തലയെടുപ്പോടെ ഒരു പെൺ‘വെട്ട്’
text_fieldsസൺ കിസ്ഡ് ക്വിഫ്, അണ്ടർകട്ട്, പൊമ്പഡോർ, ജെന്റിൽമെൻ ക്രൂ കട്ട്... ഏത് സ്റ്റൈല് വേണം?...’ പുരുഷന്മാരുടെ മുടിവെട്ട് ആണുങ്ങളുടെ മാത്രം കുത്തകയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൈനകരി കുട്ടമംഗലം സ്വദേശിനി ഷൈലമ്മ. പ്രായം ഏതുമാകട്ടെ, വരുന്നവർ ആവശ്യപ്പെടുന്ന ഏത് പുതിയ ട്രെൻഡിലും അനായാസമായി മുടിവെട്ടിക്കൊടുക്കുമവർ.
കുട്ടമംഗംലം ചെറുകായൽചിറ വീട്ടിലെ ഉമ്മറത്ത് ചെറിയ കർട്ടനിട്ട് തുടങ്ങിയ മുടിവെട്ട് ഇന്ന് ഈ നാട്ടിൻപുറത്ത് തിരക്കേറിയ സലൂണായി മാറിയിരിക്കുന്നു. ‘ഹെവൻ ഹെയർ സലൂൺ’ എന്നാണ് ഷൈലമ്മയുടെ കുടുംബശ്രീ സംരംഭത്തിന് പേര്.
11 വർഷമായി കൈനകരി രണ്ടാം വാർഡ് കമ്മട്ടികളം അംഗൻവാടിയിലെ ഹെൽപറായ ഇവരെ കോവിഡുകാലമാണ് പുതിയ തൊഴിൽ മേഖലയിലെത്തിച്ചത്. ബാർബർ ഷോപ്പുകൾ അടച്ചിട്ട അക്കാലത്ത് കാടുപോലെ വളർന്ന മുടിവെട്ടിക്കാൻ ഓടിനടന്നവർക്ക് ഷൈലമ്മ ഹെയർ സ്റ്റൈലിസ്റ്റായി.
ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും മുടി വെട്ടിയാണ് പുതിയ സ്റ്റൈലുകൾ പരീക്ഷിച്ചത്. വേറിട്ട ആ സ്റ്റൈലുകൾ കണ്ട് പലരും തലനീട്ടി ക്കൊടുത്തു. എല്ലാവർക്കും ഇഷ്ടമായയെന്നത് വലിയ പ്രചോദനമായി. ഇതോടെ, സ്കൂൾ കുട്ടികളടക്കമുള്ളവർ ഫോട്ടോയിലും യൂട്യൂബിലും കാണിച്ചു കൊടുക്കുന്ന വ്യത്യസ്ത മോഡലുകളിൽ വെട്ടിക്കൊടുക്കാൻ തുടങ്ങി.
ആർ.കെ.ഐ-ഇ.ഡി.പി പദ്ധതി മുഖേന സംരംഭം ആരംഭിക്കാൻ അവസരമുണ്ടെന്ന് അറിഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. കുടുംബശ്രീയിൽനിന്ന് 25,000 രൂപ വായ്പയെടുത്ത് സലൂണിനാവശ്യമായ സാധനസാമഗ്രികൾ വാങ്ങി. പുതിയ സ്റ്റൈലുകളും ട്രെൻഡുകളും കണ്ടു പഠിക്കാൻ യൂട്യൂബാണ് ഗുരു. പ്ലസ് ടുക്കാർ മുതൽ അംഗൻവാടി കുട്ടികൾ വരെ സ്ഥിരം കസ്റ്റമർമാരാണ്.
നൂറു രൂപയാണ് മുതിർന്നവരുടെ മുടിവെട്ടാൻ ഈടാക്കുന്നത്. സ്കൂൾ കുട്ടികളാണെങ്കിൽ തുക പിന്നെയും കുറയും. സംരംഭകയായെങ്കിലും അംഗൻവാടി ജോലി മുടക്കാൻ ഷൈലമ്മ തയ്യാറല്ല. കൂലിപ്പണിക്കാരനായ പാപ്പച്ചനാണ് ഭർത്താവ്. മർച്ചന്റ് നേവി കോഴ്സ് പാസായ ആഷിക്, കാവാലം ലിറ്റിൽഫ്ലവർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അതുൽ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.