കുളത്തൂർ ഭാസ്കരൻ നായരെ എങ്ങനെ രേഖപ്പെടുത്തണം?
text_fieldsകുളത്തൂർ ഭാസ്കരൻ നായരെ എങ്ങനെ, ഏതു മാനദണ്ഡം ഉപയോഗിച്ചാണ് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടത്? കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിെൻറ തുടക്കമായിരുന്ന ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ രൂപവത്കരണം മുതൽ നേതൃനിരയിൽ അടൂർ ഗോപാലകൃഷ്ണനും കെ.പി. കുമാരനുമൊപ്പം പ്രവർത്തിച്ച അസാമാന്യ സംഘാടനമികവും ഭാവനയും ധിഷണയും നല്ല സിനിമയോടുള്ള പ്രണയവും ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം.
അറുപതുകൾ കേരള നവോത്ഥാനത്തിെൻറ തുടർച്ചയായ രാഷ്ട്രീയമാറ്റങ്ങളും സാംസ്കാരിക ആധുനികതയും പുതിയ ഉയരങ്ങൾ തേടുന്ന കാലമായിരുന്നു. നാടകവും സാഹിത്യവും ഒക്കെ ആധുനിക മാറ്റങ്ങൾക്കൊപ്പം കുതിക്കാൻ തുടങ്ങിയ കാലം. ലോക സിനിമയിലെ അത്ഭുതകരമായ മാറ്റങ്ങൾ സിനിമയെ സ്നേഹിക്കുന്ന വളരെ ചെറിയ ന്യൂനപക്ഷം മാത്രം മനസ്സിലാക്കിയിരുന്ന കാലം. ലോകസിനിമയിലെ വിസ്ഫോടനകരമായ മാറ്റങ്ങളും ഇന്ത്യൻ സിനിമകളിൽ സത്യജിത് േറയുടെയും ഋത്വിക് ഘട്ടക്കിെൻറയും സിനിമകൾ സൃഷ്ടിക്കുന്ന കലാപരമായ മാറ്റവും ഉൾക്കൊണ്ട് പുതിയ മലയാള സിനിമകളും ഉണ്ടാവേണ്ടതുണ്ടെന്ന കൃത്യധാരണയോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു പറ്റം ചെറുപ്പക്കാരിൽ പ്രമുഖനായിരുന്നു കുളത്തൂർ.
ഫിലിം സൊസൈറ്റികൾ ചലച്ചിത്രപ്രദർശനങ്ങൾ നടത്തുക മാത്രമല്ല, നല്ല സിനിമയുടെ നിർമാണ വിതരണ പ്രദർശന സംവിധാനങ്ങൾകൂടി സ്വതന്ത്രമായി രൂപപ്പെടുത്തണമെന്ന ആശയം സ്വീകരിക്കുകയും അതിനുള്ള പ്രായോഗിക നടപടികളിലേക്ക് സാഹസികമായി സഞ്ചരിക്കാനും ഭാസ്കരൻ നായർ അടൂരിനൊപ്പം തയാറായി. അങ്ങനെയാണ് ചിത്രലേഖ ഫിലിം കോ-ഒാപറേറ്റിവ് സൊസൈറ്റിയുണ്ടാകുന്നത്. ഈ സ്ഥാപനമാണ് ‘സ്വയംവര’വും ‘കൊടിയേറ്റ’വും നിർമിച്ചത്. ആക്കുളത്തെ മനോഹരമായ മലമുകളിൽ സ്റ്റുഡിയോ കോംപ്ലക്സ് പൂർത്തിയായി. പ്രമുഖ വാസ്തുശിൽപി ലാറി ബേക്കറാണ് മനോഹരവും നൂതനവുമായ രൂപഭംഗിയോടെ ഇത് നിർമിച്ചത്.
കാമറ അടക്കമുള്ള ഉപകരണങ്ങളും െറക്കോഡിങ് സ്റ്റുഡിയോയും പ്രിവ്യൂ തിയറ്ററും ഒക്കെ ഉണ്ടായിരുന്നു. ‘സ്വയംവര’വും ‘കൊടിയേറ്റ’വും നിർമിച്ചത് ചിത്രലേഖ കോ-ഒാപറേറ്റിവ് സൊസൈറ്റി ആണ്. വിതരണത്തിനും പ്രദർശനത്തിനും ബദൽസംവിധാനങ്ങൾ വേണമെന്ന് ചിത്രലേഖ തീരുമാനിച്ചു. ഭാസ്കരൻ നായരുടെ ശ്രമഫലമായി കേരളത്തിലെ ചില നഗരങ്ങളിൽ തിയറ്റർ നിർമിക്കാനുള്ള സ്ഥലവും വാങ്ങിയിരുന്നു.
പല പ്രസ്ഥാനങ്ങളിലും ചിലപ്പോൾ സംഭവിക്കുന്ന വ്യക്തിപരവും സംഘടനാപരവുമായ തർക്കങ്ങൾ പ്രസ്ഥാനത്തെത്തന്നെ തകർത്തുകളയുമെന്ന് ഓർമിപ്പിച്ച് ചിത്രലേഖ ക്രമേണ ഇല്ലാതായി. ആ സ്ഥലവും സ്റ്റുഡിയോ കോംപ്ലക്സും ആദ്യം സർക്കാറിെൻറയും പിന്നീട് എയർഫോഴ്സിെൻറയും അധീനതയിലായി. കുളത്തൂരിനെ ഓർത്തെടുക്കുമ്പോൾ, ഏതു വർണാഭവും ആഘോഷകരവുമായ നേട്ടത്തിെൻറയും പ്രശസ്തിയുടെയും വിജയത്തിെൻറയും അണിയറയിൽ മറഞ്ഞിരിക്കുന്ന അദൃശ്യമായ അത്യധ്വാനങ്ങളുടെ വിപുലവും ത്യാഗോജ്ജ്വലവുമായ ചരിത്രമുണ്ടെന്ന കാര്യമാണ് നാം മറക്കാതിരിക്കേണ്ടത്. കേരളത്തിലെ സമാന്തര, നവസിനിമ പ്രവർത്തകരും ഫിലിം സൊസൈറ്റികളും ചലച്ചിത്രസാക്ഷരരും കുളത്തൂർ ഭാസ്കരൻ നായരെ സ്നേഹത്തോടെ, ആദരവോടെ ഓർമിക്കേണ്ടതുണ്ട്.
(ചലച്ചിത്ര നിരൂപകനും ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് ഇന്ത്യൻ ചാപ്റ്റർ പ്രസിഡൻറുമാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.