ഇടതുപക്ഷം ആരുടെ ഹൃദയപക്ഷത്താണ്?
text_fieldsദലിത്-പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷത്തെയും (പ്രേത്യകിച്ച് മുസ്ലിംകളെ) സംബന്ധിച്ച് 'ഇടതുപക്ഷം ഹൃദയപക്ഷം' എന്ന വാക്യം സൗന്ദര്യാത്മകം മാത്രമായ പ്രയോഗമാണെന്ന് വിവക്ഷിക്കുന്നത് അതിശയോക്തിയാവില്ല. ദീർഘകാലാടിസ്ഥാനത്തിൽ ദലിത്-മുസ്ലിം-പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശങ്ങളെ സമ്പൂർണമായി അട്ടിമറിക്കുന്നതാണ് മുന്നാക്കക്കാരിെല സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന സവർണർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയ ഇടതുപക്ഷത്തിെൻറ പ്രവൃത്തി. 97 ശതമാനം സവർണർ ഉദ്യോഗമണ്ഡലത്തിൽ വിരാജിക്കുന്ന ദേവസ്വം ബോർഡിെൻറ കോളജുകളിലും സ്കൂളുകളിലും 10 ശതമാനം വീണ്ടും സംവരണം സവർണർക്ക് നൽകിയതിലൂടെ ഇടതുപക്ഷമെന്ന് വ്യവഹരിക്കുന്നവരുടെ മുഖ്യപരിഗണന ദലിത് ജനവിഭാഗങ്ങളല്ല എന്നത് വ്യക്തമാണ്. ഫ്യൂഡൽ നാടുവാഴി സമ്പ്രദായത്തിൽ കൃഷിയിടത്തിൽ അധ്വാനിക്കുന്ന ദലിത്-പിന്നാക്ക വിഭാഗങ്ങൾക്ക് വിശപ്പ് മാറുന്നതിനു മാത്രം അന്നം നൽകി താൽക്കാലികമായ 'അതിജീവനം' മാത്രം ഉറപ്പുവരുത്തുന്ന പ്രക്രിയാവിശേഷത്തോടു വേണം 'കിറ്റ് രാഷ്ട്രീയ'ത്തെ താരതമ്യം ചെയ്യാൻ. ദീർഘകാലാടിസ്ഥാനത്തിൽ ദലിതർക്ക് പ്രയോജനം ചെയ്യുന്ന സംവരണവിഷയത്തിൽ വെള്ളം ചേർത്തും ആദിവാസികളുടെയും ദലിതരുടെയും ഭൂവിതരണ വിഷയത്തിൽ മൗനംപാലിച്ച് കേവലം കിറ്റ് മാത്രം നൽകി ഒരു ജനതയെ അതിജീവനത്തിെൻറയും തുല്യ ജനാധിപത്യത്തിെൻറയും മണ്ഡലത്തിലേക്ക് ഉയർത്താൻ സാധിക്കുമെന്ന ധാരണ ജനാധിപത്യ സങ്കൽപത്തെത്തന്നെ ചോദ്യംചെയ്യുന്ന ഒന്നാണ്.
ഭൂമിയുടെ മുകളിലുള്ള അധികാരം ദലിത്-ആദിവാസി വിഭാഗങ്ങളെ കൂടുതൽ മെച്ചപ്പെട്ട ആവാസവ്യവസ്ഥയിലേക്കും അതുവഴി ഉദ്യോഗ-അധികാര മണ്ഡലങ്ങളിലേക്കും പ്രവേശിക്കാനും മികച്ച ജീവിതാടിത്തറ സൃഷ്ടിക്കാനും സാധ്യമാക്കും. എന്നിരിക്കെ അത്തരം ജനവിഭാഗങ്ങളുടെ ഭൂവിഭവ അഭാവത്തെ കേവലം ഭവന അഭാവം മാത്രമാക്കി ചുരുക്കി ആകാശചേരികൾ സൃഷ്ടിച്ച് ഭൂവധികാരം ഒരുകാലത്തും ലഭ്യമാകാത്തവരായി നിലനിർത്താനാണ് ഹൃദയപക്ഷമെന്നു വ്യാഖ്യാനിക്കപ്പെടുന്ന ഭരണകൂടം ചെയ്യുന്നത്. ഉദ്യോഗ-അധികാരമണ്ഡലത്തിൽ സംവരണം അട്ടിമറിക്കുന്നതിലൂടെയും ദലിത് വിഭാഗങ്ങളുടെ ഭൂ അധികാരത്തെ/അവകാശത്തെ ഭവന അഭാവം പരിഹരിക്കുന്ന ഒന്നായി ചുരുക്കുന്നതിലൂടെയും കീഴാള ജനവിഭാഗങ്ങെള അടിമകളായിത്തന്നെ ചരിത്രത്തിൽ നിലനിർത്താനാണ് ശ്രമിക്കുന്നത്.
