മതേതര ഇടതുപക്ഷത്തോട് മതത്തിന് പറയാനുള്ളത്
text_fieldsപലരുമിന്ന് വിചാരിക്കുന്നത് മതേതരത്വം 19ാം നൂറ്റാണ്ടോടെ പുറത്തുനിന്നാരോ നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്തു എന്നാണ്. യഥാർഥത്തിൽ മതേതരത്വം നമ്മൾ താഴെതട്ടിൽ പരസ്പരം ജീവിച്ചുണ്ടാക്കിയ ഒരനുഭവത്തിെൻറ പേരാണ്. മതത്തിന് അപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരാശ്രിതത്വത്തിൽ കൈകോർത്തപ്പോൾ രൂപപ്പെട്ടുവന്ന ജീവിതസംസ്കാരമാണത്. മതവിശ്വാസത്തിനകത്ത് മതേതരത്വം പുലർത്താൻ കഴിഞ്ഞ ഈ പാരമ്പര്യത്തെ സാമൂഹികചരിത്രത്തിൽനിന്ന് കണ്ടെടുക്കാനോ അഭിവാദ്യം ചെയ്യാനോ മതേതര ഇടതുപക്ഷത്തിനാകുന്നില്ല. തന്മൂലം സംഘ്പരിവാറിെൻറ അധീശ മത സംസ്കാരത്തെയും ഇന്ത്യ എക്കാലവും പ്രതിനിധാനം ചെയ്ത മതസഹിത മതേതരത്വത്തെയും വേർതിരിച്ചു വായിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കുമാകുന്നില്ല. ഭൂരിപക്ഷ വർഗീയത സമം ന്യൂനപക്ഷ വർഗീയത എന്ന സമീകരണയുക്തിയിൽ സി.പി.എം തളച്ചിടപ്പെടുന്നത് അതുകൊണ്ടാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം സാമൂഹികസംഘടനകൾക്ക് കീഴിൽ മതേതര-ജനാധിപത്യ ഉള്ളടക്കത്തോടുകൂടി നടത്തപ്പെടുന്ന പ്രക്ഷോഭങ്ങളെ വർഗീയമെന്ന് മുദ്ര ചാർത്താനുള്ള സി.പി.എം ശ്രമം അതിെൻറ ഭാഗമാണ്. മതവിശ്വാസിക്ക് ഒരിക്കലും മതേതരവാദിയാകാൻ കഴിയില്ല എന്ന പടിഞ്ഞാറൻ കൊളോണിയൽ യുക്തിതന്നെയാണ് പാർട്ടിയുടെ സൈദ്ധാന്തികവ്യായാമങ്ങളിൽ പ്രകടമാകുന്നത്.
ഇടതുപക്ഷപ്രയോഗങ്ങളിലെ പ്രബലമായ വൈരുധ്യങ്ങളിൽ ഒന്ന് പ്രാഥമികമായി അത് സവർണവും രണ്ടാമതായി ആധുനികവുമാണ് എന്നതാണ്. അതിനാൽ മതേതര ആധുനികരുടെ ഇസ്ലാം വിമർശനങ്ങൾക്ക് എപ്പോഴും സവർണതയുടെ നിലപാട് തറയുണ്ടാകും. അവർക്ക് ഇസ്ലാമിെൻറ ചിഹ്നങ്ങളും സംസ്കാരങ്ങളും വെച്ചുപൊറുപ്പിക്കാൻ സാധിക്കുകയില്ല. മതേതരത്വമുദ്രാവാക്യങ്ങൾക്ക് എത്രമാത്രം വീറു കൂടുന്നുവോ അതിനനുസൃതമായി അവരുടെ പൂച്ച് പുറത്തുചാടും.
