കോപ് 28 ഉച്ചകോടിയിലെ ഭൂമിയും ഭൗമരാഷ്ട്രീയവും
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലൂടെ ആദ്യ ദിവസങ്ങളിൽത്തന്നെ ഇന്ത്യയുടെ ശബ്ദം ഉച്ചകോടിയിൽ ഉച്ചത്തിൽ മുഴങ്ങി. ജനകീയ ഹരിതവത്കരണ സംരംഭം എന്ന ആശയത്തെ സദസ്സിനുമുന്നിൽ അവതരിപ്പിച്ച് ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ അജണ്ടകൾ വിശദീകരിച്ചു മോദി. പിന്നീട് ‘കോപ് 28-നാഷനൽ സ്റ്റേറ്റ്മെന്റ്’ സെഷനിൽ സംസാരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാകട്ടെ ഊർജ മേഖലയിൽ കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് നിർബന്ധിക്കരുതെന്ന രാജ്യത്തിന്റെ മുൻകാല നിലപാട് ആവർത്തിച്ചു. ലോകത്ത് ഏറ്റവുമധികം കാർബൺ പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നിലപാട് വളരെ പ്രാധാന്യപൂർവമാണ് ആഗോള നിരീക്ഷകർ വീക്ഷിച്ചത്. ഉച്ചകോടിയിലെ ഏറ്റവും പ്രധാന ചർച്ചയായ ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത് സംബന്ധിച്ച് മന്ത്രി മൗനം പാലിക്കുകയായിരുന്നു
ഹാസ്യത്തിൽ പൊതിഞ്ഞ ദീർഘനേരത്തെ സംസാരത്തിനൊടുവിലാണ് കാലാവസ്ഥ ഉച്ചകോടിയുടെ ദുബൈ വേദിയിൽ ഈജിപ്ഷ്യൻ-അമേരിക്കൻ കൊമേഡിയൻ ബാസിം യൂസുഫ് ആ ചോദ്യം നേരിടുന്നത്. ‘തകർന്ന ഭൂമിയിൽ താങ്കൾക്ക് എങ്ങനെ തമാശ പറയാൻ കഴിയുന്നു?’ അൽപമൊന്ന് ആലോചിച്ച് അദ്ദേഹം മറുപടി പറഞ്ഞു.
‘‘അപകട മുനമ്പിലെ ഭൂമിയെ രക്ഷിക്കുന്നതിൽ സമവായത്തിലെത്താൻ നാം 28 വർഷമായി ചുറ്റിത്തിരിയുന്നു എന്നതുതന്നെ വലിയ തമാശയല്ലേ’’. ഉത്തരം കേട്ട് ചിരിച്ചവർ സദസ്സിൽ കുറവായിരുന്നു. കാരണം ഹാസ്യത്തേക്കാൾ ആ വാക്കുകളിൽ ഗൗരവം നിറഞ്ഞുനിന്നിരുന്നു.
2015ലെ വിഖ്യാതമായ പാരിസ് ഉടമ്പടിക്കുശേഷം, കാലാവസ്ഥ പ്രവർത്തനത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട ഉച്ചകോടിക്കാണ് ദുബൈ വേദിയായത്. സംഘാടന മികവിനാൽ ലോകത്തെ അത്ഭുതപ്പെടുത്തിയ യു.എ.ഇ, വിമർശനങ്ങളെ കാറ്റിൽപറത്തി ഫോസിൽ ഇന്ധന വിഷയത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ സമവായം കൊണ്ടുവരുന്നതിൽ വിജയിക്കുകയും ചെയ്തു.
എന്നാൽ, ശാസ്ത്രലോകവും പരിസ്ഥിതി പ്രവർത്തകരും ദുർബല രാജ്യങ്ങളും ആവശ്യപ്പെട്ട രീതിയിൽ ഭൂമിയുടെ ഭാവിയെ നിർണയിക്കുന്ന അസാധാരണ പ്രഖ്യാപനത്തോടെയല്ല ഉച്ചകോടിക്ക് തിരശ്ശീല വീണത്. ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ മാർഷൽ ദ്വീപിന്റെ പ്രതിനിധി ജോൺ സിൽക് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.
