീശ്വരവാദികളും സമാധാനത്തോടെ, ഒത്തൊരുമയോടെ ജീവിക്കുന്നു. സമൂഹത്തെ തമ്മിൽ വേർതിരിക്കുന്ന വർഗീയതയിൽ നിന്നു മാറി സഞ്ചരിക്കുന്നു...’’
ദീർഘകാലം ബോംബെ ഐ.ഐ.ടിയിൽ ബയോമെഡിക്കൽ എൻജിനീയറിങ് പ്രഫസറായിരുന്ന, സാമൂഹിക ചിന്തകൻ റാം പുനിയാനി കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് എൻ.ജി.ഒ യൂനിയൻ വജ്രജൂബിലി ഉദ്ഘാടന വേളയിൽ ചെയ്ത പ്രസംഗത്തിലെ ഉദ്ധരണിയാണിത്. ഇന്ത്യൻ ജനാധിപത്യം ശക്തമായ വെല്ലുവിളി നേരിടുന്ന സന്ദർഭത്തിൽ കേരളത്തിന് ചരിത്രപരമായ ഒരു ദൗത്യമുണ്ടെന്ന് ഇത് നമ്മെ ഓർമപ്പെടുത്തുന്നതിനൊപ്പം അതിന്റെ സാമൂഹിക കെട്ടുറപ്പിനെക്കുറിച്ചും വികസനാനുഭവങ്ങളുടെ ശരിതെറ്റുകളെക്കുറിച്ചും വിലയിരുത്തുന്നത് അസ്ഥാനത്തല്ലെന്നും ബോധ്യപ്പെടുത്തുന്നു.
1970കളുടെ അന്ത്യപാദം മുതൽ ഏതാണ്ട് മൂന്നു, നാലു പതിറ്റാണ്ടുകാലം വികസന വിജ്ഞാനപണ്ഡിതരും സാമൂഹിക, രാഷ്ട്രീയമീമാംസകരും സാധാരണക്കാരും കേരളത്തിന്റെ അനുഭവം സജീവചർച്ചക്ക് വിധേയമാക്കിയിരുന്നു. ‘കേരള മോഡൽ’ എന്ന സങ്കൽപനംതന്നെ വളരെ വിപുലമായി വ്യവഹാരം ചെയ്യപ്പെട്ടുവെന്നും നമുക്കറിയാം. ജോൺ റോൾസ്, യുർഗൻ ഹേബർ മാസ്, അമർത്യ സെൻ തുടങ്ങി ജനാധിപത്യത്തെ ആഴത്തിൽ വിശകലനംചെയ്യുന്ന ചിന്തകർ ജനാധിപത്യം പൊതുയുക്തി (Public reason) ആണെന്നു സമർഥിക്കുന്നു. അധികാരഭീകരത ഇല്ലാതാക്കാനും നീതി സാർവത്രിക മൂല്യമാക്കാനും പൊതുയുക്തിയുടെ ഇടം വളരണം.
ബാലറ്റിലൂടെ 1957ൽ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം വർത്തമാനകാലത്ത് വലുതാണ്. ജനാധിപത്യത്തിന്റെ വിജയം പൊതുയുക്തി വിപുലപ്പെടുത്തുന്ന പൊതുമണ്ഡലം പ്രസക്തമായി പ്രവർത്തിക്കണമെന്നിടത്തുനിന്നുതന്നെ ഈ ചർച്ച തുടങ്ങേണ്ടിയിരിക്കുന്നു.
2018ൽ 499 പേർ മരിക്കുകയും 40,000 കോടിയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്ത മഹാപ്രളയം ഒരു വലിയ ആഘാതമായിരുന്നു. തുടർച്ചയായുണ്ടായ ഉരുൾപൊട്ടൽ, കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികൾ, 44 നദികൾക്കുണ്ടായ ശോച്യാവസ്ഥ തുടങ്ങിയ മനുഷ്യജന്യ ആഘാതങ്ങൾ പരിഹാരം കാണാതെ കിടക്കുമ്പോഴാണ് ഇത് സംഭവിച്ചത്. പിന്നാലെ 2020-21ലുണ്ടായ കോവിഡ് മഹാമാരി വരുത്തിയ വൻ സാമ്പത്തികപ്രഹരങ്ങൾ പശ്ചാത്തലം വീണ്ടും പ്രതികൂലമാക്കി.
