Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'മാധ്യമ'ത്തിനെതിരായ...

'മാധ്യമ'ത്തിനെതിരായ ജലീലിന്റെ എഴുത്ത്; പ്രമുഖർ പറയുന്നു, ആ കത്ത് ജനങ്ങൾക്കെതിരെ

text_fields
bookmark_border
മാധ്യമത്തിനെതിരായ ജലീലിന്റെ എഴുത്ത്; പ്രമുഖർ പറയുന്നു, ആ കത്ത് ജനങ്ങൾക്കെതിരെ
cancel

മാധ്യമങ്ങൾക്കെതിരായ നീക്കം പലരൂപങ്ങളിൽ മുൻപുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു നീക്കം മുൻ കേരള മന്ത്രിസഭയിൽ അംഗമായിരിക്കെ ഡോ. കെ.ടി. ജലീൽ നടത്തിയെന്ന വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നു. 'മാധ്യമം' ദിനപത്രത്തിനെതിരെ നടപടിയെടുക്കാൻ വിദേശ രാജ്യത്തെ അധികാരികൾക്ക് കത്തയച്ച വിവരം അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതേക്കുറിച്ച് പ്രതികരിക്കുകയാണ് ജനകീയ-സാമൂഹിക-സാഹിത്യ പ്രവർത്തകർ

അനാവശ്യമായ ഇടപെടൽ -പ്രഫ. കെ. അരവിന്ദാക്ഷൻ

ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് കെ.ടി. ജലീലിന്‍റേത്. ഞാൻ സ്ഥിരമായി 'മാധ്യമം' ദിനപത്രം വായിക്കുന്നയാളാണ്. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അന്ന് ഞാൻ കണ്ടതുമാണ്. ഇന്ത്യയും യു.എ.ഇയും തമ്മിലെ നയതന്ത്ര ബന്ധത്തിന് അപകടമുണ്ടാകുന്ന വിധത്തിൽ ഒന്നും അതിലുണ്ടായിരുന്നില്ല. വിദേശങ്ങളിലുള്ള ഇന്ത്യക്കാരുടെ യാത്രക്ക് ആവശ്യമുള്ള നടപടികൾ അടിയന്തരമായി ഒരുക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ടെന്ന ഓർമപ്പെടുത്തൽ ആ റിപ്പോർട്ടിലൂടെ നടത്തുകയായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. പിന്നീട് ഇത് ഇത്തരത്തിൽ ഒരു വിവാദമായി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. തികച്ചും അനാവശ്യമായതും പ്രകോപനം സൃഷ്ടിക്കാൻ വേണ്ടിയുള്ളതുമായ ഒരു ഇടപെടലായി മാത്രമേ കാണാൻ കഴിയുകയുള്ളു.

ഒറ്റുകൊടുക്കുകയാണ് ചെയ്തത് -വി. മുസഫർ അഹമ്മദ്

യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും പ്രവർത്തന മണ്ഡലമായ ജനാധിപത്യത്തിൽ മാധ്യമങ്ങൾക്കുള്ള പ്രാധാന്യം എന്താണെന്ന് ഇക്കാലം കൊണ്ട് കേരളജനത മനസ്സിലാക്കിയിട്ടുണ്ട്. കെ.ടി. ജലീലിന് അതുപോലും മനസിലായില്ല എന്നത് എത്രയും ദുരന്താത്മകം, അവിശ്വസനീയമാംവിധം ജനാധിപത്യവിരുദ്ധം. ഒറ്റിന്‍റെ ചരിത്രത്തിലായിരിക്കും ഇനി ജലീലിന്‍റെ സ്ഥാനം.

വൈകിയ വേളയിലെങ്കിലും തെറ്റ് തിരുത്തണം -ടി.കെ. വിനോദൻ

ഏത് മാധ്യമത്തെയും വിമർശിക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്. കാര്യകാരണസഹിതമുള്ള വിമർശനങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ മാധ്യമങ്ങളും ബാധ്യസ്ഥമാണ്. എന്നാൽ, 'മാധ്യമം' പത്രത്തിനെതിരെ വിമർശനം ഉന്നയിക്കുകയല്ല, 'മാധ്യമ'ത്തിനെതിരെ നടപടി സ്വീകരിക്കാൻ വിദേശ രാജ്യത്തോട് ആവശ്യപ്പെടുകയാണ് മുൻമന്ത്രി കെ.ടി. ജലീൽ ചെയ്തത്. ഇതിനു പിന്നിലെ നിയമലംഘനത്തിന്‍റെ വിഷയം നീതിപാലന സംവിധാനം തീരുമാനിക്കട്ടെ. പൊതുജനങ്ങളെയും മാധ്യമങ്ങളെയും സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രശ്നം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും മന്ത്രിയുമായ ഒരാൾ നമ്മുടെ നാട്ടിലെ മാധ്യമത്തിനെതിരെ വഴിവിട്ട രീതിയിൽ പക തീർക്കാൻ ശ്രമിച്ചെന്നതാണ്. തന്‍റെ തെറ്റ് അംഗീകരിക്കുകയും തിരുത്തുകയും ചെയ്യുന്നതിനുപകരം അതിനെ ന്യായീകരിക്കാനാണ് ജലീൽ ഇപ്പോഴും ശ്രമിക്കുന്നത്. വൈകിയ വേളയിലെങ്കിലും തെറ്റ് തുറന്ന് സമ്മതിച്ച് തിരുത്താൻ കെ.ടി. ജലീൽ തയാറാകണം.