മതനിരപേക്ഷതയുടെ നടത്തിപ്പുകാരായി സ്വയം പരിഗണിച്ചുവരുന്ന ഈ ഇടതുപക്ഷ ബുദ്ധിജീവികൾക്ക് മതേതരത്വമെന്നത് ഇസ്ലാം വിമർശനത്തിനുള്ള ടൂൾ മാത്രമാണ്. ന്യൂനപക്ഷങ്ങളോടുള്ള മതേതര ഐക്യദാർഢ്യത്തോടുപോലും സഹിഷ്ണുതാപൂർവം സംവദിക്കാൻ അവർക്ക് സാധിക്കാറില്ല. ഇന്ത്യയിലെ മതേതര ഇടപെടലുകൾ എപ്പോഴും ന്യൂനപക്ഷപ്രീണനമായാണ് മാറുന്നതെന്നും, ലോകാടിസ്ഥാനത്തിൽ ശക്തി പ്രാപിച്ചു വരുന്ന ‘മുസ്ലിം തീവ്രവാദം’ ഇന്ത്യയിലേക്കും പടരുന്നുണ്ടെന്നും ഇതിനെതിരായ പോരാട്ടമാണ് പ്രാഥമിക പടിയായി വേണ്ടതെന്നുമാണ് അവരുടെ വാദം. ഹിന്ദുത്വരാഷ്ട്രീയത്തിെൻറ സൈദ്ധാന്തികസംരക്ഷകരും സവർണതയുടെ കാർമികത്വം വഹിക്കുന്നവരുമായ ഈ മധ്യവർഗ മതേതര ബുദ്ധിജീവികളുടെ സിദ്ധാന്തശാഠ്യങ്ങൾക്ക് കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് അംഗീകാരം കിട്ടുന്നുവെന്നതിെൻറ തെളിവാണ് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട മുസ്ലിം സാമൂഹിക സംഘാടനത്തോടുള്ള കലി. കേരളത്തിലെ ഇസ്ലാമിെൻറ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന് പ്രതിസന്ധികൾ തീർക്കുന്ന ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം ഈ ഭൂമികയിലാണ് തഴച്ചുവളരുന്നത്. ഹിന്ദുത്വ ഫാഷിസത്തിന് പ്രത്യക്ഷത്തിൽ തോൽവി സംഭവിക്കുമ്പോഴും അതിെൻറ സാംസ്കാരികമൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും മുസ്ലിം രാഷ്ട്രീയപ്രകാശനങ്ങളെല്ലാം വർഗീയതയായി മുദ്രകുത്തി മാറ്റിനിർത്തുന്ന മതേതരത്വസമീപനം ഇതിെൻറ തന്നെ ഭാഗമാണ്.
പൗരത്വവിഷയത്തിലുള്ള പ്രക്ഷോഭങ്ങളിലെ മുസ്ലിംചിഹ്നങ്ങളും ‘അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാ’ മുദ്രാവാക്യങ്ങളുമാണ് ഏറ്റവും വലിയ അപകടമായി സി.പി.എം ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്. ഒരു കാലത്ത് തങ്ങളുടെ രാഷ്ട്രീയ സംഘാടനത്തിന് ഇതേ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും നിർബാധം ഉപയോഗിച്ചാണ് ഇടതുപക്ഷം വളർന്നു പന്തലിച്ചത് എന്നതാണ് കേരള ചരിത്രം. 1939 ൽ കെ. ദാമോദരെൻറ നേതൃത്വത്തിൽ പൊന്നാനിയിലെ ബീഡികമ്പനി സമരത്തിൽ മുഴങ്ങിയ മുദ്രാവാക്യം ഇങ്ങനെ: ‘‘അല്ലാഹു അക്ബർ, അല്ലാഹു അക്ബർ/ഇങ്കിലാബ് സിന്ദാബാദ്, ജോലി വിയർപ്പുകൾ വറ്റും മുമ്പ്/കൂലി കൊടുക്കണമെന്ന രുൾചെയ്തോൻ, കൊല്ലാകൊലകളെതിർക്കും നബി/സല്ലല്ലാഹു അലൈ വസല്ലം.’’
സമാനമായി എടുത്തുകാട്ടാൻ കഴിയുന്നതാണ് 1946ൽ പെരിന്തൽമണ്ണയിൽ വെച്ച് എ.കെ.ജി നടത്തിയ പ്രസംഗം. ചരിത്രപ്രധാനമായ ഈ പ്രഭാഷണം കാരണമായി അദ്ദേഹം അറസ്റ്റിലാകുകയും ആ തടവുശിക്ഷ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷവും നിലനിൽക്കുകയും ചെയ്തു. ഇസ്ലാമിെൻറയും മുസ്ലിംകളുടെയും പോരാട്ട വീര്യങ്ങളെ പ്രകീർത്തിച്ച് അവരുടെ വ്യതിരിക്തമായ സമരാർജവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രസ്തുത പ്രസംഗം സമകാലിക അന്തരീക്ഷത്തിൽ ഇടതുപക്ഷ രാഷ്ട്രീയവക്താക്കൾ ഒന്നുകൂടി കേൾക്കേണ്ടതാണ്.
