ഒന്നിപ്പിക്കാനുള്ളതാണ് ഭാഷ, ഭിന്നിപ്പിക്കാനല്ല
text_fieldsമറാത്തിയിൽ ഒരു വാക്കുപോലും സംസാരിക്കാത്ത ഒരു മനുഷ്യനെ എനിക്കറിയാം. ഒരു മറാത്തി പത്രത്തിന്റെ എഡിറ്ററാണ്. പക്ഷേ, ആ പത്രത്തിന്റെ നടത്തിപ്പിൽ ഒരു പ്രശ്നവുമില്ല. അതേപോലെ അത്യാവശ്യത്തിനുപോലും ഇംഗ്ലീഷ് സംസാരിക്കാനോ എഴുതാനോ അറിയാത്ത ഒരു ഇംഗ്ലീഷ് പത്രാധിപരെയും അറിയാം. മാർക്കറ്റിൽ അദ്ദേഹത്തിന്റെ പത്രവും മോശമില്ലാതെ പോകുന്നു.
ഇക്കാര്യം പറയവെ പണ്ട് പൊളിറ്റിക്കൽ സയൻസ് പ്രഫസർ പറഞ്ഞത് ഓർമവരുന്നു: ''ഭാഷകൾ യഥാർഥത്തിൽ ജനങ്ങളെ ഒരുമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ, നമ്മുടെ രാജ്യത്ത് അത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്.''
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ബംഗാൾപോലുള്ള സംസ്ഥാനങ്ങളിലുൾപ്പെടെ ഏകപക്ഷീയമായി ഹിന്ദി അടിച്ചേൽപിക്കാൻ നോക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോൾ. ആ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഭാഷകൾക്ക് പ്രാചീന ചരിത്രത്തിൽ ഹിന്ദിയെക്കാൾ പഴക്കവും പാരമ്പര്യവുമുണ്ട് എന്നോർക്കണം.
എന്താണ് ഹിന്ദി? ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ഭാഷകളിലൊന്ന്, മറ്റേത് ഇംഗ്ലീഷാണ്. മോഹൻ ഭാഗവത് പോലും ഹിന്ദി അതിന്റെ ശുദ്ധമായ രീതിയിലൊന്നുമല്ല പറയുന്നത്. അദ്ദേഹത്തിന്റെ ഹിന്ദിയിൽ ഒരുപാട് മറാത്തി വാമൊഴി പ്രയോഗങ്ങളും കയറിവരാറുണ്ട്. വിഭർഭ മേഖലയിൽനിന്ന് വരുന്ന ആളായതിനാൽ അദ്ദേഹത്തിന്റെ സംസാരത്തിൽ 'മഹാകൗശൽ' സ്വാധീനവും വളരെ കൂടുതലാണ്.
മധ്യപ്രദേശ് ശൈലിയിലുള്ള ഹിന്ദി സംസാരിച്ച് വളർന്ന ഞാൻ ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻപോലുള്ള സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവരുടെ ഹിന്ദിയിലെ മൈഥിലി, ഭോജ്പുരി, അവ്ധി, ബ്രജ്ഭാഷ, ബാഗ്രി, മേവാരി സ്വാധീനം കണ്ട് ആകെ വെള്ളം കുടിച്ചുപോയിട്ടുണ്ട്. സത്യത്തിൽ ഹിന്ദിയിലെ സ്വാധീനം എന്ന് പറഞ്ഞുകൂടാ. അവയെല്ലാം ഹിന്ദിയോട് സാമ്യതയുള്ള സ്വതന്ത്ര ഭാഷകളാണ്, അല്ലാതെ ഹിന്ദി അല്ല.
എന്തുകൊണ്ടാണ് യു.പിയിലെ സ്കൂളുകളിൽ നിരവധി കുട്ടികൾ എല്ലാ വർഷവും ഹിന്ദി പരീക്ഷക്ക് തോൽക്കുന്നത്-ഹിന്ദിയല്ല അവരുടെ മാതൃഭാഷ, അത് ഹിന്ദി ബെൽറ്റിലെ മറ്റു സംസ്ഥാനങ്ങളിലെന്നപോലെ അവരുടെ നാട്ടിലെ ഔദ്യോഗിക ഭാഷ മാത്രമാണ്. അതുകൊണ്ടുതന്നെ മറ്റുള്ളയിടങ്ങളിൽ ഹിന്ദി അടിച്ചേൽപിക്കാൻ പുലർത്തുന്ന ഈ ശാഠ്യം പണ്ട് എന്റെ പ്രഫസർ ദുഃഖത്തോടെ നടത്തിയ നിരീക്ഷണം ശരിവെക്കുന്ന വിധത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള മറ്റൊരു ശ്രമം മാത്രമാണ്. അക്കാലത്ത് അതൊരു ഭാഷാ പ്രശ്നം മാത്രമായിരുന്നുവെങ്കിൽ ഇന്നിത് ആർ.എസ്.എസിന്റെ വിദ്വേഷ അജണ്ടയുടെ ഭാഗമാണ്. സകല ശ്രമങ്ങളും നടത്തിയിട്ടും ഹിന്ദി ബെൽറ്റിനപ്പുറത്തേക്ക് ആഗ്രഹിച്ച രീതിയിൽ ആധിപത്യം ഉറപ്പിക്കാൻ കഴിയാത്തവരുടെ അടുത്ത തന്ത്രം.
