ലീഗിന്റെ മൊഞ്ചും സാന്താവിരോധികളുടെ ക്രിസ്മസ് പ്രണയവും...
text_fields'അനക്ക് മൊഞ്ചില്ലെന്ന് ആരാ പറഞ്ഞത്' എന്ന നടൻ ശ്രീനിവാസന്റെ ഡയലോഗ് പോലെയാണ് പൊടുന്നനെ മുസ്ലിം ലീഗിനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വന്ന വിവേകം. തന്റെ മുൻഗാമികൾ ലീഗിനെ വർഗീയപ്രസ്ഥാനമായി ചിത്രീകരിക്കാൻ നടത്തിയ ശ്രമങ്ങളെയൊക്കെ ഞൊടിയിടയിൽ അദ്ദേഹം വിസ്മൃതിയിലാക്കി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയെന്നോണം ലീഗ് വർഗീയപാർട്ടിയല്ലെന്നും ജനാധിപത്യബോധമുള്ള പ്രസ്ഥാനമാണെന്നുമുള്ള ഗുഡ് സർട്ടിഫിക്കറ്റാണ് ഗോവിന്ദൻ നൽകിയത്. സഖാവിന്റെ സർട്ടിഫിക്കറ്റ് യു.ഡി.എഫിൽ അങ്കലാപ്പും എൽ.ഡി.എഫിൽ ആശങ്കയുമുണ്ടാക്കി.
സംഘ്പരിവാർ അജണ്ടകളെ നേരിടാൻ മതേതരത്വ ഐക്യം എന്ന സി.പി.എം ദേശീയ നേതൃത്വത്തിന്റെ നിലപാടിന് പിന്തുണ നൽകുംവിധം ആലങ്കാരിക പ്രയോഗം നടത്തിയ ഗോവിന്ദനെ പൊതുസമൂഹം തെറ്റിദ്ധരിച്ചെന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റിനെ മുസ്ലിംലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചതാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു.
കുറച്ചുനാളായി തങ്ങൾക്ക് യു.ഡി.എഫിൽ അത്ര മാന്യത കിട്ടുന്നില്ലെന്ന തോന്നലിലായിരുന്ന ലീഗിന് സി.പി.എം സെക്രട്ടറിയുടെ പ്രശംസ അങ്ങ് ബോധിച്ചു. പക്ഷേ, അങ്ങനെയങ്ങ് സമ്മതിക്കുന്നതെങ്ങനെ. സർട്ടിഫിക്കറ്റിന് നന്ദി പറഞ്ഞെങ്കിലും മുന്നണിപ്രവേശനം തൽക്കാലം മനസ്സിൽവെച്ചാൽ മതിയെന്ന് പ്രതികരിച്ച് ലീഗ് നേതൃത്വം കൈയടി വാങ്ങി.
മുന്നണിയില്‍ ലീഗ് വന്നാല്‍ രണ്ടാംസ്ഥാനം നഷ്ടപ്പെടുമെന്ന് കാനത്തിന് ഭയമാണെന്ന് പറഞ്ഞ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 'ലീഗിനെപ്പറ്റി എം.വി. ഗോവിന്ദന് പറഞ്ഞത് കേരളത്തിന്റെ മൊത്തം അഭിപ്രായമാണെന്നും എൽ.ഡി.എഫിലേക്ക് പോകേണ്ട സാഹചര്യം ഇപ്പോള്‍ ലീഗിന് മുന്നിലില്ലെന്നും പറഞ്ഞ് മാതൃക കാട്ടി.
പക്ഷേ, ഗോവിന്ദന്റെ പ്രസ്താവന ശരിക്കും കുഴക്കിയത് കോൺഗ്രസിനെയാണ്. ശശി തരൂരിന്റെ 'കേരള ജോഡോ യാത്ര' സൃഷ്ടിച്ച ക്ഷീണത്തിൽനിന്ന് മുക്തരായിട്ടില്ലാത്ത കെ. സുധാകരനും വി.ഡി. സതീശനും ഇനിയൊരു അടികൂടി താങ്ങാവുന്ന അവസ്ഥയിലല്ല.
അതിനാലാണ് ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ വി.ഡി. സതീശൻ ചാടിപ്പുറപ്പെട്ടത്. സി.പി.എമ്മിന്റെ പരിപ്പ് ഇവിടെ വേവില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും പറഞ്ഞ് സതീശൻ ആ പ്രസ്താവനയെ തള്ളി. എന്നാൽ, ഗവർണർ വിഷയത്തിലുൾപ്പെടെ ലീഗ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് മാറ്റിയെന്നതിലെ പ്രശംസ മാത്രമായിരുന്നു ഗോവിന്ദൻ ഉദ്ദേശിച്ചതെന്ന വിശദീകരിച്ച് വിഷയം വഴിമാറ്റാൻ സി.പി.എം കേന്ദ്രങ്ങളും ശ്രമിച്ചു.
