ഇടതുപക്ഷവും മുസ്‌ലിം വാര്‍പ്പുമാതൃകകളും
text_fieldsമുസ്‌ലിം രാഷ്ട്രീയം മാത്രമായല്ല, പുതിയ ജനാധിപത്യത്തിെൻറ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന കീഴാള ഉള്ളടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി സ്വയം വിശദീകരിക്കുന്ന പാർട്ടിയാണ് െവൽെഫയർ പാർട്ടി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് 'ദേശാഭിമാനി' നവംബര്‍ 29ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വ്യാപകമായ ചര്‍ച്ചകൾക്ക് വിധേയമായിരിക്കുകയാണ്.
സ്വയം പ്രതിനിധാനം ചെയ്യാൻ വെൽഫെയർ പാർട്ടിക്ക്അവകാശമുണ്ട്. എന്നാൽ, മുസ്‌ലിംകൾ സാധാരണ ധരിക്കുന്ന തൊപ്പിയിട്ട്, യന്ത്രത്തോക്കുമായി യു.ഡി.എഫ് കൺവീനർ എം.എം. ഹസെൻറ മടിയിലിരിക്കുന്ന വെല്‍ഫെയര്‍ പാർട്ടിയുടെ ചിത്രം ഇസ്‌ലാമിനെക്കുറിച്ച വാര്‍പ്പുമാതൃകകളില്‍നിന്ന് വിമുക്തമാണോ? ഇടതുപ്രസ്ഥാനമായ സി.പി.എം അകപ്പെട്ടിട്ടുള്ള ഇസ്‌ലാമോഫോബിക് ഭാവനയുടെ പ്രശ്നം ഇതിലുണ്ട്. പുതിയ കാലത്തെ മുസ്‌ലിം പ്രതിനിധാന പ്രശ്നത്തിൽ സി.പി.എം അടക്കമുള്ള ഇടതുപ്രസ്ഥാനങ്ങളുടെ ആശയക്കുഴപ്പങ്ങളും അജ്ഞതയും അതിവിപുലമാണ്.
ഹാർവഡ് സര്‍വകലാശാല പുറത്തിറക്കിയ 'ഫ്രെയിമിങ് മുസ്‌ലിംസ്: സ്റ്റീരിയോ ടൈപിങ് ആൻഡ് റപ്രസേൻറഷൻ ആഫ്റ്റർ 9/11' എന്ന പഠനത്തിൽ പീറ്റര്‍ മൊറെയും അമീന യഖീനും ഉന്നയിക്കുന്ന ചില നിരീക്ഷണങ്ങൾ ഈ സാഹചര്യത്തിൽ പ്രസക്തമാണ്. വസ്തുനിഷ്ഠതയുടെ തലത്തിൽ മാത്രമല്ല 'ദേശാഭിമാനി'യുടെ കാര്‍ട്ടൂണ്‍ ഒരു പ്രതിനിധാനം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. മറിച്ച്, മുസ്‌ലിം വിരുദ്ധതയിൽ ഊട്ടിയുറപ്പിച്ച സാമ്രാജ്യത്വ-വംശീയ-മത മുന്‍വിധികളുമായി കണ്ണിചേര്‍ത്താണ് മുസ്‌ലിം പ്രതിനിധാനത്തെ പൊതുഭാവന, വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും ആസ്വദിക്കുന്നതും.
ചില മുസ്‌ലിംകളുടെ 'യഥാർഥ' ജീവിതത്തെക്കുറിച്ചല്ല, അവര്‍ എങ്ങനെയാണ് ഒരു രാഷ്ട്രീയപ്രശ്നമായി മാധ്യമങ്ങളിലും ജനപ്രിയ വ്യവഹാരങ്ങളിലും വിവരിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചാണ് 'ദേശാഭിമാനി'യുടെ കാര്‍ട്ടൂൺ, ഒരു സൂചകം എന്ന നിലയിൽ സംസാരിക്കുന്നത്. മുസ്‌ലിംകളെമാത്രം മതവത്കരിച്ചും ആയുധമണിയിച്ചും ശിശുവത്കരിച്ചും സംശയത്തിെൻറ മുനയിൽ നിർത്തിയും നടത്തുന്ന ഈ പ്രതിനിധാന ഹിംസ ചെറുക്കപ്പെടേണ്ടതുണ്ട്. മാധ്യമവിവരണങ്ങള്‍ മുസ്‌ലിംകളെ എങ്ങനെ പരുവപ്പെടുത്തുന്നു, അവരെ സവിശേഷമായ പ്രതിനിധാനങ്ങൾക്കുള്ളിൽ കുരുക്കിയിടുന്നു എന്നതാണ് അടിയന്തരചര്‍ച്ചക്കു വിധേയമാകേണ്ട രാഷ്ട്രീയ പ്രശ്നം. ഏതു മുസ്‌ലിം ഉള്ളടക്കമുള്ള പ്രസ്ഥാനവും പ്രതിനിധാന ചരിത്രത്തിെൻറ ഭാഗമായിത്തീരാവുന്ന അർഥത്തിൽ സങ്കീർണമാണ് ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം.