‘ഇരുപത്തഞ്ച് വർഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തിൽനിന്ന് ഒരു സാധാരണ മുസ്ലിമായ ആലി മുസ്ലിയാർ ബ്രിട്ടീഷ് ഭരണത്തിനും അനീതിക്കും അടിമത്തത്തിനും എതിരെ കേരളത്തിൽ ഒരു മഹാ സമരം നടത്തി. ഈ രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് ഗവൺമെൻറിനെതിരെ ആർക്കെങ്കിലും ശക്തമായ സമരം നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, നിശ്ചയദാർഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുവെങ്കിൽ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിംകർഷകർക്കാണ്. അവർ വെള്ളപ്പട്ടാളത്തിെൻറ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂർവം നേരിട്ടു. അതൊക്കെ അവർ പുൽക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്മാരെ എങ്ങനെയാണ് നിങ്ങൾക്ക് മറക്കാനാവുക?’ എന്നു പറഞ്ഞു തുടങ്ങുന്ന എ.കെ.ജി, അഹിംസയുടെ തത്ത്വത്തിൽ ഊന്നി മലബാർസമരത്തെ കൈയൊഴിഞ്ഞ ദേശീയപ്രസ്ഥാനത്തെ പരിഹസിക്കുന്നുമുണ്ട്.
‘ഇരുപത്തൊന്നിലെ സായുധസമരത്തെക്കുറിച്ച് പറയുമ്പോൾ അഹിംസക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കോൺഗ്രസ് സുഹൃത്തുക്കളോട് ഞാൻ ചോദിക്കട്ടെ, എന്തായിരുന്നു ആഗസ്റ്റ് വിപ്ലവം? അത് വയർലെസ്കമ്പി മുറിക്കലും റെയിൽ തകർക്കലുമായിരുന്നില്ലേ? അതുപോലെ ഉദ്യോഗസ്ഥരുടെ അതിക്രമത്തെയും ചെറുത്തു. അവരിൽ പലരും മരിച്ചു. അത് അഹിംസയാണോ? പണ്ഡിറ്റ് നെഹ്റു പോലും പറയും, നാം ആഗസ്റ്റ് ഓർക്കണമെന്ന്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരമായി ആഗസ്റ്റ് വിപ്ലവത്തെ കോൺഗ്രസ് ഗണിക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഇരുപത്തൊന്നിലെ കലാപത്തെ പാർട്ടി സ്മരിക്കുന്നില്ല? ആ സമരത്തെ മാപ്പിള കലാപം, മലബാർ കലാപം എന്നൊക്കെ പറയാൻ ചില കാരണങ്ങളൊക്കെയുണ്ട്. ആയിരക്കണക്കിന് മുസ്ലിംകൾ രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനു വേണ്ടി മരിക്കാൻ തയാറായപ്പോൾ മുസ്ലിംവിരുദ്ധ ചിന്തയുള്ളവർ അങ്ങനെയങ്ങ് പറയാൻ തുടങ്ങിയതാണ്’. ഇസ്ലാമിെൻറ സാമൂഹികസംഘാടനത്തോട് ഇത്തരത്തിൽ രചനാത്മകമായി ഐക്യദാർഢ്യപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി പക്ഷേ, പിൽക്കാലത്ത് വർഗവിശകലനങ്ങളുടേതായ മുരട്ടുവാദങ്ങളിലാണ് ചെന്നെത്തിയത്. അതുകൊണ്ടുതന്നെ, സക്രിയമായ ഇസ്ലാമികചലനങ്ങളെ ശരിയാംവിധം അഭിവാദ്യം ചെയ്യാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.
