കിഫ്ബി മസാല ബോണ്ട്: ലാവലിൻ മണക്കുന്നു
text_fieldsകിഫ്ബിയുടെ ധനസമാഹരണത്തിന് എന്ന പേരിൽ പുറത്തിറക്കുന്ന 2150 കോടി രൂപയുടെ മസാല ബോണ്ടുകൾ വാങ്ങുന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിൽ ആരോപണ വിധേയരായ എസ്.എൻ.സി ലാവലിൻ കമ്പനിയിൽ നിർണായക ഓഹരികൾ ഉള്ള സി.ഡി.പി.ക്യു എന്ന കനേഡിയൻ ഫണ്ടിങ് ഏജൻസിയാണ്. ഇതുതന്നെ സംശയമുണ്ടാക്കുന്ന വസ്തുതയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ലാവലിനുമായി ബന്ധപ്പെട്ട് വീണ്ടും സംശയകരമായ ഒരു ഇടപാടുണ്ടാവുകയാണ്. മാത്രമല്ല, ഈ ഇടപാട് സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ മറച്ചുെവച്ചിരിക്കുകയാണ്.
ബി.ജെ.പിയുടെ സാമ്പത്തിക നയത്തിനനുസൃതമായി രാജ്യാന്തര നിക്ഷേപങ്ങൾ സ്വീകരിക്കാൻ ഇന്ത്യൻ രൂപയിൽതന്നെ കടപ്പത്രങ്ങൾ ഇറക്കി പണം സമാഹരിക്കുന്നതിനെയാണ് മസാല ബോണ്ടുകൾ എന്ന് പറയുന്നത്. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മസാല ബോണ്ടുകൾ എന്ന ആശയം മുന്നോട്ടുെവച്ചത്. എന്നാൽ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും മസാല ബോണ്ടിന് പിന്നാലെ പോയിട്ടില്ല. ആദ്യം അതിന് തയാറാവുന്ന സംസ്ഥാനം കേരളമാണ്. കോൺഗ്രസിെൻറ ലിബറൽ നയങ്ങളെ നഖശിഖാന്തം എതിർക്കുന്ന സി.പി.എം മോദിയുടെ സാമ്പത്തിക നയങ്ങൾക്ക് പിന്നാലെ പോകുന്നത് യാദൃച്ഛികമല്ല.
മേൽപറഞ്ഞ സ്ഥാപനങ്ങളൊക്കെ തങ്ങളുടെ കടപ്പത്രങ്ങൾക്ക് നൽകുന്ന പലിശയും കിഫ്ബി ഈ കനേഡിയൻ ഫണ്ടിങ് ഏജൻസിക്ക് കൊടുക്കുന്ന പലിശയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 6.8 ശതമാനം പലിശ നിക്ഷേപകർക്ക് നൽകിക്കൊണ്ടാണ് എച്ച്.ഡി.എഫ്.സി ബാങ്ക് മസാല ബോണ്ടിറക്കിയത്. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 7.3 ശതമാനം പലിശനിരക്കിലാണ് 3000 കോടിയുടെ മസാല ബോണ്ട് ഇറക്കിയത്. ഐ.ആർ.ഇ.ഡി.എ 7.12 ശതമാനം പലിശക്കാണ് മസാല ബോണ്ടുകൾ വിറ്റത്. എന്നാൽ, കിഫ്ബി പുറത്തിറക്കിയിരിക്കുന്ന മസാല ബോണ്ടിൽ നിക്ഷേപകരായ സി.ഡി.പി.ക്യുവിന് സർക്കാർ നൽകേണ്ടത് 9.72 ശതമാനം കൊള്ളപ്പലിശയാണ്. എന്നുെവച്ചാൽ, ഒരു വർഷം 209 കോടി രൂപയാണ് സർക്കാർ ഈ കമ്പനിക്ക് പലിശ ഇനത്തിൽ മാത്രം നൽകേണ്ടത്.
