'വിജ്ഞാനാധിഷ്ഠിത വ്യവസായത്തെ പുൽകണം '
text_fieldsആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീമുന്നേറ്റം എന്നിങ്ങനെ വിവിധ മേഖലകളിലെ വികസന സൂചികകളിൽ എന്നും മുന്നിലായിരുന്നു കേരള മോഡൽ. മാറുന്ന പുതിയൊരു ലോകത്തെ അഭിമുഖീകരിക്കാൻ കേരളം ഇനിയും ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ജനങ്ങളും പാർട്ടികളും പരിഗണന നൽകേണ്ടത് എന്തിനെല്ലാം? ലോകത്തെ വിസ്മയിപ്പിച്ച നൂതന ആശയങ്ങളും ശാസ്ത്ര-സാമൂഹിക-വ്യവസായ നേട്ടങ്ങളും അവതരിപ്പിച്ച വിവിധ രംഗങ്ങളിലെ വിദഗ്ധർ അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുന്നു.
കേരള സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളാണ്. ഇവിടെ ഉന്നത വിദ്യാഭ്യാസം നേടിയവർ വളരെ കൂടുതലാണ്. എന്നാൽ, ഉന്നത വിദ്യാഭ്യാസ നിലവാരം ലോകനിലവാരത്തിെൻറ അടുത്തെങ്ങും എത്തുന്നില്ല. ബിരുദമുള്ളവരാണ് ഏറെയും. ഇത്തരം പ്രത്യേക സാഹചര്യങ്ങളെ അനുകൂലമാക്കാൻ കഴിയുന്ന സംരംഭങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാകണം ഇവിടെ ഉണ്ടാകേണ്ടത്. ലോകം മുഴുവനും വെർച്വലായി മാറുമ്പോൾ സേവന, വിദ്യാഭ്യാസ, വിനോദ വ്യവസായങ്ങൾ എന്നിവയിൽ ലോകത്തിെൻറ ഏതു കോണിലിരുന്നും എവിടെയുമുള്ള ജോലികളും ചെയ്യാൻ ഇപ്പോൾ സാധ്യമാണ്. ഉന്നത യോഗ്യതകളുണ്ടായിട്ടും ജോലിയില്ലാതെ കഴിയുന്നവരെ ഈ മേഖലകളിലേക്ക് സജ്ജരാക്കാൻ സർക്കാറുകൾ ശ്രദ്ധിക്കണം. ഭാവിയിൽ ഈ മേഖലകളിൽ വരാനിടയുള്ള മത്സരസാധ്യതകൂടി കണ്ടുകൊണ്ടുള്ള പദ്ധതികളാകണം ആവിഷ്കരിക്കേണ്ടത്. ലോകത്തിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാകാനുള്ള നയംമാറ്റം അനിവാര്യമാണ്.
പുതുതായി പഠിച്ചിറങ്ങുന്നവർക്ക് കൂടുതൽ മികച്ച തൊഴിൽ മേഖലകളിലേക്ക് ചുവടുവെക്കാൻ അതു വഴിതെളിക്കും. ഇൻഡസ്ട്രി 4.0യുടെ കാലത്ത് വൻകിട മാനുഫാക്ചറിങ് വ്യവസായങ്ങളൊക്കെതന്നെ ഓട്ടോമേഷൻ വഴി മനുഷ്യ പ്രയത്നംതന്നെ ഒഴിവാക്കിവരുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം വൻ വ്യവസായങ്ങൾ ഇനി കേരളത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ പ്രധാന വ്യവസായമായ ടൂറിസത്തിൽപോലും വലിയ തോതിൽ പരിസ്ഥിതി സംരക്ഷണ വെല്ലുവിളികൾ നാം നേരിടുന്നുണ്ട്.
മെട്രോ നഗരങ്ങളിലേതിന് സമാനമായ കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്കും സേവനങ്ങൾക്കും പ്രാധാന്യം കൊടുക്കണം. അതിന് ഒരുപരിധിവരെ കേരളത്തിലെ മനുഷ്യവിഭവ ശേഷി പര്യാപ്തമാണ്. എന്നാൽ, അതു കുറെക്കൂടി 'ഫൈൻ ട്യൂൺ' ചെയ്യണം. അതിലായിരിക്കണം ഇനിയുള്ള നാളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
നമ്മുടേത് ഉയർന്ന രാഷ്ട്രീയ ബോധം
സങ്കുചിത രാഷ്ട്രീയം എന്ന വാക്ക് അരാഷ്ട്രീയവാദത്തിെൻറ ഉൽപന്നമാണെന്നാണ് എെൻറ അഭിപ്രായം. വൻകിട വ്യവസായങ്ങൾക്ക് വളരാൻ കഴിയാത്തതിനു കാരണം സ്ഥല ലഭ്യതക്കുറവും കൂലിനിലവാരവുംപോലുള്ള പ്രത്യേക സാഹചര്യങ്ങളാണ്. നമ്മുടെ മികച്ച ജീവിതനിലവാര സൂചിക ഉയർന്ന രാഷ്ട്രീയബോധവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. പല വികസിതരാജ്യങ്ങളും അവരുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വ്യവസായങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്നത് കാണാം. ഇത്തരം കാര്യങ്ങൾ കണ്ടെത്തി അതിൽ ഏറ്റവും ഉന്നത നിലവാരം ഉണ്ടാക്കാൻ ശ്രമിച്ചാൽ കേരളത്തിനും മുന്നേറാം. അതിന് നമ്മുടെ ഉയർന്ന രാഷ്ട്രീയബോധം നിശ്ചയമായും സഹായകമാകും എന്നാണ് കരുതുന്നത്.
റിമോട്ട് സേവനങ്ങൾക്ക് സാധ്യത കൂടും
ടൂറിസം, വിജ്ഞാനാധിഷ്ഠിത വ്യവസായ- സേവനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ റിമോട്ട് സേവനങ്ങൾ തുടങ്ങിയവയൊക്കെ സാധ്യതകളുള്ള മേഖലകളാണ്. മേൽപറഞ്ഞ മേഖലകളിൽ ഇപ്പോഴുള്ള മനുഷ്യവിഭവശേഷിയുടെ ഗുണമേന്മ ലോക ശരാശരിയിലും താഴെ മാത്രമേ ആകുന്നുള്ളൂ. അതു മെച്ചപ്പെടുത്താനുള്ള വഴികൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കണം.
ഗുണമേന്മ വർധിപ്പിക്കണം
ഗുണമേന്മ വർധിപ്പിക്കുക എന്ന മന്ത്രം പരമപ്രധാനം. നൈപുണ്യവും പരിശീലനവും ലഭിച്ചത് ഏതു മേഖലയാണ് എന്നതൊന്നും വലിയ പ്രശ്നമാകുന്നില്ല. അതിൽ പരമാവധി മികവ് ആർജിക്കുകയും ലോകോത്തരമാകാൻ ശ്രമിക്കുകയും വേണം. ഇനിയുള്ളകാലത്ത് മുഴുവൻ ലോകത്തോടുമാണ് മത്സരിക്കേണ്ടിവരുക എന്നത് സദാ ഓർമയിൽ വെക്കാതെ തരമില്ല.
(ചേർത്തല ഇൻഫോ പാർക്കിലെ ടെക്ജെൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ആണ് ലേഖകൻ. കേന്ദ്ര സർക്കാറിന്റെ ഇന്നവേഷൻ ചലഞ്ചിൽ ടെക്ജെൻഷ്യ ദേശീയതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.