പക്ഷേ, ഈ വിശദീകരണം സി.പി.ഐക്ക് അത്ര ദഹിച്ചില്ല. അനവസരത്തിലുള്ള പ്രതികരണമാണ് ഗോവിന്ദൻ നടത്തിയതെന്നും മുന്നണി വിപുലീകരണം അജണ്ടയിലില്ലെന്നും വ്യക്തമാക്കിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ആ പ്രസ്താവന മുന്നണിക്ക് എന്ത് ഗുണമുണ്ടാക്കിയെന്ന ചോദ്യവും ഉന്നയിച്ചു.
കാനത്തിന് മറുപടി നൽകാതെ ഗോവിന്ദൻ ഒഴിഞ്ഞുമാറിയെങ്കിലും ഗോവിന്ദന്റെ വാക്കുകൾ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചെന്ന പ്രതീതിയുണ്ടാക്കിയെന്ന് സി.പി.എം സെക്രട്ടേറിയറ്റും വിലയിരുത്തി. ഇനി ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്നും എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാനും തീരുമാനിച്ചു.
അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സെക്രട്ടറി പാർട്ടി പത്രത്തിൽ താൻ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിച്ചതും. എന്തായാലും ലീഗ് എൽ.ഡി.എഫിലേക്ക് എത്തുന്നതിൽ സി.പി.എമ്മിന് വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നുവേണം ഈ പ്രതികരണങ്ങൾ കൂട്ടിവായിച്ച് മനസ്സിലാക്കാൻ. പക്ഷേ, അത് കോൺഗ്രസിനെയും സി.പി.ഐയെയും അടിമുടി അങ്കലാപ്പിലാക്കുന്നുണ്ട് താനും.
ലീഗ് കൂടി പോയാൽ യു.ഡി.എഫിന്റെ ഗതി എന്താകുമോ എന്തോ. അതുപോലെയാണ് എൽ.ഡി.എഫിൽ രണ്ടാമനായി നിൽക്കുന്ന സി.പി.ഐയുടെ അവസ്ഥയും. കേരള കോൺഗ്രസ്-എം വന്നതോടെ അങ്കലാപ്പിലായ സി.പി.ഐക്ക് ഇനിയൊരു ഷോക്ക് കൂടി താങ്ങുക പ്രയാസം.
അങ്ങനെ മുന്നണി വിപുലീകരണ വിഷയം എൽ.ഡി.എഫിൽ ചർച്ചയാകുമ്പോൾ കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള പതിവ് ഗവേഷണത്തിലാണ് ബി.ജെ.പി. ശബരിമല ഉയർത്തി ഹിന്ദു വോട്ടുകളും ക്രിസ്മസ് സമ്മാനപ്പൊതികളുമായി ക്രിസ്ത്യൻ വോട്ടുകളും അടിച്ചുകൂട്ടാനാകുമെന്ന കണക്കുകൂട്ടലിലാണവർ. മുമ്പ് ശബരിമല യുവതീപ്രവേശന വിഷയം ഉയർത്തി അക്രമാസക്ത പ്രതിഷേധങ്ങൾ നടത്തിയെങ്കിലും കാര്യമായ വോട്ട് നേടാനായില്ല; അന്നത്തെ എടപ്പാൾ ഓട്ടത്തിന്റെ നാണക്കേട് ഇപ്പോഴും മാറിയിട്ടുമില്ല.
ഇപ്പോൾ ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളോട് സർക്കാർ അവഗണന കാട്ടുന്നെന്ന ആക്ഷേപം ഉയർത്തി പ്രക്ഷോഭങ്ങളിലേക്ക് വീണ്ടും ഇറങ്ങാനാണ് നീക്കം. കഴിഞ്ഞ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുവതീപ്രവേശന വിഷയം ഉയർത്തി പ്രചാരണം നടത്തിയെങ്കിലും അതിന്റെ ഗുണംകിട്ടിയത് യു.ഡി.എഫിനാണ്. ഇക്കുറി അത്തരത്തിൽ വോട്ട് ചോരാത്ത രീതിയിലുള്ള പദ്ധതികളാണ് ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്.
ഹിന്ദുവോട്ട് കൊണ്ട് മാത്രം കാര്യമില്ല. മുസ്ലിംവോട്ട് കിട്ടത്തുമില്ല. അപ്പോൾ ക്രൈസ്തവരെ എങ്ങനെയെങ്കിലും ചാക്കിലാക്കിയാലേ ഗുണമുള്ളൂ. പക്ഷേ, വിഴിഞ്ഞം സമരത്തിനെതിരെ നടത്തിയ ദേശദ്രോഹി വിളികൾ ലത്തീൻ വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെടുത്തും.
അതിന് പരിഹാരം കാണാൻ മറ്റ് ക്രൈസ്തവ സഭകളെ അടുപ്പിച്ചുനിർത്തുകയാണ് മാർഗം. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കാലത്ത് സാന്താക്ലോസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പാർട്ടിക്കാർ ഇക്കുറി ക്രൈസ്തവ ഭവനങ്ങളിലേക്ക് അപ്പപ്പൊതികളുമായി യാത്ര നടത്താൻ തീരുമാനിച്ചത് ആ വോട്ടുകൾ ഏതുവിധേനയും കൈയെത്തിപ്പിടിക്കണം എന്ന ലക്ഷ്യത്തോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.