‘മാധ്യമ’ത്തിന് വിത്തിട്ടവരിൽ ഒരാൾ
text_fields‘മാധ്യമ’ത്തിെൻറ മുന്നിൽ നടന്ന വ്യക്തികളിലൊരാളായിരുന്നു തിങ്കളാഴ്ച നിര്യാതനായ കെ.എം. രിയാലു. ‘മാധ്യമം’ ആ പേരിൽ പുറത്തിറങ്ങുന്നതിനും മുേമ്പ ഇപ്പോൾ കോഴിക്കോട്ട് പത്രം അച്ചടിക്കുന്ന വളപ്പിൽ അതിന് വിത്തിട്ടവരിൽ ഒരാൾ. ‘മാധ്യമ’ത്തിന് അച്ചടിമഷി പുരണ്ട രോഷ്നി പ്രസിെൻറ സ്ഥാപകൻ അദ്ദേഹമായിരുന്നുവെന്ന് ‘മാധ്യമം’ ജീവനക്കാരിൽതന്നെ പലർക്കും പുതിയ അറിവായിരിക്കും.
എൺപതുകളിൽ ‘വാർത്താമാധ്യമങ്ങളിൽ ഒരു വഴിത്തിരിവ്’ എന്ന സങ്കൽപം ചിലരുടെ മനസ്സിൽ മൊട്ടിട്ടപ്പോൾ അത് സാക്ഷാത്കരിക്കാനുള്ള ദൗത്യം ആദ്യം അർപ്പിതമായത് രിയാലു സാഹിബിെൻറ ചുമലിലായിരുന്നു. യൗവനത്തിെൻറ ഗണ്യമായൊരു ഭാഗം കുവൈത്തിൽ വ്യാപാര രംഗത്ത് ചെലവഴിച്ചശേഷം സാഹചര്യവശാൽ അവിടം വിടാൻ നിർബന്ധിതനായി അദ്ദേഹം നാട്ടിലെത്തിയ കാലമായിരുന്നു അത്. കുവൈത്തിലുണ്ടായിരുന്ന കാലത്തേ കർമോന്മാദി എന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം നാട്ടിലെ പല സംരംഭങ്ങൾക്കും താങ്ങും തണലുമായി വർത്തിച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ പുതിയ പത്രം എന്ന ബൃഹദ് പദ്ധതി, അതിനാലായിരിക്കണം അതിെൻറ പിന്നണി പ്രവർത്തകർ അദ്ദേഹത്തിൽ അർപ്പിച്ചത്. ആത്മാർഥതയും സ്ഥിരോത്സാഹവുമായിരുന്നു അദ്ദേഹത്തിെൻറ കൈമുതൽ. എന്തെങ്കിലും ദൗത്യം ഏറ്റെടുത്താൽപിന്നെ മുഴുസമയവും അതിൽ വ്യാപൃതനാവുകയായിരുന്നു അദ്ദേഹത്തിെൻറ പ്രകൃതം. ആ ജീവിതം പല വഴികളിലൂടെയും മാറിയൊഴുകിയപ്പോഴും ഈ പ്രകൃതത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. മാധ്യമ പദ്ധതിയുടെ സാക്ഷാത്കാരത്തിനുവേണ്ടിയും പിന്നീടദ്ദേഹം സമയം ഉഴിഞ്ഞിട്ടു.
പൊതുകാര്യത്തിനുവേണ്ടി ഒരു സ്വകാര്യസംരംഭം എന്നതായിരുന്നു തുടക്കത്തിൽ പുതിയ ദിനപ്പത്രത്തെക്കുറിച്ചുണ്ടായിരുന്ന സങ്കൽപം. പടിപടിയായി തുടങ്ങി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു അദ്ദേഹത്തിെൻറ പദ്ധതി. മുൻപരിചയമില്ലാത്ത ഒരു രംഗത്താണ്, അതും ഭീമന്മാരുടെ മധ്യത്തിൽ, തനിക്ക് പ്രവർത്തിക്കാനുള്ളതെന്ന് നല്ല ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. തെൻറ നേതാക്കൾ തന്നിലർപ്പിച്ച വിശ്വാസത്തെ വഞ്ചിക്കരുതെന്നതും അദ്ദേഹമെടുത്ത പ്രതിജ്ഞയായിരുന്നു. അതിനാൽ, ചടപടാ സാഹസികമായി എടുത്തുചാടി പദ്ധതി കുളത്തിലാകാതിരിക്കാൻ അദ്ദേഹം കരുതലെടുത്തിരുന്നുവെന്നു വേണം കരുതാൻ.
സ്വകാര്യ വ്യക്തികളിൽനിന്ന് ശേഖരിച്ച ഓഹരികളായിരുന്നു പദ്ധതിയുടെ മൂലധനം. താൻ ഉൾപ്പെടുന്ന പ്രസ്ഥാനത്തിെൻറ സഹകരണത്തോടെ അദ്ദേഹത്തിെൻറ പ്രവർത്തന കാലയളവിൽതന്നെ അതിൽ കുറച്ചൊക്കെ സംഭരിക്കാൻ കഴിഞ്ഞു. പ്രസിനും ഓഫിസിനുമുള്ള സ്ഥലം ലഭ്യമാക്കിയതും രോഷ്നി പ്രസിന് തുടക്കമിട്ടതും ആ കാലയളവിൽതന്നെ. അപരിചിതമായ മേഖലയായതിനാൽ അറിവ് നേടാനായി തദ്സംബന്ധമായ പുസ്തകങ്ങൾ അദ്ദേഹം തേടിപ്പിടിച്ചു വായിച്ചു. മുേമ്പ വായനാതൽപരനായിരുന്നു അദ്ദേഹം. കുവൈത്തിൽ ജ്യേഷ്ഠൻ കെ.എം. അബ്ദുറഹീമിനൊപ്പം ‘അൽ-യഖ്ള’ പുസ്തകശാലയുടെ ഉടമസ്ഥനായിരുന്നു.
