സ്വാതന്ത്ര്യത്തിലേക്ക് ഇനി ഏതാനും ചുവടുകൾ
text_fieldsഇതെഴുതുമ്പോൾ കുർദിസ്താൻ മുൾമുനയിലാണ്. ഇറാഖിെൻറ മൂന്നിലൊരു ഭാഗംവരുന്ന കുർദിസ്താൻമേഖല സെപ്റ്റംബർ 25നു നടത്തിയ ജനഹിതപരിശോധനയിൽ 93ശതമാനം ജനങ്ങളുടെ പിന്തുണ കരസ്ഥമാക്കി. ഇറാഖി ഭരണകൂടവും അമേരിക്കയും ബ്രിട്ടനും അയൽരാജ്യങ്ങളും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഏഴു ദശലക്ഷത്തോളം വരുന്ന ഇറാഖിലെ കുർദുകൾ പതറിയില്ല. അട്ടിമറികൾ പ്രതീക്ഷിച്ചെങ്കിലും സമാധാനപൂർവം മൊത്തം ജനസംഖ്യയുടെ 77.83% വോട്ട് രേഖപ്പെടുത്തി. ഹിതപരിശോധനയിലൂടെ ഈ കൊച്ചു നാട് ചരിത്രം കുറിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിലേക്കിനി ഏതാനും ചവിട്ടുപടികളേ ബാക്കിയുള്ളൂ. ബഗ്ദാദുമായുള്ള ചർച്ചകൾ ഉടൻ ആരംഭിച്ചേക്കും. 2011-ൽ സമാനമായി ജനഹിതം നേടിയത് ദക്ഷിണ സുഡാനായിരുന്നു.
കുർദിസ്താെൻറ സ്വാതന്ത്ര്യപ്പോരാട്ടത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിെൻറ ചരിത്രമുണ്ട്. 1946-ൽ പ്രസിഡൻറ് ഖാദി മുഹമ്മദ് കുർദുകളുടെ സ്വാതന്ത്ര്യത്തിനു ആദ്യ രക്തസാക്ഷിയായി. അറുപതുകളിൽ ‘സെപ്റ്റംബർ വിപ്ലവം’ എന്ന് പേരിട്ട് ഇറാഖി ഭരണകൂടത്തിനെതിരെ അബ്ദുൽ കരീം ഖാസിം നയിച്ച സ്വാതന്ത്ര്യ സമരം മുതൽ കുർദുകളുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിനു വീറും വാശിയും കൈവന്നു. രാഷ്ട്രീയപക്ഷങ്ങൾ പോരാട്ടത്തെ ഏറ്റെടുത്തു. 1979ൽ അന്തരിച്ച മാലാ മുസ്തഫ ബറാസാനിയായിരുന്നു നിലവിലെ ഭരണപക്ഷ പാർട്ടിയായ പി.ഡി.കെ(Kurdistan Democratic Party)യുടെ സ്ഥാപകൻ. ഇപ്പോൾ രാജ്യം ഭരിക്കുന്ന പ്രസിഡൻറ് മസ്ഉൗദ് ബറാസാനിയുടെ പിതാവ്. ഇറാഖിെൻറ മുൻ പ്രസിഡൻറും പക്വമതിയായ രാഷ്ട്രീയ നേതാവുമായ ജലാൽ തലബാനിയായിരുന്നു മറ്റൊരു പ്രധാന രാഷ്ട്രീയപ്പാർട്ടിയായ പി.യു.കെ(Patriotic Union of Kurdistan) യുടെ സ്ഥാപകൻ. ഇപ്പോൾ നടക്കുന്ന ഹിതപരിശോധനക്ക് പ്രതികൂലമായി പ്രചാരണം നടത്തുന്ന പ്രധാന പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടി ഗോറൻ മൂവ്മെൻറ് (ചെയ്ഞ്ച് പാർട്ടി) ആണ്. ഇസ്ലാമിക പാർട്ടികളായ കോമൾ, യെഗ്റീതു (Kurdistan Islamic Union) എന്നിവയാണ് മുഖ്യ രാഷ്ട്രീയകക്ഷികൾ. ജനഹിത പരിശോധന രാഷ്ട്രീയ കക്ഷികളുടെ മത്സരമായിരുന്നില്ല.
