തോറ്റു ജയിച്ച കേശവാനന്ദ ഭാരതി
text_fieldsകേരളത്തിലെ ഭൂപരിഷ്കരണത്തിനെതിരായ തോറ്റുപോയ സ്വന്തം കേസിലൂടെ ഇന്ത്യന്‍ നീതിന്യായചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്ന പേരാണ് 80ാം വയസ്സില്‍ കാസർകോട്ട് അന്തരിച്ച കേശവാനന്ദ ഭാരതിയുടേത്.
ഭൂപരിഷ്കരണത്തിലൂടെ തെൻറ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനെതിരെ നടത്തിയ നിയമയുദ്ധം പരാജയപ്പെട്ടെങ്കിലും ഏകാധിപത്യ പ്രവണതയില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാനുള്ള നാഴികക്കല്ലായ വിധിക്ക് അത് നിമിത്തമായി.
ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളെ നിരാകരിക്കുന്ന പാര്‍ലമെൻറിെൻറ ഇടപെടലുകളെ പ്രതിരോധിക്കാനുള്ള ഭരണഘടനയുടെ മൂലക്കല്ലായി മാറുകയായിരുന്നു ആറിനെതിരെ ഏഴുപേര്‍ എഴുതിയ കേശവാനന്ദ ഭാരതി കേസിലെ വിധി. കേരള ഭൂപരിഷ്കരണ നിയമം ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ നൽകിയ കേസിൽ നാനി പല്‍ക്കിവാല എന്ന മുതിര്‍ന്ന അഭിഭാഷകനാണ് ഹാജരായത്.
പാര്‍ലമെൻറിന് അമിതാധികാരം നല്‍കുന്ന ഭരണഘടന ഭേദഗതികളെ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്താനുള്ള അവസരമാക്കി പാൽക്കിവാല ഇതിനെ മാറ്റി. ഇന്ദിര ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടന ഭേദഗതികളെ ഭരണഘടനയുടെ നൂലിഴ കീറി പരിശോധിക്കാനും അവസരമൊരുങ്ങി.
പല്‍ക്കിവാലയെ കേശവാനന്ദ ഭാരതി ഒരിക്കല്‍പോലും കാണുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തിട്ടില്ല. കേരളത്തിലെ ഭൂപരിഷ്കരണനിയമത്തിലൂടെ തെൻറ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ കേസിെൻറ പേരില്‍ തെൻറ പേര് പത്രങ്ങളിലിങ്ങനെ വരുന്നതില്‍ കേശവാനന്ദ ഭാരതി അത്ഭുതപ്പെടാറുണ്ടായിരുന്നുവെന്ന് പൽക്കിവാല പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടനക്ക് കൊണ്ടുവരുന്ന ഭേദഗതികളുമായി ബന്ധപ്പെട്ട് 'അടിസ്ഥാന ഘടനാ തത്ത്വം' മുന്നോട്ടുവെച്ച വിധിക്കിടയാക്കിയ കേശവാനന്ദ ഭാരതിയും കേരള സര്‍ക്കാറും തമ്മിലുള്ള കേസ് പല സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. 13 ജഡ്ജിമാര്‍ ഒരു കോടതിമുറിയില്‍ നിരന്നിരുന്ന സുപ്രീംകോടതിയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ബെഞ്ചായിരുന്നു അത്.
1972 ഒക്ടോബര്‍ മുതല്‍ 1973 മാര്‍ച്ച് വരെ 68 പ്രവൃത്തിദിവസങ്ങള്‍ സുപ്രീംകോടതിയുടെ 13 ജഡ്ജിമാര്‍ ഈ കേസ് കേള്‍ക്കാനായി മാറ്റിവെച്ചു. ഒടുവില്‍ 703 പേജുള്ള വിധി വന്നപ്പോള്‍ മതേതരത്വം, ഫെഡറലിസം പോലുള്ള ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ബാധിക്കുന്ന കടുത്ത ഭേദഗതികള്‍ കൊണ്ടുവരുന്നതിനുള്ള പാര്‍ലമെൻറിെൻറ അധികാരത്തെ അത് പരിമിതപ്പെടുത്തി.
പാര്‍ലമെൻറിെൻറ നിയമനിര്‍മാണങ്ങളെ പരിശോധനക്കു വിധേയമാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരത്തെ കേശവാനന്ദ ഭാരതി കേസിലെ വിധി ഉയര്‍ത്തിപ്പിടിച്ചു. നിയമനിര്‍മാണസഭയും സര്‍ക്കാറും കോടതിയും സ്വായത്തമാക്കിയ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ച സങ്കല്‍പവും ഈ വിധി നിര്‍ണയിച്ചു.
അതുപക്ഷേ, ആറിനെതിരെ ഏഴു ജഡ്ജിമാര്‍ എന്ന നേരിയ ഭൂരിപക്ഷത്തിനായിരുന്നു എന്നതും ചരിത്രമായി. ഒരു ഭരണഘടന ഭേദഗതിയും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്നതാകരുതെന്ന നിലപാടിനെ ബെഞ്ചിലെ 13ാമത്തെ ജഡ്ജി എച്ച്.ആര്‍. ഖന്ന പിന്തുണച്ചതോടെ ജനാധിപത്യത്തിെൻറ വിജയമായി അത് മാറി.
ഭരണഘടനയുടെ അടിസ്ഥാനമൂല്യം സംരക്ഷിച്ച ആ ഏഴു ജഡ്ജിമാരില്‍ പലരെയും പ്രതികാരനടപടിയെന്ന നിലയില്‍ ഇന്ദിര ഗാന്ധി തരംതാഴ്ത്തുന്നതിനും കാലം സാക്ഷിയായി. ചീഫ് ജസ്റ്റിസുമാരാകേണ്ടിയിരുന്ന ജെ.എം. ഷേലാട്ടിനും എ.എന്‍. ഗ്രോവറിനും കെ.എസ്. ഹെഗ്ഡെക്കും പരമോന്നത കോടതിയുടെ പരമോന്നത പദവി നിഷേധിക്കപ്പെട്ടു.
സര്‍ക്കാറിനെതിരെ ജനങ്ങളുടെ പ്രതിഷേധമുയര്‍ത്തിയ നടപടിക്കിടയില്‍ അവര്‍ രാജിവെച്ചു. ഏകാധിപത്യ പ്രവണതക്ക് മൂക്കുകയറിട്ട ഈ ചരിത്രവിധിയുടെ തൊട്ടുപിറകെ പൗരസ്വാതന്ത്ര്യങ്ങള്‍ ഹനിച്ച് ഇന്ദിര ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ സുപ്രീംകോടതി ഇടപെടല്‍ സാര്‍ഥകമായെന്ന് തെളിയിച്ചു. നിരവധി രാജ്യങ്ങള്‍ ഈ വിധിയുടെ തത്ത്വം പില്‍ക്കാലത്ത് ഉയര്‍ത്തിപ്പിടിച്ചത് ഇന്ത്യന്‍ കോടതികളുടെ തൊപ്പിയിലെ പൊന്‍തൂവലായി മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.