ഓപൺ യൂനിവേഴ്സിറ്റിക്കുമുമ്പ് വേണ്ടത്
text_fieldsഅംഗീകൃത സർക്കാർ, എയ്ഡഡ്, സ്വാശ്രയ, സ്വകാര്യ കോളജുകളിൽ പ്രവേശനം ലഭിക്കാതെപോകുന്ന വിദ്യാർഥികളാണ് പൊതുവിൽ പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂരവിദ്യാഭ്യാസം എന്നീ സമാന്തര വിദ്യാഭ്യാസസംവിധാനങ്ങളിലൂടെ ബിരുദപഠനം നടത്താറുള്ളത്. ഇതിൽ പ്രൈവറ്റ് രജിസ്ട്രേഷൻ 2014ഓടെ നിർത്തി. നാക് എ പ്ലസ് ഗ്രേഡുള്ള യൂനിവേഴ്സിറ്റികൾക്കു മാത്രമേ വിദൂരവിദ്യാഭ്യാസ പഠനവിഭാഗം നിലനിർത്താൻ അനുവദിക്കൂ എന്ന് യു.ജി.സി നിഷ്കർഷിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഓപൺ യൂനിവേഴ്സിറ്റിയെക്കുറിച്ച് ആലോചന കേരളത്തിൽ സജീവമാകുന്നത്. എന്നാൽ, ഇപ്പോൾ എ ഗ്രേഡോ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ 100ൽ താഴെ റാങ്കുള്ളതോ ആയ യൂനിവേഴ്സിറ്റികൾക്ക് വിദൂരവിദ്യാഭ്യാസ കോഴ്സ് നടത്താമെന്ന് യു.ജി.സി ഗസറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നു.
'റെഗുലറി'ൽനിന്ന് പുറന്തള്ളപ്പെട്ടവർ
ജോലിയോടൊപ്പം പഠനമാഗ്രഹിക്കുന്നവരും റെഗുലർ കോഴ്സിന് സമാന്തരമായി കോഴ്സ് ചെയ്യുന്നവരും െറഗുലർ പഠനത്തിന് താൽപര്യമില്ലാത്ത, എന്നാൽ വിദ്യാഭ്യാസയോഗ്യതകൾ മെച്ചപ്പെടുത്താനാഗ്രഹിക്കുന്നവരുമാണ് വിദൂര വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനം നടത്തിവരുന്നത്. എന്നാൽ കേരളത്തിൽ, വിശിഷ്യ മലബാർ മേഖലയിൽ റെഗുലർസ്വഭാവത്തിൽതന്നെ സ്ഥാപനങ്ങളിൽ ചേർന്നു പഠിക്കുന്നവരാണ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഭൂരിഭാഗം വിദ്യാർഥികളും. പ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങി റെഗുലർ കോളജുകളിൽ ഉപരിപഠനം നടത്താനുള്ള എല്ലാ യോഗ്യതകളുമുള്ള വിദ്യാർഥികൾ. എന്നിട്ടും അവർക്കെന്തുകൊണ്ട് വിദൂരവിദ്യാഭ്യാസം വഴി ബിരുദപഠനം നടത്തേണ്ടിവരുന്നു എന്നു ചോദിച്ചാൽ ആവശ്യത്തിന് കോളജുകളും സീറ്റുകളും ഇല്ല എന്നതാണ് ഉത്തരം.