അനുകൂല തരംഗം
ജനഹിത പരിശോധനക്ക് രാജ്യത്തുടനീളം വമ്പിച്ച അനുകൂല തരംഗമായിരുന്നു. ഒറ്റദിവസം കൊണ്ട് സ്വതന്ത്രരായി മാറുന്നില്ലെങ്കിലും ഫലം ബഗ്ദാദിനു ഒട്ടും ശുഭകരമല്ല. എന്നാൽ, ഇതൊരു എടുത്തുചാട്ടമല്ലെന്ന് കുർദിയായി ജനിച്ച സാധാരണക്കാർക്കുപോലുമറിയാം. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ലക്ഷക്കണക്കിനാളുകളുടെ സ്വപ്നമാണു യാഥാർഥ്യമാകുന്നത്. രണ്ടു ലക്ഷത്തോളം പേരുടെ ജീവനെടുത്ത അൻഫാൽ ക്യാമ്പയിൽ(വംശഹത്യ) ഉൾപെടെ ചോരകൊണ്ട് ചെഞ്ചായം പൂശിയവരുടെ ചരിത്രമാണവർ സ്വാതന്ത്ര്യത്തിനു മുന്നിൽ ഓർക്കുന്നത്.
കുർദുകൾ ഇറാഖിൽനിന്നു സ്വതന്ത്രമാകുന്നതോടെ മാതൃകായോഗ്യമായ ജനാധിപത്യ ഭരണം കാഴ്ച്ചവെക്കാനാകുമെന്നും കുർദിസ്താൻ ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകങ്ങളുടെ നിയന്ത്രണമുൾപെടെ ഒട്ടേറെ മേഖലകളിൽ രാഷ്ട്രീയ സുസ്ഥിരത കൈവരിക്കാനാകുമെന്നും നീരീക്ഷകർ വിലയിരുത്തുന്നു. സൈനികരംഗത്ത് കുർദിഷ് സൈന്യമായ പെഷമർഗ നടത്തുന്ന സേവനങ്ങളും ഐ.എസിനെതിരെ നടത്തിയ ശക്തമായ പോരാട്ടവുമെല്ലാം ഈയിടെ അന്താരാഷ്ട്ര സമൂഹം ചർച്ചചെയ്യുകയുണ്ടായി. പെഷമർഗയുടെ ശക്തിേസ്രാതസ്സ് രാജ്യസുരക്ഷയെ കെട്ടുറപ്പുള്ളതാക്കും. സൈനികരംഗത്ത് അന്താരാഷ്ട്ര സഹായം കരസ്ഥമാക്കുകയും മധ്യസ്ഥരുടെ ഇടപെടലില്ലാതെ സ്വന്തമായി ആയുധങ്ങൾ സ്വീകരിക്കാനും വിനിമയം ചെയ്യാനുമുള്ള പരിശീലനം നേടാനുമുള്ള അവസരം ലഭ്യമാകുകയും ചെയ്യാം.
