രജതജൂബിലി തിളക്കത്തിൽ കേരളത്തിന്റെ പെൺകരുത്ത്
text_fieldsലോകത്തിലെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റങ്ങളിലൊന്നായ കുടുംബശ്രീ പ്രസ്ഥാനത്തിന് രജതജൂബിലി.
സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യനിർമാര്‍ജനം എന്ന ലക്ഷ്യത്തോടെ 1998 മേയ് 17ന് പിറവികൊണ്ട കുടുംബശ്രീ പ്രവര്‍ത്തനമികവുകളുടെ 25ാം വര്‍ഷത്തിലേക്ക് കടക്കുന്നത് രാജ്യത്തിന്റെ സാമൂഹികചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവുകൂടിയാണ്. 45,85,677 അംഗങ്ങളുടെ കരുത്തുള്ള ഈ പ്രസ്ഥാനത്തിനുകീഴിൽ 3,06,551 അയല്‍ക്കൂട്ടങ്ങളും 19,470 എ.ഡി.എസുകളും 1070 സി.ഡി.എസുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. പുറമെ 3,02,595 അംഗങ്ങളുള്ള യുവതി ഓക്സിലറി ഗ്രൂപ്പുകളും. അസര്ബൈജാന്, ഇതോപ്യ, യുഗാണ്ട പോലുള്ള രാജ്യങ്ങള്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ദാരിദ്ര്യനിർമാർജനത്തിന്റെ രീതിശാസ്ത്രം അവിടങ്ങളില്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്. സ്ത്രീപദവി, തുല്യത തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിരന്തരം ചവിട്ടിമെതിക്കപ്പെടുന്ന ഇന്ത്യയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് കുടുംബശ്രീപോലുള്ള ബദലുകളെ ഉയര്‍ത്തിപ്പിടിച്ച് കേരളം വ്യത്യസ്തമായി നില്‍ക്കുന്നത്.
കുടുംബശ്രീ എന്ന സ്ത്രീപക്ഷപ്രസ്ഥാനത്തിന് കേരളത്തില്‍ ആരംഭംകുറിക്കാന്‍ കഴിഞ്ഞത് അതിന് അനുയോജ്യമായ രാഷ്ട്രീയ, സാമൂഹിക അടിത്തറ ഇവിടെ നിലവിലുള്ളതുകൊണ്ടാണ്. 1957ലെ ഇ.എം.എസ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി നടപ്പിലാക്കിയ നയങ്ങള്‍ അതില്‍ നിര്‍ണായകമാണ്. ലോകം ചര്‍ച്ചചെയ്ത നേട്ടങ്ങള്‍ ഇടതുപക്ഷ സര്‍ക്കാറുകള്‍ തുടര്‍ന്നും ഉണ്ടാക്കിയപ്പോള്‍, സംസ്ഥാനത്ത് അധികാരത്തില്‍വന്ന വലതുപക്ഷ സര്‍ക്കാറുകള്‍ നേട്ടങ്ങളെ തകര്‍ക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. 1996ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ഗവണ്മെന്റ് ജനകീയാസൂത്രണം എന്നപേരില്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ശക്തമായ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെ കുടുംബശ്രീ പ്രസ്ഥാനവും ആരംഭിച്ചു.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് കുടുംബശ്രീ കൂടുതല്‍ കരുത്തോടെ നില്‍ക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനം എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. സ്ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തിക ശാക്തീകരണമാണ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇന്ന് 5586.68 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാന്‍ സാധിക്കുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും അയല്‍ക്കൂട്ടങ്ങള്‍ മാറിയിരിക്കുന്നു. കുടുംബശ്രീ ഇന്റേണല്‍ ലോണായി 22021.33 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. 