Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightതുല്യതയില്ലാത്ത പണ്ഡിത...

തുല്യതയില്ലാത്ത പണ്ഡിത പ്രതിഭ

text_fields
bookmark_border
തുല്യതയില്ലാത്ത പണ്ഡിത പ്രതിഭ
cancel

സുകൃതങ്ങളുടെ സംഗമമായിരുന്നു കോട്ടുമല ബാപ്പു മുസ്ലിയാര്‍. സമസ്ത ആവിഷ്കരിച്ച് നടപ്പാക്കിയ മുഴുവന്‍ പദ്ധതികള്‍ക്കും നേതൃപരമായ പങ്ക് വഹിച്ച പണ്ഡിതന്‍. വൈജ്ഞാനിക കേരളത്തിന്‍െറ അവിസ്മരണീയ ഗുരുവായ  കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ അരുമ സന്തതി. കര്‍മോത്സുകതയുടെയും സ്നേഹ സൗഹൃദങ്ങളുടെയും നിരവധി ഓര്‍മകള്‍ ബാക്കിവെച്ചാണ് ഈ വിയോഗം. മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം എന്‍ജിനീയറിങ് കോളജ് തുടങ്ങാനായതും അതിന്‍െറ കാര്യങ്ങള്‍ ഏല്‍പിച്ചപ്പോള്‍ എറെ ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞതും വളരെ ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. കാര്യങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ വിജയിച്ച അപൂര്‍വം പണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. ഒരു മുസ്ലിയാര്‍ എന്‍ജിനീയറിങ് കോളജ് നടത്തുന്നതിന്‍െറ ആശങ്ക നിലനിന്നപ്പോള്‍ ഭാവനയോടെയും ആസൂത്രണത്തോടെയും ആധുനിക വിവരസാങ്കേതിക വിദ്യക്കൊപ്പം ഉയര്‍ന്ന് ചിന്തിച്ച് കരുക്കള്‍ നീക്കിയ  പ്രതിഭയായിരുന്നു അദ്ദേഹം.

പിന്നീട് സമസ്തക്ക് ഒരു മുഖപത്രം ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയപ്പോള്‍, സുപ്രഭാതം ദിനപത്രത്തിന് തുടക്കമിട്ട് മലയാള പത്രങ്ങളുടെ ചരിത്രത്തില്‍തന്നെ ആദ്യമായി ആറു ലക്ഷം വരിക്കാരുമായി  പത്രം തുടങ്ങാനായി എന്നത് അദ്ദേഹത്തിന്‍െറ സംഘാടന മികവിന്‍െറയും ആത്മധൈര്യത്തിന്‍െറയും മകുടോദാഹരണമാണ്. അനിതരസാധാരണമായ നേതൃപാടവമാണ്  ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ബാപ്പു മുസ്ലിയാര്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍െറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ ഒരു പാട് ത്യാഗം ചെയ്തിട്ടുണ്ട്. വര്‍ത്തമാനകാലത്തിന് അനുസൃതമായരീതിയില്‍ സംവിധാനങ്ങളെ മുഴുവന്‍ പരിഷ്കരിച്ചു. കൃത്യമായ നിലപാടും കാര്യശേഷിയുമുള്ള ഇദ്ദേഹത്തിന്‍െറ വിയോഗം കനത്ത നഷ്ടമാണ്.  ഊരകം പഞ്ചായത്തിലെ കോട്ടുമല ഗ്രാമത്തില്‍ ദര്‍സ് തുടങ്ങിയ ഇദ്ദേഹത്തിന്‍െറ പിതാവ് ‘കോട്ടുമല’ എന്ന സ്ഥലനാമത്തില്‍  വിശ്രുതനായി.  1956ല്‍ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ അധ്യാപനം ആരംഭിച്ച അദ്ദേഹം 1963ല്‍ ജാമിഅ നൂരിയ്യ സ്ഥാപിതമായപ്പോള്‍ പ്രഥമ മുദരിസ് ആവുകയും വലിയ ശിഷ്യസമ്പത്തിന്‍െറ ഉടമയാവുകയും ചെയ്തു.

പിതാവിന്‍െറ വഴിയേതന്നെ ബാപ്പു മുസ്ലിയാരും തന്‍െറ യുവത്വം  മുതല്‍ സുന്നത്ത് ജമാഅത്തിന്‍െറയും സമസ്തയുടെയും വേദികളില്‍ തലയെടുപ്പോടെ നിലകൊണ്ടു. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍,  കെ.വി തുടങ്ങിയ നിരവധി പണ്ഡിത ശ്രേഷ്ഠരുടെ അഭിവന്ദ്യഗുരു കോമു മുസ്ലിയാരുടെ മകള്‍ ഫാത്തിമയാണ് മാതാവ്. കൃത്യാന്തര ബാഹുല്യത്തിനിടയിലും മക്കള്‍ക്ക് മത ഭൗതിക വിജ്ഞാനം നല്‍കാനും  വിദ്യാസമ്പന്നരാക്കാനും അദ്ദേഹം ശ്രദ്ധപുലര്‍ത്തി. 2016ല്‍ അദ്ദേഹത്തിന്‍െറ  അവസാനത്തെ ഹജ്ജ് ക്യാമ്പില്‍   നെടുമ്പാശ്ശേരിയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി, സ്വാഗതസംഘം രൂപവത്കരിച്ചത് മുതല്‍ മന്ത്രി കെ.ടി. ജലീലിനൊപ്പം യുവാവിനെപോലെ ഓടി നടക്കുകയായിരുന്നു അദ്ദേഹം. ആ ക്യാമ്പില്‍ അതിഥിയായി എത്തിയ എനിക്ക് അദ്ദേഹം നല്‍കിയ സ്നേഹോഷ്മളമായ വരവേല്‍പ് ഇപ്പോഴും മറക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ അദ്ദേഹത്തിന്‍െറ സംഘാടന മികവിനെ പ്രശംസിച്ചു.

പി.ടി.എ. റഹീമിനുശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അദ്ദേഹം പ്രവര്‍ത്തന ഗോദയില്‍ ഏറെ സജീവമായി. പുന$സംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗം ഐകകണ്ഠ്യനേയാണ് ചെയര്‍മാനായി അദ്ദേഹത്തെ  തെരഞ്ഞെടുത്തത്. എല്ലാ മുസ്ലിം സംഘടനാ നേതാക്കളും ഹൃദ്യമായാണ് അദ്ദേഹത്തെ വരവേറ്റത്.സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അവസാനമായി നടന്ന സമസ്തയുടെ കൂരിയാട്, ആലപ്പുഴ സമ്മേളനങ്ങളുടെ വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ സമസ്തയുടെ ജന.സെക്രട്ടറി ആയിരുന്ന സമയത്ത് പ്രസ്ഥാനത്തെ പിന്നില്‍നിന്ന് നയിക്കുകയും ധൈര്യം പകരുകയും ചെയ്തു. അഗാധ പാണ്ഡിത്യമുള്ള പണ്ഡിത ശ്രേഷ്ഠന്‍ എന്നതിനപ്പുറം അറബി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യമുള്ള ബഹുഭാഷാ വിദഗ്ധന്‍ കൂടി ആയിരുന്നു അദ്ദേഹം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottumala bappu musliyar
News Summary - kottumala bappu musliyar
Next Story