എന്നാൽ, നൂറിൽപരം വിദഗ്ധരുടെയും പത്തു യു.എൻ ഏജൻസികളുടെയും സഹായത്തോടെ ഒരു ആഘാതപഠനവും പുനരുദ്ധാരണ പാക്കേജും ഉടലെടുത്തു. നവകേരള സൃഷ്ടിക്കായി കേരള ജനത അരയും തലയും മുറുക്കി ഉഷാറായി. ഈ പശ്ചാത്തലംകൂടി കണക്കിലെടുത്തുകൊണ്ട് ഒരു പുനർവായനക്ക് തുടക്കംകുറിക്കുന്നത് പ്രസക്തമാണെന്നു തോന്നുന്നു.
മണ്ടൻ ഉത്തരങ്ങളെക്കാൾ നല്ല ചോദ്യങ്ങൾക്കാണ് പ്രസക്തി. ഒന്നാമത് ‘കേരള മോഡൽ’ എന്ന, സ്ഥാനത്തും അസ്ഥാനത്തും പൊതുമണ്ഡലം എടുത്തുപെരുമാറുന്ന ഈ സങ്കൽപനം ഇന്നത്തെ സാഹചര്യത്തിൽ ഒന്നു പുനർവായന ചെയ്യണം. പുനർവായനയും പുനർചിന്തയും പുനർനിർമിതിക്ക് അനിവാര്യമാണ്. ഇന്ത്യക്കു മുന്നിൽ പറയാൻ നമ്മുടെ പക്കൽ എന്തു ഗുണപാഠങ്ങൾ? മാർഗദീപമാകാൻ എത്രകണ്ടു സാധ്യതയുണ്ട്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നാം സ്വയം ചോദിക്കേണ്ടതുണ്ട്.
മലയാളികളുടെ മാതൃഭൂമി
വിശാലാർഥത്തിൽ ചർച്ചചെയ്യാൻ കേരളമെന്ന സ്വത്വത്തെക്കുറിച്ച് ഒരു വാക്ക് പറയേണ്ടിയിരിക്കുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളം ‘മലയാളികളുടെ മാതൃഭൂമി’ ആയി അടയാളപ്പെടുത്തി. സഹ്യപർവതത്തിന്റെയും അറേബ്യൻ കടലിന്റെയുമിടയിലെ പ്രകൃതിയുടെ വരദാനമായ ഈ ഭൂപ്രദേശത്തിന്റെ മണ്ണും മഴയും കാടും കായലും 44 നദികളും നെൽപാടങ്ങളും സസ്യസമ്പത്തും അദ്വിതീയമായ ഒരു ഒസ്യത്താണ്.
ഇന്ത്യയുടെ ഇതര പ്രദേശങ്ങളിൽനിന്നു വേറിട്ട ഒരു വ്യക്തിത്വമുണ്ട് കേരളത്തിന്. എന്നാൽ, 1498ൽ വാസ്കോഡ ഗാമ കോഴിക്കോട്ട് കാലുകുത്തുമ്പോൾ 90ൽപരം നാടുവാഴി സ്വരൂപങ്ങളായിരുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് അധീനതയിലെ മലബാറുമടങ്ങുന്ന ഭിന്ന ഭരണകൂടം. അവിടെനിന്നാണ് കേരളം എന്ന ജൈവിക അസ്തിത്വം രൂപമെടുത്തത്.
വിദേശവ്യാപാരം സഹായിച്ച സ്വാഭാവികമായ മൺസൂൺ കാറ്റ്, സ്വാഭാവിക തുറമുഖങ്ങൾ, അപൂർവ സുഗന്ധദ്രവ്യങ്ങളുടെ കലവറ തുടങ്ങിയ സവിശേഷതകൾ അറേബ്യൻ രാജ്യങ്ങളോടു മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളോടും ബന്ധം പുലർത്താൻ കേരളത്തിന് വഴിയൊരുക്കി. മുസ്‍ലിംകൾ, സുറിയാനി ക്രൈസ്തവർ, യഹൂദർ, ശ്രീലങ്കയിൽനിന്ന് ഈഴവർ എന്നിങ്ങനെ വിവിധ സംസ്കാരങ്ങളുമായി ഇടപഴകുന്ന ഒരു സാഹചര്യം സഹവർത്തിത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.
ആധുനികതയുടെ സാധ്യതകളോടൊപ്പം, വിദ്യാഭ്യാസരംഗത്തും ആരോഗ്യ മേഖലയിലും ക്രൈസ്തവ മിഷനറിമാരുടെ ഇടപെടലുകൾ ആഴത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യംചെയ്യുന്ന ഒരു സമൂഹം വളരാൻ കളമൊരുക്കി.