ആധുനികമല്ലാത്തതും മതത്തിെൻറ ഓരം ചാരി നിൽക്കുന്നതുമായ മുഴുവൻ രാഷ്ട്രീയ സാമൂഹികവ്യവഹാരങ്ങളും അത്യന്തം പ്രതിലോമപരമാണെന്നാണ് ഇടതുപക്ഷം വിശ്വസിച്ചതും പ്രചരിപ്പിച്ചതും. സെക്കുലർ മോഡേണിറ്റി എന്ന പേരിൽ വളർന്നു വികസിച്ച സവർണവും സുവർണവുമായ സാംസ്കാരികാഭിജാത്യം മൂലം തലക്കനം കൂടിയ ഇടതുപക്ഷം ഇസ്ലാമിെൻറ സാമൂഹിക സംഘടനകളെ അസ്പൃശ്യരാക്കി മാറ്റിനിർത്തി. അതിനാൽ, സാമൂഹിക മണ്ഡലങ്ങളിൽ കാഴ്ചപ്പെടുന്ന ഇസ്ലാമിെൻറ മതാധിഷ്ഠിത ആക്ടിവിസങ്ങളെ ‘മതവർഗീയത’ എന്ന് നികൃഷ്ടവത്കരിക്കാനാണ് സി.പി.എം തുനിഞ്ഞത്. ‘മതരാഷ്ട്രവാദ’ മെന്നത് ഇസ്ലാമോഫോബിയയുടെ വളക്കൂറുള്ള കേരളമണ്ണിൽ ഇടതുപക്ഷം ചെല്ലും ചെലവും കൊടുത്ത് വളർത്തിയെടുത്ത ആശയമാണ്. ഹിന്ദുത്വരാഷ്ട്രീയം നടത്തിപ്പുകാരായിട്ടുള്ള കേന്ദ്ര ഭരണകൂടത്തിെൻറ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ യാഥാർഥ്യത്തിെൻറ മുന്നിൽപോലും ഇസ്ലാമിക രാഷ്ട്രമെന്ന വാക്കിനെ ഭീതിപരത്തുന്ന വിധത്തിൽ പ്രചരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്തെടുക്കാനാണ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. മുസ്ലിം രാഷ്ട്രീയ സംഘാടനത്തെക്കുറിച്ച അപസർപ്പകകഥകൾ പ്രചരിപ്പിച്ച് ഹിന്ദുത്വ ശബ്ദങ്ങൾക്ക് മുഴക്കം നൽകുകയും സാമാന്യ ഹിന്ദു ജനതയെ ഭയപ്പെടുത്തുകയുമാണ് ഈ പ്രചാരണംകൊണ്ട് ലക്ഷ്യമാക്കുന്നത്. ആധുനികതയുടെയും ദേശീയതയുടേതുമായ ആത്യന്തികവാദങ്ങൾ പടച്ചുവിട്ട അപരങ്ങളെല്ലാം കൂടുതൽ ദൃശ്യവത്കരിക്കപ്പെടുന്ന മാറിയ ലോകത്ത് ഇസ്ലാം സ്വന്തം നിറക്കൂട്ടിൽ വിമോചനത്തെ സ്വപ്നം കാണുന്നു എന്നതാണ് സി.പി.എമ്മിന് അസ്വസ്ഥതയാകുന്നത്.
സ്വന്തം സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും തിരക്കഥ മതേതര- ജനാധിപത്യ ഉള്ളടക്കത്തോടുകൂടി മുസ്ലിംരാഷ്ട്രീയം സ്വയം രചിച്ചുകൊണ്ടിരിക്കുകയാണ്. പാരമ്പര്യമായി കൊണ്ടുനടക്കുന്ന തങ്ങളുടെ രാഷ്ട്രീയ വിഷയീസ്ഥാനം അട്ടിമറിക്കപ്പെടുന്നു എന്ന ഈ യാഥാർഥ്യമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുസ്ലിം രാഷ്ട്രീയ വിമർശനത്തിൽ ഉള്ളടങ്ങിയിട്ടുള്ളത്. അതുകൊണ്ട്, മാറിയ ജനസഞ്ചയത്തിെൻറ മുദ്രാവാക്യങ്ങൾ തിരിച്ചറിഞ്ഞ് ‘കമ്യൂണിസ്റ്റ് കന്യകാത്വം’ കുടഞ്ഞെറിഞ്ഞു പുറത്തു കടന്നാൽ മാത്രമേ കമ്യൂണിസ്റ്റ്പാർട്ടിക്ക് മതവുമായും മുസ്ലിം ന്യൂനപക്ഷവുമായും സംവാദം സാധ്യമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.