രാജ്യത്തിെൻറ സാമ്പത്തികരംഗത്തെ കരുത്തുറ്റതാക്കാനും ഉയർത്താനും സ്വയംഭരണം അനിവാര്യമാണെന്നും കുർദുകൾ അവകാശപ്പെടുന്നു. ഇറാഖിലെ എണ്ണയുടെ 35 ശതമാനവും പ്രകൃതിവാതകത്തിെൻറ 80 ശതമാനവും കൈവശമുള്ള കുർദിസ്താൻ ദിനംപ്രതി ആറു ലക്ഷം ബാരൽ ഓയിൽ കയറ്റുമതി നടത്തുന്നുണ്ട്. ഇതിലുള്ള കേന്ദ്ര ഇടപെടൽ നിർത്തുന്നതോടെ രാജ്യത്തിെൻറ ആളോഹരി വരുമാനം ഉയർത്താനും അതുവഴി രാജ്യത്തെ സുസ്ഥിതിയിലെത്തിക്കാനും സാധിച്ചേക്കും. കാർഷിക മേഖലയിലും കുർദിസ്താൻ സ്വയംപര്യാപ്തത കൈവരിച്ചുവരുകയാണ്. ഒട്ടേറെ ന്യായവാദങ്ങൾ നിരത്തി പ്രധാന പ്രതിപക്ഷമുൾപെടെയുള്ളവർ ജനഹിത പരിശോധന നടത്തരുതെന്ന് പറഞ്ഞു. രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാണ്.
ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ഭരണകൂടം മുഖം തിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം നിലവിലില്ല. ഗവൺമെൻറ് ഉദ്യോഗസ്ഥർക്കുൾെപ്പടെ നേരാംവണ്ണം ശമ്പളം ലഭിക്കുന്നില്ല. സ്വാതന്ത്ര്യം എന്ന പേരിൽ ഭരണകൂടം നുണ പ്രചരിപ്പിക്കുകയാണ്. നിലവിലുള്ള ഭരണാധികാരിയുടെ കാലാവധി 2015 അവസാനിച്ചിട്ടും പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് അധികാരത്തിൽ തുടരുന്നത്. മാസങ്ങളായി പാർലമെൻറ് പൂട്ടിക്കിടക്കുകയായിരുന്നു. ധിറുതിയിലുള്ള ജനഹിതപരിശോധന രാജ്യത്തെ വീണ്ടും രാജഭരണത്തിലേക്ക് തള്ളിവിടും, പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിന് പ്രത്യേക പദ്ധതികൾ ഒന്നുമില്ല. ഇറാഖിനോട് സമാനമായ അഴിമതിയും സ്വജനപക്ഷപാതവും തീർത്തും ഇല്ലാതാവേണ്ടതുണ്ട് 2014 മുതൽ പാർലമെൻററി ജനാധിപത്യവും ഉണ്ടായിരിക്കെ പൂർണ സ്വാതന്ത്ര്യത്തിന് രാജ്യം ഇപ്പോൾ സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ലെന്നും ജനഹിതത്തെ എതിർക്കുന്നവർ അഭിപ്രായപ്പെട്ടു. പഴയ ഗോത്രവർഗത്തിെൻറ ശേഷിപ്പുകൾ ഇപ്പോഴും നിലനിൽക്കുന്ന സമൂഹത്തിൽ എന്ത് ജനാധിപത്യമാണ് നടപ്പാക്കാനാവുകയെന്നും അവർ ചോദിക്കുന്നു.
ഇസ്രായേലിെൻറ തിടുക്കം
മുസ്ലിം രാജ്യങ്ങളെ ശിഥിലമാക്കുകയെന്ന എന്നത്തേയും സയണിസ്റ്റ് തന്ത്രത്തിെൻറ ഭാഗമായി ഇറാഖും സിറിയയും വംശീയാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ചെറുരാജ്യങ്ങളാക്കണമെന്ന് ശക്തമായ വാദമുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇസ്രായേൽ. തങ്ങളുടെ ലക്ഷ്യസാക്ഷാത്കാരത്തിനത് അനുയോജ്യമെന്നവർക്കറിയാം. അമേരിക്കയുടെ എതിർപ്പ് വകവെക്കാതെ ഹിതപരിശോധന നടത്താൻ എല്ലാ സഹായവും ഇസ്രായേൽ വാഗ്ദാനം ചെയ്തു. മറ്റു അന്താരാഷ്ട്ര ശക്തികളും അയൽരാജ്യങ്ങളും ഇറാഖുതന്നെയും എതിർത്തു നിൽക്കുമ്പോൾ ഇസ്രായേൽ തിടുക്കത്തിൽ ഹിതപരിശോധന നടത്തിക്കുകയായിരുന്നു. ഒരു വെടിക്ക് രണ്ട് പക്ഷികളാണു ഇസ്രായേലിെൻറ ലക്ഷ്യം. ഒന്ന് ഇസ്രായേൽ മിലിറ്ററി ബേസുമായി കുർദിസ്താനിൽ ചേക്കേറുക, രണ്ടാമത്തേത് ബദ്ധവൈരികളെ നേരിടാനുള്ള സുരക്ഷിതമായ താവളമുറപ്പിക്കുക.