ശ്രീനാരായണ ഗുരുവിെൻറ പേരിൽ കേരളത്തിൽ സർവകലാശാല സ്വാഗതാർഹമാണ്. എന്നാൽ, ഔപചാരിക വിദ്യാഭ്യാസത്തിന് കഴിവും യോഗ്യതയുമുണ്ടായിട്ടും കോളജുകളും സീറ്റുകളും ഇല്ലാത്തവരാണ് ഓപൺ യൂനിവേഴ്സിറ്റിയിലേക്ക് ആനയിക്കപ്പെടുന്നതെന്ന യാഥാർഥ്യം നിഷേധിക്കാനാവില്ല. പ്ലസ് ടു കഴിഞ്ഞ 35,000ത്തോളം വിദ്യാർഥികൾക്ക് മലപ്പുറം ജില്ലയിൽ മാത്രം ബിരുദപഠനത്തിന് സീറ്റുകളില്ല. ഇത്തരം വിദ്യാർഥികൾ സ്വാഭാവികമായും 'െറഗുലർ' വൃത്തത്തിൽനിന്ന് പുറന്തള്ളപ്പെടുകയാണ്. സർക്കാർ-എയ്ഡഡ് മേഖലകളിൽ കൂടുതൽ കോളജുകൾ ആരംഭിക്കുകയാണ് പ്രശ്നം പരിഹരിക്കാൻ ചെയ്യേണ്ടത്. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നു എന്നവകാശപ്പെടുന്ന ഇടതുസർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവടുവെപ്പ് നടത്തുമ്പോൾ സർക്കാർ കോളജുകൾക്ക് മുൻഗണന കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പുതുതായി രൂപകൽപന ചെയ്യപ്പെട്ട നാലു വർഷ/അഞ്ചു വർഷ പ്രോഗ്രാമുകൾ മുഴുവൻ സർക്കാർ കോളജുകളിലും ആരംഭിക്കാനുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്. അക്രഡിറ്റേഷൻ/റാങ്കിങ് കാഴ്ചപ്പാടുകളിൽ മൗലികവിമർശനങ്ങളുണ്ടായിരിക്കെതന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ യാഥാർഥ്യവത്കരിക്കപ്പെട്ട ഒരു സംവിധാനം എന്ന നിലയിൽ നാക്/എൻ.ഐ.ആർ.എഫ് മാനദണ്ഡങ്ങളിൽ മികച്ച യോഗ്യതകൾ പുലർത്തുന്ന കോളജുകളായി സർക്കാർ കോളജുകളെ വളർത്തിയെടുക്കാനുള്ള കർമപദ്ധതി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കണം. കഴിഞ്ഞ വർഷങ്ങളിൽ പുതുതായി അനുവദിക്കപ്പെട്ട കോഴ്സുകൾ ഭൂരിഭാഗവും നീക്കിവെക്കപ്പെടുന്നത് സ്വകാര്യ, സ്വാശ്രയ കോളജുകളിലേക്കാണ്. സാമൂഹികനീതി ഉറപ്പുവരുത്താൻ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കാനും പുതിയ കോഴ്സുകൾ ആരംഭിക്കാനുമാണ് സർക്കാർ മുൻഗണന നൽകേണ്ടത്.
ഓപൺ സർവകലാശാല
വിദൂരവിദ്യാഭ്യാസം വഴി അല്ലെങ്കിൽ ഒക്ടോബർ മുതൽ അങ്ങോട്ട് ഓപൺ യൂനിവേഴ്സിറ്റി വഴി പഠനം നടത്തി ബിരുദം നേടാൻ വിദ്യാർഥികൾക്ക് സാധിക്കും. എന്നാൽ, വിദൂര വിദ്യാഭ്യാസത്തിനു കീഴിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ െറഗുലർ സ്വഭാവത്തിൽതന്നെ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന ബിരുദസർട്ടിഫിക്കറ്റിൽ വിദൂരവിദ്യാഭ്യാസം/ഓപൺ യൂനിവേഴ്സിറ്റി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരം സർട്ടിഫിക്കറ്റുകൾ ജോലിസാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കേരളത്തിലെ വിദൂരവിദ്യാഭ്യാസ കോഴ്സുകളും സർട്ടിഫിക്കറ്റുകളും കേരളത്തിലും പുറത്തുമുള്ള എല്ലാ യൂനിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അംഗീകരിക്കുന്നില്ല. നിർദിഷ്ട ഓപൺ യൂനിവേഴ്സിറ്റി വരുമ്പോഴും ഇതുതന്നെയാകും അവസ്ഥ. ഇന്ത്യയിലെ വ്യത്യസ്ത ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങൾ തമ്മിൽ കോഴ്സുകളിലെ തുല്യതയും പ്രവേശനയോഗ്യതയുമായി ബന്ധപ്പെട്ടും ധാരണ ഉരുത്തിരിഞ്ഞുവരേണ്ടതുണ്ട്. നിർദിഷ്ട ഓപൺ യൂനിവേഴ്സിറ്റിയുടെ കോഴ്സുകളും സർട്ടിഫിക്കറ്റുകളും ഇതര സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ അംഗീകരിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ പ്രാഥമികഘട്ടത്തിൽതന്നെ സർക്കാർ നടത്തേണ്ടതുണ്ട്.