ദുർബലവും അനേകം ദ്വാരങ്ങളുള്ളതുമായ തോണി പോലെയാണ് ഉടമ്പടിയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എന്നാൽ മറ്റു വഴികളില്ലാത്തതിനാൽ ഈ തോണി വെള്ളത്തിലിറക്കാൻ നിർബന്ധിതമാണെന്നാണ് പ്രസ്താവിച്ചത്. അതേസമയം, ഭൂമിക്ക് വലിയ പരിക്കേൽപിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ സംബന്ധിച്ച് ഉടമ്പടിയിൽ പരാമർശമുണ്ടായത് ചരിത്രപരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഫോസിൽ ഇന്ധനങ്ങൾ പരിവർത്തിപ്പിക്കുമെന്നാണ് രേഖയിലെ പരാമർശം. പ്രഖ്യാപനത്തെ ‘ഫോസിൽ ഇന്ധനങ്ങളുടെ ഒടുക്കത്തിന്റെ തുടക്കം’ എന്നാണ് യു.എൻ വിശേഷിപ്പിച്ചത്. ‘പുനരുപയോഗ ഊർജത്തിന്റെ സൂര്യോദയം’ എന്ന് ചില മാധ്യമങ്ങൾ അച്ചുനിരത്തി.
കാലാവസ്ഥ നടപടികളുടെ കാര്യത്തിൽ ഇരുധ്രുവങ്ങളിൽ നിൽക്കുന്ന വിവിധ രാജ്യങ്ങളെ ഒരുമിപ്പിക്കാൻ സാധിച്ചത് യു.എ.ഇയുടെ നയതന്ത്ര വിജയം കൂടിയാണ്. ഉച്ചകോടിയെ ‘ഓയിൽ വ്യാപാര കരാറുകൾക്കായി ഉപയോഗിക്കുന്നു’ എന്നതടക്കമുള്ള ആരോപണങ്ങളെ മറികടന്ന് ലോകത്തിന്റെ കൈയടി നേടാനും ആതിഥേയർക്ക് സാധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലൂടെ ആദ്യ ദിവസങ്ങളിൽത്തന്നെ ഇന്ത്യയുടെ ശബ്ദം ഉച്ചകോടിയിൽ ഉച്ചത്തിൽ മുഴങ്ങി. ജനകീയ ഹരിതവത്കരണ സംരംഭം എന്ന ആശയത്തെ സദസ്സിനുമുന്നിൽ അവതരിപ്പിച്ച് ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ അജണ്ടകൾ വിശദീകരിച്ചു മോദി.
പിന്നീട് ‘കോപ് 28-നാഷനൽ സ്റ്റേറ്റ്മെന്റ്’ സെഷനിൽ സംസാരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാകട്ടെ ഊർജ മേഖലയിൽ കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് നിർബന്ധിക്കരുതെന്ന രാജ്യത്തിന്റെ മുൻകാല നിലപാട് ആവർത്തിച്ചു. ലോകത്ത് ഏറ്റവുമധികം കാർബൺ പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നിലപാട് വളരെ പ്രാധാന്യപൂർവമാണ് ആഗോള നിരീക്ഷകർ വീക്ഷിച്ചത്.
ഉച്ചകോടിയിലെ ഏറ്റവും പ്രധാന ചർച്ചയായ ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത് സംബന്ധിച്ച് മന്ത്രി മൗനം പാലിക്കുകയായിരുന്നു. 2030 ആകുമ്പോഴേക്കും 50 ശതമാനം വൈദ്യുതിയും പുനരുപയോഗ സ്രോതസ്സുകളിൽ നിന്നാക്കുമെന്നും 2017നും 2023നുമിടയിൽ, ഏകദേശം 100 ജിഗാവാട്ട് വൈദ്യുതി ശേഷി വർധിപ്പിച്ചതിൽ 80 ശതമാനവും ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നായിരുന്നുവെന്നും ചൂണ്ടിക്കാണിച്ച് രാജ്യം ശരിയായ പാതയിലാണെന്ന് സമർഥിക്കാനാണ് ഔദ്യോഗിക പ്രസ്താവനയിൽ ശ്രമിച്ചത്.
