സംവരണം അട്ടിമറിക്കാൻ അനുവദിക്കരുത്
text_fieldsദേവസ്വം ബോർഡിൽ സവർണജാതിക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ശിപാർശയുമായി നരേന്ദ്ര മോദി ഗവൺമെൻറിൽ സമ്മർദം ചെലുത്താൻ പിണറായി സർക്കാർ അതീവ താൽപര്യത്തോടെ മുന്നോട്ടുപോകുന്നത് അത്യന്തം ഗൗരവമേറിയ വിഷയമാണ്.
സംവരണീയരായ പട്ടികജാതി-പട്ടികവർഗ, ഈഴവ, വിശ്വകർമജർ തുടങ്ങിയ സമുദായ സംഘടനകളുടെ ശക്തിയും ഐക്യവും തകർക്കുന്നതിന് സവർണ സമ്പന്നജാതിക്കാർ നേതൃത്വം കൊടുക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി, സി.പി.എം, കോൺഗ്രസ് എന്നീ പ്രസ്ഥാനങ്ങൾ ഒരു കുടക്കീഴിൽ നിന്നുകൊണ്ട് ജാതിസംവരണമുൾപ്പെടെയുള്ള ഭരണഘടനാവകാശങ്ങൾക്കെതിരായി വ്യാപകമായി പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സുപ്രീംകോടതിയിലെ ചില ജഡ്ജിമാരുടെ സംവരണത്തെക്കുറിച്ചുള്ള പരാമർശം പോറ്റിയുടെ കോടതിയിൽ പുലയന് നീതികിട്ടിെല്ലന്ന ആപ്തവാക്യം അന്വർഥമാക്കുന്നതാണ്.
ജാതിയടിസ്ഥാനത്തിൽ നിലനിൽക്കുന്ന സംവരണാവകാശത്തിെൻറ ഗുണഭോക്താക്കളാകാൻ കഴിഞ്ഞതുകൊണ്ടുമാത്രമാണ് പട്ടികജാതിക്കാർക്കും മറ്റനേകം കീഴാള ജനവിഭാഗങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തവും ഉദ്യോഗങ്ങളിൽ നിയമനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമായത്. ജാതിസംവരണത്തിെൻറ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ സംവരണവിരുദ്ധ പ്രസ്ഥാനങ്ങളിൽ അംഗങ്ങളായും അടിമകളുമായി വട്ടംചുറ്റിക്കൊണ്ടിരിക്കുന്ന ദുഃസ്ഥിതി കേരളത്തിൽ നിലനിൽക്കുകയാണ്. സവർണ ജാതി മേധാവിത്വം നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടികളോട് ഇത്രമാത്രം വിധേയത്വം വെച്ചുപുലർത്തുന്ന മാനസികാവസ്ഥ കേരളത്തിെൻറ ദുരന്തമാണ്. ജനസംഖ്യയിൽ 10 ശതമാനം വരുന്ന സവർണ ജാതി വിഭാഗങ്ങളിലെ കാൽഭാഗംപോലുമില്ലാത്ത, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുടെ പേരുപറഞ്ഞ് ജനസംഖ്യയിൽ 85 ശതമാനം വരുന്ന അവർണ ജനവിഭാഗങ്ങൾക്ക് ഭരണഘടനാപരമായി അവകാശപ്പെട്ട സംവരണം നിർത്തലാക്കണമെന്നാണ് ഇവർ പറയുന്നത്.
ചാതുർവർണ്യത്തിനും ജാതിവ്യവസ്ഥക്കുമെതിരായി പൊരുതി നേടിയെടുത്ത പ്രതിനിധാനാവകാശമായ സംവരണത്തിനെതിരെയുള്ള പടയൊരുക്കം ആർ.എസ്.എസ് അതിെൻറ രൂപവത്കരണ കാലഘട്ടത്തിൽതന്നെ തുടങ്ങിയതാണ്. സാമ്പത്തിക സംവരണവാദം പഞ്ചസാരയിൽ പൊതിഞ്ഞ ബ്രാഹ്മണിസമാണ്. നായന്മാർതൊട്ട് മേലോട്ടുള്ള ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യന്മാർ ജാതിവ്യവസ്ഥയുടെ കാരണങ്ങൾകൊണ്ട് ഒരുവിധത്തിലുമുള്ള പീഡനങ്ങൾക്കോ അയിത്തംപോലുള്ള ക്രൂരമായ അനാചാരങ്ങൾക്കോ വിധേയരായിട്ടില്ല. സാമൂഹികമായ അസമത്വങ്ങൾക്ക് വിധേയമാക്കപ്പെട്ടവരുമല്ല. ഭൂമിയും പദവികളും അധികാരങ്ങളും സമ്പത്തും ഇപ്പോഴും അവരുടെ ൈകയിലാണ്. എന്നാൽ, പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾ ബ്രാഹ്മണർ സൃഷ്ടിച്ച ചാതുർവർണ്യത്തിെൻറയും ജാതിവ്യവസ്ഥിതിയുടെയും ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചവരാണ്. ഇന്നും അത് തുടർന്നുകൊണ്ടിരിക്കുകയാണ്. അതിെൻറ തുടർച്ചയാണ് സംവരണവിരുദ്ധരുടെ പടയോട്ടം.
