എന്നും പോരാളി
text_fieldsകേരളത്തിന്റെ സ്വന്തം വി.എസ് നൂറാം വയസ്സിലേക്ക്. കഴിഞ്ഞ ഏഴര പതിറ്റാണ്ട് കേരളത്തിന്റെ പൊതുരംഗത്ത് നിറഞ്ഞുനിന്ന ജീവിതം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു, പ്രതിപക്ഷ നേതാവായിരുന്നു. മറ്റു പല ഭരണക്കസേരകളും അലങ്കരിച്ചെങ്കിലും അദ്ദേഹം കേരളത്തിന്റെ ജനകീയ നേതാവ് എന്നാകും അടയാളപ്പെടുത്തപ്പെടുക. ജനങ്ങളുടെ പ്രശ്നങ്ങൾ, അത് ഒരു ജനവിഭാഗത്തിന്റേതാകണമെന്നില്ല മറിച്ച് ഒരു വ്യക്തിയുടെ പ്രശ്നം പോലും അദ്ദേഹം തന്റെ സ്വന്തം പ്രശ്നമായി കണ്ടിരുന്നു.
ഒറ്റപ്പെട്ടവരുടെ നാവായി, പോരാളിയായി അദ്ദേഹം മാറിയതങ്ങനെയാണ്. ഈ വിഷയങ്ങൾ അദ്ദേഹം ഏറ്റെടുക്കുന്നതോടെ സമൂഹത്തിന്റെ വിഷയമായി മാറുന്നതും നമ്മൾ കണ്ടു. ഐസ്ക്രീം പാർലർ കേസിൽ, സൂര്യനെല്ലി, കവിയൂർ, കിളിരൂർ കേസിൽ എല്ലാം നമ്മളിത് കണ്ടതാണ്.
വികസനം സംബന്ധിച്ചും വി.എസിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. കേരളം നിലനിൽക്കണമെങ്കിൽ അതിന്റെ ഭൂമിയുടെ അടിസ്ഥാനഘടനയിൽ മാറ്റം വരുത്താതിരിക്കണമെന്നും ഭൂവിനിയോഗം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കരുതുന്നു. ഇതിനെ അവഗണിച്ചുകൊണ്ട് ചെയ്യുന്നതെല്ലാം വികസനവിരുദ്ധമാണ്.
ഈ നിലപാട് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു. പ്രകൃതിയും പ്രകൃതിവിഭവങ്ങളും അനന്തമാണെന്നും അവയുടെ ഉപയോഗം എത്രത്തോളം നടത്തുന്നോ അത്രത്തോളം വികസനാത്മകമാണെന്നുമുള്ള വികസനമന്ത്രം അദ്ദേഹം തള്ളിക്കളഞ്ഞു. കാരണം അത് പ്രകൃതിവിരുദ്ധവും വസ്തുതാ വിരുദ്ധവുമാണ്. എന്നാൽ, അറിവും അതിന്റെ ഉൽപന്നങ്ങളും അനന്തമാണ്. പകർന്നു നൽകിയാൽ അതു കുറയുന്നില്ല.
പക്ഷേ, ഇതിനെല്ലാം കോപ്പിറൈറ്റും പേറ്റന്റും മറ്റും വഴി ചിറകെട്ടി ഉപയോഗം കുറക്കാൻ ശ്രമിക്കുന്നു. ഇതും പ്രകൃതി വിരുദ്ധമാണ്. വി.എസ് അതിനെയും എതിർത്തിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറിനായി അദ്ദേഹം രംഗത്തുവന്നത് ഈ അടിസ്ഥാന രാഷ്ട്രീയം കാരണമാണ്.
അങ്ങനെ വളരെ പ്രായോഗികതലത്തിൽ വെട്ടിനിരത്തൽ സമരത്തിലൂടെ, മൂന്നാർ ഓപറേഷനിലൂടെ, മതികെട്ടാനിലൂടെ, സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരണത്തിലൂടെ വി.എസ് സ്വഭാവികമായതും പ്രകൃതിക്കിണങ്ങുന്നതുമായ ഒരു വികസനപാത മുന്നോട്ടുവെച്ചു. പക്ഷേ, മൂലധന ശക്തികൾക്കും അവരുടെ ദല്ലാളന്മാർക്കും വി.എസ് വികസനവിരോധിയായിരുന്നു.
അപവാദ പ്രചാരണങ്ങൾക്കും പത്മവ്യൂഹങ്ങൾക്കുമപ്പുറം വി.എസ് പോരാളിയായി തുടരുന്നു. കേരളത്തിന്റെ കാവലാളായി അടിസ്ഥാനവർഗ പോരാളിയായി അദ്ദേഹം കലഹിച്ചുകൊണ്ടേയിരുന്നു, പക്ഷാഘാതം തളർത്തുന്നതുവരെ.
അതിനുശേഷമുള്ള സമൂഹത്തിലെ മൗനം പലതും തുറന്നുകാട്ടുന്നു. പ്രകൃതിവിരുദ്ധമായ വികസനമന്ത്രവുമായി ഒറ്റപ്പെട്ടവരുടെ കരച്ചിലുകൾ ചവിട്ടിമെതിച്ച് രാഷ്ട്രീയ കച്ചവട കൂട്ടുകെട്ട് മുന്നോട്ടുപോകുന്നു. ഗ്രോവാസു ചൂണ്ടിക്കാട്ടിയപോലെ നമ്മുടെ സമൂഹത്തിന് മരവിപ്പു ബാധിച്ചിരിക്കുന്നു. സമരംതന്നെ ജീവിതമെന്ന് വി.എസ് ഈ നൂറാം പിറന്നാളിലും നമ്മെ ഓർമപ്പെടുത്തുന്നു.
(രാഷ്ട്രീയ സാമൂഹിക നിരീക്ഷകനായ ലേഖകൻ വി.എസ്. മുഖ്യമന്ത്രിയായിരിക്കെ ഐ.ടി ഉപദേഷ്ടാവായിരുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.