പ്രസക്തി മങ്ങാത്ത ലാലു രാഷ്ട്രീയം
text_fieldsക്വാളിഫ്ലവർ, കാബേജ്, വഴുതനങ്ങ, മുള്ളങ്കി, കാരറ്റ്, ചുരക്ക, കുമ്പളങ്ങ, പാവക്ക, ചീര, വെണ്ട എന്നിങ്ങനെ പലതരം പച്ചക്കറികൾ നിറച്ച രണ്ട് ചാക്ക് സഞ്ചികളുമായാണ് ഇക്കഴിഞ്ഞ ജൂൺ എട്ടിന് ഒരു മധ്യവയസ്കൻ ലാലു പ്രസാദ് യാദവിെൻറ പട്നയിലെ വീട്ടുവളപ്പിലേക്ക് കയറിച്ചെന്നത്. ഏതാനും മാസം മുമ്പ് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത പ്രിയ നേതാവിനെക്കാണാൻ എത്തിയ നൂറുകണക്കിനാളുകളിൽ ഒരാളായിരുന്നു അത്. ചാക്കുകൾ ഏതെങ്കിലും മൂലയിൽ വെച്ചിട്ട് വേഗം സ്ഥലംവിടു എന്നാവശ്യപ്പെട്ടു സുരക്ഷ ഉദ്യോഗസ്ഥർ. പൊടുന്നനെ, ‘ആ ചാക്കുകൾ തുറക്കൂ, കൊണ്ടുവന്ന പച്ചക്കറികൾ കാണട്ടെ’ എന്നൊരു ശബ്ദമുയർന്നു’-അത് ലാലുവായിരുന്നു.
ചാക്കുകൾ തുറന്നു, പുതുതായി വിളവെടുത്ത് കൊണ്ടുവന്ന പച്ചക്കറികളിൽ ഏറെ നേരം ശ്രദ്ധയോടെ നോക്കി നിന്നു ലാലു. ‘ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ ഇടപെടാൻ വരല്ലേ, ഞാനേ നിങ്ങളെ എല്ലാവരെക്കാളും വലിയ അനുയായിയാണെന്ന് സുരക്ഷ ഉദ്യോഗസ്ഥരോട് ആ മനുഷ്യൻ പറയുന്നത് കേട്ട് ശിയാനന്ദ് തിവാരി, അബ്ദുൽ ബാരി സിദ്ദീഖി, ശ്യാം രജക് തുടങ്ങിയ മുതിർന്ന രാഷ്ട്രീയ ജനതാദൾ നേതാക്കളെല്ലാം പുഞ്ചിരി തൂകി.
ലാലു പ്രസാദ് യാദവ് എന്ന രാഷ്ട്രീയക്കാരനെ മറ്റേതൊരാളെക്കാളും വ്യത്യസ്തനായ ജനനേതാവാക്കി മാറ്റുന്നത് ഇത്തരമൊരു ഘടകമാണ്.
കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2013 മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട് അദ്ദേഹത്തിന്. ഇക്കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി, ഏറെ വർഷം ജയിലിൽ തന്നെ കഴിഞ്ഞു. ഇതിനെല്ലാമിടയിലും ദേശീയ-സംസ്ഥാന രാഷ്ട്രീയങ്ങളിൽ കാര്യമായിത്തന്നെ ഇടപെടുന്നതിന് ഒരു മുടക്കവും വരാതെ നോക്കാനും ലാലുവിനായി.
ഇന്നലെ ജൂൺ11, ലാലുവിെൻറ ജന്മദിനമായിരുന്നു. സാമൂഹിക നീതി, സാമൂഹിക സൗഹാർദ ദിനമായാണ് പാർട്ടി അനുയായികൾ ആ പിറന്നാളിനെ ആഘോഷിച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന അസമത്വവും ചൂഷണവുമെല്ലാം മുഖ്യ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കുന്ന പാർട്ടി നേതാവിെൻറ ജന്മദിനാഘോഷത്തിന് ഇത്തരമൊരു പ്രമേയം സ്വീകരിച്ചതിൽ തെല്ലുമില്ല അത്ഭുതം.
