ജ്വലിക്കുന്ന ദലിതു രോഷം
text_fieldsഇത് ദലിത്-മറാത്ത സംഘർഷമല്ല. ബ്രാഹ്മണ നേതാക്കളുടെ കുതന്ത്രത്തിൽ ചിലർ വീണിട്ടുണ്ടാകാം. മറാത്ത സംവരണം ആവശ്യപ്പെട്ട് വൻ റാലികൾ നടത്തിയ മറാത്ത ക്രാന്തി മോർച്ചയും മറ്റ് മറാത്ത സംഘടനകളും ദലിതുകൾക്ക് ഒപ്പമാണ്. ദലിതരെയും മറാത്തകളെയും ബ്രാഹ്മണർ കബളിപ്പിക്കുന്നു. മഹാരാഷ്ട്ര ജനസംഖ്യയുടെ മൂന്നു ശതമാനമാണ് ബ്രാഹ്മണർ. അധികാരമില്ലെങ്കിൽ അവർക്കൊന്നിനും കഴിയുകയില്ല. 10 ശതമാനത്തിലേറെയുള്ള ദലിതുകളും 30 ശതമാനത്തിലേറെ വരുന്ന മറാത്തകളും കൈകോർക്കുന്നത് ബ്രാഹ്മണർക്ക് ഭീഷണിയാകും. അങ്ങനെ യോജിപ്പുണ്ടായാൽ ബ്രാഹ്മണവിരുദ്ധ സർക്കാറാകും അധികാരത്തിൽ വരുക. നിലവിൽ മഹാരാഷ്ട്രയിലെ ഫഡ്നാവിസ് സർക്കാർ ബ്രാഹ്മണ നേതൃത്വത്തിലുള്ളതാണ്. അവർക്ക് ദലിത്, മറാത്ത സഖ്യം പൊറുപ്പിക്കാനാകില്ല. അതിനാൽ, ബി.ജെ.പി അവരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സർക്കാറിെൻറ ഏജൻസിയാണ് പൊലീസ്. അവർ സത്യം മറച്ചുവെക്കും. സർക്കാറിന് വേണ്ടത് മാത്രമെ റിപ്പോർട്ട് ചെയ്യൂ. ഭീമ കൊരെഗാവിലെ പ്രത്യേക ചടങ്ങിനും സംഘർഷത്തിനും പിന്നിൽ നിരോധിത കമ്യൂണിസ്റ്റ് സംഘടനകളാണെന്നാണ് അവരുടെ റിപ്പോർട്ട്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവരിൽ നിത്യക്കൂലിക്കാരും കർഷകരും ഒക്കെയുണ്ട്. കമ്യൂണിസ്റ്റുകാരുമുണ്ട്. ദലിതുകൾക്ക് ഒപ്പം പ്രതിഷേധിച്ചവർ രാജ്യവിരുദ്ധരാണെന്ന് എന്തടിസ്ഥാനത്തിലാണ് പറയുക. അധികാരത്തിലിരിക്കുന്നത് ബി.ജെ.പിയാണ്. അവർക്ക് വേണ്ടതാണ് പൊലീസ് പറയുക.
ഭീമ കൊരെഗാവ് സംഘർഷത്തോടെ മഹാരാഷ്ട്ര ദലിതുകൾ ഒന്നുണർന്നിട്ടുണ്ട്. സംഭവത്തിൽ അവർ പ്രകോപിതരാണ്. അതിനാലാണ് ഒന്നും നോക്കാതെ അവർ തെരുവിലിറങ്ങിയത്. ഇത് ഏതെങ്കിലും ഒരു നേതാവിെൻറ വിളികേട്ടുണ്ടായതല്ല. നേതാക്കൾ ഉണരും മുെമ്പ ദലിതുകളിലെ രക്തം ചൂടുപിടിച്ചു കഴിഞ്ഞിരുന്നു. വിഘടിച്ചുനിൽക്കുന്ന ദലിത് സംഘടനകൾ അവരുടെ നേതൃത്വത്തെ നോക്കാതെയാണ് ഒരുമിച്ച് തെരുവിലിറങ്ങിയത്. അവർക്ക് വേദനിച്ചിരിക്കുന്നു. അസന്തുഷ്ടരാണ്. അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദ്കർ ആഹ്വാനം ചെയ്തതു കൊണ്ടല്ല മഹാരാഷ്ട്ര സ്തംഭിപ്പിച്ച് ബന്ദ് വിജയമായത്. അത് ദലിതരിലെ രോഷവും അവർക്ക് മറ്റുള്ളവരിൽനിന്ന് ലഭിച്ച പിന്തുണയുംകൊണ്ടാണ്. ഇതവരുടെ നിലനിൽപ്പിെൻറയും സ്വത്വത്തിെൻറയും വിഷയമാണ്. അല്ലാത്തപക്ഷം ഒരു മൊഹല്ലയെങ്കിലും അടപ്പിക്കാൻ ശേഷിയുള്ള ദലിത് നേതാക്കൾ ഇന്നില്ല.