ഐക്യകേരളമെന്ന ആവശ്യം 1921 മുതൽ കോൺഗ്രസ് പ്രസ്ഥാനം മുന്നോട്ടുവെച്ചു. 1956 നവംബർ ഒന്നിന് മലയാളികളുടെ സ്വപ്നങ്ങൾക്ക് മൂർത്തഭാവം കൈവന്നു. കൊളോണിയൽ ആധുനികതക്കപ്പുറം വർഗ ജാതി (Class and Caste) സമ്പ്രദായങ്ങളാൽ കാലങ്ങളായി ചൂഷണം ചെയ്യപ്പെട്ട കേരള സമൂഹത്തെ ചലനാത്മകമാക്കാൻ പോന്ന അനേകം വ്യക്തികളും പ്രസ്ഥാനങ്ങളും രൂപമെടുത്തു.
സാമൂഹികനീതി ഉറപ്പുവരുത്തി ചൂഷണരഹിതമായ ഒരു സാമൂഹിക ക്രമം എന്ന സ്വപ്നം കേരള ജനതയിൽ ഇടംപിടിച്ചു. മാനുഷരെല്ലാം ഒന്നുപോലെ പൊളിവചനം എള്ളോളമില്ലാത്ത ലോകക്രമത്തിന്റെ പൈതൃകവും ഏറ്റുവാങ്ങിയ കേരളത്തിലെ വാമനശക്തികളെ തുരത്താൻ വേണ്ട പൊതുജന വിന്യാസശേഷി സാധിച്ചതിന്റെ സാക്ഷ്യമായിരുന്നു 1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭ. ഇത്രയും ആമുഖമായി സൂചിപ്പിച്ചുകൊണ്ട് എന്താണ് ‘കേരള മോഡൽ’, എന്തൊക്കെയാണ് അതിന്റെ അടിസ്ഥാന സവിശേഷതകൾ എന്നു പറയട്ടെ?
ഇതൊരു വാർപ്പ് മാതൃകയല്ല
നമ്മൾ പലപ്പോഴും മോഡൽ സ്കൂൾ, മോഡൽ ക്ലാസ്, മോഡൽ അധ്യാപകൻ എന്നൊക്കെ പറയുന്നത് ‘മാതൃക’ എന്ന അർഥത്തിൽ ആണ്. അതു കൂടാതെ ‘മോഡലു’കൾ നിർമിക്കുന്ന ശിൽപികളുണ്ട്. ഫാഷൻ മോഡലുകൾ വേറെ. ശാസ്ത്രഗവേഷണത്തിൽ മോഡൽ നിർമാണവും പ്രയോഗവും സർവസാധാരണമാണ്. വികസന സാമ്പത്തികശാസ്ത്രത്തിൽ മോഡലുകൾക്ക് ഒരു പഞ്ഞവുമില്ല.
കർശനമായി കുറെ ഉപാധികൾ പാലിച്ചാൽ, കൃത്യമായ ചില ഫലങ്ങളുണ്ടാകുമെന്നു പറയുന്ന ഗണിതശാസ്ത്ര മോഡലുകളാണ് അതിൽ മുഖ്യം. ‘കേരള മോഡൽ’ ഇതൊന്നുമല്ല. ഒരിക്കലും അത് ഒരു വാർപ്പുമാതൃകയോ ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിന്റെ നടപ്പാക്കലോ അല്ലെന്നു തീർച്ച. അനുകരണീയമായ കുറെ മാറ്റങ്ങൾ സംഭവിച്ചുവെന്ന സത്യത്തെ മോഡലാക്കി മാറ്റി സാമാന്യവത്കരിക്കുകയാണുണ്ടായത്.
ഉയർന്ന സാക്ഷരത, ശിശുമരണനിരക്കിലെ കുറവ്, ശരാശരി ആയുർദൈർഘ്യത്തിലെ വർധന, വളരെ ശ്രദ്ധേയമായ സ്ത്രീപുരുഷ അനുപാതം, ഭക്ഷ്യസുരക്ഷ ക്രമീകരണങ്ങൾ, നഗരവും നാട്ടിൻപുറവും തമ്മിൽ സാമൂഹിക നേട്ടങ്ങളിൽ വലിയ വ്യത്യാസമില്ലാത്ത സ്ഥിതി എന്നിങ്ങനെയുള്ള വികസിതമെന്നു വിശേഷിപ്പിക്കാവുന്ന രാജ്യങ്ങളോടു കിടപിടിക്കാവുന്ന കേരളത്തിന്റെ നേട്ടങ്ങൾ പുറം ലോകത്തിനു കാട്ടിക്കൊടുത്ത അമർത്യ സെൻപോലും ഒരിക്കലും അതിനെ മോഡൽ എന്നു വിശേഷിപ്പിച്ചിട്ടില്ല.