എത്ര വർഷംകൊണ്ടാണ് ഈ കടം തിരിച്ചടക്കേണ്ടത് എന്നതിനെക്കുറിച്ചും അവ്യക്തതയുണ്ട്. അഞ്ചു വർഷക്കാലത്തെ തിരിച്ചടവ് കാലാവധിയെന്നാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിെൻറ വെബ്സൈറ്റിൽ കാണുന്നത്. എന്നാൽ, 25 വർഷമാണ് തിരിച്ചടവ് കാലാവധി എന്ന ധാരണയാണ് സർക്കാർ നേരത്തേ നൽകിയിരുന്നത്. അതനുസരിച്ചാണെങ്കിൽ 5213 കോടി രൂപയാണ് സംസ്ഥാനം ഈ കാലയളവിൽ പലിശയായി മാത്രം കനേഡിയൻ കമ്പനിക്ക് നൽകാൻ ബാധ്യതപ്പെട്ടിരിക്കുന്നത്. അതായത്, ഈ തിരച്ചടവ് കാലാവധിയിൽ കേരളത്തിലെ ജനങ്ങൾ 7373 കോടി രൂപ മുതലും പലിശയുമായി സി.ഡി.പി.ക്യുവിന് നൽകണം.
അഞ്ചുവർഷംകൊണ്ടാണെങ്കിൽ മുതലും പലിശയുമായി 3195 കോടി രൂപ തിരിച്ചടക്കേണ്ടിവരും. മാത്രമല്ല, ഈ പണം ഉപയോഗിച്ച് സംസ്ഥാനം ആരംഭിക്കുന്ന പദ്ധതികൾ തുടങ്ങുകയോ പൂർത്തിയാക്കുകയോ ചെയ്യുന്നതിനു മുമ്പ് വായ്പ തിരിച്ചടക്കേണ്ടിവരും. ഫലത്തിൽ ഈ പണത്തിന് പലിശ കൊടുക്കാം എന്നതല്ലാതെ ഇതുപയോഗിച്ച് ഒരു പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കാൻ കഴിയില്ല. അഞ്ചുവർഷംകൊണ്ട് ഈ വലിയ വായ്പ തിരിച്ചടക്കുന്നത് കേരളത്തിന് വലിയ ഭാരമാകും.
അന്താരാഷ്ട്ര ഫിനാൻസ് കോർപറേഷൻ പോലും 4.5 ശതമാനം പലിശ നിരക്കിലാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കിയത്. ലോക ബാങ്ക് പലിശയാകട്ടെ ഇപ്പോൾ 2.5 ശതമാനമേയുള്ളൂ. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 16 ഇന്ത്യൻ കമ്പനികൾ 5.5 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശക്കാണ് മസാല ബോണ്ടുകൾ ഇറക്കിയത്. അപ്പോൾ കിഫ്ബി 9.72 ശതമാനം കൊള്ളപ്പലിശ നൽകി മസാല ബോണ്ടുകൾ ഇറക്കിയതെന്തിന്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി പോകുമ്പോഴാണ് മസാല ബോണ്ടിെൻറ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ ദുരൂഹത വ്യക്തമാകുന്നത്.
മസാല ബോണ്ട് ഇടപാടുകൾക്കു വേണ്ടി കാനഡയിൽനിന്ന് തിരുവനന്തപുരത്ത് ചർച്ചക്കു വന്ന സംഘത്തിൽ ആരൊക്കെയുണ്ടായിരുന്നുവെന്നത് സർക്കാർ വെളിപ്പെടുത്തണം. ഈ നാലംഗ സംഘം കഴിഞ്ഞ ഫെബ്രുവരി 23 മുതൽ 27 വരെ തിരുവനന്തപുരത്ത് തങ്ങിയിരുന്നു.
