കേരളത്തിലും വേണം കാലാവസ്ഥ അടിയന്തരാവസ്ഥ
text_fieldsരണ്ടു വർഷം മുമ്പുവരെ മഴയുടെ കാൽപനിക സൗന്ദര്യഭാവനകളിൽ മുഴുകുമായിരുന്നു നമ്മ ൾ. അന്നൊക്കെ എഴുതാനിരിക്കാനായി ഞാനറിയാതെ മഴക്കാലം എന്നെ എടുത്തുകൊണ്ടു പോകുമായിരുന്നു. മഴക്കാലം മനസ്സിലുണ്ടാക്കുമായിരുന്ന ആത്മപ്രഹർഷങ്ങൾ മുഴുവൻ വിവരിക്കാനാവില്ല. അത്രമേൽ തീവ്രമാണത്. ഇന്ന് മഴ ഇരച്ചുവരുന്ന ശബ്ദം കേൾക്കുമ്പോൾ ഉറക്കത്തിൽപോലും ഞെട്ടിയുണരുകയാണ്. പശ്ചിമഘട്ട ഭൂപ്രദേശമായ വയനാട്ടിൽ താമസിക്കുന്ന ദിവസങ്ങളിൽ ഈ ഭയം കൂടുതലാണ്, അവിടെ ജീവിക്കുന്ന എല്ലാവർക്കും. കൊടുങ്കാറ്റിൽ, തിരമാലകളുയരുമ്പോൾ, കടലിന്നരികെ ജീവിക്കുന്നവരുടെ ഭയം പോലെയാണത്. തോരാതെ മഴപെയ്യുമ്പോൾ പുഴ കയറിവരുന്ന ഓരങ്ങളിൽ ജീവിക്കുന്നവരുടേതു പോലെ.
ലോകമാകെ നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തിെൻറ പ്രത്യാഘാതങ്ങൾ പ്രത്യക്ഷത്തിൽ എല്ലാവരും നേർക്കുനേർ അനുഭവിച്ചു തുടങ്ങി. മനുഷ്യർ മാത്രമല്ല, എല്ലാ തരം സസ്യ ജന്തു സൂക്ഷ്മ ജീവിജാലങ്ങളും. പൊൻമുട്ടയിടുന്ന താറാവിനെ കീറി മുറിച്ച് കൊന്നുനോക്കിയ അത്യാർത്തിയുടെ കഥ ഏറ്റവും ആദ്യം പറഞ്ഞതാരായിരുന്നു? ഇരിക്കുന്ന കൊമ്പു മുറിക്കുന്ന വിഡ്ഢിയുടെ കഥപറഞ്ഞ് തന്നതും ആരായിരുന്നു? ഈ ഭൂമിയിൽ അനേകമനേകം തലമുറകളുടെ സുസ്ഥിരവാസം എങ്ങനെയാവണമെന്ന ഏറ്റവും വലിയ പാഠങ്ങളായിരുന്നു ആ കഥകളെന്ന് കേട്ടവർക്കൊന്നും വെളിവുവരാതെ പോയതെന്തേ? ഓരോ തലമുറക്കും നിരന്തര മുന്നറിയിപ്പുകളെന്നോണം ഉൾക്കാഴ്ചയുള്ളവർ പറഞ്ഞു തന്ന ആ കഥകൾ വീണ്ടും തിരിച്ചുപിടിക്കണം.
കൗമാരക്കാരായ പെൺകുട്ടികൾ കൂട്ടത്തോടെ പറയുന്നു: ഞങ്ങൾ പ്രസവിക്കുകയില്ല, ഞങ്ങൾക്ക് കുട്ടികൾ വേണ്ട, ഞങ്ങളുടെ കുട്ടികൾക്ക് ജീവിക്കാൻ ഇവിടെ നിങ്ങൾ ഒന്നും ബാക്കിവെച്ചിട്ടില്ല, ഞങ്ങൾതന്നെ ഇവിടെയിനി എത്രയധികം കഷ്ടപ്പാടുകൾ നേരിട്ടുകൊണ്ടാണ് ജീവിച്ചുതീർക്കേണ്ടി വരുക. നിങ്ങൾ എല്ലാം ഇല്ലാതാക്കി! പതിനാറു വയസ്സുള്ള മകളും ഇതേ കാര്യം എന്നോട് പല പ്രാവശ്യം പറഞ്ഞിരിക്കുന്നു. ഇവർക്കും വരാനിരിക്കുന്നവർക്കും അവകാശപ്പെട്ട ജീവിതം തിരിച്ചു നൽകാൻ മുതിർന്നവരും അധികാരമുള്ളവരുമായ മനുഷ്യർ ഇനിയെന്താണ് ചെയ്യാൻ പോകുന്നത്? ഈ പെൺകുട്ടികളുടെ വേദനയാൽ കടുത്തുപോയ വാക്കുകളെ ശ്രദ്ധിക്കാതെ പോകരുത്. എന്താണ് ചെയ്യേണ്ടതെന്ന് മുതിർന്നവരോട് കുട്ടികൾ കൃത്യമായി ആവശ്യപ്പെടുന്നത് നമ്മൾ കേൾക്കണം. അങ്ങനെ ആവശ്യപ്പെട്ടതിന്, ലോകശ്രദ്ധ പിടിച്ചുവാങ്ങിയ ക്ലൈമറ്റ് ആക്ടിവിസ്റ്റായി പ്രവർത്തിക്കുന്ന പതിനാറു വയസ്സുമാത്രമുള്ള െഗ്രറ്റയോട് അമേരിക്കയുടേയും ഫ്രാൻസിേൻറയും റഷ്യയുടേയും ആസ്ട്രേലിയയുടെയും രാഷ്ട്രത്തലവന്മാരും ഒപെകിെൻറ ജനറൽ സെക്രട്ടറിയും അധികാരപണ്ഡിത വൃന്ദങ്ങളും പ്രകടിപ്പിച്ചതുപോലുള്ള പരിഹാസങ്ങളും കാർക്കശ്യവും ഉപദേശങ്ങളും ഈ കുട്ടികൾ അതിനേക്കാൾ തീക്ഷ്ണതയിൽ തള്ളിക്കളയുകയാണ്. അവർക്ക് മുതിർന്നവരുടെ ന്യായീകരണങ്ങളിൽ വിശ്വാസമില്ല. കൗമാരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് രാജ്യങ്ങൾ പ്രവർത്തിച്ചു കാണിക്കുകയും മാത്രമാണ് അവരുടെ വിശ്വാസം നേടിയെടുക്കാനുള്ള ഒരേയൊരു വഴി.
കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ തകർക്കുന്നത് തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എന്തു ചെയ്യുന്നു? ഭക്ഷ്യ, നാണ്യവിളകളുടെ വിളവുകൾ നഷ്ടപ്പെടുന്നതോടെ ഇന്നുള്ളതിെൻറ എത്രയോ കൂടുതൽ പോഷകാഹാരക്കുറവും ദാരിദ്യ്രവും ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കേണ്ടി വരും! പുതിയ രോഗങ്ങളും പകർച്ചവ്യാധികളും ദരിദ്രരെത്തന്നെ ആദ്യം കീഴടക്കും. കടൽ നിരപ്പുയരുന്ന പ്രതിഭാസത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിക്കുന്നത് കടൽ നിരപ്പിനു താഴെയുള്ള പ്രദേശങ്ങളും ആവാസവ്യവസ്ഥയും പൂർണമായും മുങ്ങിപ്പോകുന്നതിനിടയാക്കും. കേരളത്തിലെ കുട്ടനാട് പോലെയുള്ള സ്ഥലങ്ങൾ തീർത്തും അപ്രത്യക്ഷമാകും. ഒരു ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയാൽത്തന്നെ നാമാവശേഷമാകുന്ന സസ്യജനുസ്സുകളുള്ള പരിസ്ഥിതി ലോല പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യം തീർത്തും തകർന്നുപോവും. കാലാവസ്ഥാ അഭയാർഥികളുണ്ടാകും. ഇവരെ സർക്കാറുകൾ പരിരക്ഷിക്കുമോ? എങ്ങനെ? കേരളത്തിൽ രണ്ടു പ്രളയത്തിനും ഉരുൾപൊട്ടലുകൾക്കും ഇരകളായ തീർത്തും ദരിദ്രരായ മനുഷ്യരെ ഇപ്പോഴും പൂർണമായി പുനരധിവസിപ്പിക്കാൻ പ്രയാസപ്പെടുന്ന കാഴ്ചയാണ് മുന്നിൽ. മാത്രമല്ല, കാലാവസ്ഥ അഭയാർഥികൾ മനുഷ്യർ മാത്രമല്ല, ആവാസ വ്യവസ്ഥ ഇല്ലാതാവുന്ന, അരക്ഷിതരാവുന്ന കാട്ടിലെ മൃഗങ്ങളും കൂടിയാണ്. അവർക്കും ജീവിക്കാൻ സ്ഥലവും ഭക്ഷണവും ആവശ്യമുണ്ട്.
കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. കേന്ദ്രസർക്കാർ അടുത്തൊന്നും അതിന് തയാറാവില്ല. േക്രാണികാപിറ്റലിസത്തിേൻറയും ഹിന്ദുത്വ ഫാഷിസത്തിേൻറയും സംഘടിത അക്രമാസക്തിക്കു മുന്നിൽ കടുത്ത ജീവിതനഷ്ടങ്ങൾ നേരിടുന്ന കാലത്താണ് ഇന്ത്യയിലെ ജനങ്ങൾ; വിശേഷിച്ച്, ദരിദ്രരും ദലിതരും ആദിവാസികളും സ്ത്രീകളും വിമത ലൈംഗിക പക്ഷങ്ങളും മതന്യൂനപക്ഷങ്ങളും. എന്നാൽ, ആഗോളതാപനത്തെ പ്രതിരോധിക്കാൻ കേരളത്തിന് എന്തു ചെയ്യാൻ പറ്റും എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സംസ്ഥാന സർക്കാറിന് കഴിയേണ്ടതല്ലേ? കേരളത്തിൽ എത്രയും പെട്ടെന്ന് കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. ഭൂമി വിനിയോഗിക്കുന്നതിനു കൃത്യമായ ഉപയോഗ, പരിപാലന നയങ്ങളും സംവിധാനങ്ങളും പരിപാടികളും പദ്ധതികളുമുണ്ടാവണം. അനുഭവങ്ങളിൽനിന്ന് പാഠംപഠിച്ച് മുന്നേറണം. ആഗോള താപനത്തെ പ്രതിരോധിക്കാൻ കഴിയുന്നത്രയും കേരളത്തിെൻറ പരിസ്ഥിതിയെ ആരോഗ്യപൂർണമാക്കിയെടുക്കണം.
