ഇനി സ്വകാര്യ വിദ്യാഭ്യാസ വാണിഭത്തിന്റെ സ്വന്തം നാട്
text_fieldsകേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും എന്ന പ്രഖ്യാപനത്തോടെ സ്വകാര്യ സർവകലാശാലകൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. സാമൂഹിക നീതിയും സർക്കാർ നിയന്ത്രണവും ഉറപ്പാക്കിക്കൊണ്ടേ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകൂ എന്ന സർക്കാർ വക്താക്കളുടെ പഴയ അവകാശവാദത്തെ സാധൂകരിക്കുന്നു എന്നു തോന്നിപ്പിക്കും വിധത്തിൽ ചില വകുപ്പുകൾ എഴുതിച്ചേർത്താണ് കരടുബിൽ അവതരിപ്പിച്ചിരിക്കുന്നത്. 40 ശതമാനം സീറ്റുകൾ തദ്ദേശീയർക്ക് മാറ്റിവെക്കണം, പിന്നാക്കസമുദായ അംഗങ്ങൾക്ക് സംവരണവും ഫീസിളവും നൽകണം, ഗവേണിങ് കൗൺസിലിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കാളിത്തം ഉണ്ടാവണം, പരാതി പരിഹാര സെൽ ഉണ്ടാവണം തുടങ്ങിയ നിബന്ധനകളൊക്കെ എഴുതിച്ചേർത്തിരിക്കുന്നത് സ്വകാര്യ സർവകലാശാലകളുടെ വാണിഭ താൽപര്യങ്ങൾക്ക് കേരള മണ്ണിൽ വേരുറപ്പിക്കാൻ പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാൻ വേണ്ടിയുള്ള കൗശലങ്ങൾ മാത്രമാണ്.
സ്വകാര്യ സർവകലാശാലകളിലെ വിദ്യാർഥി പ്രവേശനവും ഫീസ് നിർണയിക്കലും ഉൾപ്പെടെയുള്ളവ മാനേജ്മെന്റിന്റെ സവിശേഷ അധികാരമാണ്. ഇന്ത്യയിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ സർവകലാശാലകളിൽ സംവരണമോ സാമൂഹികനീതിയോ സർക്കാർ നിയന്ത്രണമോ സാധ്യമായിട്ടില്ല എന്നതാണ് യാഥാർഥ്യം. ടി.എം.എ ഫൗണ്ടേഷൻ കേസിലെ വിധിയിൽ സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. 100 ശതമാനം സ്വകാര്യ മൂലധന നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാറിന് അധികാരമില്ല എന്നതായിരുന്നല്ലോ ആ വിധിയുടെ അന്തഃസത്ത. പ്രവേശനത്തിന് തദ്ദേശ സംവരണം നടപ്പാക്കിയാൽപോലും നിർധനരായ ഒരു വിദ്യാർഥിക്കും സ്വകാര്യ സർവകലാശാലയിൽ പ്രവേശനം ലഭിക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സാമൂഹിക നിയന്ത്രണത്തെ സംബന്ധിച്ചുള്ള എത്ര വാചാലമായ വകുപ്പുകൾ കടലാസിൽ ചേർത്താലും സ്വകാര്യസംരംഭ സ്ഥാപനത്തിന് സർവകലാശാല നിർവഹിക്കുന്ന മഹത്തായ സാമൂഹിക ധർമങ്ങളിൽ ഏതെങ്കിലും ഒന്ന് നിർവഹിക്കാനാവുമോ?