ഇതരഭാഷ പ്രസിദ്ധീകരണങ്ങൾക്ക് പുറമെ മലയാളത്തിലെ മിക്ക പ്രസിദ്ധീകരണങ്ങളും അവിടെ വിൽക്കപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകനായ ജ്യേഷ്ഠൻ അബ്ദുറഹീം കുവൈത്തിലെ മലയാള സമാജത്തിെൻറ ഭാരവാഹികൂടിയായിരുന്നു. അദ്ദേഹം മരിച്ച സന്ദർഭത്തിൽ, മലയാളസമാജത്തിൽ അദ്ദേഹവുമായി വേദി പങ്കിട്ട അനുഭവം അനുസ്മരിച്ച് എം.എൻ. കാരശ്ശേരി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പത്രം തുടങ്ങുന്നതിനുമുമ്പുതന്നെ അദ്ദേഹം രോഷ്നി പ്രസിെൻറ പ്രവർത്തനം ആരംഭിച്ച് വരുമാനമുണ്ടാക്കാനാണ് ശ്രദ്ധിച്ചത്. സ്ഥിരമായി അച്ചടിക്കാൻ ആനുകാലികങ്ങളുടെ ചില ക്ലൈൻറുകളെ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. കൂടാതെ, ജേണലിസം പഠിക്കാൻ അലീഗഢ് യൂനിവേഴ്സിറ്റിയിലും മറ്റും ചിലരെ സ്റ്റൈപ്പൻറ് കൊടുത്ത് പറഞ്ഞയച്ചു.
അക്കാലത്ത് തൊട്ടടുത്ത് ‘പ്രബോധന’ത്തിൽ ജോലി ചെയ്യുകയായിരുന്ന ഈ ലേഖകെൻറ അടുത്തു വന്ന് അദ്ദേഹം ഇടക്കിടെ അനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. ഒരിക്കൽ ‘നമുക്ക് ഒരു സായാഹ്ന പത്രത്തിലൂടെ തുടക്കം കുറിച്ചാലോ’ എന്നൊരാശയം അദ്ദേഹം അവതരിപ്പിച്ചു. അത് നമ്മുടെ സങ്കൽപത്തിലുള്ള പത്രത്തിന് നല്ലൊരു ഇമേജായിരിക്കില്ല സൃഷ്ടിക്കുക, അൽപം വൈകിയാലും തുടക്കം ഗംഭീരമാകുന്നതാണ് നല്ലതെന്ന് ഞാൻ അഭിപ്രായപ്പെട്ടു.
മുഖ്യധാര മാധ്യമങ്ങളോട് മത്സരിക്കുന്ന ഒരു പത്രം തുടങ്ങാൻ വിപുലമായ മുതൽമുടക്കില്ലാത്ത സ്വകാര്യ സംരംഭം അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഒരു ട്രസ്റ്റിെൻറ കീഴിലേക്ക് ഈ സംരംഭം മാറ്റാൻ അണിയറ ശിൽപികൾ തീരുമാനിച്ചത്. കെ.സി. അബ്ദുല്ല മൗലവിയും പ്രഫ. കെ.എ സിദ്ദീഖ് ഹസനും കൂടി ഇതിനായി മുന്നിട്ടിറങ്ങുന്നത് അങ്ങനെയാണ്. പത്രം തുടങ്ങേണ്ട അടിയന്തരസാഹചര്യംകൂടി പരിഗണിച്ചായിരുന്നു ഇൗ തീരുമാനം. അതോടെ സ്വകാര്യസംരംഭം എന്ന പദ്ധതിക്ക് തിരശ്ശീല വീഴുകയും രിയാലു ചിത്രത്തിൽനിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
രോഷ്നിയുടെ മുടക്കുമുതൽ തിരിച്ചുനൽകി. ഉടമാവകാശം ട്രസ്റ്റിന് സംവരണം ചെയ്യപ്പെട്ടു. പക്ഷേ, ‘മാധ്യമം’ പത്രസ്ഥാപനത്തിന് കെ.എം. രിയാലുവിെൻറ അധ്വാനവും സംഭാവനകളും ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. ഈ രംഗത്തുനിന്ന് മാറിയെങ്കിലും പ്രവർത്തന രംഗത്തുനിന്ന് അദ്ദേഹം മാറിയില്ല. പുതിയ മേഖലകൾ വെട്ടിത്തുറന്ന് കേരളത്തിനകത്തും പുറത്തും നിരന്തരം സഞ്ചരിച്ചു. ശയ്യാവലംബിയാകുന്നതുവരെ ഇടക്കിടെ ഈ ലേഖകനെ വിളിച്ച് അനുഭവങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു. അദ്ദേഹത്തിെൻറ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.