ലോകബാങ്ക്, എ.ഡി.ബി എന്നിവ നൽകുന്ന വായ്പ നാലു ശതമാനത്തിൽ താഴെ പലിശക്കാണ്. എന്നിട്ടും എ.ഡി.ബി സംഘത്തിനു നേരെ കരിഓയിൽ ഒഴിച്ചു. യു.ഡി.എഫ് ഭരണകാലത്ത് കൊച്ചി മെേട്രാക്ക് ഫ്രഞ്ച് കമ്പനിയായ എ.ഡി.എഫ് 1.35 ശതമാനം പലിശക്കാണ് 1350 കോടി രൂപ വായ്പ തന്നത് എന്നോർക്കണം. വാട്ടർ മെേട്രാക്ക് ജർമൻ കമ്പനിയായ കെ.എസ്.ഡബ്ല്യു 582 കോടി 1.55 ശതമാനം പലിശക്കാണ് വായ്പ നൽകിയിട്ടുള്ളത്. കൊച്ചി മെേട്രാ റെയിൽ പദ്ധതി കലൂരിൽനിന്ന് കാക്കനാട്ടേക്ക് നീട്ടുന്നതിന് 1500 കോടി രൂപ 1.55 ശതമാനം പലിശക്ക് നൽകാമെന്നും എ.ഡി.എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മസാല ബോണ്ടുകളുടെ മറവിൽ സർക്കാറും ഒരു വിദേശ കമ്പനിയും ചേർന്ന് നടത്തിയ അഴിമതിയാണ് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നത്.
സർക്കാർ മറുപടി പറയേണ്ട ചോദ്യങ്ങൾ
- മസാല ബോണ്ടുകൾ കൊള്ളപ്പലിശക്ക് ഇറക്കി ഇത്രയും ബാധ്യത സംസ്ഥാനത്തിന് ഉണ്ടാക്കിെവക്കുന്നതിനു മുമ്പ് മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തോ?
- മസാല ബോണ്ട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് സർക്കാറുമായി ചർച്ച നടത്താൻ തിരുവനന്തപുരത്തെത്തിയ കനേഡിയൻ പ്രതിനിധികൾ ആരൊക്കെയാണ്? അവർക്ക് ലാവലിൻ കമ്പനിയുമായി ബന്ധമുണ്ടോ?
- സി.ഡി.പി.ക്യുവിന് സർക്കാർ നൽകേണ്ട കൊള്ളപ്പലിശയായ 9.72 ശതമാനം നിശ്ചയിച്ചത് ആരാണ്?
- ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങളെല്ലാം ശരാശരി 7.2 ശതമാനം പലിശക്ക് മസാല ബോണ്ടിറക്കിയപ്പോൾ കിഫ്ബി 9.72 ശതമാനം നൽകാൻ തീരുമാനിച്ചതിെൻറ സാഹചര്യമെന്ത്?
- എസ്.എൻ.സി ലാവലിൻ കമ്പനിയുമായി ഔദ്യോഗിക തലത്തിൽ ബന്ധമുള്ളവർ അതായത് ഡയറക്ടർമാർ, വൈസ് പ്രസിഡൻറുമാർ, ഓഹരികൾ കൈവശം െവച്ചിരിക്കുന്നവർ എന്നിവർക്ക് സി.ഡി.പി.ക്യുവുമായി ബന്ധമുണ്ടോ?
- മസാല ബോണ്ടുകൾ ഇറക്കുന്നതിനു മുമ്പ് കിഫ്ബിക്കായി ആഭ്യന്തര മാർഗങ്ങൾ സർക്കാർ തേടിയിരുന്നോ? െക്രഡിറ്റ് റേറ്റിങ് കുറവായ കമ്പനികൾ മസാല ബോണ്ടുകൾ ഇറക്കുമ്പോൾ കൂടുതൽ പലിശ കൊടുക്കേണ്ടിവരുക സ്വാഭാവികമാണെങ്കിൽ മസാല ബോണ്ടിന് പകരം മറ്റു ധനാഗമ മാർഗങ്ങൾ തേടാതിരുന്നത് എന്തുകൊണ്ട്?
- എസ്.എൻ.സി ലാവലിൻ കമ്പനിയുടെ പ്രതിനിധികളെ കേരളത്തിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരിക്കുമ്പോൾ ആ കമ്പനിയുമായി അടുത്ത് ബന്ധമുള്ള ഒരു കമ്പനിയുമായി സർക്കാർ ഇത്തരത്തിൽ ഇടപാട് നടത്തുന്നത് ശരിയാണോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.