സ്വതന്ത്ര വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളാണ് സർവകലാശാലകൾ എന്നതാണ് ജനാധിപത്യ സങ്കൽപം. സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള താൽക്കാലിക വാണിജ്യ ഇടപെടലുകൾ എന്നുള്ളതല്ല, ദീർഘകാല ലക്ഷ്യത്തോടെ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാനാവശ്യമായ വൈജ്ഞാനിക വളർച്ച ഉറപ്പാക്കുക എന്നതാണ് സർവകലാശാലകളുടെ പരമപ്രധാനമായ ദൗത്യം. അതിന് സ്വതന്ത്ര ഗവേഷണം ഉണ്ടായേ മതിയാവൂ. എന്നാൽ, സ്വകാര്യ സർവകലാശാലകൾ വ്യാവസായിക താൽപര്യങ്ങൾ മുൻനിർത്തിയുള്ള ഗവേഷണ പ്രവർത്തനങ്ങളെ മാത്രമാണ് പ്രോത്സാഹിപ്പിക്കുക. സ്വതന്ത്ര വൈജ്ഞാനിക ഗവേഷണ പ്രവർത്തനങ്ങൾ ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഒരു സ്ഥാപനത്തിൽനിന്ന് പ്രതീക്ഷിക്കവയ്യ. വിദ്യാഭ്യാസം ഒരു വ്യാപാരവസ്തു ആകുന്നതോടെ ബൗദ്ധിക പ്രതിഭകളെ ഉൽപാദിപ്പിക്കാനുള്ള സർവകലാശാലകളുടെ ശേഷിതന്നെ ഇല്ലാതാവുന്നു. വ്യാവസായിക ഉൽപന്നങ്ങൾ പോലെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഒരേപോലെ ഉൽപാദിപ്പിക്കാനാവുന്ന ഐകരൂപ്യമുള്ള ഉൽപന്നമല്ല വിദ്യാഭ്യാസം. ആഗോള തൊഴിൽ മാർക്കറ്റിലേക്ക് ആവശ്യമുള്ള വിദഗ്ധ തൊഴിലാളികളുടെ ഒരു സൈന്യത്തെ ഒരുക്കാൻ മാത്രമേ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ലക്ഷ്യമിടുന്നുള്ളൂ. അത് തികച്ചും പരിമിതമായ, താൽക്കാലികമായ കമ്പോള ആവശ്യകതകളുടെ പൂർത്തീകരണമാണ്.
അമിറ്റി, ജയിൻസ്, അസിം പ്രേംജി, ജിൻഡാൾ, റിലയൻസ് തുടങ്ങിയ വൻകിട കോർപറേറ്റ് ഏജൻസികൾ, കേരളത്തിൽ സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകുന്നു എന്ന് കേട്ടപ്പോഴേ ചാടി വീഴുന്നു എന്നാണ് അറിയുന്നത്. എന്താണിതിനർഥം? വമ്പിച്ച കമ്പോള സാധ്യത അവർ മുന്നിൽക്കാണുന്നു എന്നല്ലേ? ആധുനിക ആഗോള മാർക്കറ്റിലേക്ക് ആളെ ഉൽപാദിപ്പിക്കുന്ന വിധത്തിലുള്ള കോഴ്സ് സംവിധാനങ്ങളും മറ്റും ഏർപ്പെടുത്തി ഉയർന്ന ഫീസ് ഈടാക്കുക എന്നതിൽ മാത്രമായിരിക്കും സ്വകാര്യ സംരംഭകരുടെ ആകമാന ശ്രദ്ധ. വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന എല്ലാ ബൗദ്ധിക, ജനാധിപത്യ സങ്കൽപങ്ങളെയും ഉച്ചാടനം ചെയ്യുന്നതായിരിക്കും സ്വകാര്യ വാണിഭ വിദ്യാഭ്യാസ പരിവർത്തനങ്ങൾ.
