ജപ്പാെൻറ അതിജീവനപാഠങ്ങൾ
text_fieldsകേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര മഴയും പ്രളയവുമാണ് കഴിഞ്ഞ ആഴ്ചയിൽ നേരിടേണ്ടിവന്നത്. ഇൗ ദുരന്തം നേരിടുന്നതിൽ സർക്കാർ സംവിധാനവും സന്നദ്ധസംഘടനകളും വ്യക്തികളും സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. ദുരന്തത്തിെൻറ ആഴവും വ്യാപ്തിയും കുറക്കുന്നതിന് സമയോചിതമായ ഇൗ ഇടപെടലാണ് കാരണമായത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാകുമായിരുന്ന ഭയാനകമായ നാശനഷ്ടത്തിെൻറ തോത് കുറക്കുന്നതിന് ഇതു സഹായകമായി എന്നു പറയേണ്ടതില്ലല്ലോ. പ്രളയത്തിൽ അകപ്പെട്ടുപോയവരെ കണ്ടെത്തുന്നതിനും സുരക്ഷിതരായി ക്യാമ്പുകളിൽ എത്തിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ നാവികവൈദഗ്ധ്യവും കടൽപരിചയവും ഏറെ സഹായകമായി. അത്യാഹിതങ്ങളും പ്രകൃതിദുരന്തങ്ങളും പൂർണമായും നമുക്ക് ഒഴിവാക്കാനാകില്ല. എന്നാൽ, അവയുടെ തീവ്രതയും അനന്തരഫലങ്ങളും ലഘൂകരിക്കാൻ സംഭവങ്ങളുടെ വിശകലനത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും കൃത്യമായ തയാറെടുപ്പിലൂടെയും സാധിക്കും.
ലോകത്ത് ഒേട്ടറെ പ്രകൃതിക്ഷോഭങ്ങളും അത്യാഹിതങ്ങളും നേരിടേണ്ടിവരുന്ന രാജ്യമാണ് ജപ്പാൻ. സജീവങ്ങളായ അഗ്നിപർവതങ്ങളും അതിശക്തമായ ഭൂകമ്പങ്ങളും സൂനാമിയും ഉരുൾപൊട്ടലും ഹിമപാതവും പ്രളയങ്ങളും തുടങ്ങി എല്ലാവിധത്തിലുമുള്ള പ്രകൃതിക്ഷോഭങ്ങളും ഇവിടെ ഉണ്ടാവുന്നു. എന്നാൽ, കാലാകാലങ്ങളായുള്ള അനുഭവവും പരിചയവും എന്തിനെയും നേരിടാനുള്ള നിശ്ചയദാർഢ്യവും ഓരോ സംഭവങ്ങളിൽനിന്നും പാഠമുൾക്കൊണ്ടുള്ള അവരുടെ തയാറെടുപ്പും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്നതിനും ജീവനും സ്വത്തിനുമുള്ള നാശനഷ്ടം തുലോം കുറക്കുന്നതിനും അവരെ പ്രാപ്തരാക്കിയിരിക്കുന്നു. സുരക്ഷയുടെയും ഗുണനിലവാരത്തിെൻറയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാത്ത ജനതയാണ് ജപ്പാൻകാർ. ഓരോ ചെറിയ സംഭവത്തിൽനിന്നും പാഠമുൾക്കൊണ്ട് അതുനേരിടുന്നതിനുള്ള അതുവരെയുള്ള അവരുടെ നടപടിക്രമങ്ങളും നിലപാടുകളും പരിപാടികളും തുടർച്ചയായി പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി.
നഴ്സറിതൊട്ട് അവർ പ്രകൃതിക്ഷോഭങ്ങളെപ്പറ്റി പഠിപ്പിക്കുകയും രക്ഷാമാർഗങ്ങൾ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ചെറിയൊരു കമ്പനം അനുഭവപ്പെടുമ്പോഴേക്കും ചെറിയ കുട്ടികൾപോലും തല സുരക്ഷിതമാക്കുന്നതിന് തലയണപോലുള്ളവ തലയിൽവെച്ച് മേശക്കടിയിലോ മറ്റോ രക്ഷാമാർഗം തേടും. സ്കൂളുകളിലും ഓഫിസുകളിലും മേശക്കടിയിൽ ഹെൽമറ്റ് ഒരുക്കിവെച്ചിട്ടുണ്ടാവും.
കൊല്ലത്തിൽ നടക്കുന്ന മൂന്നോ നാലോമോക്ഡ്രില്ലിൽ എല്ലാവരും പങ്കെടുക്കുന്നു. സന്നദ്ധസംഘടനകളുടെയും കമ്പനികളുടെയും അയൽക്കൂട്ടങ്ങളുടെയും സഹകരണത്തോടെ ഫയർ ഡിപ്പാർട്മെൻറ് ഒരു പ്രദേശവും ഒഴിയാതെ വളരെ നിഷ്കർഷയോടെ ഇത് നടപ്പാക്കുന്നു. തീപിടിത്തമുണ്ടായാൽ ഫയർ ഡിപ്പാർട്മെൻറിനെയും ആംബുലൻസിനെയും വിളിക്കുന്നതു മുതൽ തീയണക്കുന്ന വിവിധ സാമഗ്രികൾ കൈകാര്യംചെയ്യുന്ന രീതിയും പരിക്കുപറ്റിയവരെ ശുശ്രൂഷിക്കുന്നതും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന രീതിയും പരിശീലിപ്പിക്കുന്നു.