മുഴച്ചുനിന്ന കാലാവസ്ഥ ധനകാര്യം
ഉദ്ഘാടന ദിവസം മുതൽ ഉച്ചകോടിയിൽ കാലാവസ്ഥ ധനകാര്യം മുഴച്ചുനിന്നിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഫണ്ടുകൾ മാറ്റിവെക്കുന്നതിന് വലിയ തോതിൽ സന്നദ്ധമായെങ്കിലും വൻകിട രാജ്യങ്ങളുടെ ‘പിശുക്ക്’ ദൃശ്യമായിരുന്നു.
കോപ് 28 അവസാനിക്കുമ്പോൾ, ആഗോള താപനം കുറക്കുന്നതിനും ഭൂമിയുടെ സംരക്ഷണത്തിനുമായി വാഗ്ദാനം ചെയ്യപ്പെട്ടത് 8300 കോടി ഡോളറാണ്. സർക്കാറുകളും ബിസിനസ് സ്ഥാപനങ്ങളും നിക്ഷേപകരും ജീവകാരുണ്യ സംരംഭങ്ങളും അടക്കമുള്ള വിവിധ സംവിധാനങ്ങളാണ് ഈ തുക മാറ്റിവെക്കാൻ സന്നദ്ധമായത്.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ധനം, ആരോഗ്യം, ഭക്ഷണം, പ്രകൃതി, ഊർജം എന്നിവയുൾപ്പെടെ മുഴുവൻ അജണ്ടകളിലും ധനസഹായ പ്രഖ്യാപനങ്ങളുണ്ടായി. ഉച്ചകോടിയുടെ ആദ്യദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ‘നാശനഷ്ട നിധി’യിലേക്ക് ഇതിനകം 79.2 കോടി ഡോളറാണ് സമാഹരിച്ചത്.
സമ്മേളനത്തിന്റെ ആദ്യദിനത്തിൽ രാഷ്ട്രനേതാക്കൾ ഐകകണ്ഠ്യേന അംഗീകരിച്ച ഫണ്ടാണിത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതാണ് നാശനഷ്ട നിധി. എന്നാൽ, ഈ തുക തീർത്തും അപര്യാപ്തമാണെന്നും വികസിത രാജ്യങ്ങൾ കൂടുതൽ സംഭാവന ചെയ്യാൻ സന്നദ്ധമാകണമെന്നും മുറവിളിയുണ്ടായി. ഉച്ചകോടിയിൽ നിരവധി പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും രൂപപ്പെടുകയും ചെയ്തു.
119 രാജ്യങ്ങൾ അംഗീകരിച്ച ആഗോള പുനരുപയോഗ ഊർജ കാര്യക്ഷമത പ്രതിജ്ഞ, 137 രാജ്യങ്ങളുടെ കൃഷി, ഭക്ഷണം, കാലാവസ്ഥ എന്നിവയെ സംബന്ധിച്ച പ്രഖ്യാപനം, 125 രാജ്യങ്ങൾ അംഗീകരിച്ച കാലാവസ്ഥയും ആരോഗ്യവും സംബന്ധിച്ച പ്രഖ്യാപനം, 74 രാജ്യങ്ങളും 40 സംഘടനകളും പ്രഖ്യാപിച്ച കാലാവസ്ഥാ ആശ്വാസം, വീണ്ടെടുക്കൽ, സമാധാനം എന്നിവയെക്കുറിച്ച തീരുമാനം, 12 രാജ്യങ്ങളുടെ കാലാവസ്ഥാ സാമ്പത്തിക പ്രഖ്യാപനം, ഇരുപതിലേറെ രാജ്യങ്ങൾ പ്രഖ്യാപിച്ച ആണവോർജം മൂന്നിരട്ടിയാക്കുമെന്ന പ്രഖ്യാപനം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഗസ്സയും
ഗസ്സയിലെ സംഘർഷം ഉച്ചകോടിയിൽ പ്രതിഫലിക്കുമെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കം പല ലോക നേതാക്കളും യാത്ര മാറ്റിവെച്ചതിൽ യുദ്ധം കാരണമായിട്ടുണ്ടെന്ന് ലോക മാധ്യമങ്ങൾ വിലയിരുത്തി. ഗസ്സയിൽ മരിച്ചുവീണ സിവിലിയന്മാർക്കുവേണ്ടി ഒരുമിനിറ്റ് നിശ്ശബ്ദത ആചരിച്ചായിരുന്നു കോപ് 27 തലവൻ ഉച്ചകോടിക്ക് തുടക്കം കുറിച്ചത്.
