Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൂട്ടിക്കിഴിച്ചാല്‍...

കൂട്ടിക്കിഴിച്ചാല്‍ ശേഷിക്കുന്നത്

text_fields
bookmark_border
കൂട്ടിക്കിഴിച്ചാല്‍ ശേഷിക്കുന്നത്
cancel

അറുപതാം പിറന്നാളൊക്കെ ആവുമ്പോള്‍ ഒന്നു തിരിഞ്ഞുനോക്കാ നുള്ള സമയം തീര്‍ച്ചയായും എത്തി. ഇത്രയും കാലംകൊണ്ട് എന്തുണ്ടായി എന്നറിയണമല്ളോ, എന്തെല്ലാം ഇല്ലാതായി എന്നും. ഇല്ലാതായതിന്‍െറ കണക്ക് ആദ്യ മെടുക്കുന്നതാവും നല്ലത്. ഉണ്ടായതിന്‍െറ സന്തോഷംകൊണ്ട് ഇല്ലായ്മകള്‍ വന്നുപെട്ടതിന്‍െറ സങ്കടത്തിന് പരിഹാരം തേടാമല്ളോ. ഏതാണ്ട് മുക്കാലോഹരിയും ഇല്ലാതായത് കൃഷിയാണ്. അതിന്‍െറ കൂടെ കന്നുകാലി സംരക്ഷണവും പോയി. ഉദാഹരണത്തിന് അറുപതാണ്ടുമുമ്പ് എന്‍െറ ഗ്രാമത്തില്‍ ആറായിരം ഏക്കര്‍ നെല്‍കൃഷിയുണ്ടായിരുന്നു. ഇപ്പോള്‍ അരയേക്കര്‍പോലും ഇല്ല. (അവസാനമുണ്ടായിരുന്ന ചില്ലറ കൃഷി ഞങ്ങള്‍ കൂട്ടുചേര്‍ന്ന് ചെയ്തിരുന്ന പത്തേക്കര്‍ കൃഷിയായിരുന്നു. ചമ്രവട്ടം പദ്ധതി എന്ന വന്‍ ജലസേചന പദ്ധതി വന്നപ്പോള്‍ അതും മുടങ്ങി- വെള്ളം കിട്ടാതായതുകൊണ്ട്!).

വ്യവസായമെന്ന പേരില്‍ ഞങ്ങളുടെ പ്രദേശത്ത് ആകെ ഉണ്ടായിരുന്നത് തിരുനാവായയിലെ ഓട്ടുകമ്പനിയാണ്. അത് ഇല്ലാതായി എന്നല്ല, പൊളിച്ചടക്കിപ്പോയി. കേരളപ്പിറവിക്കുശേഷം കാര്യമായ വ്യവസായങ്ങളൊന്നും കേരളത്തില്‍ തുടങ്ങിയിട്ടില്ളെന്നാണ് അറിവ്. നേരത്തെ ഉണ്ടായിരുന്ന പലതും ഇല്ലാതായി താനും.
നാട്ടിലും ആളുകളുടെ മനസ്സിലും പൊതുയിടങ്ങളും ഇല്ലാതായി. എവിടെവെച്ചായാലും എന്തിനെപ്പറ്റിയായാലും എന്തെങ്കിലുമൊന്ന് പറയുംമുമ്പ് മൂന്നുവട്ടം ആലോചിക്കണം എന്നു വന്നു; നിഷ്കളങ്കമായ പൊട്ടിച്ചിരിക്ക് വംശനാശം ഭവിച്ചു. വിട്ടുവീഴ്ച മനോഭാവം ഒട്ടുമില്ളെന്നായി. സങ്കടത്തിലും സന്തോഷത്തിലും ഒരാള്‍ക്ക് മറ്റേയാള്‍ തുണ എന്ന സ്ഥിതി പോയി.

മുക്കിനുനേരെ ഉണ്ടായിരുന്ന വഴികള്‍ മിക്കവാറും മതിലുകള്‍ വന്നു മുടങ്ങി. അത്രക്കത്രക്ക് പൊതുനന്മയുടെ നിലവാരം താണു. ഇല്ലായ്മകൊണ്ട് വല്ലായ്മ വരുത്തിയ ഈ കാര്യങ്ങളുടെ മറുപുറത്ത് നല്ലതു വരുത്തിയ ഇല്ലായ്മകളുമുണ്ട്. ശിശുമരണനിരക്ക് താണു, പകര്‍ച്ചവ്യാധികള്‍ മിക്കവാറും പോയി, നിരക്ഷരത നാമമാത്രമായി, പട്ടിണിമരണങ്ങളും അപൂര്‍വമായി. പുതുതായുണ്ടായ കാര്യങ്ങളിലുമുണ്ട്  നല്ലതും കെട്ടതും. നാടുനിറയെ റോഡായി, വാഹനങ്ങളായി, ഫാസ്റ്റ്ഫുഡായി, ആശുപത്രികളായി, ഷോപ്പിങ് മാളുകളായി, മൊബൈല്‍ ടവറുകളായി, പ്ളാസ്റ്റിക്കായി, മാലിന്യമായി, പുകയായി, പൊടിയായി, ശബ്ദമായി, തിക്കായി, തിരക്കായി, തട്ടിപ്പായി, മദ്യമായി, മയക്കുമരുന്നായി, തലവരി കോളജുകളായി, വിദേശ ഉല്‍പന്നങ്ങളായി, മായവും മറിമായവുമായി, ആള്‍ത്താമസമില്ലാത്ത പടുകൂറ്റന്‍ വീടുകളായി, ഫ്ളാറ്റുകളായി, ആപ്സും ചാപ്സുമായി.

