ലളിത ജീവിതത്തില്‍നിന്ന് ഒരേട്
text_fieldsരണ്ട് ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന വ്യക്തികള്‍ ഉണ്ടാകുമോ? അപൂര്‍വമായി കണ്ടേക്കും. പ്രഗല്ഭ പത്രപ്രവര്‍ത്തകന്‍ ഖുശ്വന്ത് സിങ്ങിന് അത്തരമൊരു അപൂര്‍വത അവകാശപ്പെടാനുണ്ട്. 2014 മാര്‍ച്ച് 20ന് ആയിരുന്നു അദ്ദേഹത്തിന്‍െറ നിര്യാണം. വിസ്മയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍െറ വ്യക്തിത്വം. കഴിഞ്ഞ അഞ്ചു ദശകങ്ങള്‍ക്കിടെ ഇത്രയേറെ അതിശയിപ്പിക്കുന്ന വ്യക്തിയെ ഞാന്‍ കണ്ടുമുട്ടിയില്ല. ഫെബ്രുവരി രണ്ടാണ് അദ്ദേഹത്തിന്‍െറ ജന്മദിനങ്ങളിലൊന്ന്. അന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ നാരായണി ഗണേശ്, രവി സിങ്, പ്രീതിഗില്‍ എന്നിവര്‍ക്കൊപ്പം ഞാനും അല്‍പനേരം അദ്ദേഹത്തിന്‍െറ ഓര്‍മകള്‍ പങ്കുവെച്ചു. ഖുശ്വന്ത് സിങ്ങിനെ കേന്ദ്രീകരിച്ച് നിരവധി കുറിപ്പുകള്‍ എഴുതിയ ഞാന്‍ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍െറ അറിയപ്പെടാത്ത ജീവിത പശ്ചാത്തലത്തിലേക്കാണ് വായനക്കാരെ ക്ഷണിക്കുന്നത്.
എന്തുകൊണ്ട് രണ്ട് ജന്മദിനം എന്ന എന്‍െറ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരം: പഞ്ചാബിലെ ഹദാലിയിലായിരുന്നു എന്‍െറ ജനനം. ആ സമയത്ത് എന്‍െറ പിതാവ് ദൂരെ ഡല്‍ഹിയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് എന്‍െറ പിറവിയെ സംബന്ധിച്ച വാര്‍ത്ത അദ്ദേഹത്തിന് ലഭിച്ചത്. കൃത്യമായ തീയതി കുറിച്ചിടുന്ന കാര്യം അച്ഛന്‍ വിസ്മരിക്കുകയും ചെയ്തു. നാളും മുഹൂര്‍ത്തവും ജാതകവും നോക്കുന്ന രീതി സിക്ക് സമുദായങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഡല്‍ഹിയിലെ ഒരു സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയപ്പോഴാണ് ഈ തീയതിയുടെ ആവശ്യമുയര്‍ന്നത്. ഏകദേശം കണക്കുകൂട്ടി അച്ഛന്‍ 1915 ഫെബ്രുവരി രണ്ട് എന്ന തീയതി ജന്മദിനമായി സ്കൂള്‍ അധികൃതര്‍ക്ക് നല്‍കി. എന്നാല്‍, പിന്നീട് മണ്‍സൂണ്‍കാലം പകുതി ആയ സന്ദര്‍ഭത്തിലായിരുന്നു എന്‍െറ പിറവിയെന്ന് എന്‍െറ മുത്തശ്ശി ഞങ്ങളോട് പറഞ്ഞു. കൂട്ടിയും കിഴിച്ചും പരിശോധിച്ചപ്പോള്‍ ജനന തീയതി ആഗസ്റ്റ് 15 ആകാനാണ് സാധ്യതയെന്ന് ഞാന്‍ ഉറപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പേ തന്നെ ഞാന്‍ ഈ തീയതി തെരഞ്ഞെടുത്തിരുന്നു.’
ഇരട്ട ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ സൗഭാഗ്യം കൈവന്ന വഴി അതായിരുന്നു. ഹദാലി ഗ്രാമത്തില്‍ അക്കാലത്ത് 300ഓളം കുടുംബങ്ങള്‍ മാത്രമായിരുന്നു താമസിച്ചിരുന്നത്. ഭൂരിപക്ഷവും മുസ്ലിംകള്‍. സിഖുകാരും ഹിന്ദുക്കളുമായി 50 കുടുംബങ്ങള്‍മാത്രം. വലിയൊരു വസതി ആയിരുന്നു ഖുശ്വന്തിന്‍െറയും കുടുംബത്തിന്‍െറയും പാര്‍പ്പിടം. വലിയ മരത്തിലുള്ള പടിപ്പുര. സാമ്പത്തികമായി ഉയര്‍ന്ന കുടുംബമായിരുന്നുവെങ്കിലും ഖുശ്വന്തിന്‍െറ മുത്തശ്ശിയമ്മ വീട്ടുവേലകളെല്ലാം സ്വയം ചെയ്തു. വെളുപ്പിനേ എഴുന്നേറ്റ് പശുക്കളെ കറക്കും. പ്രാതല്‍ റെഡിയാക്കും. ഖുശ്വന്തിനെ കുളിപ്പിച്ച് രാവിലെ ധര്‍മശാലയില്‍ ഗുരുഗ്രന്ഥ് സാഹിബും മറ്റും പഠിക്കാന്‍ വിടും.