അയൽരാഷ്ട്രങ്ങളുടെ എതിർപ്പ്
ഏറ്റവുമടുത്ത അയൽക്കാരാണ് ഇറാനും തുർക്കിയും. ഇരുരാജ്യങ്ങളും ഹിത പരിശോധനയെ എതിർക്കുന്നു. ഇറാഖിലെ കുർദുകൾ സ്വാതന്ത്ര്യമാകുന്നത് കൊണ്ടല്ല, മറിച്ച് ഇറാഖിലുള്ളതുപോലെ തുർക്കിയിലും ഇറാനിലും സിറിയയിലും കുർദുകൾ തിങ്ങിപ്പാർക്കുന്നു. തുർക്കിയിൽ അത് ഇരുപത്തെട്ട് ദശലക്ഷവും ഇറാനിൽ ഏഴ് ദശലക്ഷവും സിറിയയിൽ രണ്ടര ദശലക്ഷവും കവിയുന്നു.
സിറിയയിൽ ഗവൺമെൻറിനു കീഴിൽ ഇറാഖിലേതിനു സമാനമായ സ്വതന്ത്രഭരണം ഈയിടെ കുർദുകൾക്ക് ലഭിക്കുകയുണ്ടായി. സിറിയയിൽ ആഭ്യന്തരകലാപത്തിനു ഇനിയും അറുതിവരാത്തതിനാൽ പുതിയ പ്രശ്നങ്ങളുണ്ടാവുകയില്ല. എന്നാൽ, തുർക്കിയിലും ഇറാനിലും സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ഇറാഖിന് സമാനമായ സ്വാതന്ത്ര വാദം ഈ ഭരണകൂടങ്ങളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. നാലു രാജ്യങ്ങളിൽ ഇറാഖിൽമാത്രം കുർദുകൾക്ക് സ്വാതന്ത്യം ലഭിക്കുമ്പോൾ മറുരാജ്യത്തുള്ള കുർദുകളുടെ ഉയർച്ചക്കും പിന്നീട് സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്കും അത് കാരണമായേക്കുമെന്നത് ഇരു രാജ്യങ്ങളേയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.
ആരെതിർത്താലും സ്വാതന്ത്ര്യത്തിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് കുർദു ഭരണകൂട നിലപാട്. എന്നാൽ, സൂക്ഷ്മമായും അതി ജാഗ്രതയോടെയും ഇറാഖുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി വ്യക്തമായ സമവായമുണ്ടാക്കുകയാണെങ്കിൽ കാര്യങ്ങൾ നേർവഴിക്കാകും. എന്നിരുന്നാലും അത് ഇരുപക്ഷങ്ങൾക്കും നേട്ടമുള്ളതും സ്വീകാര്യമായതുമായ അതിർവരമ്പുകൾ ഏതായിരിക്കുമെന്നും ഇരുകൂട്ടരുടേയും വിദേശനയങ്ങൾ എങ്ങനെ രൂപപ്പെടുമെന്നുമെല്ലാം കാത്തിരുന്നു കാണേണ്ടതാണ്. ഒരു പുതുരാഷ്ട്ര പിറവിയും അത് മുന്നോട്ടുവെക്കുന്ന ജനാധിപത്യ പ്രതീക്ഷകളും അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.