വാര്‍പ്പുമാതൃകകൾ ചെയ്യുന്നതെന്ത്?
മുസ്‌ലിംകൾ എപ്പോഴും മറ്റുള്ളവരാല്‍ പ്രതിനിധാനം ചെയ്യപ്പെടുകയാണെന്നും അവരുടെ സംസാരിക്കാനുള്ള അവകാശവും സ്വയം പ്രതിനിധാനവും സാമ്രാജ്യത്വ - വംശീയ അജണ്ടക്ക് അനുസരിച്ച് തീരുമാനിക്കപ്പെടുന്നു എന്നുമാണ് മേൽ കൃതിയിൽ പീറ്റര്‍ മൊറെയും അമീന യഖീനും വാദിക്കുന്നത്. നല്ല ദേശരാഷ്ട്രം, നല്ല സമൂഹം, അതിനെ തകര്‍ക്കുന്ന മുസ്‌ലിം രാഷ്ട്രീയം എന്ന വാർപ്പുമാതൃക ലിബറൽ ദേശരാഷ്ട്രങ്ങൾ സൃഷ്‌ടിച്ച വലിയ ജനാധിപത്യപ്രതിസന്ധികളെ അദൃശ്യമാക്കുകയും ആയുധമേന്തിയ മുസ്‌ലിം ശത്രു എപ്പോഴും 'പുറത്തുണ്ട്' എന്ന ഭീതി വികസിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഇരുവരും നിരീക്ഷിക്കുന്നത്.
നവ-അധിനിവേശ രാഷ്ട്രീയം സൃഷ്‌ടിച്ച സാമ്പത്തിക/സാംസ്കാരിക/രാഷ്ട്രീയാധിപത്യത്തെ മറച്ചുപിടിക്കാന്‍ സ്വീകരിക്കപ്പെട്ട ഏറ്റവും ആയാസകരമായ വഴി കൂടിയാണ് ശീതയുദ്ധാനന്തരം ഉൽപാദിപ്പിക്കപ്പെട്ട ഇസ്‌ലാമോഫോബിയ. സമൂഹത്തിെൻറ അടിത്തട്ടില്‍ കിടക്കുന്ന വിഭാഗങ്ങളെ പരസ്പരം ഭീതിയില്‍ നിലനിർത്താനും അതുവഴി ഭരണകൂടം, രാഷ്ട്രീയ വ്യവസ്ഥ എന്നിവയെക്കുറിച്ച് സാധ്യമാവുന്ന പുതിയ സംഭാഷണങ്ങളെ തടയാനും കഴിയുന്നുവെന്നതാണ് ഇതിെൻറ മറ്റൊരു ആഘാതം.
സോവിയറ്റ് ഭീതി അവസാനിച്ച തൊണ്ണൂറുകളിൽനിന്നു വ്യത്യസ്തമായി, 9/11നു ശേഷം വന്ന പ്രധാനമാറ്റം ഇസ്‌ലാം ഭീതി എന്നത് വലതുപക്ഷ മാധ്യമലോബികൾ മാത്രമല്ല, ചില ഇടതു-ലിബറൽ മാധ്യമങ്ങൾകൂടി ചേർന്നാണ് പ്രചരിപ്പിക്കുന്നതെന്ന് പീറ്റര്‍ മൊറെയും അമീന യഖീനും വിശദീകരിക്കുന്നു. വാര്‍ത്തയുടെ തലക്കെട്ട്, പേജ് വിന്യാസം, ഫോട്ടോഗ്രാഫ്, കാർട്ടൂൺ എന്നിവയൊക്കെ മുസ്‌ലിംകളുടെ സവിശേഷപ്രതിനിധാനത്തില്‍ പങ്കുവഹിക്കുന്നു. ഇത്തരത്തിൽ മാധ്യമങ്ങൾ ധാരാളം വാര്‍പ്പുമാതൃകകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം വാര്‍പ്പുമാതൃകകളാകട്ടെ, ചിലയാളുകളെ ചില കാലങ്ങളില്‍മാത്രം കുരുക്കിയിടുകയും അവരുടെ ചരിത്രവും വർത്തമാനവും പോലും അപ്രസക്തമാക്കുകയും ചെയ്യുന്നു.