സംവരണവും ജനാധിപത്യവും
സാമ്പത്തികസംവരണമെന്ന കമ്യൂണിസ്റ്റ് താത്ത്വികാചാര്യനായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിെൻറ 'മാർക്സിസ്റ്റ് ചിന്ത'യുടെ പ്രയോഗരൂപമെടുത്ത സന്ദർഭമാണ് മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കമെന്ന അവസ്ഥക്ക് ഏർപ്പെടുത്തിയ സംവരണം. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ 2.5 ഏക്കറിലും മുനിസിപ്പൽ പ്രദേശങ്ങളിൽ 75 സെൻറിലും കോർപറേഷൻ പ്രദേശങ്ങളിൽ 50 സെൻറിൽ കൂടാൻ പാടില്ലാത്ത വിധത്തിലും ഭൂസ്വത്തുള്ളവരെയാണ് ഇടതുപക്ഷ ഭരണകൂടം സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരായി പരിഗണിക്കുന്നത്. പരിമിതമായ (പ്രത്യേകിച്ച് മൂന്നോ അതിൽ താഴ്ന്ന സെൻറിലോ) ഭൂമിയിൽ ആയിരക്കണക്കിന് കോളനികളിൽ ദലിത് വിഭാഗങ്ങൾ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുേമ്പാഴാണ് ഏക്കർകണക്കിന് വസ്തുവകകൾ െവച്ചനുഭവിക്കുന്ന സവർണവിഭാഗങ്ങൾക്ക് വർധിച്ച സംവരണം ഇടതുപക്ഷം ഏർപ്പെടുത്തുന്നത്. എയ്ഡഡ് കോളജുകളിലും സ്കൂളുകളിലും ഒരുവിധ സംവരണ മാനദണ്ഡങ്ങളും പാലിക്കാതെ നിയമനങ്ങൾ നടത്തപ്പെടുേമ്പാൾ മറ്റൊരു വിമോചനസമരത്തെ ഭയപ്പെടുന്ന ഇടതുപക്ഷം ജനകീയ ഭരണത്തെയാണോ അഥവാ സമുദായ ഭരണത്തെയാണോ ഉയർത്തിപ്പിടിക്കുന്നതെന്ന് സംശയിക്കേണ്ട സ്ഥിതിയാണ്. സഹോദരൻ അയ്യപ്പെൻറ വാക്കുകൾ ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്: ''ജനങ്ങളെ ഭരിക്കുന്ന ജനങ്ങളുടെ പ്രതിനിധികളാകണമെങ്കിൽ ഭിന്നസമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളിൽനിന്നും കഴിയുന്നതും ഉദ്യോഗസ്ഥന്മാരും നിയമസഭ അംഗങ്ങളും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ചില സമുദായങ്ങൾ മറ്റു സമുദായങ്ങളെ ഭരിക്കുന്നതായി വരും. അത് ജനകീയ ഭരണമല്ല. സമുദായ ഭരണമാണ്.'' എല്ലാ ജാതിവിഭാഗങ്ങൾക്കും ജനസംഖ്യാനുപാതിക സംവരണം ഉദ്യോഗമണ്ഡലങ്ങളിലുണ്ടായേ തീരൂ. എന്നാൽ, മാത്രമേ ജാതിനിർമാർജനം സാധ്യമാവൂ.
