ഇടതുപക്ഷത്തിെൻറ അറിവിലേക്ക്
text_fieldsബി.ജെ.പി തീവ്രഹിന്ദുത്വത്തെ കൈയടക്കിയപ്പോൾ കോൺഗ്രസ് മൃദുഹിന്ദുത്വത്തെ തലോടിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഏതു തരം ഹിന്ദുത്വത്തെയും ദേശീയരാഷ്ട്രീയത്തിൽ ശക്തിപ്രാപിക്കുന്ന ഹിന്ദുത്വ ദേശീയതാവാദത്തെയും തള്ളിപ്പറയുക എന്നതാണ് ഇടതുപക്ഷത്തിെൻറ നിലപാട്. ആ അർഥത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരിക്കലും കോൺഗ്രസിന് ഹിന്ദുത്വത്തെ തുറന്നുകാട്ടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ശബരിമല വിഷയത്തിൽ കോൺഗ്രസിെൻറ നിലപാട് ബി.ജെ.പിക്ക് സമാനമായത്. ബി.ജെ.പി മതത്തെ പ്രധാന രാഷ്ട്രീയ ആയുധമാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ അറിയാതെയാണോ ഇടതുപക്ഷം ശബരിമല വിഷയത്തിൽ നിലപാട് സ്വീകരിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. ഇടതുപക്ഷം പ്രത്യക്ഷത്തിൽ ഹൈന്ദവ വിശ്വാസത്തെ രാഷ്ട്രീയ പ്രവർത്തനത്തിെൻറ ഭാഗമാക്കുന്നില്ല എന്നതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ ഇതൊരു വിഷയമായി പരിഗണിച്ചില്ല. എന്നാൽ, ചരിത്രത്തിൽ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾകൂടി പരിശോധിക്കേണ്ടിവരുന്നു.
ശബരിമല വിഷയം മുന്നോട്ടുവെച്ച് ബി.ജെ.പിയുടെ സീറ്റ് നേടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുകയും അതേസമയം, കോൺഗ്രസ് അതിെൻറ നേട്ടം കൊയ്യുകയും ചെയ്തു. ഇത് ബോധ്യപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഇടതുപക്ഷം കഴിഞ്ഞ മൂന്നു വർഷത്തോളമായി കേരളത്തിൽ നടത്തിവരുന്ന ഭരണനേട്ടങ്ങളെ അപ്രസക്തമാക്കുന്നു എന്നതാണ്. എന്തുകൊണ്ടാണ് ജനങ്ങളുടെ പ്രധാനപ്രശ്നങ്ങളെ ഏറ്റെടുത്തു പരമാവധി പരിഹരിച്ചിട്ടും അതിനെ ഭരണനേട്ടമായി കാണാൻ കേരളജനതക്ക് കഴിയാത്തത്? 17ാം ലോക്സഭ െതരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പറ്റിയ പരാജയം രാഷ്ട്രീയമായി തന്നെ പരിശോധിക്കേണ്ടിവരുന്നത് ഇതൊക്കെകൊണ്ടാണ്. യു.ഡി.എഫ് വിജയത്തെക്കാൾ അവരുടെ സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ടുകൾ ചില കാര്യങ്ങളിലേക്ക് ഇടതുപക്ഷത്തിെൻറ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.
ശബരിമല വിഷയത്തിൽ സി.പി.എം എടുത്ത നിലപാട് പാർട്ടിക്കുള്ളിലെ വിശ്വാസികളിൽ വിയോജിപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, അത്തരമൊരു നിലപാട് എടുത്തതിെൻറ കാരണങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം വിശദീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും പല സമുദായങ്ങളും ഈ നിലപാടിനെതിരെ നിന്നു. അത് പരമ്പരാഗത വോട്ടുകളിൽ വിള്ളൽ സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനെ മറികടക്കാൻ പുതിയ വോട്ടർമാർ ഒപ്പം നിൽക്കും എന്നതായിരുന്നു ധാരണ. അത് തെറ്റി. അതാകട്ടെ യു.ഡി.എഫിന് ഗുണംചെയ്തു. അപ്പോഴും അത്തരം വോട്ട് ബി.ജെ.പിയിൽ എത്തിയില്ല എന്നത് കേരളം നേടിയ രാഷ്ട്രീയസാക്ഷരതയുടെ ഫലമാണ്.