പുതുപുത്തന്‍ രോഗങ്ങളുടെ അരങ്ങേറ്റവും മന്ത്രവാദികളുടെ വ്യവസായസാമ്രാജ്യങ്ങളുമുണ്ടായി. ദൈവത്തിന്‍െറ പേരിലുള്ള കച്ചവടങ്ങളിലും വന്‍ കുതിപ്പുണ്ടായി. ആത്മഹത്യ, മനോരോഗം, വാഹനാപകടം എന്നിവയില്‍ നാം ലോകത്ത് ഒന്നാംസ്ഥാനം തന്നെ നേടുന്ന വളര്‍ച്ചയിലത്തെി. ചരിത്രാതീത കാലംതൊട്ടേ ഇല്ലാതിരുന്ന വര്‍ഗീയത പെരുകിവരുന്നു എന്ന നേര് ഒരു പുതപ്പുകൊണ്ടും മൂടിവെക്കാന്‍ വയ്യാത്തത്ര വലുതായി!

ഒട്ടുമേ മാറാതെ പലതുമുണ്ടെന്നുകൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം. ഒന്നാമത്, ജാതിത്തം. ഇല്ളെന്നേ ഏവരും പറയൂ. പക്ഷേ, അമര്‍ത്തിയൊന്നു തോണ്ടിയാല്‍ കാണാം, അതവിടെ ഉണ്ട്. പിന്നെ കമ്പങ്ങളും അനുകരണഭ്രമവും ആഡംബരവേഷങ്ങളും വാഹനങ്ങളും ഫര്‍ണിച്ചറും അലങ്കാരവസ്തുക്കളും ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സംസ്ഥാനം നമ്മുടേതാണ്. കലയിലും സാഹിത്യത്തിലും ഭക്ഷണത്തിലുമൊക്കെ അനുകരണഭ്രമം കാണാം. എന്തെങ്കിലുമൊരു കാര്യം അറിയില്ല എന്നുപറയാന്‍ പൊതുവെ ഇപ്പോഴും നമുക്കു മടിയാണ്. വഴി ചോദിക്കുന്നവരെ വല്ലവഴിക്കും തിരിച്ചുവിട്ടാലും വേണ്ടില്ല, അറിയില്ളെന്നു പറയില്ല!
ചില അമ്മമാര്‍ പറയാറുണ്ടല്ളോ, ‘എന്‍െറ കുട്ടികള്‍ പടിക്കുപുറത്തിറങ്ങിയാല്‍ പച്ചപ്പാവങ്ങളും നല്ളോരുമാണ്. വീട്ടിലേ ഉള്ളൂ ഈ കുന്നായ്മ’. കേരള മക്കളുടെ പൊതുസ്വഭാവമാണോ ഇത് എന്നു തോന്നിപ്പിക്കുംവിധമാണ് കാര്യങ്ങള്‍. പ്രവാസികളായാല്‍ ‘മികച്ച’ പൗരന്മാരും നാട്ടിലത്തെിയാല്‍ ഏറക്കുറെ കുന്നായ്മക്കാരുമാകുന്ന ഒരു രീതി കാണുന്നില്ളേ? (തള്ളയുള്ളപ്പോഴല്ളേ താങ്ങുള്ളൂ എന്നാവാം!).

കേരളം ഒന്നായതിനുശേഷം രണ്ട് രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടന്നതും ഓര്‍ക്കാതെ വയ്യ. തലയറുപ്പന്‍ വിപ്ളവമാണ് ഒന്ന്. അതു ചീറ്റിപ്പോയി. ജനായത്തത്തിലൂടെ കമ്യൂണിസം എന്ന മറ്റൊന്ന് കാലുറപ്പു നേടി. സംശയമില്ല, മാലോകരെല്ലാരും ഒന്നുപോലെ ആകണം എന്നുതന്നെയാണ് മലയാളികള്‍ ആഗ്രഹിക്കുന്നത്. ഇനി, ഈ ആറുപതിറ്റാണ്ടിനിടെ പറ്റിപ്പോയ ഒരു മഹാ പോഴത്തത്തെപ്പറ്റിക്കൂടി പറയാം. ഭാഷയുടെ അടിസ്ഥാനത്തിലാണല്ളോ കേരളം എന്ന ഏകകം നിലവില്‍ വന്നത്. പക്ഷേ, മലയാളഭാഷ ഇപ്പോഴും നമ്മുടെ കാഴ്ചയുടെയും- വേഴ്ചയുടെയും വാഴ്ചയുടെയും- പഠിത്തത്തിന്‍െറയും ഇടപാടുകളുടെയും ഭരണത്തിന്‍െറയും ഭാഷ അല്ല! കേരളീയത  എന്ന മഹത്തായ സംസ്കാരം പുലരുകയും അധമബോധം നീങ്ങുകയും വേണമെങ്കില്‍ ഈ സ്ഥിതി മാറണം.

കറിവേപ്പിലയുടെ ഒൗഷധഗുണംപോലും സായിപ്പ് ഇംഗ്ളീഷില്‍ പറഞ്ഞേ നമുക്കു ബോധ്യപ്പെടൂ എന്ന കഥ നമുക്കെങ്ങനെ ഭൂഷണമാകും? മാനസികാടിമത്തത്തിന്‍െറ നിവാരണത്തിനായി നമുക്കു മറ്റൊരു ഐകമത്യ പ്രസ്ഥാനം വേണ്ടിവരുമെന്നു തോന്നുന്നു. ഇല്ളെങ്കില്‍, ഉപ്പൂപ്പാന് ഉണ്ടായിരുന്ന ആന കുഴിയാനയായി രൂപാന്തരപ്പെടും! ജാഗ്രത!
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala piravikerala@60
News Summary - kerala piravi celebration
Next Story