കയറ്റിറക്കങ്ങളിൽ പതറാതെ
വടക്കൻ ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലുള്ള ഫുൽവാരിയയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ലാലുവിെൻറ ജനനം. കാലിവളർത്തലായിരുന്നു കുടുംബത്തിെൻറ ഉപജീവനമാർഗം. 1948 ജൂൺ 11 എന്നത് രേഖകൾ പ്രകാരമുള്ള ജന്മദിനമാണെങ്കിലും ലാലുവിന് അതിൽ വിശ്വാസമൊന്നുമില്ല, കാരണം എന്നാണ് മകനെ പ്രസവിച്ചതെന്ന് അദ്ദേഹത്തിൻറ അമ്മക്ക് ഓർമയില്ലായിരുന്നുവത്രേ.
1973ൽ പട്ന സർവകലാശാല വിദ്യാർഥി യൂനിയ െൻറ ജനറൽ സെക്രട്ടറിയും രണ്ടു വർഷത്തിനുശേഷം പ്രസിഡൻറുമായി തെരഞ്ഞെടുക്കപ്പെട്ടു ലാലു.
ഇന്ദിര ഗാന്ധിയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായൺ നേതൃത്വം നൽകിയ ജെ.പി മൂവ്മെൻറിലൂടെ വളർന്നു വന്ന അദ്ദേഹം 1977ൽ ഛപ്ര മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കർപുരി ഠാകുറിെൻറ നിര്യാണത്തെത്തുടർന്ന് 1988ൽ ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവായി. 1990ൽ മുഖ്യമന്ത്രിയും. 1995ൽ എസ്.ആർ. ബൊമ്മെ സ്ഥാനമൊഴിഞ്ഞ വേളയിൽ യുനൈറ്റഡ് ജനതാദളിെൻറ അഖിലേന്ത്യാ അധ്യക്ഷ പദത്തിലെത്തി. കാലിത്തീറ്റ കുംഭകോണക്കേസിനെത്തുടർന്ന് 1997ൽ ജയിലിലടക്കപ്പെട്ടപ്പോൾ ഭാര്യ റബ്റി ദേവി മുഖ്യമന്ത്രിയായി.
വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നു. ആദ്യ മൻമോഹൻ സിങ് മന്ത്രിസഭയിൽ (2004-2009) കേന്ദ്ര റെയിൽവേ മന്ത്രിയായി. പിന്നീട് സി.ബി.ഐ കുറ്റപത്രം സമർപ്പിക്കുകയും കോടതി അപരാധിയെന്ന് വിധിക്കുകയും ചെയ്തതോടെ അയോഗ്യനാക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു.
ശത്രുക്കളും സ്നേഹിതരും
കാലവും കഥകളും ഇത്രയേറെ മാറിയിട്ടും രാഷ്ട്രീയ പ്രസക്തി നഷ്ടമാവാതെ നിലനിൽക്കാൻ ലാലുവിന് സാധിച്ചുവെങ്കിൽ അദ്ദേഹത്തിെൻറ ഒട്ടുമിക്ക സഹപ്രവർത്തകരും എതിരാളികളും സഖാക്കളും അത്രകണ്ട് ഭാഗ്യം ചെയ്തവരല്ല. ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ബി.ജെ.പി നേതാവായിരുന്ന ലാൽകൃഷ്ണ അദ്വാനി തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. ലാലുവും അദ്വാനിയും തമ്മിലെ ഉടക്കിെൻറ കഥകൾ തൊണ്ണൂറുകളിലെ പത്രങ്ങളിൽ മുഖ്യവാർത്തയായിരുന്നുവല്ലോ.