ഈ അവസരത്തിലും ഇടതുപക്ഷത്തെ ഭൂരിപക്ഷം നേതാക്കൾക്കും വലിയ വിഭാഗം അണികൾക്കും മനസ്സിലാക്കാൻ കഴിയാതെ പോയ ഒരു മനസ്സുണ്ടായിരുന്നു കേരളത്തിൽ. അത് പ്രസംഗത്തിലും പ്രഭാഷണത്തിലും സംവാദങ്ങളിലും പങ്കെടുക്കാത്ത വലിയ ശതമാനം വീട്ടമ്മമാരുടെ മനസ്സാണ്. അവരെ രാഷ്ട്രീയ കേരളത്തിന് കാണാൻ കഴിയില്ലെങ്കിലും അടുക്കളയിൽ ഇരുന്നുകൊണ്ട് അവർ രാഷ്ട്രീയകേരളത്തെ കാണുന്നുണ്ടായിരുന്നു. മക്കളുടെ മൊബൈലിലൂടെ തലയറുക്കപ്പെട്ട മക്കളുടെ ഫോട്ടോയും നെഞ്ചത്ത് അടിച്ചു കരയുന്ന അമ്മമാരുടെ ഫോട്ടോയും അവർ കണ്ടു. പെൺമനസ്സിൽ അതുണ്ടാക്കിയ ആധി ചെറുതായിരുന്നില്ല. ഒന്നും രണ്ടും മൂന്നും വട്ടം ഇത്തരം കാഴ്ചകൾ കണ്ടില്ല എന്ന് നടിച്ച അമ്മമാരാണ് വടക്കൻകേരളത്തിലുള്ളത്. എന്നാൽ, ഏറ്റവുമൊടുവിൽ കണ്ണൂരിൽ കൃപേഷും രൂപേഷും കൊലചെയ്യപ്പെട്ടപ്പോൾ അങ്ങാടിയിൽ തെരഞ്ഞെടുപ്പിെൻറ ആരവം ഉയർന്നിരുന്നു. പിന്നീട് നടന്ന ചർച്ചകൾ മുഴുവൻ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചായി. ആ കൊലപാതകങ്ങൾക്ക് മുമ്പ് മരിച്ച സഖാക്കളുടെ ചരിത്രംപോലും അപ്രസക്തമായി. എന്തിനധികം അഭിമന്യുവിനെപ്പോലും മറന്നുപോയി. കാരണം, ഏറ്റവുമൊടുവിലത്തെ കൊലപാതകത്തിലാണ് മുഴുവൻ പ്രതിഷേധവും പ്രതികരണവും ചെന്നുനിന്നത്. ഈ വസ്തുതയെ രാഷ്ട്രീയമായി നിരീക്ഷിക്കാൻ ഇടതുപക്ഷം തയാറായില്ല. അതുകൊണ്ടാണ് വടകരയിൽ പി. ജയരാജനെ സ്ഥാനാർഥിയാക്കിയത്.
ഒരു വടകരക്കാരൻ എന്ന നിലയിൽ പി. ജയരാജനോടുള്ള വിയോജിപ്പുകൾ നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. വടകരയിൽ ദേശീയ രാഷ്ട്രീയമോ ശബരിമലയോ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയമോ ചർച്ചക്ക് വന്നില്ല. വന്നത് കൊലപാതക രാഷ്ട്രീയം മാത്രം. പി. ജയരാജൻ നിരന്തരം ചെയ്തുകൊണ്ടിരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം അതിെൻറ ഗുണഭോക്താക്കൾക്ക് അപ്പുറത്തേക്ക് പ്രചാരണമായി മാറിയില്ല. മനുഷ്യെൻറ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കുന്നുണ്ടെങ്കിലും അവർക്ക് സമാധാനം നൽകാൻ കഴിയുന്നില്ലെങ്കിൽ ജനം ഒരു ഭരണത്തിലും തൃപ്തരല്ല. ഇതൊക്കെ സംഭവിക്കുന്നത് കേരളത്തിലെ നല്ലൊരു ഭരണകാലത്താണ് എന്നുകൂടി ഓർമപ്പെടുത്തേണ്ടി വരുന്നത് അതുകൊണ്ടാണ്.
ഇടതിന് വോട്ട് നൽകിയതുകൊണ്ട് കേന്ദ്രത്തിൽ എന്ത് കാര്യം എന്ന് ചിന്തിച്ച് കുത്തിയ രാഷ്്ട്രീയേതര വോട്ട് കേരളത്തിലുണ്ട്. അതേസമയം, പാർലമെൻറിൽ ഇടത് എം. പിമാർ വേണമെന്ന് ശാഠ്യംപിടിച്ച് രാഷ്ട്രീയേതര പുതു വോട്ടുകളും കേരളത്തിലുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത്രയധികം വോട്ടുകൾ യു.ഡി.എഫ് പക്ഷത്തേക്ക് മറിഞ്ഞു? മേൽപറഞ്ഞ കാര്യങ്ങൾ ചില കാരണങ്ങൾ ആണെങ്കിലും െതരഞ്ഞെടുപ്പിനുശേഷം സോഷ്യൽ മീഡിയ പങ്കുെവക്കുന്ന വസ്തുതകൾ നിസ്സാരമായി കണ്ടുകൂടാ. പ്രധാനമായും ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിൽ എത്തിച്ചത് മോദി ഭയം മാത്രമായിരുന്നില്ല. മറിച്ച്, രണ്ടു വർഷങ്ങളായി ഇടതുപക്ഷ നേതാക്കൾ പ്രത്യേകിച്ച് സി.പി.എമ്മിൽനിന്നുണ്ടായ ചില പരാമർശങ്ങൾ. അതാകട്ടെ നേരിട്ടുള്ള രാഷ്ട്രീയ പ്രതിവാദങ്ങളിൽ ഉണ്ടായതല്ല. പാർട്ടിക്കുതന്നെ നേരേത്ത എതിർപ്പുണ്ടായ ഗെയ്ൽ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ഉണ്ടായ പ്രതിഷേധത്തിെൻറ ഭാഗമായിരുന്നു.
