Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'മുന്നണി'പ്പോരാളി

'മുന്നണി'പ്പോരാളി

text_fields
bookmark_border
mv jayarajan
cancel

വികസന വിരോധികൾ എന്ന ടാഗ് ലൈനിൽ കമ്യൂണിസ്റ്റ് പാർട്ടിയെ ഇനിയും തളച്ചിടാമെന്ന് കരുതേണ്ട. വികസനപദ്ധതികളെ പ്രത്യയശാസ്ത്രവുമായി മാറ്റുരച്ചുനോക്കി ശരിതെറ്റുകൾ നിർണയിക്കുന്ന പരിപാടിയൊക്കെ പാർട്ടി എന്നേ നിർത്തി. പ്രത്യയശാസ്ത്രവുമായി മാറ്റുരക്കുമ്പോൾ ഏതൊരു വികസന പ്രവൃത്തിയിലും പ്രകൃതി ചൂഷണത്തിന്റെയും അഴിമതിയുടെയും കോർപറേറ്റിസത്തിന്റെയുമൊക്കെ ചെമ്പ് അൽപസ്വൽപം കാണാതിരിക്കില്ല. അതൊക്കെ അവഗണിച്ച് സിൽവർ പാതയിൽ അതിവേഗം മുന്നോട്ടുപോകണമെന്നാണ് പുതിയ ലൈൻ. വികസനമാണ് മുഖ്യം.

ഈ വികസനപ്രക്രിയയുടെ ഗുണഭോക്താക്കൾ നാടും നാട്ടുകാരും മാത്രമല്ല; പാർട്ടി കൂടിയാണ്. പാർട്ടി നേതൃത്വത്തിന് ഇക്കാര്യത്തിൽ കാര്യമായ അഭിപ്രായ ഭിന്നതയില്ലെങ്കിലും സഖാവ് ഇ.പിക്ക് അതിൽ ചെറിയ ഭേദഗതി നിർദേശിക്കാനുണ്ട്: പാർട്ടി മാത്രമല്ല, വികസിക്കുമ്പോൾ കൂടെ മുന്നണിയും വികസിക്കട്ടെ! അതുകൊണ്ടാണ് എൽ.ഡി.എഫ് കൺവീനറായി മണിക്കൂറുകൾക്കകം തന്നെ മറുപക്ഷത്തുള്ള ചില തൽപരകക്ഷികളെക്കൂടി ചേർത്ത് മുന്നണി വികസിപ്പിക്കാനൊരുമ്പെട്ടത്. പക്ഷേ, നേതൃത്വത്തിന് കാര്യം മനസ്സിലായില്ല. അതുകൊണ്ട് തൽക്കാലം മുന്നണി വികസനം മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. എന്തായാലും 'മുന്നണി'പ്പോരാളിയായുള്ള തുടക്കം കലക്കി.

അല്ലെങ്കിലും ഇ.പി. ജയരാജൻ എന്ന കമ്യൂണിസ്റ്റിനെ ആർക്കും അത്രവേഗത്തിൽ പിടികിട്ടാറില്ല. പരമ്പരാഗത പാർട്ടിലൈനിൽനിന്ന് മാറി നവമാർക്സിസത്തിന്റെ പരിപ്രേക്ഷ്യത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഇ.പിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ. വികസനത്തിന്റെയും കോർപറേറ്റിസത്തിന്റെയുമൊക്കെ കാര്യം തന്നെ എടുക്കാം. എന്തായിരുന്നു പാർട്ടി ലൈൻ എന്ന് എല്ലാവർക്കുമറിയാം. രാജീവ് ഗാന്ധിയുടെ കമ്പ്യൂട്ടർവത്കരണത്തിനെതിരെ സമരം ചെയ്തകാലത്ത് 'ചിന്ത' പുറത്തിറക്കിയ 'തൊഴിൽ തിന്നുന്ന ബകൻ' തൊട്ട് എക്സ്പ്രസ് ഹൈവേയുമായും മറ്റും ബന്ധപ്പെട്ട് പാർട്ടി തയാറാക്കിയ ലഘുലേഖകൾ വരെ പറയും ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട്.