നല്ല ഹിന്ദി സംസാരിക്കുന്നുവെന്ന് പറയപ്പെടുന്ന നരേന്ദ്ര മോദിക്കും അമിത് ഷാക്കും ബ്രിട്ടീഷുകാരുടെ വരവിനും ഭാഷാ പഠനത്തിന്റെ സമ്പൂർണ മതേതരവത്കരണത്തിനും മുമ്പ് വടക്കേ ഇന്ത്യയിലെ നിരവധി ഭരണകർത്താക്കളുടെ ഔദ്യോഗിക ഭാഷയായിരുന്ന ഉർദു, പേർഷ്യൻ ഭാഷകളുമായി ചുറ്റുപിണഞ്ഞു കിടക്കുന്നതാണ് ആ ഭാഷയുടെ ചരിത്രമെന്നറിയുമോ?
സംസ്കൃതത്തിന്റെ തിരോധാനത്തെക്കുറിച്ച് വിലപിക്കുന്ന, അത് തിരിച്ചുകൊണ്ടുവരണമെന്ന് മുറവിളി കൂട്ടുന്ന ആളുകൾ ചരിത്രത്തിൽനിന്ന് മനസ്സിലാക്കണം എന്തുകൊണ്ടാണ് അതൊരു മൃതഭാഷയായി മാറിയതെന്ന്. സംസ്കൃതം ബ്രാഹ്മണരുടെ കുത്തകയായിരുന്നു. പഴയ ആയുർവേദ ചികിത്സകർ ഒഴികെ മറ്റു വിഭാഗങ്ങളിൽപെട്ട ആർക്കുംതന്നെ അത് ഉപയോഗിക്കാൻ അനുവദിക്കപ്പെട്ടിരുന്നില്ല. മേൽജാതിക്കാരല്ലാത്ത ആളുകളെ ആ ഭാഷ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുക വഴി സംസ്കൃതത്തിൽ എഴുതപ്പെട്ട വിജ്ഞാന ഗ്രന്ഥങ്ങളും അതിലുള്ള അറിവുകളുംകൂടി അവർക്ക് നിഷേധിക്കുകയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ കൽക്കത്തയിൽ ജഡ്ജിയായി നിയമിക്കപ്പെട്ട സർ വില്യം ജോൺസ് എന്ന ഭാഷാശാസ്ത്രജ്ഞന് ഇൻഡോ-ആര്യൻ, യൂറോപ്യൻ ഭാഷകൾ സംബന്ധിച്ച ബന്ധം പഠനവിധേയമാക്കാൻ ശ്രമിച്ചതോടെയാണ് സംസ്കൃതം ലോകമറിയുന്നത്. അപ്പോഴേക്കും ആ ഭാഷ ഏറക്കുറെ മൃതിയടഞ്ഞിരുന്നു. അദ്ദേഹത്തെ സംസ്കൃതം പഠിപ്പിച്ച വൈദ്യൻ അതി രഹസ്യമായാണ് അത് നിർവഹിച്ചത്. സംഭവം പുറത്തറിഞ്ഞാൽ ഉന്നത ജാതിയിൽ പിറന്ന ഹിന്ദുക്കളല്ലാത്ത ആരെയും സംസ്കൃതം പഠിപ്പിച്ചു കൂടാ എന്ന തീട്ടൂരം ലംഘിച്ചതിന്റെ പേരിൽ കഠിനശിക്ഷ, ഒരു പക്ഷേ മരണം തന്നെ ഏറ്റുവാങ്ങേണ്ടിവരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പേർഷ്യനും ഉർദുവും ഹിന്ദിയോട് ചേർന്നുനിൽക്കുന്ന വൈവിധ്യമാർന്ന ഭാഷകളും അക്കാലംകൊണ്ട് രാജ്യത്ത് വ്യാപിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷുകാർ അവരുടെ വിദ്യാഭ്യാസ രീതി നടപ്പാക്കാൻ തുടങ്ങിയതോടെ വിദ്യാസമ്പന്നരായ സമൂഹത്തിനൊപ്പം സാധാരണ ജനങ്ങളുടെയും ഭാഷയായി ഇംഗ്ലീഷും മാറി.