മാധ്യമം നടത്തിയത് ധീരശ്രമം -അഡ്വ. ബിജു പറയന്നിലം

വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ ചിത്രം സഹിതം റിപ്പോർട്ട് പ്രസിദ്ധീകരിച്ച് പ്രവാസികൾക്ക് ആവശ്യമായ സംരക്ഷണം തേടാൻ 'മാധ്യമം' നടത്തിയ ധീരമായ ശ്രമം അഭിനന്ദനാർഹമാണ്. എന്നാൽ, ഈ പത്രധർമത്തെ പിന്തുണച്ച് മലയാളികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കാനും അവരെ നാട്ടിലെത്തിക്കാനും ശ്രമം നടത്തേണ്ട അന്നത്തെ മന്ത്രി കെ.ടി. ജലീൽ 'മാധ്യമ'ത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ അധികൃതർക്ക് കത്തയച്ചത് ഗുരുതര വീഴ്ചയാണ്. അദ്ദേഹം 'മാധ്യമ'ത്തോടും കേരളീയരോടും മാപ്പ് പറയുകയാണ് വേണ്ടത്.

(കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് )

ഹീനമായ നടപടി - എൻ. ബാദുഷ

മാധ്യമധർമം അക്ഷരംപ്രതി പാലിച്ച് നിഷ്പക്ഷവും അന്തസ്സുറ്റതും മാന്യവുമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന മലയാളത്തിലെ ഏക വർത്തമാന പത്രമാണ് മാധ്യമം. അതിനെതിരെ വിദേശ ഭരണാധികാരിക്ക് പരാതിയയച്ച മുൻമന്ത്രി ജലീലിന്റെ നടപടി ഹീനമാണ്. മന്ത്രിയുടെ അന്തസ്സിന് നിരക്കാത്തതാണിത്. പരിസ്ഥിതി പ്രശ്നങ്ങളോട് മാധ്യമം പുലർത്തുന്ന നിലപാട് ഇന്ത്യയിലെ മുഴുവൻ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾക്കും മാതൃകയാണ്. പാശ്ചാത്യ പത്രങ്ങൾ മാത്രമേ മാധ്യമത്തിന് സമാനമായുള്ളൂ.

ഇന്ത്യയിലെ ദലിതുകൾ, ആദിമനിവാസികൾ, പാർശ്വവത്കൃത സമൂഹങ്ങൾ എന്നിവയുടെ അതിജീവന പോരാട്ടങ്ങളെ ഇത്ര സത്യസന്ധമായി നിർഭയമായി നെഞ്ചേറ്റിയ മറ്റേതൊരു മാധ്യമമുണ്ട് മലയാളത്തിൽ? ജലീലിന്റെ ജുഗുപ്സാവഹമായ പ്രവൃത്തിയെ കേരളീയ സമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയണം. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരും സംഘടനകളും മാധ്യമത്തിനൊപ്പമാണ്.

(വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ്)

ഏറ്റവും ജനാധിപത്യവിരുദ്ധം -കെ.കെ. സുരേന്ദ്രൻ

മാധ്യമധർമമാണ് മാധ്യമം അന്ന് നിർവഹിച്ചത്. സർക്കാറുകളെ കുറ്റപ്പെടുത്തുകയായിരുന്നില്ല അതിലെ ഉദ്ദേശ്യം. വസ്തുതകൾ ജനങ്ങളുടെ മുമ്പാകെ എത്തിക്കുകയെന്നതായിരുന്നു അതിലെ പ്രധാനകാര്യം. ഇത്തരത്തിൽ പ്രശ്നങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന കാര്യത്തിൽ ഇപ്പോൾ മലയാളത്തിലുള്ള പത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നത് മാധ്യമമാണ്. അതിനെ കേവലം കക്ഷി, രാഷ്ട്രീയ സങ്കുചിതത്വത്തിനുവേണ്ടി ഉപയോഗിക്കുകയും അതിനെതിരായി വിദേശ ഭരണാധികാരിക്ക് കത്തയക്കുകയെന്നതും ഏറ്റവും ജനാധിപത്യവിരുദ്ധമായ കാര്യമാണ്. അന്നത്തെ വാർത്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രിയെന്ന നിലക്ക് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നെങ്കിൽ അത് മാധ്യമം പത്രത്തിന് നൽകിയിരുന്നെങ്കിൽ അതും പ്രസിദ്ധീകരിക്കുമായിരുന്നു. മാധ്യമം ആ രീതിയിൽ കൃത്യമായ ജനാധിപത്യവും പ്രതിപക്ഷ ബഹുമാനവും പുലർത്തുന്ന പത്രമാണ്. കെ.ടി. ജലീൽ ചെയ്തത് ഏറ്റവും നിന്ദ്യവും നികൃഷ്ടവുമായ കാര്യമാണ്. എന്നിട്ടും അതിനെ ഇപ്പോഴും ന്യായീകരിക്കുന്നുവെന്നത് അതിലെറെ അപലപനീയമാണ്.