പുതിയ യൂനിവേഴ്സിറ്റികളുംഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും
അഫിലിയേറ്റഡ് കോളജുകളുടെ എണ്ണം (അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ എണ്ണവും) മാനദണ്ഡമായെടുത്താൽ വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലായി അഫിലിയേറ്റഡ് കോളജുകളുള്ള കാലിക്കറ്റ് ആണ് കേരളത്തിലെ വലിയ യൂനിവേഴ്സിറ്റി. 457 കോളജുകളുള്ള വലിയ ഒരു യൂനിവേഴ്സിറ്റി ഭരണനിർവഹണത്തിലും വിദ്യാർഥികൾക്കു ലഭിക്കേണ്ട സേവനാവകാശങ്ങളിലും പഠന-ഗവേഷണ-വിജ്ഞാനോൽപാദന പ്രവർത്തനങ്ങളിലും ഗുണനിലവാരം പുലർത്തുകയില്ല എന്നത് വ്യക്തമാണ്. ആ യൂനിവേഴ്സിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന നിരന്തര വിദ്യാർഥിസമരങ്ങൾ അതിെൻറ തെളിവാണ്. കാലിക്കറ്റ് കഴിഞ്ഞാൽ കൂടുതൽ അഫിലിയേറ്റഡ് കോളജുകളുള്ള യൂനിവേഴ്സിറ്റി 280 കോളജുകളുള്ള എം.ജി യൂനിവേഴ്സിറ്റിയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലായാണ് എം.ജി യുടെ കോളജുകൾ. ഒരു യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്യാവുന്ന പരമാവധി കോളജുകൾ 100 ആയിരിക്കണമെന്ന് യു.ജി.സി ശിപാർശ ചെയ്തിരുന്നു. മുൻകാലങ്ങളിൽ നിയോഗിക്കപ്പെട്ട വിദ്യാഭ്യാസ കമീഷനുകൾ 'ചെറിയ യൂനിവേഴ്സിറ്റികൾ' എന്ന ആശയം വ്യാപകമാക്കണമെന്ന് ശിപാർശ ചെയ്തതായി കാണാം. ഈയടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിെൻറ പശ്ചാത്തലത്തിൽ ഈ എണ്ണം 300 ആയി പരിമിതപ്പെടുത്തും എന്നും പ്രസ്താവിച്ചിരിക്കുന്നു. ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് 2040ഓടെ രാജ്യത്ത് അഫിലിയേറ്റിങ് കോളജ് സംവിധാനം ദുർബലപ്പെടുകയും പകരം ഓരോ ജില്ലയിലും വിവിധ പഠനശാഖകൾ ഉൾക്കൊള്ളുന്ന വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന യൂനിവേഴ്സിറ്റികളും ഉണ്ടാകും. കോൺസ്റ്റിറ്റ്യുവൻറ് കോളജുകളുള്ള സംവിധാനങ്ങളായി യൂനിവേഴ്സിറ്റികൾ മാറും. അതോടൊപ്പം ഓട്ടോണമസ് കോളജുകളുടെയും പ്രൈവറ്റ് യൂനിവേഴ്സിറ്റികളുടെയും എണ്ണവും വർധിക്കും. ഓരോ ജില്ലയിലും ഇത്തരം 'വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ' അല്ലെങ്കിൽ യൂനിവേഴ്സിറ്റികളുണ്ടാകും. ദേശീയ വിദ്യാഭ്യാസനയത്തിലെ വിഭാവനകൾകൂടി മുന്നിൽ കണ്ട് സാമൂഹികനീതിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും പ്രദേശപരവും ജാതി, സമുദായ, വർഗപരമായ പുറന്തള്ളലുകൾ ഒഴിവാക്കാനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ ചില പുതിയ ചുവടുവെപ്പുകൾക്ക് സർക്കാർ തുടക്കംകുറിക്കണം. അതിൽ പ്രധാനം സംസ്ഥാനത്ത് പുതിയ രണ്ടു സ്റ്റേറ്റ് യൂനിവേഴ്സിറ്റികളും അറബിക് സർവകലാശാലയും യാഥാർഥ്യമാക്കുകയാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം പുറന്തള്ളപ്പെടുന്ന വിദ്യാർഥികളുള്ളതും താങ്ങാവുന്നതിലധികം അഫിലിയേറ്റഡ് കോളജുകൾ ഉള്ളതുമായ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിച്ച് പുതിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയും അപ്രകാരംതന്നെ എം. ജി യൂനിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകളെ വിഭജിച്ച് മറ്റൊരു സ്റ്റേറ്റ് യൂനിവേഴ്സിറ്റിയും ആരംഭിക്കാൻ നടപടി വേണം. നിലവിൽ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതിയില്ല. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയത്തിലെ ആശയങ്ങൾ നടപ്പാക്കപ്പെടുന്നതോടെ കേരളത്തിലും സ്വകാര്യ സർവകലാശാലകൾ വരും. സാമൂഹിക പ്രതിബദ്ധതയും വിദ്യാർഥിപക്ഷ താൽപര്യങ്ങളും സംവരണം അടക്കമുള്ള ആശയങ്ങളും സംരക്ഷിക്കുന്ന വിധമുള്ള ചട്ടക്കൂടുകളുണ്ടാക്കി സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതും ഈയവസരത്തിൽ ആലോചിക്കേണ്ടതുണ്ട്.
(ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന
പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.