അതുകൊണ്ടുകൂടിയാണ് വികസന വിരോധികൾ എന്ന ചീത്തപ്പേര് വന്നത്. ഇത് മാറ്റിയെടുക്കാനുള്ള സൈദ്ധാന്തികരുടെയും ബുദ്ധിജീവികളുടെയും സകലശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് സഖാവ് ഇ.പി. ജയരാജൻ സംഗതി ലളിതമായി വിവരിച്ചത്: പാർട്ടിയിൽ കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞിരിക്കുന്നു! ഒന്നരപ്പതിറ്റാണ്ട് മുമ്പ് ഇ.പി നവമാർക്സിസത്തിന് കേരളത്തിൽ ഇത്തരമൊരു സൈദ്ധാന്തിക അടിത്തറ പാകിയപ്പോൾ പാർട്ടി ബുദ്ധിജീവികൾ പുച്ഛിച്ചു; കോർപറേറ്റ് ചാരൻ എന്ന് പരിഹസിച്ചു. പരിപ്പുവടയും കട്ടൻചായയും പതിവ് ഭക്ഷണമാക്കി കാലൊടിഞ്ഞ ബെഞ്ചിലിരുന്ന് താടിവെച്ച നേതാക്കളുടെ ചിത്രവും നോക്കി സ്വർഗരാജ്യം സ്വപ്നം കാണുന്ന ആദർശവാദികൾക്ക് നവമാർക്സിസത്തെക്കുറിച്ച് എന്തറിയാം? പക്ഷേ, ഇ.പിയുടെ സിദ്ധാന്തമാണ് ശരിയെന്ന് കാലം തെളിയിച്ചില്ലേ? അന്ന് ഇ.പിക്കെതിരെ ഉറഞ്ഞുതുള്ളിയവരെല്ലാമിപ്പോൾ സിൽവർ ലൈനിനുവേണ്ടി ഘോരഘോരം വാദിച്ചുകൊണ്ടിരിക്കുകയാണ്.

മുന്നണി വികസനത്തിന്റെ കാര്യത്തിലും ഇ.പിക്ക് ഇതേ ദീർഘവീക്ഷണമാണ്. വിപ്ലവങ്ങൾക്കിടയിൽ ചില സ്വപ്നങ്ങളുമുണ്ടെന്ന് സഖാവ് ലെനിൻ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണല്ലോ. പക്ഷേ, അത് മനസ്സിലാക്കാൻ പാർട്ടിനേതൃത്വം ഇനിയും വളരണം; അതാകട്ടെ, പാർട്ടിയുടെ ജനിതക സ്വഭാവവും. എന്തായാലും അത്ര മോശമല്ല, ഇ.പിയുടെ പദ്ധതികൾ. പ്രതിപക്ഷത്തുള്ള മുസ്‍ലിം ലീഗാണ് ഇ.പിയുടെ ആദ്യ ഉന്നം. കേരളത്തിൽ ഫിക്സഡ് ഡെപ്പോസിറ്റുള്ള പാർട്ടിയാണ്. ലീഗ് മുന്നണി വിട്ടാൽ പിന്നെ യു.ഡി.എഫ് എന്നത് കോൺഗ്രസ് മാത്രമായി ചുരുങ്ങും; എന്നുവെച്ചാൽ, കോൺഗ്രസും യു.ഡി.എഫും ഒരുപോലെ അപ്രസക്തമാകും. പിന്നെ, ഭരണത്തുടർച്ച ഒരു പ്രശ്നമേയാകില്ല.

ലോക്സഭയിലേക്കാണെങ്കിൽ 20 സീറ്റും ഉറപ്പാക്കാം. ഈ ഇടപാടിൽ ഇത്രയും ലാഭമുണ്ടെങ്കിൽ ലീഗിന്റെ മതനിരപേക്ഷതയെക്കുറിച്ച് അൽപം വാചാലനാകുന്നതിലും ഇ.പി തെറ്റു കാണുന്നില്ല. പക്ഷേ, ആ പരിപാടിയിലേക്ക് കടക്കുംമുന്നേ, സംസ്ഥാന സെക്രട്ടേറിയറ്റ് ഉടക്കിട്ടു. സിൻഡിക്കേറ്റ് മാധ്യമങ്ങളെ വിശ്വസിക്കാമെങ്കിൽ, ഇ.പി നല്ല വഴക്കും കേട്ടു. ഇതിനിടയിൽ, കുപ്പായം മാറുന്നതുപോലെ മുന്നണി മാറില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, 'വികസന വിരോധികളാ'യ പാർട്ടി നേതൃത്വവും ലീഗും കൂടി ഇ.പിയുടെ സ്വപ്ന പദ്ധതി അട്ടിമറിച്ചിരിക്കുന്നു.

എന്നുകരുതി ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് പറഞ്ഞുകൂടാ. ഇ.പിയുടെ രാഷ്ട്രീയ രാശി അങ്ങനെയാണ്. ആ ജീവിതം തന്നെയും അങ്ങനെയായിരുന്നുവല്ലോ. ഓർമയില്ലെ, 27 വർഷം മുമ്പത്തെ ആ സംഭവം? പാർട്ടിസമ്മേളനം കഴിഞ്ഞ് തീവണ്ടിയിൽ വരുകയായിരുന്ന സഖാവിനുനേരെ ആന്ധ്രയിലെ ചിറാക്കലിൽവെച്ച് ഒരു സംഘം വെടിയുതിർത്തു. അന്നത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയതാണ്. സർവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നു; കൂടുതൽ ശക്തിയോടെ രാഷ്ട്രീയഭൂമികയിൽ നിലയുറപ്പിച്ചു. അന്ന് കഴുത്തിൽ തറച്ച വെടിയുണ്ട ഇപ്പോഴും അവിടെയുണ്ട്. അതിന്റെ അസ്വസ്ഥതകളെയെല്ലാം വകഞ്ഞുമാറ്റിയാണ് ഇപ്പോഴും തൊണ്ട പൊട്ടി പ്രതിയോഗികൾക്കു മുന്നിൽ പതറാതെ പൊരുതുന്നത്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലം. അന്ന് ദേശാഭിമാനിയുടെ ജനറൽ മാനേജർ ആയിരുന്നു.

