ചരിത്രമെഴുതാനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ
text_fieldsകേരള സർക്കാറിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ഇന്ന് രാജ്യത്തിനു സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്ഓഫ് ചെയ്യുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സംവിധാനം മാത്രമല്ല, ഈ വലുപ്പത്തിലുള്ള ഏഷ്യയിലെതന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് (ഇന്റഗ്രേറ്റഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം).
ജലഗതാഗത സംവിധാനങ്ങളെ കാലാനുസൃത നവീകരണത്തോടെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ദേശീയ ജലപാത നവീകരിക്കുന്നതും കൊച്ചി വാട്ടർ മെട്രോ യാഥാർഥ്യമാക്കിയിരിക്കുന്നതും ആ വീക്ഷണം പ്രാവർത്തികമാക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്.
കൊച്ചിയുടെ ഗതാഗതമേഖലക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, വാട്ടർ മെട്രോ പദ്ധതിക്ക് 1,136.83 കോടി രൂപയാണ് ചെലവ്. ഇതിൽ ജർമൻ ഫണ്ടിങ് ഏജൻസിയായ കെ.എഫ്.ഡബ്യൂവിന്റെ വായ്പയും സംസ്ഥാന സർക്കാറിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു.
ആദ്യ ഘട്ടമായി ഹൈകോർട്ട്-വൈപ്പിൻ ടെർമിനലുകളിൽനിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽനിന്നുമാണ് സർവിസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈകോർട്ട് ടെർമിനലിൽനിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം.
വൈറ്റിലയിൽനിന്നാകട്ടെ 25 മിനിറ്റിനകം കാക്കനാട്ട് എത്താനാകും. പദ്ധതി പൂർണതോതിൽ സജ്ജമാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവിസ് നടത്താൻ സാധിക്കും.
കൊച്ചിൻ കപ്പൽനിർമാണശാലയാണ് വാട്ടർ മെട്രോക്കുവേണ്ടി അത്യാധുനിക ഡിസൈനിലുള്ള, ഭാരംകുറഞ്ഞ ഈ അലൂമിനിയം ബോട്ടുകൾ തയാറാക്കുന്നത്. വേഗത്തിൽ ചാർജുചെയ്യാനാവുന്ന, ദീർഘകാലം ഈടുനിൽക്കുന്ന ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് (എൽ.റ്റി.ഒ) ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
ബോട്ടുകളിൽ ഏറ്റവും നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളുണ്ട്. ഒരു ഓപറേറ്റിങ് കൺട്രോൾ സെന്ററിൽ(ഒ.സി.സി)നിന്ന് അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. കൊച്ചി വാട്ടർ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ ഇതിനകംതന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡ് 2022ൽ കൊച്ചി വാട്ടർ മെട്രോക്ക് ലഭിച്ചിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.
ശീതികരിച്ച ഇലക്ട്രിക് ബോട്ടുകളിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രക്കാർക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാം. കൊച്ചി വൺ ആപ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാനാവും.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്ന നഗരമാണ് കൊച്ചി. കൊച്ചിയിലും കൊച്ചിക്കു ചുറ്റുമുള്ള 10 ദ്വീപുകളിലും കാര്യമായ ജനവാസമുണ്ട്. ദ്വീപുകളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും ഉൾപ്പെടെ ഏതു പ്രധാന കാര്യത്തിനും കൊച്ചി നഗരവുമായി നിരന്തരം ബന്ധപ്പെടേണ്ടതായി വരുന്നുണ്ട്.
അതിനു സഹായകരമായ ബോട്ടുസർവിസുകൾ നിലവിലുണ്ടെങ്കിൽപ്പോലും അവ അപര്യാപ്തമാണ് എന്നതായിരുന്നു പൊതുവിലുള്ള വിലയിരുത്തൽ. ആ പ്രശ്നത്തിന് പരിഹാരം കാണാനാണ് കൊച്ചി വാട്ടർ മെട്രോയിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
ഈ ജലഗതാഗത സംവിധാനം ദ്വീപുവാസികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദ്വീപുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനു വഴിതെളിക്കുകയും ചെയ്യും. ഇത് കുറഞ്ഞ തോതിൽ മാത്രം മലിനീകരണം സൃഷ്ടിക്കുന്ന ഒരു സുസ്ഥിര ഗതാഗത സംവിധാനമാണ്.
കാരണം, ഇത് പ്രവർത്തിക്കുന്നത് പുനരുപയോഗ സാധ്യതയുള്ള ഊർജസ്രോതസ്സുകളെ ആശ്രയിച്ചാണ്. ഇതിന് വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങളോ ഭൂവിനിയോഗമോ വേണ്ടിവരുന്നില്ല. ആകയാൽതന്നെ കായലിലെ ആവാസവ്യവസ്ഥയെയും സസ്യ-ജന്തുജാലങ്ങളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഈ പദ്ധതിയൊരു മുതൽക്കൂട്ടായി മാറും.
ആദ്യ ഘട്ടത്തിൽതന്നെ വാട്ടർ മെട്രോയിലൂടെ പ്രതിദിനം 34,000 പേർക്ക് യാത്രചെയ്യാൻ കഴിയും. ഇത് കൊച്ചിയുടെ നഗരവീഥികളിലെ തിരക്കും കൊച്ചി നഗരത്തിന്റെ കാർബൺ ഫുഡ്പ്രിന്റും കുറക്കാൻ സഹായിക്കും. പദ്ധതി പൂർണ സജ്ജമാകുന്നതോടെ പ്രതിവർഷ കാർബൺ ബഹിർഗമനത്തിൽ 44,000 ടണ്ണിന്റെ കുറവുവരുത്താൻ കഴിയും.
പൂർണ തോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ നഗര ജലഗതാഗതത്തിനായി ഇലക്ട്രിക് ബോട്ടുകളുള്ള ലോകത്തെ ഏറ്റവും വലിയ സംവിധാനമായി കൊച്ചി വാട്ടർ മെട്രോ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.