ഭൂസമരത്തിന് പുതുവഴി വെട്ടിയ നായകൻ
text_fieldsഭൂരഹിതർക്ക് ചവിട്ടിനിൽക്കാൻ മണ്ണൊരുക്കിയ ളാഹ ഗോപാലൻ നടത്തിയ പോരാട്ടം കേരളചരിത്രത്തിലെ പുതുവഴിയാണ്. കമ്യൂണിസ്റ്റ് പാർട്ടികളും തീവ്ര ഇടതുപക്ഷവും ഭൂസമരത്തെ പ്രമേയങ്ങളിൽ മാത്രം ഒതുക്കിനിർത്തിയപ്പോഴാണ് അനധികൃത തോട്ടങ്ങൾ പിടിച്ചെടുത്ത് ചെങ്ങറയിൽ പുതിയ സമരകേന്ദ്രം തുറക്കാൻ ളാഹ ആർജവം കാണിച്ചത്. തോട്ടം മേഖലയിൽ ഭൂപരിഷ്കരണം നടപ്പാക്കണമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമിയിൽ അവകാശമുണ്ടെന്ന പ്രഖ്യാപനം. ടാറ്റ, ബിർള, ഹാരിസൺസ് തുടങ്ങിയ വൻകിട കുത്തകകൾക്കെതിരെ അതുവരെ കേരളത്തിൽ സമരങ്ങൾ നടത്തിയിരുന്നില്ല.
ചെങ്ങറക്കു മുമ്പ് മൂന്നു പതിറ്റാണ്ട് കേരളം ചർച്ചചെയ്തത് ആദിവാസി ഭൂപ്രശ്നം മാത്രമായിരുന്നു. ആദിവാസികൾക്കും ദലിതർക്കുമൊപ്പം ഭൂരഹിതരായ മറ്റിതര ജനവിഭാഗങ്ങളുമുണ്ടെന്നും ലക്ഷക്കണക്കിന് ഭൂരഹിതർക്ക് കൃഷിചെയ്യാൻ ഭൂമി ആവശ്യമാണെന്നും ചെങ്ങറ സമരം വിളിച്ചുപറഞ്ഞു. ആദിവാസികളും ദലിതരും ദലിത് ക്രൈസ്തവരും സാമൂഹികമായി പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും അടങ്ങുന്ന ഭൂരഹിതരുടെ ഐക്യമുന്നണിയാണ് ചെങ്ങറയിൽ രൂപപ്പെട്ടത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആ ഐക്യത്തെ ഭയന്നു. മറ്റു തോട്ടങ്ങളിലേക്ക് സമരം വ്യാപിക്കാതിരിക്കാൻ തോട്ടം മുതലാളിമാരും ട്രേഡ് യൂനിയൻ നേതാക്കളും കൈകോർത്തു. ചെങ്ങറക്കുശേഷം നിരവധി തോട്ടങ്ങളിൽ സമരം നടത്താൻ ശ്രമം നടന്നെങ്കിലും അതെല്ലാം സർക്കാർ പരാജയപ്പെടുത്തി. ചെങ്ങറയും സമാനമായ സമരങ്ങളും വിജയിക്കരുതെന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആഗ്രഹിച്ചു. 1947നുമുമ്പ് വിദേശകമ്പനികൾ കൈവശംെവച്ചിരുന്ന തോട്ടങ്ങളിൽ ഇപ്പോഴത്തെ ഉടമസ്ഥർക്ക് അവകാശമില്ലെന്ന് പ്രഖ്യാപിച്ചതും മാധ്യമങ്ങളും സമൂഹവും അത് ചർച്ചചെയ്തതുമാണ് ചെങ്ങറ സമരത്തിെൻറ പ്രാധാന്യം.