അങ്ങേയറ്റം പ്രതിഷേധാർഹം -എസ്. രാജീവൻ

നമ്മുടെ നാട്ടിലുള്ള ഒരു പത്രം വിദേശ രാജ്യത്ത് നിരോധിക്കണമെന്ന് ഭരണഘടനയോട് വിധേയത്വം പുലർത്തേണ്ട ഒരാൾ പറയുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടത് അദ്ദേഹം ആരെയും കൊന്നതിനല്ല. പാർട്ടിയെ വിമർശിച്ചതിനാണ്. ആ വിമർശനങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ വന്നപ്പോഴാണ് ചന്ദ്രശേഖരനെ വകവരുത്തിയത്. അതേ സമീപനം തന്നെയാണിതും. 'മാധ്യമം' സർക്കാറിനെതിരെ ഒരു വിമർശനമാണ് മുന്നോട്ടുവെച്ചത്. ആ വിമർശനത്തിന് മറുപടി പറയേണ്ടത് സർക്കാറിന്‍റെ ബാധ്യതയാണ്. വിമർശനം തെറ്റാണെങ്കിൽ അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതല്ലാതെ ഇത്തരം നടപടി സ്വീകരിക്കുന്നത് എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യുന്ന നിലപാടാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. കേന്ദ്ര സർക്കാറും ചെയ്തുകൊണ്ടിരിക്കുന്നത് ഇതേ കാര്യങ്ങളാണ്.

(സംസ്ഥാന കൺവീനർ, കെ -റെയിൽ വിരുദ്ധ സമരസമിതി)

പാർശ്വവത്കൃത ജനങ്ങൾക്കെതിരായ നീക്കം -ഐ.കെ. രവീന്ദ്രരാജ്

പാർശ്വവത്കൃത ജനങ്ങളുടെയും ദരിദ്രരുടെയും വിമോചനത്തിനും വളർച്ചക്കും വികാസത്തിനും വേണ്ടി നിലനിൽക്കുന്ന, ശക്തമായ നിലപാടുള്ള പത്രമാണ് മാധ്യമം. അതിനെതിരെ നടക്കുന്ന ഏതൊരു നീക്കവും ആ പത്രത്തിനു നേരെ മാത്രമുള്ളതല്ല, ഈ ജനവിഭാഗത്തിനു നേരെയുമുള്ളതാണ്. ജലീലിനെ പോലെ അനുഭവവും സാമൂഹിക -രാഷ്ട്രീയ രംഗത്ത് പരിചയവുമുള്ള ഒരാൾ നടത്തിയ ഇടപെടൽ ജനാധിപത്യവിരുദ്ധവും സാമൂഹികനീതിയുടെ ലംഘനവുമാണ്.

ശബ്ദമില്ലാത്തവരുടെ ശബ്ദമായാണ് മാധ്യമം നിലനിൽക്കുന്നത്. മാധ്യമത്തിന്‍റെ എഴുത്ത് നീതിക്കുവേണ്ടി മാത്രമുള്ളതാണ്. മാധ്യമം എഴുതാൻ തുടങ്ങിയപ്പോഴാണ് ദലിതരുടെയും ആദിവാസികളുടെയും പാർശ്വവത്കൃത ജനവിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളും അവരുടെ സാമൂഹിക പ്രശ്നങ്ങളും മറ്റ് പത്രങ്ങളും എഴുതാൻ തുടങ്ങിയത്. അങ്ങനെയുള്ള പത്രത്തെ പൂട്ടിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്.

(കേരള സാമൂഹിക നീതി നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറി)

സർക്കാറിന് കളങ്കം -സത്യൻ കോനാട്ട്

'മാധ്യമ'ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി. ജലീൽ വിദേശരാജ്യത്തെ കോൺസുലേറ്റിലേക്ക് കത്തയച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്നവർ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം നടപടികൾ ഒരിക്കലും ചെയ്യാൻ പാടില്ല. ഇത്തരം നടപടികൾ സർക്കാറിന്‍റെ പ്രതിച്ഛായയെ കൂടി ബാധിക്കുന്നതാണ്. രാജ്യത്തെ നിയമപ്രകാരം പ്രവർത്തിക്കേണ്ട സംസ്ഥാനത്തിന്‍റെ മന്ത്രി അതിൽ ഗുരുതര വീഴ്ച വരുത്തിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelmadhyamam daily
News Summary - kt jaleel against madhyamam daily
Next Story