മറിച്ച് അത് തെറ്റാണെന്ന് ആവർത്തിച്ചുപറഞ്ഞിട്ടുമുണ്ട്. ഴാങ് ഡ്രീസും അമർത്യ സെന്നും ചേർന്ന് എഴുതിയ ഇന്ത്യാസ് ഡെവലപ്മെന്റ് ആൻഡ് പാർട്ടിസിപ്പേഷൻ (2002) എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക: ‘‘കേരള മോഡൽ എന്ന പ്രൗഢ പ്രയോഗം പോരായ്മകൾ എടുത്തുപറഞ്ഞു താഴ്ത്തിക്കെട്ടാനല്ലാതെ, കേരളത്തിന്റെ അനുഭവങ്ങളിൽനിന്ന് എന്തൊക്കെ പാഠങ്ങൾ പഠിക്കാമെന്ന് ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല’’ (പുറം 98). 10 വർഷങ്ങൾക്കുശേഷം ഈ താഴ്ത്തിക്കെട്ടൽ (debunking) പ്രക്രിയ ജഗദീഷ് ഭഗവതിയും അദ്ദേഹത്തിന്റെ ശിഷ്യൻ അരവിന്ദ് പനാഗരിയയും ചേർന്ന് പ്രസിദ്ധീകരിച്ച ഇന്ത്യാസ് ൈട്രയ്സ്റ്റ് വിത്ത് ഡെസ്റ്റിനി (India's Tryst with destiny) എന്ന ഗ്രന്ഥത്തിൽ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. മറ്റു പലരും അക്കൂട്ടത്തിൽ ഉൾപ്പെടും (അവരുടെ ആരോപണങ്ങൾക്ക് ഈ ലേഖകൻ അന്യത്ര മറുപടി പറഞ്ഞിട്ടുണ്ട്).
കടപുഴകിയ വാൽമാക്രി സിദ്ധാന്തം
അനുകരണീയമായ ഒത്തിരി മാതൃകാനുഭവങ്ങൾ ഇവിടെ നടന്നുവെന്നതും, നേട്ടങ്ങളായി പറയുന്ന സാമൂഹിക സ്ഥിതിവിവരക്കണക്കുകളോടൊപ്പം പറയുമ്പോൾ മാത്രമേ കേരളത്തിന്റെ വികസനാനുഭവത്തിന്റെ പൂർണരൂപം മനസ്സിലാവുകയുള്ളൂ. അടിമത്തം, അനാരോഗ്യം, അസ്പൃശ്യത, അന്ധവിശ്വാസം തുടങ്ങിയ അസ്വാതന്ത്ര്യങ്ങളിൽനിന്നുള്ള വിമോചനത്തിന്റെ അന്തരീക്ഷമുണ്ടായി.
ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തനങ്ങൾ സാങ്കേതിക, സാമ്പത്തിക, വിദ്യാഭ്യാസരംഗങ്ങളിൽ മാറ്റങ്ങൾ വരുത്തി. അതിനൊപ്പം വൈകുണ്ഠസ്വാമി, ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, അയ്യൻകാളി, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ തുടങ്ങി സാമൂഹിക, ആത്മീയ, സാഹിത്യ മണ്ഡലങ്ങളിൽ വൻ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ അനേകർ മുന്നോട്ടുവന്നു.
ഹിന്ദു സമുദായങ്ങൾക്കിടയിൽ മാത്രമല്ല, ക്രൈസ്തവർക്കും മുസ്‍ലിംകൾക്കുമിടയിലും അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന നേതൃത്വം ഉണ്ടായി. യുക്തിയുടെ ടോർച്ചടിച്ച് അന്ധവിശ്വാസങ്ങളെ ചോദ്യംചെയ്യാനുള്ള കെൽപ് സാധാരണക്കാർക്ക് ഉണ്ടാകാതെ പുരോഗതി സാധ്യമല്ലല്ലോ. കീഴാളരുടെ ഇടയിലെ വിദ്യാഭ്യാസവും പ്രബുദ്ധതയും സാമൂഹികപരിഷ്കാരങ്ങളുടെ സാർവത്രിക സ്വാധീനവും ഉത്തരേന്ത്യയിലെ ചോദ്യംചെയ്യാത്ത വ്യവസ്ഥിതിയിൽനിന്നു ഭിന്നമായിരുന്നു. 1975ൽ യു.എൻ/സി.ഡി.എസ് (Centre of Development Studies) പ്രസിദ്ധീകരിച്ച ദാരിദ്യ്രം, തൊഴിലില്ലായ്മ, വികസനങ്ങൾ (Poverty, Unemployment and Development Policy) എന്ന പുസ്തകം പുറത്തുവിട്ട സാമൂഹിക സ്ഥിതിവിവരക്കണക്കുകൾ വികസനഗവേഷകരെ അത്ഭുതപ്പെടുത്തി.