അതേസമയം നമ്മുടെ നാട്ടിലെ പൊതു സർവകലാശാലകളുടെ സ്ഥിതി എന്താണ്? നിത്യനിദാന ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്നു എന്നാണ് കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും വാർഷിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില സർവകലാശാലകൾക്ക് മാസാദ്യം ശമ്പളം നൽകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സർവകലാശാലകളുടെ തനത് ഫണ്ട് സർക്കാറിന്റെ ട്രഷറിയിലേക്ക് മാറ്റാൻ ഉത്തരവിടുകയും അതുപ്രകാരം സർവകലാശാലകൾ ഫണ്ട് കൈമാറുകയും ചെയ്തതോടെ ഏവരും സാമ്പത്തിക തകർച്ചയിലാണ്. പ്ലാൻ ഫണ്ടിൽ കഴിഞ്ഞ ഏറെ വർഷങ്ങളായി സർക്കാർ ബജറ്റ് വിഹിതം വർധിപ്പിക്കുന്നില്ല എന്നതും സർവകലാശാലകൾക്ക് വെല്ലുവിളിയാണ്. നിലനിൽക്കണമെങ്കിൽ ഫീസ് വർധിപ്പിക്കണം, അതും പോര സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുകയും വേണം. പിന്നെ, ‘ആകർഷക’ കമ്പോള കോഴ്‌സുകളുമായി വരുന്ന സ്വകാര്യ സർവകലാശാലയുമായി പൊതു സർവകലാശാലകൾ അതിജീവനത്തിനായി മത്സരിക്കണം. ഫണ്ടിങ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വെട്ടിക്കുറക്കുന്നതോടെ അവയുടെ കഥ കഴിക്കാനുമാകും. അതോടൊപ്പമാണ് സർവകലാശാലകളുടെ വിശ്വാസ്യതയെ കെടുത്തുന്ന നിരവധി സംഭവങ്ങൾ വ്യത്യസ്ത യൂനിവേഴ്സിറ്റികളിലായി അരങ്ങേറിയത്. എല്ലാം സ്വകാര്യ സർവകലാശാലകൾക്ക് പശ്ചാത്തലം ഒരുക്കാൻ വേണ്ടിയായിരുന്നുവോ എന്നു ന്യായമായും സംശയിക്കാം. എന്തായാലും, പൊതു സർവകലാശാലകളുടെ മരണമണി മുഴക്കിക്കൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ കടന്നുവരുന്നത്.
സ്വകാര്യ സർവകലാശാലകൾക്ക് പരവതാനി വിരിക്കാൻ വൈകിപ്പോയി എന്നും പുതിയ വിവേകപൂർവമുള്ള തീരുമാനത്തിലൂടെ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്നും വാദിക്കുന്നവർ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ രണ്ടര പതിറ്റാണ്ടുകാലത്തെ അനുഭവ പാഠങ്ങൾ കാണാതെ പോവുകയാണ്. അവിടങ്ങളിൽ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ കഴിയാത്തതിനാൽ പതിനായിരക്കണക്കിന് വിദ്യാർഥികൾ പലായനം ചെയ്യുന്ന കാഴ്ച എന്തേ കാണാതെ പോകുന്നു? 70 ശതമാനം സ്വകാര്യ സ്വാശ്രയ കോളജുകളും വിദ്യാർഥികളില്ലാതെ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് എന്നതും ശ്രദ്ധിക്കാതെ പോകരുത്. തിരുവനന്തപുരത്ത് ഒരു സ്വാശ്രയ കോളജ് മാനേജർക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നതും സാമ്പത്തിക ബാധ്യത താങ്ങാനാവാതെ വന്നത് മൂലമാണെന്ന് അറിയുമ്പോഴാണ് സ്വകാര്യ വിദ്യാഭ്യാസം എന്ന നിരർഥകത നമുക്ക് കൂടുതൽ ബോധ്യപ്പെടുക.
എന്തായാലും, സ്വതന്ത്ര ഗവേഷണ പ്രവർത്തനങ്ങളിലൂടെ മാനവരാശിക്ക് പുതിയ വിജ്ഞാനം സംഭാവന ചെയ്യുക എന്ന മഹത്തായ ദൗത്യം നിർവഹിക്കുന്ന സർവകലാശാലകളുടെ സ്ഥാനത്ത്, ലാഭമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത സ്വകാര്യസ്ഥാപനങ്ങൾക്ക് വാതിൽ തുറന്നുകൊടുക്കരുത് എന്നത് ഒരു ഇടതുപക്ഷ ജനാധിപത്യ സർക്കാറിന്റെ മുന്നുപാധികളില്ലാത്ത നിലപാട് ആയിരിക്കണം. അറിവിനെ ചരക്കായി കാണുന്ന ആഗോള മൂലധന സാഹചര്യത്തിന് കീഴടങ്ങി അറിവിനെ അടിയറവെക്കുന്ന നിലപാട് സർക്കാർ തിരുത്തുകതന്നെ വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.