അതിനെ സർക്കാറിെൻറ വികസന നയത്തോടുള്ള എതിർപ്പായാണ് പാർട്ടി കണ്ടത്. ആ പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരെ മറ്റൊരു തരത്തിൽ ചിത്രീകരിക്കാനാണ് പല നേതാക്കളും മത്സരിച്ചത്. അവരെ മലപ്പുറം തീവ്രവാദികളാക്കി. പാർട്ടിയുടെ മുതിർന്ന നേതാവ് വിജയരാഘവൻ ‘പ്രബുദ്ധ’കേരളത്തിെൻറ മുഖത്തുനോക്കി ഇത്തരക്കാരെ വർഗീയവാദികൾ എന്ന് വിളിച്ചു. ഇതേ നേതാവുതന്നെയാണ് ജനപ്രതിനിധിയായി മത്സരിച്ച രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് (അത് അവരുടെ വിജയത്തെ എളുപ്പമാക്കി). ഇതൊക്കെ സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. ജനത്തോട് സംസാരിക്കേണ്ട രീതിയും ശൈലിയും ജനകീയമായിരിക്കണം എന്ന് പലരും മറന്നതോടെ അതേ സമൂഹം അതിനെ രാഷ്ട്രീയക്കാരെൻറ ധാർഷ്ട്യം എന്നു വിളിച്ചു. ഇത് കേൾക്കുന്നവനും കാണുന്നവനും ഇത്തരം നേതാക്കളോട് നേരിട്ട് ഏറ്റുമുട്ടാൻ കഴിയാറില്ല. അവർക്ക് അതിനുള്ള പ്രതികരണം പ്രകടിപ്പിക്കാനുള്ള അവസരമായി ബാലറ്റ് പേപ്പർ മാറി.
ഇടതുപക്ഷം നിർത്തിയ സ്ഥാനാർഥികളിൽ മൂന്നോ നാലോ പേരെ മാറ്റിയാൽ ബാക്കി എല്ലാം പാർലമെൻറിൽ മതേതര ഇന്ത്യയുടെ ശബ്ദം ആകേണ്ടതായിരുന്നു. എന്നാൽ, അതൊന്നും ചിന്തിക്കാൻ കേരളം താൽപര്യം കാണിച്ചില്ല. അതിലും ശക്തമായിരുന്നു ഇടതിേനാടുള്ള പ്രതികരണം. അത് രാഷ്ട്രീയത്തെക്കാൾ നേതാക്കളുടെ നടപ്പുരീതികളോടായിരുന്നു. ഇതിനെല്ലാമുപരിയായി മറ്റൊരു വസ്തുതകൂടി കാണാതിരുന്നുകൂടാ. അത് സി.പി.എം അടുത്തകാലത്തായി എടുത്ത ചില നിലപാടിെൻറ ഭാഗമാണ്. ഭൂസമരങ്ങളോടും ആദിവാസി പ്രക്ഷോഭങ്ങളോടും വലതുപക്ഷത്തെക്കാൾ ധികാരപരമായിരുന്നു അത്. ഏറ്റവുമൊടുവിൽ സഖാവ് ജലീലിനെ വെടിവെച്ചു കൊന്നത് പാർട്ടിയുടെ നിലപാടായി തെളിയിക്കപ്പെട്ടു. അതിനുശേഷം പാർട്ടി പത്രംതന്നെ അതിനെ ന്യായീകരിച്ച് എഴുതിയപ്പോൾ എല്ലാ പൂർണമായി. ഇതൊക്കെ അകലെനിന്ന് പാർട്ടിയെ വീക്ഷിക്കുന്ന നിഷ്പക്ഷമതികളായവരുടെ പാർട്ടിയോടുള്ള മാനസികമായ അടുപ്പത്തെ ബാധിച്ചിട്ടുണ്ട്.
ഇത്തരം വസ്തുതകൾ ഉപരിപ്ലവമായി വായിക്കാനാണ് ഇടതുപക്ഷ നേതാക്കൾക്ക് ഇഷ്ടം. തങ്ങളുടെ ഓരോ നിലപാടും പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് നിരന്തരം അകന്നുപോകുന്നത് കാണാൻ ഇടതു പാർട്ടികൾക്ക് കഴിയുന്നില്ല. എല്ലാ അർഥത്തിലും രാജ്യം വംശീയ രാഷ്ട്രീയത്തിലേക്ക് കരുതലോടെ നീങ്ങുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസിന് നഷ്ടപ്പെട്ടിരിക്കുന്നു. ഈ അവസരത്തിൽ രാജ്യം ഒരു ബദലിനുവേണ്ടി കാത്തിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിൽ ഇടതുപക്ഷം ഒന്നുകൂടി ശക്തിപ്രാപിക്കേണ്ടത് രാജ്യത്തിെൻറ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞുകൊണ്ട് ആശയപരമായും ഭൗതികമായും ഇടതുപക്ഷം ആഴത്തിൽ നവീകരിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.