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഭാഷയായി ഇന്ത്യൻ ഇംഗ്ലീഷ് മാറിയിരിക്കുന്നു. സഞ്ജയ് ദത്ത് നായകനായ 'ലഗേ രഹോ മുന്നാ ഭായ്' എന്ന സിനിമയിലെ ഒരു ഡയലോഗ് ഓർമ വരുന്നു- 'വിനമ്രത'യോടെ (വിനയം) സംസാരിക്കണമെന്ന് ഉപദേശിക്കുന്നയാളോട് മുന്നാ ഭായ് ചോദിക്കുന്നുണ്ട്, ഈ 'വിനമ്രത' ആരാണ് എന്ന്. ഹിന്ദിയിൽ പറഞ്ഞാൽ polite എന്ന് സുഹൃത്ത് മറുപടി നൽകുന്നു.
ഇംഗ്ലീഷ് വായിക്കാനറിയുന്ന, സ്കൂൾ പഠനം പൂർത്തിയാക്കിയ എന്റെ വീട്ടു സഹായി ഒരിക്കൽ ചോദിച്ചു, affidavit (സത്യവാങ്മൂലം) എന്ന വാക്കിന് ഗ്രാമത്തിൽ എന്താണ് പറയുക എന്ന്. ഭർതൃമാതാവിന് സീനിയർ സിറ്റിസൺ പെൻഷന് അപേക്ഷിക്കാൻ വേണ്ടി അഫിഡവിറ്റ് വേണമെന്ന് പറഞ്ഞിട്ട് ആർക്കും അറിയുന്നത്രെ.
ഇതെല്ലാം രാജ്യത്ത് ഏകീകൃതമായ ഭാഷ ഇല്ലാത്തതിന്റെ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം. എന്റെ അഭിപ്രായത്തിൽ ഇംഗ്ലീഷ് വേണം ഇത്തരത്തിൽ ഉപയോഗിക്കപ്പെടാൻ. ബോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്നിടത്തോളം കാലം മാത്രമേ ഹിന്ദി മുന്നോട്ടുപോവുകയുള്ളൂ.
സെറ്റ്ടോപ് ബോക്സുകൾ രാജ്യത്ത് നിർബന്ധമാക്കിയ ഘട്ടത്തിൽ ചെറുത്തുനിൽപുയർന്നത് 'പശു ബെൽറ്റി'ലുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ്. അവർക്ക് സാസ്-ബഹു (അമ്മായിയമ്മ-മരുമകൾ) സീരിയലുകൾ നഷ്ടമാകും എന്നതായിരുന്നു പ്രയാസം. ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അതൊരു പ്രശ്നമേ ആയില്ല. അവരുടെ പ്രിയപ്പെട്ട സീരിയലുകൾ മുടക്കമില്ലാതെ കിട്ടുമായിരുന്നു ചാനലുകളിൽ, ഹിന്ദി സീരിയലുകൾ അവർക്കൊട്ട് വേണ്ടായിരുന്നു താനും.
മാതാപിതാക്കൾ രണ്ട് നാട്ടുകാരായതിനാൽ എനിക്ക് ഏതെങ്കിലും ഒരു പ്രത്യേക ഭാഷയാണ് എന്റേത് എന്നൊരു ബോധമേ ഇല്ലായിരുന്നു. രണ്ടുപേരും ഇംഗ്ലീഷ് ഉഷാറായി സംസാരിക്കും. പിതാവ് മലയാളവും മുറി ഹിന്ദിയും പറയും. ഹിന്ദി ഹൃദയഭൂമിയിലെ രണ്ടുതരം സംസാര രീതികളായ ഖഢി ബോലിയും ബ്രജ്ഭാഷയും തമ്മിലെ താരതമ്യം സംബന്ധിച്ച് പ്രബന്ധമെഴുതിയ അമ്മക്ക് മുറിത്തമിഴും വഴങ്ങും.
പല ഇന്ത്യൻ ഭാഷകളും യൂറോപ്യൻ ഭാഷകളും സംസാരിക്കും ഞാൻ. പലതും നന്നായി മനസ്സിലാവുകയും ചെയ്യും. ചിലപ്പോൾ പുല്ലിംഗവും സ്ത്രീലിംഗവും ഭൂതകാലവും ഭാവികാലവും തമ്മിൽ മാറിപ്പോവാറുണ്ടെങ്കിലും ആ ഭാഷകളെല്ലാം എനിക്കിഷ്ടമാണ്.
നമ്മൾക്ക് ഇഷ്ടമുള്ള രീതിയിൽ പരസ്പരം ആശയവിനിമയം നടത്താനുള്ള സ്വാതന്ത്ര്യത്തിൽനിന്ന് രാഷ്ട്രീയക്കാർ വിട്ടുനിൽക്കണം, അവരുടെ വ്യാഖ്യാനത്തിലുള്ള ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിൽനിന്ന് പിന്തിരിയുകയും വേണം.
(നാഷനൽ ഹെറാൾഡ് കൺസൽട്ടിങ് എഡിറ്ററും ഗ്രന്ഥകാരിയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.