'രോഷാകുലനായ മുസ്‌ലിം ചെറുപ്പക്കാരൻ'
ചിത്രങ്ങളും കാര്‍ട്ടൂണുകളും നടത്തുന്ന പ്രതിനിധാന ഹിംസ പുതിയതല്ല. കേരളത്തിലെ മാധ്യമങ്ങളിലടക്കം 9/11നു ശേഷം പ്രചാരം നേടിയ നിരവധി ഇസ്‌ലാമോഫോബിക് ചിത്രങ്ങളുണ്ട്. വിശിഷ്യ, മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളിലെ അമേരിക്കന്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ താടിനീട്ടി, വായ തുറന്ന് അലറി, കണ്ണുരുട്ടി, ജുബ്ബയും താടിയും ധരിച്ച് അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത പോസ്റ്ററുകൾ കൈയിലേന്തി, തെരുവില്‍ നില്‍ക്കുന്ന മുസ്‌ലിം യുവാക്കളുടെ ചിത്രം ഓർക്കുക. ഇസ്‌ലാമികപ്രസ്ഥാനങ്ങളെക്കുറിച്ച്, മുസ്‌ലിം സംഘടനകള്‍ നടത്തുന്ന പരിപാടികളെക്കുറിച്ച്, മുസ്‌ലിം സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച്, നിശ്ചിത ഇടവേളകളിൽ ചില പ്രത്യേക എഴുത്തുകാര്‍മാത്രം പങ്കെടുക്കുന്ന ചര്‍ച്ചകളില്‍, പല മലയാളവാരികകളും ഓൺലൈൻ പോർട്ടലുകളും കൊടുക്കുന്ന ലേഖനങ്ങളില്‍ കാണാറുള്ള ചിത്രങ്ങളിൽതന്നെ ഈ പ്രശ്നമുണ്ട്. ഇങ്ങനെയുള്ള ചിത്രങ്ങളില്‍ ആഗോള ശ്രദ്ധ നേടിയ ഒന്നാണ് 'ഇസ്‌ലാമിക് റേജ് ബോയ്'. ക്രിസ്റ്റഫർ ഹിച്ചൻസിെൻറ ബ്ലോഗ് മുതൽ 'ടൈം' മാഗസിെൻറ സ്പൂഫ് കവറില്‍വരെ 'ഇസ്‌ലാമിക് റേജ് ബോയ്' എന്ന ചിത്രം കടന്നുവന്നതോടെ അത് ആഗോള ഐക്കണായി മാറി.
പീറ്റര്‍ മൊറെയും അമീന യഖീനും ചേര്‍ന്ന് ഇസ്‌ലാമിക റേജ് ബോയ് എന്ന പ്രതിഭാസത്തെ പഠിക്കുന്നതിലൂടെ മുസ്‌ലിം വാര്‍പ്പുമാതൃകകളെ കുറിച്ച് പുതിയ ചില നിഗമനങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. രോഷാകുലനായ ആ മുസ്‌ലിം ചെറുപ്പക്കാരെൻറ ഫോട്ടോ നോക്കൂ. അയാളുടെ തല മാത്രം വേറിട്ടുനിൽക്കുന്നു. തല ഉടലില്‍നിന്ന് മാറ്റിനിർത്തപ്പെട്ട പോലെ, അയാളുടെ വ്യക്തിചരിത്രവും രാഷ്ട്രീയ ചരിത്രവും മാറ്റിനിർത്തപ്പെട്ടു. അയാളെ മറ്റു പല സാഹചര്യങ്ങളിലേക്കും പശ്ചാത്തലവിവരണം ഇല്ലാതെ അനായാസം വിവര്‍ത്തനം ചെയ്യുന്നു. അങ്ങനെ അയാളുടെ ശരീരം വലിയ രോഷത്തെമാത്രം ഉൾക്കൊള്ളുന്നതായി നാം കാണുന്നു.