സംവരണമാണ് ദേശീയവാദമെന്നും സംവരണത്തിനെതിരായ ദേശീയവാദം മേൽജാതിക്കാർ നിക്ഷിപ്ത താൽപര്യ സംരക്ഷണാർഥം കൗശലപൂർവം ഉയർത്തുന്ന ജാതിസംരക്ഷണവാദം മാത്രമാണെന്നും സഹോദരൻ അയ്യപ്പൻ പറഞ്ഞുവെക്കുന്നുണ്ട്. സഹോദരൻ ഉൾപ്പെടുന്ന നവോത്ഥാനപാരമ്പര്യത്തിെൻറ പിന്തുടർച്ച അവകാശപ്പെടുന്ന ഇടതുപക്ഷം സാമ്പത്തിക നിർണയവാദത്തിെൻറ അടിസ്ഥാനത്തിൽ സംവരണതത്ത്വത്തെ പുനഃക്രമീകരിച്ചതിലൂടെ ഭരണഘടന ലക്ഷ്യമാക്കിയ സംവരണത്തിെൻറ സാമൂഹികനീതിയെയും നേവാത്ഥാന പാരമ്പര്യത്തെയുമാണ് അട്ടിമറിക്കുന്നത്.
ഇടതു സാംസ്കാരിക ചിന്ത ആരുടെ പക്ഷത്താണ്?
ഇടതുപക്ഷം അധികാരത്തിലേറിയശേഷം കേരളം കണ്ട ശബരിമല വിവാദത്തിൽ ലിംഗനീതിയുടെയും സാമൂഹിക ജനാധിപത്യത്തിെൻറയും പക്ഷത്ത് നിലയുറപ്പിച്ച ഭരണകൂടവും അതിെൻറ സാംസ്കാരിക ചിന്തകരും മുൻ നിലപാടിൽനിന്ന് ഏറെ വിദൂരത്താണ്. ശബരിമല വിഷയത്തിൽ നവോത്ഥാനപാരമ്പര്യത്തെ ഉയർത്തിപ്പിടിച്ചവരെന്ന് അഭിമാനിക്കുന്നവർ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ലിംഗനീതിയുടെ തത്ത്വവും ഭരണഘടന ധാർമികതയും പ്രസ്താവിക്കാൻ മടിക്കുന്നു. വിശ്വാസത്തിെനാപ്പമാണെന്ന് അടിവരയിട്ടുറപ്പിക്കുന്ന ഇടതുപക്ഷത്തിെൻറ സാംസ്കാരിക കാപട്യമാണ് ഇതിൽനിന്ന് വെളിവാകുന്നത്. തികച്ചും വിരുദ്ധധ്രുവങ്ങളിൽ നിലകൊള്ളുന്ന ഇത്തരം നിലപാടുകളുടെ താത്ത്വികാടിത്തറ വൈരുധ്യാത്മക ഭൗതികവാദമാണോ എന്ന് സംശയിച്ചാൽ അതിൽ അത്ഭുതത്തിന് അവകാശമില്ല. ഹിന്ദുത്വ ഫാഷിസത്തിെൻറ ബിംബങ്ങളെ മതേതരമാക്കി അവതരിപ്പിച്ച് പരിവാരരാഷ്ട്രീയത്തെ നേരിടാനൊരുങ്ങുന്ന ഇടതുപക്ഷ സാംസ്കാരിക ബുദ്ധിജീവികൾ ബ്രാഹ്മണ്യ-ലോകബോധത്തെയാണ് യഥാർഥത്തിൽ മതേതരത്വത്തിെൻറ ആടയാഭരണങ്ങൾ അണിയിച്ച് പൊതുമണ്ഡലത്തിൽ അവതരിപ്പിക്കുന്നത്. മതേതര രാമനെയും മതേതര കൃഷ്ണനെയും മതേതര മഹാഭാരതംതന്നെയും കേരളീയ പൊതുമണ്ഡലത്തിൽ നിക്ഷേപിക്കുന്ന സാംസ്കാരിക ബുദ്ധിജീവികൾ ബ്രാഹ്മണ്യത്തെ മതേതരവത്കരിച്ച് പൊതുസമൂഹത്തിൽ അവതരിപ്പിക്കുകയാണ്.