തന്റെ 'കട്ടൻ ചായ പരിപ്പുവട സിദ്ധാന്ത'ത്തിന്റെ ബലത്തിൽ കുത്തക മുതലാളിയിൽനിന്ന് രണ്ട് കോടി വായ്പ വാങ്ങിയത് വലിയ പുകിലായി. അങ്ങനെ ആ സ്ഥാനംപോയി. വർഷം ഒന്നു കഴിഞ്ഞപ്പോഴേക്കും പാർട്ടി സെക്രട്ടറിയുടെ ആശിർവാദത്തോടെ ആ കസേര തിരിച്ചു പിടിച്ചു. അന്നത്തെ പാർട്ടി സെക്രട്ടറി പിന്നീട് മുഖ്യമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ രണ്ടാമനായി. അവിടെയും ആദ്യം ശനിദശയായിരുന്നു. ബന്ധുനിയമനത്തിൽ വിജിലൻസ് അന്വേഷണം വന്നതോടെ തൽക്കാലത്തേക്ക് പണിപോയി. പക്ഷേ, മാസങ്ങൾക്കുശേഷം വിജിലൻസ് ടിയാന് ക്ലീൻ ചിറ്റ് നൽകിയതോടെ വീണ്ടും മന്ത്രിയായി. ചുരുക്കത്തിൽ, ഇ.പി ആദ്യം കയ്ക്കും പിന്നെ മധുരിക്കും. ഇതാണ് അനുഭവം. അതിനാൽ, മുന്നണി വികസനവും ഇന്നല്ലെങ്കിൽ നാളെ മധുരമായ അനുഭവമായി മുന്നിൽവരുമെന്ന് പ്രതീക്ഷിക്കാം.

സപ്തതി പിന്നിട്ടപ്പോഴാണ് മുന്നണിയെ നയിക്കാനുള്ള യോഗം വന്നിരിക്കുന്നത്. നിലവിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമാണ്. ജയരാജന്മാർ വാഴുന്ന പാർട്ടിയിലെ ഗജരാജൻ എന്നാണ് പ്രതിയോഗികൾ പോലും വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാലും വിനയമാണ് മുഖമുദ്ര. പാർട്ടി സമ്മേളന സമയത്ത് പി.ബി അംഗമാകാൻ താൽപര്യമില്ലേ എന്ന ചോദ്യത്തിന്, തനിക്ക് അതിനുള്ള യോഗ്യതയില്ല എന്നതായിരുന്നു മറുപടി. എന്നുവെച്ച്, വർഗശത്രുക്കളോട് വിട്ടുവീഴ്ചയില്ല; വികസനത്തോടും. സിൽവർ ലൈനിനെ എതിർക്കുന്ന വലതുപക്ഷ വികസന വിരുദ്ധർ മന്ദബുദ്ധികളാണെന്നതാണ് ഏറ്റവും പുതിയ തീസിസിന്റെ തലവാചകം.

മുന്നണിയുടെ കൺവീനർ എന്ന നിലയിൽ ഇതുപോലുള്ള പുതിയ തീസിസുകൾ ഇനിയും പ്രതീക്ഷിക്കാം. 1980ൽ ഡി.വൈ.എഫ്.ഐ രൂപവത്കരിച്ചപ്പോൾ പ്രഥമ ദേശീയ പ്രസിഡൻറായി. 1987ൽ ആദ്യമായി അഴീക്കോട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. കന്നി അങ്കത്തിൽ എം.വി. രാഘവനോട് തോറ്റു. '91ൽ ഇതേ മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2011ലും '16ലും മട്ടന്നൂരിൽനിന്ന് നിയമസഭയിലെത്തി. മൂന്നാമൂഴത്തിൽ രണ്ട് തവണ മന്ത്രിയുമായി. കർഷക സംഘം സംസ്ഥാന പ്രസിഡൻറ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി, സി.പി.എം ജില്ല സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. ഭാര്യ പി.കെ. ഇന്ദിര. രണ്ട് മക്കൾ: ജെയ്സൺ, ജിജിൻരാജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV JayarajanLDF Convenercpm
News Summary - LDF Convener MV Jayarajan Political Career
Next Story