ദുരന്തപ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ മെഷിനറിയും ഗവേഷണസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഓരോരുത്തരും സ്വയംരക്ഷക്ക് എന്തു ചെയ്യണമെന്ന് അറിയുക മാത്രമല്ല, രക്ഷാപ്രവർത്തനങ്ങളിൽ എങ്ങനെ ഭാഗഭാക്കാകണം എന്ന കാര്യത്തിലും ബദ്ധശ്രദ്ധരാണ്. മൊത്തം സമൂഹം ഒരു റാപ്പിഡ് ആക്ഷൻ ഫോഴ്സ് പോലെയാണ് നൊടിയിടയിൽ തയാറെടുത്തു പ്രവർത്തിക്കുന്നത്. ഇൗ പരിശീലനവും പ്രവർത്തനവുമാണ് ദുരന്തത്തിെൻറ തോത് കുറക്കുന്നതിൽ സഹായിക്കുന്നത്. ഓരോ ദുരന്തത്തിനുശേഷവും സമഗ്രമായ സർവേ നടത്തി അവ വിശകലനംചെയ്ത് കൂടുതൽകൂടുതൽ ഫലവത്തായ പ്രവർത്തന പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പാക്കലാണ് ഇവിടത്തെ രീതി.
ദുരന്തങ്ങളിൽ താറുമാറായ വീടുകൾ അവശിഷ്ടങ്ങളും മാലിന്യങ്ങളും മറ്റും മാറ്റി ഉപയോഗപ്രദമാക്കുന്നതിൽ സന്നദ്ധസേവകരുടെ പങ്ക് വളരെ വലുതാണ്. സന്നദ്ധസേവകർ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ വീടുകളും ക്ലീൻചെയ്യാൻ സഹായിക്കുന്നു. നമ്മുടെ കുടുംബശ്രീ നെറ്റ്വർക്കും വേണ്ട പരിശീലനം കൊടുത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെട്ട 1923ലെ ഭൂകമ്പം അനുസ്മരിച്ച് ജപ്പാനിൽ എല്ലാവർഷവും സെപ്റ്റംബർ ഒന്ന് ദുരന്തപ്രതിരോധദിനമായി വിവിധ പരിശീലനപരിപാടികൾ നടത്തിവരുന്നു. പല സർവകലാശാലകളിലും ദുരന്തപ്രതിരോധം ഒരു ഗവേഷണവിഷയമാണ്. ക്യോടോ യൂനിവേഴ്സിറ്റിയിലെ ഡിസാസ്റ്റർ പ്രിവൻഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഡി.പി.ആർ.െഎ) ഇൗ രംഗത്തെ പ്രധാന ഗവേഷണസ്ഥാപനമാണ്. 1996ൽ ഡി.പി.ആർ.െഎ സംഘടിപ്പിച്ച നദികളുടെ പരിസ്ഥിതി സംബന്ധിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ പെരിയാറിെൻറ പരിസ്ഥിതി സംബന്ധിച്ച പ്രബന്ധം അവതരിപ്പിക്കാനാണ് ഞാൻ ആദ്യമായി ജപ്പാനിൽ വന്നതെന്ന കാര്യം സാന്ദർഭികമായി ഓർത്തുപോകുകയാണ്.
എല്ലാവർക്കും എപ്പോഴും ചെന്നുമനസ്സിലാക്കുന്നവിധത്തിൽ ഡിസാസ്റ്റർ ലേണിങ് സെൻററുകളും പാർക്കുകളും പലയിടത്തായി സംവിധാനംചെയ്തിട്ടുണ്ട്. അവിടങ്ങളിലൊക്കെ പലവിധ മോഡലുകളും പോസ്റ്ററുകളും വിഡിയോകളും ഒരുക്കിയിട്ടുണ്ട്. ജപ്പാൻ ഇൗ രംഗത്ത് നേടിയെടുത്ത പരിചയവും വൈദഗ്ധ്യവും മറ്റു രാജ്യങ്ങൾക്കുകൂടി ഉപകാരപ്രദമാകുന്ന രീതിയിൽ യുനൈറ്റഡ് നേഷൻസും വേൾഡ് ബാങ്കുംമറ്റും പലവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കേരള സർക്കാറിനും ജപ്പാെൻറ സഹകരണത്തോടെ പുതിയൊരു കേരളം കെട്ടിപ്പടുക്കാൻ അവരുടെ വൈദഗ്ധ്യവും പരിചയവും ദുരന്തപ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാക്കാവുന്നതാണ്.
(ജപ്പാനിലെ അഡ്വാൻസ്ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ സയൻറ്റിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.