എന്നാൽ, ഇൗ ഒരുമ തെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിക്കാമോ എന്നത് പ്രസക്തമായ ഒന്നാണ്. ബാബസാഹെബ് അംബേദ്കർ മുതൽ ഇന്ന് എൻ.ഡി.എയുടെ ഭാഗമായ രാംദാസ് അത്താവ്ലെ വരെയുള്ള നേതാക്കളുടെ കാലത്ത് രണ്ടുതരം ദലിത് പാർട്ടികളെയാണ് കണ്ടുവരുന്നത്. ഒന്ന് ആരു ഭരിച്ചാലും അധികാരത്തോട് ചേർന്നുനിൽക്കുന്നവർ. എന്നും പ്രതിപക്ഷത്ത് നിലയുറപ്പിച്ചവരാണ് രണ്ടാമത്തേത്. പണത്തിനും മദ്യത്തിനും വഴങ്ങുന്ന ദരിദ്രരായ വോട്ടർമാരാണ് ദയനീയമായ മറ്റൊന്ന്. അവർക്കുവേണ്ടി ആരും അഞ്ചു വർഷം പണിയെടുക്കേണ്ട. ഒരു രാത്രിയുടെ മെനക്കേട് മതിയാകും. പണവും മദ്യവും അധികം നൽകുന്നവർക്ക് അവർ കുത്തും. ഇൗ മാനസികാവസ്ഥ മാറ്റപ്പെടണം.
ഇപ്പോൾ ദലിതുകൾക്കിടയിൽ ബോധമുണർന്നിട്ടുണ്ട്. ഒറ്റക്ക് പൊരുതിയിട്ട് കാര്യമില്ലെന്ന തിരിച്ചറിവുണ്ട്. കൂട്ടു വേണം. പുതിയ സഖ്യങ്ങളുണ്ടാകണമെന്ന ചിന്ത പ്രബലമാണ്. എന്നാൽ, അവർ ആർക്കൊപ്പമാണ് നിൽക്കുക. ആറ് പതിറ്റാണ്ട് മുസ്ലിംകളെയും ദലിതുകളെയും സ്വന്തം ജയങ്ങൾക്ക് ഉപയോഗിക്കുകമാത്രമാണ് കോൺഗ്രസ് ചെയ്തത്. ബാബ സാഹെബ് അംബേദ്കറുടെ കാലത്തും അത്താവ്െലയുടെ കാലത്തും അവർ ദലിതുകളോട് ആത്മാർഥത കാട്ടിയിട്ടില്ല. ഇപ്പോൾ ദലിത് വിഷയം ഉന്നയിക്കുന്നതും തെല്ലും ആത്മാർഥതയില്ലാത്ത രാഷ്ട്രീയ അജണ്ട മാത്രമാണ്. ബി.ജെ.പിയും അവരുടെ വിജയത്തിനായുള്ള രാഷ്ട്രീയ അജണ്ടക്ക് അപ്പുറം ദലിതുകളോട് ആത്മാർഥതയുള്ളവരല്ല. ആർക്കൊപ്പം ചേർന്നാലും ദലിതുകൾക്ക് അർഹിക്കുന്ന അധികാര പങ്കാളിത്തം ലഭിക്കാറില്ല. ദലിത് പിന്തുണയിൽ അധികാരത്തിൽ എത്തുന്നവർ ചില നേതാക്കളെ എം.എൽ.സിയോ, ഗവർണറോ മറ്റൊ ആക്കും. എന്നാൽ, അതുകൊണ്ട് ദലിത് സമൂഹത്തിന് ഒരു ഗുണവും ഉണ്ടാകുന്നില്ല. പദവികൾ ലഭിക്കുന്നവർമാത്രം മെച്ചപ്പെടുന്ന അവസ്ഥ. അർഹിക്കുന്ന അധികാര പങ്കാളിത്തം ലഭിച്ചാലെ ദലിത് സമൂഹത്തെ പൂർണമായി മെച്ചപ്പെടുത്താൻ കഴിയു.
വികസനത്തിെൻറ പേരിൽ ജനസമൂഹങ്ങളെ ഭിന്നിപ്പിക്കലാണ് ഇന്ന് നടക്കുന്നത്. ഭിന്നിപ്പിക്കുന്ന വികസനം നാടിന് വിനാശമാണ്. യഥാർഥ ദേശീയബോധത്തെയാണ് ഇത് തകർക്കുന്നത്. മെട്രോ ട്രെയിനുകളും ബുള്ളറ്റ് ട്രെയിനുകളുമല്ല നാടിെൻറ വികസനം. ഒാരോ പൗരേൻറയും സാംസ്കാരിക, ജീവിതനിലവാര ഉന്നതിയാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.