സമരസംഘാടനത്തിെൻറ അപൂർവ ശൈലിയാണ് ളാഹ പരിചയപ്പെടുത്തിയത്. സാധുജന വിമോചന സംയുക്ത വേദി എന്ന സംഘടനയുടെ പേരുതന്നെ ആശയം വെളിവാക്കി. അയ്യൻകാളിയുടെ സാധുജന പരിപാലന സംഘത്തിെൻറയും ഡോ. ബി.ആർ. അംബേദ്കറുടെയും ആശയങ്ങളാണ് മുറുകെ പിടിച്ചത്. സമരകേന്ദ്രങ്ങളിൽ ശ്രീബുദ്ധനും അംബേദ്കറും അയ്യൻകാളിയുമായിരുന്നു ആചാര്യന്മാർ. സമരഭൂമി മദ്യവിരുദ്ധ പ്രദേശമാക്കി. ഭൂരഹിത സമൂഹത്തിെൻറ നാശത്തിന് മുഖ്യകാരണം മദ്യപാനമാണ്.സർക്കാറിെൻറ അടിച്ചമർത്തൽ അതിജീവിക്കാനും സ്വന്തം ജീവൻ ബലിനൽകിയും വരുംതലമുറക്കായി സമരം നടത്താനും അദ്ദേഹം ആഹ്വാനംചെയ്തു. ഇടതുതീവ്ര സംഘടനകൾ വിഭാവനംചെയ്യുന്ന ഭരണകൂടവുമായുള്ള ഏറ്റുമുട്ടൽ സമരമല്ല അദ്ദേഹം നടത്തിയത്.
മുത്തങ്ങയിലെ ആദിവാസികൾ നടത്തിയതുപോലെ പാരമ്പര്യ ആയുധങ്ങൾകൊണ്ട് പൊലീസിനെ പ്രതിരോധിച്ചുമില്ല. കോടതി ഉത്തരവുമായി കുടിയിറക്കാൻ വൻ പൊലീസ് സംഘം എത്തിയപ്പോൾ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും മണ്ണെണ്ണ കന്നാസ് ഉയർത്തിപ്പിടിച്ചും പുരുഷന്മാർ മരത്തിൽ കയറി കഴുത്തിൽ കുരുക്കിട്ടും പ്രതിരോധം തീർത്തു. നിരായുധജനങ്ങൾക്ക് ഭരണകൂടത്തെയും പൊലീസ് സംവിധാനത്തെയും എങ്ങനെ പ്രതിരോധിക്കാമെന്ന് ളാഹ കാണിച്ചുതന്നു.
കൃഷിഭൂമിക്കുവേണ്ടിയാണ് സമരം ചെയ്യുന്നെതന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. എസ്റ്റേറ്റിലെ പ്രായമായ റബർ മരങ്ങൾ മുറിച്ചുനീക്കി. അവിടെ കപ്പയും വാഴയുമെല്ലാം കൃഷിചെയ്തു. നൂറുമേനി വിള കൊയ്തു. ജൈവരീതിയിൽ കൃഷി ചെയ്താണ് മാർക്കറ്റിൽ ഉൽപന്നങ്ങൾ എത്തിച്ചത്. കൃഷിഭൂമി ചോദിക്കുന്ന ജനങ്ങൾക്ക് ഭൂമി കിട്ടിയാൽ അവർ കൃഷി ചെയ്ത് അതിജീവിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. സർക്കാറിെൻറ സൗജന്യത്തിന് കാത്തുനിൽക്കാതെ ആളുകൾ സ്വയം അവിടെ വീടുകൾ നിർമിച്ചു.
ഭൂസമരങ്ങൾക്കൊക്കെ ചെങ്ങറ സമരം പ്രചോദനമായി. കേരളത്തിലാകെ വ്യാപിപ്പിക്കാൻ കഴിയുന്നൊരു സമരമായാണ് ചെങ്ങറ തുടങ്ങിയത്. പല ബാഹ്യ ഇടപെടലുകളും അതിനെ തടഞ്ഞു. പല സംഘടനകളും ചെങ്ങറ സമരത്തെ തട്ടിയെടുക്കാൻ ശ്രമം നടത്തി. പത്തനംതിട്ടയിലാണ് സമരം നടന്നതെങ്കിലും ജില്ലയിൽ അഞ്ചു പേർക്കുപോലും ഭൂമി കൊടുക്കാൻ സർക്കാർ തയാറായില്ല. കാസർകോട്, അട്ടപ്പാടി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ പട്ടയം നൽകി സമരഭൂമിയിലുള്ളവരെ ചിതറിച്ചു. കുറ്റവാളി ഗോത്രമായി പൊതുസമൂഹം കണ്ട ജനവിഭാഗത്തെ സംഘടിപ്പിച്ചാണ് ളാഹ ചെങ്ങറയിലെ സമരഭൂമിയിൽ എത്തിച്ചത്. അവരായിരുന്നു ളാഹയുടെ ശക്തി. അവരുടെ ബലം ളാഹയും. ഭൂസമരത്തിന് പുതുവഴി വെട്ടിയ സമരനായകൻ എന്ന നിലയിലായിരിക്കും ചരിത്രം ളാഹ ഗോപാലനെ അടയാളപ്പെടുത്തുക.
(തയാറാക്കിയത് ആർ. സുനിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.