കർണാടക മുൻമുഖ്യമന്ത്രിയും മുതിർന്ന ജനതാപാർട്ടി നേതാവുമായിരുന്ന രാമകൃഷ്ണ ഹെഗ്ഡെയെപ്പോലുള്ളവരുമായി ഗാഢമായ സൗഹൃദമാണ് ലാലു സൂക്ഷിച്ചുപോന്നത്. 1997ൽ ജനതാദളിൽ നിന്ന് വിഘടിച്ചു വന്ന ലാലുവിെൻറ ഗ്രൂപ്പിന് രാഷ്ട്രീയ ജനതാദൾ എന്ന് നാമകരണം ചെയ്തതും ഹെഗ്ഡെ ആയിരുന്നു. റബ്റി ദേവിയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ പലകോണുകളിൽ നിന്ന് വിമർശമുയർന്നപ്പോൾ അതിശക്തമായി പിന്തുണ നൽകിയ ഒരാൾ മുൻ ഡി.എം.കെ മേധാവി കരുണാനിധിയായിരുന്നു. മുൻ ഉപപ്രധാനമന്ത്രിയും ഹരിയാനയിൽനിന്നുള്ള ഘടാഘടിയൻ നേതാവുമായിരുന്ന ദേവി ലാലിനെ ലാലു പിതൃതുല്യനായിക്കണ്ടു. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെ സ്നേഹപൂർവം ബസു ദാ എന്ന് വിളിച്ചു.
അന്തരിച്ച ദലിത് നേതാവ് രാംവിലാസ് പാസ്വാൻ, മുൻ യു.പി. മുഖ്യമന്ത്രി മുലായം സിങ് യാദവ്, മുൻ കേന്ദ്രമന്ത്രി ശരത് യാദവ് എന്നിവരുമായും ലാലു വല്ലാത്ത അടുപ്പം സൂക്ഷിച്ചു. 1996ൽ ജനതാദളിന് പ്രധാനമന്ത്രി പദം കൈവന്നപ്പോൾ മുലായമിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ലാലു പിന്തുണച്ചത് ദേവഗൗഡയെയാണ്. ഇത് മുലായമിൽ അനിഷ്ടം സൃഷ്ടിച്ചുവെങ്കിലും അവർ തമ്മിലെ ചങ്ങാത്തത്തിന് ഉലച്ചിൽ തട്ടിച്ചില്ല. പിന്നാക്ക രാഷ്ട്രീയത്തിലും മണ്ഡൽ കമീഷൻ മുന്നേറ്റത്തിലും ലാലുവിനൊപ്പം കൈയും മനസ്സുമായി പ്രവർത്തിച്ചയാളാണ് ശരത് യാദവ്.
ലാലു-നിതീഷ് സമവാക്യം
നിതീഷ് ബിഹാർ കോളജ് ഒാഫ് എൻജിനീയറിങ്ങിലും ലാലു പട്ന ലോ കോളജിലും പഠിക്കവെയാണ് എഴുപതുകളിൽ ഇവർ തമ്മിൽ സൗഹൃദമാരംഭിക്കുന്നത്. മൂന്നു വയസ്സ് ഇളപ്പമുള്ള നിതീഷിനെ ലാലു ഛോട്ടാഭായ് എന്നും തിരിച്ച് ബഡാ ഭായ് എന്നുമാണ് അവർ തമ്മിൽ വിശേഷിപ്പിച്ചിരുന്നത്.
ജെ.പി, ലോഹ്യ, കർപുരി ഠാകുർ എന്നീ നേതാക്കൾ ഇരുവരെയും ഏറെ സ്വാധീനിച്ചു. ജനതാ രാഷ്ട്രീയത്തിലെ തലമുറമാറ്റത്തോടെ രണ്ടുപേരും മുൻനിര നേതാക്കളായി. തന്നെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമാക്കുന്നതിൽ നിതീഷ് നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ലാലു തന്നെ ഈ ലേഖകനോട് സമ്മതിച്ചിട്ടുള്ള കാര്യമാണ്.
1995ലെ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം നിതീഷ് ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം ചേർന്നു. 2015ൽ സഖ്യം വിട്ട് ലാലുവിനോടൊപ്പം കൂടിയെങ്കിലും 2017ൽ വേർപെട്ടു. ഇപ്പോൾ വീണ്ടും ഒന്നിച്ചിരിക്കുന്നു. ഈ കൂടിച്ചേരൽ 2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പലതരം ആകാംക്ഷകളാണുളവാക്കുന്നത്.
(മുതിർന്ന മാധ്യമ പ്രവർത്തകനും പരിശീലകനുമായ നളിൻ വർമ ഗോപാൽ ഗഞ്ച് ടു റൈസിന: മൈ പൊളിറ്റിക്കൽ ജേർണി എന്ന ലാലുവിെൻറ ആത്മകഥയുടെ സഹ എഴുത്തുകാരനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.