ദലിതരെയും മുസ്ലിംകളെയും സ്ത്രീകളെയും നിരന്തരം പീഡനങ്ങൾക്ക് വിധേയമാക്കിെക്കാണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥയുടെ താത്ത്വികാടിത്തറ രാമനും മഹാഭാരതവും രാമായണവും മറ്റുമാണെന്ന ചരിത്രപരമായ യാഥാർഥ്യത്തെ അഭിസംബോധന ചെയ്യാതെ ബ്രാഹ്മണ്യത്തിൽ വിപ്ലവം തേടുന്ന പ്രവൃത്തിയിലാണ് ഇടതുപക്ഷ ചിന്തകർ ഏർപ്പെട്ടിരിക്കുന്നത്. ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെ തെല്ലും പരിഗണിക്കാത്ത ഹൈന്ദവ ബ്രാഹ്മണ്യ മൂല്യമണ്ഡലത്തെ മതേതരമാക്കി മാറ്റാൻ പരിശ്രമിക്കുന്നവരുടെ ചിന്താപഥം ബ്രാഹ്മണ്യത്തിേൻറതാണ്, അതിൽ കുറഞ്ഞൊന്നുമല്ല. ഇത്തരത്തിൽ ബ്രാഹ്മണ്യ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിൻപറ്റുന്ന ഒരു മൂല്യമണ്ഡലം സംവഹിക്കുന്നതിനാലാണ് അതിെൻറ താത്ത്വികാചാര്യന്മാർക്ക് പുരസ്കാരവും ഭൂമിയും നൽകാനും ഭരണകൂടം നിർബന്ധിതമാവുന്നതും. രാമൻ എന്ന ബിംബത്തെ എത്രമേൽ കാരുണ്യവാനായി അവതരിപ്പിച്ചാലും പ്രസ്തുത ബിംബമാണ് മുസ്ലിംകളെയും ദലിതരെയും നിരന്തരം അറുകൊലകൾക്ക് വിധേയരാക്കുന്നതെന്ന ചരിത്രസത്യം നിലനിൽക്കുന്നു. സഹോദരൻ അയ്യപ്പെൻറ വാക്യം ഈ സന്ദർഭത്തിൽ സ്മർത്തവ്യമാണ്: ''അധഃകൃതർ ആവശ്യപ്പെടുന്നത് അവർക്ക് പറ്റിപ്പിടിച്ചുകിടക്കാനുള്ള പുതിയതരം അമ്മായിക്കഥകളോ അന്ധതകളോ ഏതെങ്കിലും പുതിയ പേരോ അല്ല.
പ്രത്യുത ഉയർന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരോടൊപ്പം സാമുദായികവും സാമ്പത്തികവുമായ അടിമത്തത്തിൽനിന്നുള്ള മോചനവും അവരുടെ മനുഷ്യത്വത്തിെൻറ അംഗീകരണവും പരിഷ്കാരത്തിെൻറ നേട്ടങ്ങളിൽ തുല്യാവകാശവും രാഷ്ട്രീയാവകാശങ്ങളുമാണ് അധഃകൃതർ ആവശ്യപ്പെടുന്നത്.'' അയ്യപ്പനെ മുൻനിർത്തി പറഞ്ഞാൽ ദലിതർക്കും പിന്നാക്കജാതി വിഭാഗങ്ങൾക്കും ആവശ്യം മതേതര രാമനെയോ മതേതര കൃഷ്ണനെയോ അല്ല, മറിച്ച് വേണ്ടത് തുല്യാവകാശങ്ങളും രാഷ്ട്രീയാവകാശങ്ങളുമാണ്. കേവലമായ സാമ്പത്തിക നിർണയത്തിെൻറ അടിസ്ഥാനത്തിൽ സവർണ സംവരണം നടപ്പാക്കിയും ദലിതർക്ക് ആകാശചേരികൾ വാഗ്ദാനം ചെയ്തും ജനാധിപത്യത്തെ കിറ്റ് രാഷ്ട്രീയം മാത്രമാക്കി ചുരുക്കുന്ന ഭരണകൂടയുക്തിയായി നിലകൊള്ളുന്ന ഇടതുപക്ഷം ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അധികാര-അവകാശങ്ങളുടെ സാംസ്കാരിക രാഷ്ട്രീയത്തെ ഉൾക്കൊള്ളുന്ന ഹൃദയപക്ഷമാണോ എന്ന് ആത്മവിമർശനപരമായും 'കേരളീയർ' പൊതുവിലും ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം മുതലായ ഉന്നത മൂല്യവാക്യങ്ങൾ പ്രവർത്തനക്ഷമമാവുന്നതിനും ജനാധിപത്യം കൂടുതൽ വിപുലമാവുന്നതിനും വിമർശനാത്മകമായ രാഷ്ട്രീയ ചോദ്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഈ ചോദ്യത്തെ അഭിമുഖീകരിക്കുേമ്പാൾ മാത്രമാണ് ഇടതുപക്ഷം ഹൃദയപക്ഷമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.