പിന്നീട് ഓരോഘട്ടത്തിലും ഗസ്സയെന്ന ശബ്ദം ഉച്ചകോടിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഇസ്രായേൽ പ്രസിഡന്റ് പങ്കെടുക്കുന്ന സാഹചര്യത്തിൽ ഇറാൻ പ്രതിനിധികൾ ഉച്ചകോടി വേദിവിട്ടിറങ്ങി. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എത്തുമെന്ന് മാധ്യമ വാർത്തകളുണ്ടായിരുന്നെങ്കിലും വന്നില്ല. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉച്ചകോടിയിൽ പങ്കെടുത്തുവെങ്കിലും സദസ്സിനെ അഭിമുഖീകരിച്ചില്ല.
ഉച്ചകോടി വേദിയിലെ മാധ്യമ സംവാദങ്ങളിലും പ്രതിഷേധങ്ങളിലും ഉന്നതതല കൂടിക്കാഴ്ചകളിലും ഗസ്സ ഉയർന്നുവന്നു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് നൂറുകണക്കിന് ആക്ടിവിസ്റ്റുകൾ പങ്കെടുത്ത റാലിക്കും സമ്മേളന വേദി സാക്ഷിയായി. കോപ് 28 വേദിയിലെ യു.എൻ നിയന്ത്രണത്തിലുള്ള ബ്ലൂ സോണിലാണ് പ്രതിഷേധം അരങ്ങേറിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആക്ടിവിസ്റ്റുകൾക്കൊപ്പം, വ്യത്യസ്ത തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രതിനിധികളും ഫലസ്തീൻ അനുകൂലികളും റാലിയിൽ അണിനിരന്നു. അധിനിവേശം അവസാനിപ്പിക്കുക, തിരിച്ചുവരാനുള്ള അവകാശം നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഫലസ്തീൻ പതാകയുടെ നിറങ്ങളിൽ എഴുതിയ ബാനറുകൾ പ്രതിഷേധത്തിൽ ഉപയോഗിച്ചു.
യു.എ.ഇ മുതൽ യുഗാണ്ട വരെ 300ലധികം നഗരങ്ങൾ ഫലസ്തീനു വേണ്ടി നിലകൊള്ളുകയാണെന്നും വെടിനിർത്തലിന് മാത്രമല്ല, പതിറ്റാണ്ടുകളായി തുടരുന്ന കോളനിവത്കരണത്തിനും വംശീയ വിവേചനത്തിനും അന്ത്യംകുറിക്കാൻ ലോകജനത ആവശ്യപ്പെടേണ്ടതുണ്ടെന്നും ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി.
ഇസ്രായേൽ സംഘടനയായ ഹെഷൽ സെന്റർ ഫോർ സസ്റ്റെയ്നബിലിറ്റി നടത്തിയ ഭക്ഷ്യ സുരക്ഷയെക്കുറിച്ച സെഷൻ കഫിയ്യ ധരിച്ചെത്തി ഫലസ്തീൻ അനുകൂല പ്രവർത്തകർ തടസ്സപ്പെടുത്തുകയും ചെയ്തു. ആക്ടിവിസ്റ്റുകളുടെ ഫലസ്തീൻ മുദ്രാവാക്യങ്ങൾ തീർത്ത സമ്മർദം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ തുടർ ദിവസങ്ങളിലെ ഇടപെടലുകളിൽ പ്രതിഫലിക്കുകയും ചെയ്തു.
വാർത്തസമ്മേളനത്തിൽ ചോദ്യങ്ങളെ നേരിടുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ‘ഹമാസിന്റെ സമ്പൂർണ നാശം സാധ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, യുദ്ധം 10 വർഷം നീണ്ടുനിൽക്കും’ എന്ന തിരിച്ചറിവ് തുറന്നുപറഞ്ഞതിനും കോപ് 28 വേദി സാക്ഷിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.