വിടപറഞ്ഞത് 'ലോകനേതാവ്'
text_fieldsകുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് അല്ലാഹുവിലേക്ക് യാത്രയായി. അറബ് രാഷ്ട്രനേതാക്കളിൽ മഹനീയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയായിരുന്നു ശൈഖ് സബാഹ്.
കുവൈത്തിെൻറ വികസനത്തിലും മേഖലയുടെ അഭിവൃദ്ധിക്കും അക്ഷീണം യത്നിച്ച ശൈഖ് സബാഹ് പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതിലും മുന്നിൽനിന്ന നേതാവായിരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.
ജി.സി.സി ഉച്ചകോടിക്കും അറബ്-ആഫ്രോ ഉച്ചകോടിക്കുമൊക്കെ ശൈഖ് സബാഹിെൻറ നേതൃത്വത്തിൽ കുവൈത്ത് ആതിഥ്യം വഹിച്ചു. സിറിയൻ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ അവിടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഐക്യരാഷ്ട്രസഭ ഉച്ചകോടികൾ സംഘടിപ്പിച്ചപ്പോൾ ആദ്യ മൂന്നു തവണയും ആതിഥ്യം വഹിച്ചത് കുവൈത്തായിരുന്നു. കൂടുതൽ സംഭാവന നൽകിയതും ശൈഖ് സബാഹ് തന്നെ.
അതിന് അന്ന് ഉച്ചകോടിക്ക് നേതൃത്വം നൽകിയ ഐക്യരാഷ്ട്രസഭ അഭയാർഥി വിഭാഗം കമീഷണർ അേൻറാണിയോ ഗുട്ടെറസ് (ഇപ്പോഴത്തെ യു.എൻ സെക്രട്ടറി ജനറൽ) ശൈഖ് സബാഹിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയുണ്ടായി. ഇതിെൻറയൊക്കെ ഫലമായാണ് 2014 ൽ യു.എൻ മാനുഷിക സേവനത്തിെൻറ 'ലോകനായക പട്ടം' ശൈഖ് സബാഹിന് സമ്മാനിച്ചത്.
2006ൽ ശൈഖ് സബാഹ് അമീർ പദവിയിലെത്തിയതിനുശേഷം കുവൈത്തിൽ ദൃശ്യമായത് വികസനക്കുതിപ്പാണ്. അതിനുമുമ്പ് ഏെറക്കാലം വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം അറബ് രാഷ്ട്രങ്ങളുടെ ഏകോപനത്തിലും ശാക്തീകരണത്തിലും മഹത്തായ പങ്കാണ് വഹിച്ചത്. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികവുറ്റ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്.
കുവൈത്തിനെ ഇറാഖ് ആക്രമിച്ച കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്ന ശൈഖ് സബാഹ് അപാരമായ നേതൃപാടവമാണ് കാഴ്ചവെച്ചത്. അമീർ ശൈഖ് ജാബിർ അൽഅഹ്മദ് അൽജാബിർ അസ്സബാഹിനൊപ്പം നിന്ന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ആർജിക്കുന്നതിന് മുന്നിട്ടിറങ്ങി ശൈഖ് സബാഹ്.
ഇറാഖിെൻറ അധിനിവേശത്തിൽ തകർന്നടിഞ്ഞ കുവൈത്തിനെ കൈപിടിച്ചുയർത്തുന്നതിൽ മുന്നിൽതന്നെ അദ്ദേഹമുണ്ടായിരുന്നു. ഇതിെൻറ തുടർച്ചയായാണ് പിന്നീട് പ്രധാനമന്ത്രിയായും ശൈഖ് ജാബിറിെൻറ മരണശേഷം അമീറായും സ്ഥാനമേൽക്കുന്നത്.
ജി.സി.സിയിൽ കുവൈത്തിെൻറ യശസ്സ് ഉയർത്തിപ്പിടിക്കാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. അടുത്തിടെ പശ്ചിമേഷ്യയിൽ പ്രതിസന്ധിയുടെ കാർമേഘങ്ങൾ കരിനിഴൽ വീഴ്ത്തിയപ്പോൾ പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയത് ശൈഖ് സബാഹ് ആയിരുന്നു. മേഖലയിലെ പ്രശ്നങ്ങളിൽ ശൈഖ് സബാഹിെൻറ നിർദേശങ്ങളും മധ്യസ്ഥ ശ്രമങ്ങളും മറ്റു രാജ്യങ്ങൾ ഏറെ വിലമതിച്ചിരുന്നു.
മലയാളികളടക്കമുള്ള പ്രവാസികൾക്കും ഏറെ പ്രിയങ്കരനായിരുന്നു ശൈഖ് സബാഹ്. കുവൈത്തിെൻറ വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന പ്രവാസികളെ ചേർത്തുനിർത്തുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധചെലുത്തിയിരുന്നു. അതിനാൽ തന്നെ ശൈഖ് സബാഹിെൻറ വിയോഗം മലയാളികളടക്കമുള്ള പ്രവാസികൾക്കും ഏറെ വേദനജനകമാണ്.
കുവൈത്തിനും മേഖലക്കും ഏറെ വിലപ്പെട്ട സംഭാവനകൾ നൽകിയാണ് ശൈഖ് സബാഹ് വിടപറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിെൻറ വേർപാടിൽ ഏറെ വേദനിക്കുന്നു മേഖലയിലെ ജനങ്ങൾ. നാടിനും നാട്ടുകാർക്കും മറുനാട്ടിൽനിന്ന് തൊഴിൽ തേടിയെത്തിയവർക്കുമെല്ലാം പ്രിയങ്കരനായിരുന്ന നേതാവിെൻറ വിയോഗ ദുഃഖത്തിൽ 'ഗൾഫ് മാധ്യമ'വും പങ്കുചേരുന്നു. അദ്ദേഹത്തിനായി പ്രാർഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.