2,51,125 അയല്‍ക്കൂട്ടങ്ങള്‍ വിവിധ ബാങ്കുകളുമായി ലിങ്ക് ചെയ്യുകയും 15,475.34 കോടി രൂപ വായ്പയെടുത്ത് കൃത്യമായ തിരിച്ചടവോടെ മുന്നോട്ടുപോവുകയും ചെയ്യുന്നു. കോവിഡ് കാലത്ത് അയല്‍ക്കൂട്ട അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്കരിച്ച 'മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി'യുടെ ഭാഗമായി സംസ്ഥാനത്തെ 25.15 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി 1917.55 കോടി രൂപയാണ് ലഭ്യമാക്കിയത്. പലിശ സബ്സിഡി ഇനത്തില്‍ 165.04 കോടി രൂപയും നല്കി. പരമ്പരാഗത തൊഴില്‍ സംരംഭങ്ങളില്‍നിന്ന് പുതുസംരംഭങ്ങളിലേക്ക് വഴിമാറുന്ന കുടുംബശ്രീയെയാണ് ഇന്ന് കാണാന്‍ സാധിക്കുക. കുടുംബശ്രീ ഉല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വിപണിയും വരുമാനലഭ്യതയും ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന വിപണന മേളകളോടൊപ്പം കുടുംബശ്രീ ബസാര്‍ ഡോട്ട്.കോം എന്ന പേരില്‍ ഓണ്‍ലൈന്‍ വിപണനരംഗത്തും ചുവടുറപ്പിച്ചുകഴിഞ്ഞു. ആമസോണ്‍, സഹേലി, ഫ്ലിപ് കാര്‍ട്ട് എന്നിവയുമായി സഹകരിച്ചും ഉല്പന്നവിപണനം നടത്തുന്നുണ്ട്. സംസ്ഥാനത്ത് 3,43,271 വനിത കര്‍ഷകര്‍ 74,776 കാര്‍ഷിക കൂട്ടായ്മകളിലൂടെ 33,310.05 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നു. ആടുഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കന്‍ എന്നീ പദ്ധതികളിലൂടെ മൃഗസംരക്ഷണ മേഖലയിലും കുടുംബശ്രീയുണ്ട്. രണ്ട് ഐ.ടി യൂനിറ്റും ഒരു ഐ.ടി കണ്‍സോർട്യവും 19 ട്രെയിനിങ് ഗ്രൂപ്പുകളും കുടുംബശ്രീയുടേതായുണ്ട്. വിവിധ സംരംഭക മേഖലകളില്‍ 91,060 ഗ്രൂപ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 1184 ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. കുടുംബശ്രീ വനിതകളുടെ മികവുകള്‍ പറയാന്‍ ഇനിയും ഏറെയുണ്ട്.
കുടുംബശ്രീയുടെ നിയമാവലി അനുസരിച്ച് ഒരു കുടുംബത്തിലെ ഒരു സ്ത്രീക്കാണ് അയല്‍ക്കൂട്ടത്തില്‍ അംഗമാകാന്‍ സാധിക്കുക. രജതജൂബിലി വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ട ഒരു പരിമിതി ഈ മാനദണ്ഡപ്രകാരം യുവതികള്‍ക്ക് കുടുംബശ്രീയുടെ ഭാഗമാകാന്‍ സാധിക്കുന്നില്ല എന്നതാണ്. കുടുംബശ്രീ യുവതി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപവത്കരിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. 18 മുതല്‍ 40 വയസ്സുവരെയുള്ള വനിതകളാണ് ഇതില്‍ അംഗങ്ങളാവുക. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും എന്നാല്‍, വീട്ടമ്മമാരായി ഒതുങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന യുവതികള്‍ക്ക് അവര്‍ പഠിച്ച മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കാനാണ് യുവതി ഓക്സിലറി ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്.
സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവരുടെ പങ്കാളിത്തം അനിവാര്യമാണ്. പങ്കാളിത്തത്തിലെ പരിമിതികള്‍ സമൂഹത്തെയാകമാനം പ്രതികൂലമായി ബാധിക്കും. സ്ത്രീകളുടെ ദുഃസ്ഥിതി ഇല്ലാതാക്കി സുസ്ഥിതി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് നല്കുന്ന ഊന്നലിനൊപ്പം പങ്കാളിത്തത്തിനും പ്രാധാന്യം നല്‍കണം. അസമത്വം ഇല്ലാതാക്കാന്‍ ഇത് ഗുണം ചെയ്യും. സ്വന്തമായി വരുമാനവും വീടിന് പുറത്ത് ജോലി കണ്ടെത്താനുള്ള പ്രാപ്തിയും കുടുംബത്തിനകത്തും പുറത്തും തീരുമാനങ്ങളെടുക്കാനും മറ്റുമുള്ള സ്ത്രീപക്ഷ സാക്ഷരത സ്ത്രീകള്‍ക്ക് നല്‍കേണ്ടതുണ്ട്. സ്വാതന്ത്ര്യവും അധികാരവും ലഭിക്കുമ്പോള്‍ സ്ത്രീകളുടെ ശബ്ദത്തിനും പങ്കാളിത്തത്തിനും കരുത്ത് കൂടും. സമൂഹത്തില്‍ സ്ത്രീപദവി ഉയരും. കുടുംബശ്രീയുടെ രജതജൂബിലി വര്‍ഷത്തില്‍ ഇത്തരം ചിന്തകള്‍ തെളിക്കുന്ന പുതുവഴികളിലൂടെ മുന്നേറി, സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കാന്‍ കുടുംബശ്രീ വനിതകള്‍ കൈകോര്‍ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.