1970കളിൽ പ്രതിശീർഷവരുമാനത്തിൽ പിന്നാക്കംനിന്ന ഒരു ചെറു സമൂഹം വ്യവസായവത്കരണമോ നഗരവത്കരണമോ കൂടാതെ കൈവരിച്ച മാനവിക വികസനനേട്ടങ്ങൾ നിരവധി സാമ്പ്രദായിക സാമ്പത്തിക സിദ്ധാന്തങ്ങളെ അപ്രസക്തമാക്കി. ജോൺ റാട് ക്ലിഫ് 1978ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ 1960കൾ വരെ സ്ഫോടനാത്മകമായി വളർന്ന കേരളത്തിന്റെ ജനസംഖ്യ ഏതാണ്ട് 15 കൊല്ലങ്ങൾകൊണ്ട് എന്തുകൊണ്ട് കുറയാൻ തുടങ്ങി എന്ന പ്രശ്നം ആഴത്തിൽ വിശകലനംചെയ്യുന്നു.
വിദ്യാഭ്യാസവും -പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസം- ആരോഗ്യസേവനങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കാൻ സഹായിച്ച സാമൂഹികപരിഷ്കാരങ്ങളും സാമൂഹികനീതിക്ക് ഊന്നൽ നൽകുന്ന വികസനനയങ്ങളും ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ സാമൂഹിക നീതിക്കും മാനവിക വികസനത്തിനും പ്രാധാന്യം നൽകുന്ന ഒരു വികസനമാതൃക വൻ സാമ്പത്തിക വളർച്ച കൂടാതെ നടപ്പാക്കാമെന്നു കേരളത്തിന്റെ വികസന അനുഭവം ലോകത്തെ ബോധ്യപ്പെടുത്തി.
കാൽനൂറ്റാണ്ടിനു മുമ്പ് പാശ്ചാത്യരുടെ ‘വാൽമാക്രിസിദ്ധാന്ത’മാണ് ഇവിടെ കടപുഴകിയത് എന്ന് ഞാൻ എഴുതി. അവികസിത രാജ്യങ്ങളോട് (വാൽമാക്രികൾ) വികസിതരാജ്യങ്ങളായ (അമേരിക്ക, യൂറോപ്പ്) തവളകളുടെ ആഹ്വാനമാണ് നിലവിലെ വികസന സിദ്ധാന്തം. കേരള മാതൃക അതിന്റെ വെല്ലുവിളിയായിരുന്നു എന്ന് ഞാൻ ആയിടെ എഴുതിയത് ഇവിടെ ഓർക്കുകയാണ്.
കേരള സമൂഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച റോബിൻ ജെഫ്രിയുടെ 1992ലെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് രാഷ്ട്രീയം, സ്ത്രീ, ക്ഷേമം- കേരളം എങ്ങനെ മോഡലായി എന്നാണ് (Politics, Women, Well being. How Kerala become a Model) . രാഷ്ട്രീയം+സ്ത്രീ=ക്ഷേമം എന്ന സമവാക്യമാണ് അദ്ദേഹത്തിന്റെ പഠനത്തിന്റെ ചുരുക്കം. 1880കളിൽ തുടങ്ങി 1950കളിൽ പ്രകടമായ, അധികാരവും സമ്പത്തും പങ്കിടുന്നത് നീതിയുക്തമാക്കാനുള്ള ജനാധിപത്യത്തിൽ അധിഷ്ഠിതമായ കേരള രാഷ്ട്രീയം അദ്ദേഹം എടുത്തു പറയുന്നു.
അതോടൊപ്പം കുടുംബാസൂത്രണം, കുട്ടികളുടെ വിദ്യാഭ്യാസത്തിലെ ശ്രദ്ധ, കുടുംബ ആരോഗ്യപരിപാലനം തുടങ്ങി കേരള സമൂഹത്തിൽ സ്ത്രീകൾ വഹിച്ച ധർമവും കേരളത്തെ മാതൃകയാക്കി. അതാണ് അദ്ദേഹം പറയുന്ന സമവാക്യത്തിന്റെ പൊരുൾ. കേരള രാഷ്ട്രീയവും സമൂഹവും എത്രകണ്ടു മാതൃകയാണ്? പുനർവായന ആവശ്യപ്പെടുന്ന ഈ ചോദ്യം അടുത്ത തവണ ചർച്ച ചെയ്യാമെന്ന് ആശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.