ഖുശ്വന്തിന്‍െറ വാക്കുകള്‍ വീണ്ടും ‘‘ഘടികാരമോ വാച്ചോ ഒന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, നിഴല്‍നോക്കി സ്വയം പറയാന്‍ വലിയമ്മക്ക് വശമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ഡല്‍ഹിയിലേക്ക് കുടിയേറിയത്. എന്‍െറ അച്ഛനമ്മമാര്‍ അന്ന് ഡല്‍ഹിയിലായിരുന്നു. ഹദാലി ഗ്രാമത്തെ ഓര്‍ത്ത് ഞാന്‍ ഗൃഹാതുരനായ കാലം. ഗ്രാമജീവിതവും നഗര ജീവിതവും തമ്മിലുള്ള വൈജാത്യങ്ങള്‍ പലപ്പോഴും അസഹ്യമായി അനുഭവപ്പെട്ടു. സ്കൂളിലും ചില പ്രശ്നങ്ങളൊക്കെ അനുഭവപ്പെട്ടു. സഹപാഠികളില്‍ പലരും എന്നെ കണക്കിന് കളിയാക്കി. പഠനത്തില്‍ മിടുക്ക് കാട്ടാന്‍ എനിക്ക് സാധിച്ചിരുന്നില്ല. സ്പോര്‍ട്സിലും തിളങ്ങാന്‍ പറ്റിയില്ല. എന്‍െറ പേര്‍ പലര്‍ക്കും വിചിത്രമായിത്തോന്നി. എന്‍െറ ഗ്രാമത്തിന്‍െറ പേരിലും ഞാന്‍ പരിഹാസപാത്രമായി. ഞാന്‍ ചെയ്യാത്ത വേലകള്‍ എനിക്കെതിരെ ആരോപിക്കപ്പെട്ടു. അധ്യാപകരില്‍നിന്ന് നിരന്തരം തല്ലുമേടിച്ചു. എന്‍െറ ശിരസ്സ് കുനിഞ്ഞുപോയി’’.
ഞാനുമായി നടത്തിയ അഭിമുഖങ്ങളില്‍ പലപ്പോഴും ഈ ഗ്രാമത്തോടുള്ള സ്നേഹം ഖുശ്വന്ത് പങ്കുവെച്ചിരുന്നു. തന്‍െറ ഗ്രാമത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ സൈന്യത്തില്‍ ചേര്‍ന്നതെന്നും പഞ്ചായത്തിലെ റെയില്‍വേ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതില്‍ ഈ ഗ്രാമക്കാര്‍ വലിയതോതില്‍ പങ്കാളികളായതായും അദ്ദേഹം വിശദീകരിച്ചതോര്‍മിക്കുന്നു.
ഖുശ്വന്ത് സിങ്ങിന്‍െറ വലിയച്ഛന്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു. പക്ഷേ, ഖുശ്വന്ത് ആ മേഖലയില്‍നിന്ന് മാറിനിന്നു. അച്ഛന്‍െറ ഉപദേശപ്രകാരമായിരുന്നു നിയമ ബിരുദ പഠനത്തിന് ചേര്‍ന്നത്. മിസ് ബഡന്‍ എന്ന അധ്യാപികയാണ് എഴുത്തിന്‍െറ ലോകത്തേക്ക് അദ്ദേഹത്തെ ആനയിച്ചത്. വീണ്ടും അദ്ദേഹത്തെ ഉദ്ധരിക്കാം: ‘എന്‍െറ കുടുംബത്തില്‍ വക്കീലന്മാര്‍ ആരും ഇല്ലാത്തതിനാല്‍ എന്നെ അഭിഭാഷകനായി വളര്‍ത്തണമെന്ന ശാഠ്യത്തിലായിരുന്നു അച്ഛന്‍. വീട്ടില്‍ ചലപിലാ വര്‍ത്തമാനം പറയുന്ന എനിക്ക് അഭിഭാഷക മേഖലയില്‍ ശോഭിക്കാന്‍ സഹായകമാകുമെന്നും അച്ഛന്‍ വിശ്വസിച്ചു’.
ലാഹോര്‍ ഗവണ്‍മെന്‍റ് കോളജില്‍നിന്ന് ബി.എ പാസായശേഷം ലണ്ടനില്‍ നിയമപഠനത്തിന് ചേര്‍ന്നു. പക്ഷേ, എല്‍.എല്‍.ബി കഷ്ടിച്ച് മാത്രം പാസായി. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചെങ്കിലും ഞാന്‍ ഒട്ടും സംതൃപ്തനായിരുന്നില്ല. ആത്മാവില്ലാത്ത കൃത്യമായാണ് അഭിഭാഷകജോലി എനിക്ക് അനുഭവപ്പെട്ടത്. അന്യരുടെ ശണ്ഠകളില്‍നിന്ന് ഉപജീവനം കണ്ടത്തെുന്ന സമ്പ്രദായം. അതില്‍ എന്തോ പന്തികേടില്ളേ. അതുകൊണ്ടാകാം അക്ബര്‍ ഇലാഹാബാദി പാടിയത്:
‘‘പൈദാഹുവാ വകീല്‍തോ ഇബ്ലീസ് നേ കഹാ
അല്ലാനേ മുഝേ സാഹിബേ ഒൗലാദ് കര്‍ദിയാ
(വക്കീല്‍ പിറന്നുവീണ നിമിഷം പിശാച് മന്ത്രിച്ചത് ഇപ്രകാരം: അല്ലാഹു എനിക്ക് പുതിയ സന്താനങ്ങളെ സമ്മാനിച്ചിരിക്കുന്നു).
മാസങ്ങള്‍ കഴിയുന്നതിനുമുമ്പ് ഞാന്‍ കേസ് ഫയലുകള്‍ മടക്കി കളംവിട്ടു’’. l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.