ഖാർഗെക്കുണ്ട്, 11 ചോദ്യങ്ങൾ
text_fieldsഇടക്കാല ബജറ്റ് അവതരിപ്പിച്ച മോദി സർക്കാറിനോട് 11 ചോദ്യങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
1. പ്രതിവർഷം രണ്ടുകോടി തൊഴിൽ, കർഷക വരുമാനം ഇരട്ടിയാക്കൽ, 2022ൽ എല്ലാവർക്കും ഉറപ്പുള്ള വീട്, 100 സ്മാർട്ട് സിറ്റി എന്നിങ്ങനെ കഴിഞ്ഞ 10 വർഷത്തിനിടയിൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിൽ എത്രയെണ്ണം മോദി സർക്കാർ നടപ്പാക്കി?
2. 2014ൽ 4.6 ശതമാനമായിരുന്ന കാർഷിക വളർച്ച നിരക്ക് ഇക്കൊല്ലം 1.8 ശതമാനമായതെങ്ങനെ? ഓരോ ദിവസവും 31 കർഷകർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതമാകുന്നത് എന്തുകൊണ്ട്?
3. വിദ്യാഭ്യാസ മേഖലയിൽ 2014ൽ 4.55 ശതമാനം മുടക്കിയിരുന്നത് ഇപ്പോൾ 3.2 ശതമാനമായത് എങ്ങനെ?
4. പട്ടിക വിഭാഗങ്ങൾ, ഒ.ബി.സി, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള ക്ഷേമപദ്ധതി വിഹിതം തുടർച്ചയായി കുറയാൻ കാരണമെന്ത്?
5. പ്രതിരോധ, ആരോഗ്യ മേഖലകൾക്കുള്ള മൊത്തം വിഹിതം ഇക്കൊല്ലം കുറച്ചതിന് അടിസ്ഥാനം?
6. കഴിഞ്ഞ 45 വർഷത്തിനടിയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിൽ രാജ്യം എങ്ങനെയെത്തി? 20-24 പ്രായക്കാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 45.5 ശതമാനമായത് എങ്ങനെ? മൂന്നുകോടി ആളുകളുടെ തൊഴിൽ സർക്കാർ ഇല്ലാതാക്കുന്നത് എന്തുകൊണ്ട്?
7. കുടുംബ സമ്പാദ്യം 50 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയത് എന്തുകൊണ്ട്? അവശ്യസാധനങ്ങൾക്ക് അഞ്ചുമുതൽ 18 ശതമാനംവരെ ജി.എസ്.ടി ചുമത്തുന്നത് എന്തുകൊണ്ട്? ഓരോ ദിവസവും അരി, പയറുവർഗങ്ങൾ, പാൽ, പച്ചക്കറിക്കെല്ലാം വില കൂടാൻ കാരണം?
8. സാധാരണക്കാരുടെ വരുമാനം ഉയർന്നതായി ധനമന്ത്രി നുണ പറയുന്നത് എന്തിനാണ്? നാട്ടിൻപുറങ്ങളിൽ വേതനം അഞ്ചു വർഷത്തിനിടയിൽ കുറഞ്ഞുവെന്നത് സത്യമല്ലേ?
9. തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 48ലേക്ക് ചുരുക്കിയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ബജറ്റിൽ ഒന്നും പറയാതിരുന്നത് എന്തുകൊണ്ട്?
10. വനിതാ തൊഴിൽ പ്രാതിനിധ്യം 2005ലെ 30 ശതമാനത്തിൽനിന്ന് ഇപ്പോൾ 24 ശതമാനത്തിലേക്ക് താഴ്ന്നത് എങ്ങനെ?
11. ശരാശരി ജി.ഡി.പി വളർച്ചാ നിരക്ക് എട്ടു ശതമാനത്തിൽനിന്ന് എങ്ങനെ 5.6 ശതമാനമായി കുറഞ്ഞു?
പാവപ്പെട്ടവർക്കും മധ്യവർഗത്തിനും ആശ്വാസമായി ചില പദ്ധതികളെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും ദിശാബോധമോ പ്രതിബദ്ധതയോ ഇല്ലാത്തതാണ് ഇടക്കാല ബജറ്റെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.