കേരളംപോലെ അപൂർവ സംസ്ഥാനങ്ങളൊഴിച്ച് രാജ്യത്തിെൻറ നിയന്ത്രണാധികാരത്തിലേക്ക് സംഘ്പരിവാർ ശക്തികൾ എത്തിച്ചേരുകയും
വികസനമെന്ന പുകമറക്കുള്ളിൽ അവരുടെ ഹിന്ദുത്വ അജണ്ടകൾ ഒന്നൊന്നായി നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിെൻറ പശ്ചാത്തലത്തിലാണ് പട്ടേൽ രാജാക്കന്മാർ നടത്തിയ സംവരണ പ്രക്ഷോഭം സൃഷ്ടിച്ച പ്രതിസന്ധിയിൽ സംവരണനയം പുനഃപരിശോധിക്കണമെന്നും ജാതിസംവരണം നിർത്തലാക്കണമെന്നും സംഘ്പരിവാർ നേതൃത്വം ഏകകണ്ഠമായി ഇപ്പോൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് ഏറ്റുപാടാൻ സി.പി.എം അമിതാവേശം കാണിക്കുകയാണ്. എങ്ങനെയാണ് സി.പി.എം പോലുള്ള പ്രസ്ഥാനത്തിെൻറയും ആർ.എസ്.എസ് പോലുള്ള ഹിന്ദുത്വ ഭീകരവാദ സംഘടനയുടെയും സംവരണനയം ഒന്നായിത്തീരുന്നത്? ആർ.എസ്.എസ് സൈദ്ധാന്തികനായ എം.ജി. വൈദ്യയെപ്പോലുള്ളവർ പ്രചരിപ്പിക്കുന്നതുപോലെ സംവരണം ആരുടെയെങ്കിലും സൗജന്യമല്ല. ജാതിവ്യവസ്ഥക്കെതിരായി അയിത്തജാതിക്കാർ പൊരുതിനേടിയ പ്രതിനിധാനാവകാശമാണ് സംവരണം. അത് നിർത്തലാക്കുന്നതിലൂടെ സംവരണീയ വിഭാഗങ്ങളെ, പ്രത്യേകിച്ചും പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങളെ അവരുടെ പൂർവികരുടെ കാലത്തേക്ക് തള്ളിവിടുകയാണ് ഇക്കൂട്ടർ ചെയ്യാൻ പോകുന്നത്. അതിനുള്ള ശ്രമങ്ങളാണ് സംവരണവിരുദ്ധരായ സംഘ്പരിവാർ ശക്തികളും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്. സംവരണ വിഷയത്തിൽ മാത്രമല്ല, നേരന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിലെ അയിത്തജാതിക്കാരെയും ന്യൂനപക്ഷങ്ങളെയും നിർദാക്ഷിണ്യം അടിച്ചമർത്തി ചുട്ടുകൊന്നുകൊണ്ടിരിക്കുന്നു. അതിെൻറ രൂക്ഷതയും വൈവിധ്യങ്ങളും നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിനെതിരായി ശക്തമായ പോരാട്ടങ്ങളും ചെറുത്തുനിൽപുകളും വ്യാപകമായി ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്.
മേൽജാതിക്കാരിലെ പാവപ്പെട്ടവർക്ക് കിട്ടണമെന്നതിെൻറ അടിസ്ഥാനത്തിലാണ് 10 ശതമാനം സാമ്പത്തിക സംവരണം ദേവസ്വം ബോർഡിൽ ഏർപ്പെടുത്തിയതെന്ന പിണറായി സർക്കാറിെൻറ വാദം കറകളഞ്ഞ ബ്രാഹ്മണവാദമാണ്. ദേവസ്വം ബോർഡുകളിലും സർക്കാർ ഉദ്യോഗങ്ങളിലും ജോലി ചെയ്യുന്നവരുടെ ജാതിതിരിച്ചുള്ള ലിസ്റ്റ് പിണറായി സർക്കാർ പുറത്തുവിടണം. യഥാർഥത്തിൽ എല്ലാവർക്കും സാമൂഹികനീതി കിട്ടണമെങ്കിൽ സംവരണം 100 ശതമാനമാക്കി ജനസംഖ്യാനുപാതികമായി ക്രമീകരിക്കുകയാണ് വേണ്ടത്. മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പ്രത്യേകമായി ഒരു സാമ്പത്തിക പാക്കേജിന് രൂപംകൊടുത്ത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. മുന്നാക്ക വിഭാഗ കോർപറേഷൻ അതിന് മുൻകൈയെടുക്കണം. അല്ലാതെ സാമ്പത്തികവും ജാതീയവുമായ മാനദണ്ഡങ്ങൾ കൂട്ടിക്കുഴച്ച് സംവരണംതന്നെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. സമത്വവും സാഹോദര്യവും ജനാധിപത്യവും സാമൂഹികനീതിയും വിജയിക്കണമെങ്കിൽ തുല്യനീതി നടപ്പാക്കേണ്ടതുണ്ട്.
കേരള ജനത പാർട്ടി
പ്രസിഡൻറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.