ചരിത്രകാരനായ പാട്രിക് ഫ്രഞ്ച് ആണ് ഇസ്‌ലാമിക് റേജ് ബോയ് എന്ന പ്രതിഭാസത്തെപ്പറ്റി കൂടുതൽ പഠിച്ചത്. ആരാണയാള്‍? എന്താണ് അയാള്‍ ചെയ്യുന്നത്? കശ്മീരില്‍നിന്നുള്ള ശകീല്‍ അഹ്‌മദ് ബട്ട് ആണ് അയാൾ. തെൻറ അന്വേഷണത്തിനൊടുവിൽ പാട്രിക് ഫ്രഞ്ച് പറയുന്നത് തികച്ചും വ്യത്യസ്തസാഹചര്യങ്ങളിൽ ജീവിക്കുന്ന 'മറ്റൊരു' മനുഷ്യനെക്കുറിച്ചാണ്. കശ്മീരില്‍ സ്വന്തം കുടുംബത്തെ പൊലീസ് റെയ്ഡ് ചെയ്യുമെന്ന് ഭയന്നുവിറച്ചു ജീവിക്കുന്ന, വീടിെൻറ മുകള്‍നിലയില്‍നിന്ന് പൊലീസ് എറിഞ്ഞുകൊന്ന സഹോദരിയെക്കുറിച്ച് വിലപിക്കുന്ന, പൊലീസ് പീഡനം മൂലം ജീവച്ഛവമായ പിതാമഹനുള്ള, നിരന്തരം പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തു ജീവിക്കുന്ന ബട്ടിെൻറ കുടുംബത്തെ പാട്രിക് ഫ്രഞ്ച് കാണുന്നു. തീര്‍ച്ചയായും ഫ്രെഞ്ചിെൻറ ഈ വിവരണം രോഷവും സങ്കടവും, സ്നേഹവും വിദ്വേഷവും, മിതത്വവും തീവ്രതയും ഉള്ള സാധാരണ സാഹചര്യത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനെ നമുക്ക് കാണിച്ചുതരുന്നു. അതോടൊപ്പം കശ്മീര്‍ ഉൾപ്പെട്ട പ്രദേശങ്ങളിലെ കൊളോണിയല്‍-പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പശ്ചാത്തലമാക്കിയ പാട്രിക് ഫ്രഞ്ചിെൻറ വിവരണം മറ്റൊരു ശകീൽ അഹ്‌മദ് ബട്ടിനെ കാണാന്‍ പുതിയ ചില വഴികള്‍ തുറന്നുതരുന്നു. ഇവിടെ മാധ്യമങ്ങള്‍ ബട്ടിനെ വെറും രോഷം മാത്രം കൈമുതലാക്കിയ ഒരാളാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്നത്, അയാളെ തെൻറ ജീവിത പരിസരത്തുനിന്ന് അരിച്ചുമാറ്റുകയാണ്. അങ്ങനെ അയാളുടെ ജീവിതം ലിബറല്‍ മാധ്യമങ്ങളുടെ അനന്തമായ രാഷ്ട്രീയ ഉപഭോഗത്തിനു വിധേയമാകുന്നു.
'ദേശാഭിമാനി'യുടെ കാര്‍ട്ടൂണ്‍ നിരീക്ഷിക്കുമ്പോള്‍ ഇസ്‌ലാമോഫോബിയ നിര്‍മിച്ച വാർപ്പുമാതൃകകളെ കുറിച്ചുള്ള പുതിയ വായനകളിലും സൈദ്ധാന്തിക സൂക്ഷ്മതകളിലും താൽപര്യമുള്ള ഇടതുപക്ഷ പ്രവർത്തകർ തീര്‍ച്ചയായും പുനരാലോചനക്കു വിധേയമാക്കേണ്ട രാഷ്ട്രീയ പ്രശ്നമുണ്ട്. പുതിയ കാലത്തെ മുസ്‌ലിം പ്രതീകങ്ങളെക്കുറിച്ചും വാര്‍പ്പുമാതൃകകളെക്കുറിച്ചും വളരെ കുറച്ചു മാത്രം അറിയുന്നവരും അല്ലെങ്കില്‍ അങ്ങനെ മനസ്സിലാക്കാന്‍മാത്രം ഒരു മുസ്‌ലിംപ്രശ്നം നിലവിലില്ല എന്നു കരുതുന്നവരും ഇടതുപക്ഷത്തിെൻറ ഭാഗമായുണ്ട് എന്ന യാഥാർഥ്യത്തെക്കൂടി അഭിമുഖീകരിക്കുകതന്നെ വേണം. ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയം ആഴത്തിൽ പഠിക്കേണ്ടതുണ്ട്. മുസ്‌ലിം പശ്ചാത്തലമുള്ള ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയെക്കുറിച്ച് ഉയര്‍ന്ന മാധ്യമസാക്ഷരത നല്‍കുന്ന അര്‍ഥത്തില്‍ നമ്മുടെ ന്യൂസ് റൂമുകള്‍കൂടി വികസിക്കണമെന്ന അധിക പാഠവും ഇതിലുണ്ട്. പാർലമെൻററി രാഷ്ട്രീയത്തിൽ ഇടപെടുന്ന വെൽഫെയർ പാർട്ടിയെക്കുറിച്ചുള്ള 'ദേശാഭിമാനി'യുടെയും സി.പി.എമ്മിെൻറയും സമീപനം നാളെ മാറിയേക്കാം. എന്നാൽ, മുസ്‌ലിം പ്രതിനിധാനങ്ങളിൽ പ്രസ്തുത കാർട്ടൂൺ നിർമിച്ച അട്ടിമറികളുടെ പ്രതിനിധാനപരമായ ആഘാതം അതിനേക്കാളേറെ വിപുലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.