വയനാട്ടിൽ നടന്ന ഒരു സമരത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ ഇത്രയും പറയാതിരിക്കാനാവുകയില്ല. ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധനവുമായി വയനാട്ടിലെ ജനങ്ങൾ ഏതാണ്ട് കഴിഞ്ഞ പത്തു വർഷത്തോളമായി സമരസപ്പെട്ടതാണ്. രാത്രിയാത്രാ നിരോധനം നീക്കണമെന്ന ആവശ്യം ഇപ്പോൾ വീണ്ടും ഉയർന്നു വരുന്നതെന്തിനാണ്? പ്രകൃതി ദുരന്തങ്ങളുടെ അനുഭവങ്ങളിൽനിന്ന് മുതിർന്നവർ ഒരു പാഠവും പഠിച്ചില്ല എന്നതിെൻറ തെളിവാണിത്. ഈ ഭൂമി, മനുഷ്യർക്കു മാത്രം ജീവിക്കാനുള്ളതല്ല. ഈ ആവാസ വ്യവസ്ഥയും ജീവെൻറ നിലനിൽപും സാധ്യമാകണമെങ്കിൽ കാടുകളിലെ മൃഗങ്ങളെക്കുറിച്ചുള്ള കരുതലിനും തുല്യപ്രാധാന്യം കൊടുത്തേ മതിയാവൂ. തമിഴ്നാട് സർക്കാർ പ്രശ്നം പരിഹരിച്ചതുപോലെ കേരള സർക്കാറും രാത്രിയാത്രാ നിരോധനത്തിന് അനുകൂലമായ നിലപാടാണെടുക്കേണ്ടത്. താൽക്കാലികമായ തെരഞ്ഞെടുപ്പു രാഷ്ട്രീയവും വോട്ടുകളുമല്ല, കേരളത്തിേൻറയും രാജ്യത്തിെൻറ തന്നെയും കാലാവസ്ഥ അടിയന്തരാവസ്ഥക്കു വേണ്ടിയുള്ള മാതൃകാപരമായ നീക്കം കേരള സർക്കാറിൽനിന്നുണ്ടാവട്ടെ.
െഗ്രറ്റയെപ്പോലെ ഒരേ സമയം വൈചാരിക, വൈകാരിക ബുദ്ധിയോടെ സംസാരിക്കാനും പ്രവർത്തിക്കാനും കഴിയുന്ന തരത്തിൽ വളർന്നു വരേണ്ട വയനാട്ടിലെ സ്കൂൾ കുട്ടികളുടെ സ്വയം ചിന്തിക്കാനുള്ള ശേഷിയെ തകർക്കുന്ന വിധമാണ് പ്ലക്കാഡ് പിടിപ്പിച്ച് രാത്രിയാത്രാ നിരോധനത്തിനെതിരെ അവരെ സമരസമിതിക്കാർ റോഡിലേക്ക് ആട്ടിത്തെളിച്ചിറക്കിയത്. വയനാടൻ ഭൂമിയിൽ സുരക്ഷിതമായി ജീവിക്കാനുള്ള അവരുടെ അവകാശത്തിനു നേരെയുള്ള വെല്ലുവിളിയായിട്ടാണ് യഥാർഥത്തിൽ കുട്ടികൾ ഈ സമരത്തെ മനസ്സിലാക്കേണ്ടിയിരുന്നത്. അവർക്ക് ജീവിക്കണമെങ്കിൽ വയനാട് എന്ന അപൂർവ ജൈവവൈവിധ്യ പരിസ്ഥിതിലോല പശ്ചിമഘട്ട ഭൂപ്രദേശം ഇന്ന് നേരിടുന്ന പാരിസ്ഥിതികാഘാതങ്ങളെ സർവ വിധത്തിലും പ്രതിരോധിക്കണം, അതിജീവിക്കണം. രാഹുൽ ഗാന്ധിയടക്കമുള്ള രാഷ്ട്രീയനേതാക്കൾ കാലാവസ്ഥ അടിയന്തരാവസ്ഥയെക്കുറിച്ചാണ് സംസ്ഥാന സർക്കാറുകളുമായി കൂടിയാലോചിക്കേണ്ടത്. പ്രകൃതിയേയും മൃഗങ്ങളേയും സംരക്ഷിച്ചുകൊണ്ടല്ലാതെ മനുഷ്യരുടെ സുസ്ഥിരമായ ഉപജീവന, സാമ്പത്തികവികസനം ഇനി അസാധ്യമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.