ഉത്തരേന്ത്യയിൽനിന്ന് കേരളത്തിനും പാഠങ്ങൾ
text_fieldsബി.ജെ.പിക്ക് പരവതാനി വിരിച്ച് ഉത്തർപ്രദേശിലെ മതേതര വോട്ടുകൾ വഴിയൊഴിഞ്ഞത് എങ്ങനെ?
ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തേണ്ടത് മത്സര നാളുകളിലെ തെരഞ്ഞെടുപ്പ് സഖ്യങ്ങൾ മാത്രം നോക്കിയല്ല. അതിനുമുമ്പുള്ള രണ്ടുമൂന്ന് ഗവൺമെൻറുകൾ ഉത്തർപ്രദേശിലെ ജനങ്ങളോട് എന്താണ് ചെയ്തത് എന്നുകൂടി പരിശോധിക്കണം. ബി.എസ്.പിയുടെ അടിത്തറ ദലിതുകളാണ്. സമാജ്വാദി പാർട്ടിയിലാണ് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളും വിശ്വാസമർപ്പിച്ചിരുന്നത്. എന്നാൽ, ഇൗ രണ്ട് പാർട്ടികളും ഭരണത്തിലിരുന്നപ്പോൾ തങ്ങളുടെ അടിസ്ഥാന വോട്ട്ബാങ്കുകളെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഭരണത്തിലേറാനായി വോട്ടുറപ്പിക്കാനുള്ള ഉപകരണങ്ങളായി മാത്രമാണ് അവർ വോട്ട്ബാങ്കുകളെ കണ്ടത്. അധികാരത്തിലേറിക്കഴിഞ്ഞാൽ പിന്നെ ഭരണതലത്തിലായാലും പാർട്ടി തലത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലുമൊക്കെ മുഖ്യ സ്ഥാനങ്ങളിലെത്തുക മുന്നാക്ക വിഭാഗക്കാരാണ്.
വികസന കാര്യത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. മുസ്ലിം, ദലിത് വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലേക്ക് വികസന പദ്ധതികൾ എത്തിനോക്കിയിരുന്നുപോലുമില്ല. ഇൗ സാഹചര്യം മുതലെടുത്താണ്, ‘സബ്കേ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ബി.ജെ.പി മുന്നോട്ടുവെച്ചത്. സ്വാഭാവികമായും ഇൗ മുദ്രാവാക്യം ചലനമുണ്ടാക്കി.
ഇതോടൊപ്പമാണ് മതേതര പാർട്ടികൾ പരസ്പരം പോരടിച്ച് രംഗത്തിറങ്ങിയതും. ഒപ്പം, എസ്.പിയിൽ മുലായം സിങ്ങും മകനും ഭിന്നിക്കുകയും ചെയ്തു. വികസനമില്ലായ്മയിലെ അമർഷവും മതേതര വോട്ടുകളുടെ ഭിന്നിപ്പുംകൂടിയായപ്പോൾ ബി.ജെ.പിക്ക് ഇൗസി വാക്കോവർ ലഭിച്ചു.
⊿ഇൗ പശ്ചാത്തലത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിെൻറ ഗതിമാറ്റം വിലയിരുത്തുേമ്പാൾ എന്ത് തോന്നുന്നു?
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ ദേശീയ രാഷ്ട്രീയത്തിലെ ഗതിമാറ്റങ്ങൾ നിശ്ചയിക്കുന്നത് വ്യക്തികേന്ദ്രീകൃതമായ ചില പ്രചാരണങ്ങളാണ്. നരേന്ദ്ര മോദിയെ അതിശക്തനെന്ന പരിവേഷവുമായി ഉയർത്തിക്കാട്ടുന്നതിനൊപ്പം രാഹുൽ ഗാന്ധിയെ പക്വതയില്ലാത്തവനെന്ന് ചിത്രീകരിക്കുന്നതിലും സംഘ്പരിവാർ വിജയിക്കുകയാണ്. കോൺഗ്രസിനെ നയിക്കാൻ നേതാക്കളില്ലെന്ന ശക്തമായ പ്രചാരണമാണ് അവർ നടത്തുന്നത്. ഒപ്പം രാഹുൽ ഗാന്ധിയുടെ വ്യക്തിത്വത്തെ ഇകഴ്ത്തിക്കാണിക്കാനും അവർക്കാവുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്നതാണ് സംഘ് പരിവാർ കേന്ദ്രങ്ങളുടെ സ്വപ്നം. ഇതിനെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു. ഇതോടെ തങ്ങൾക്ക് എതിരാളികളില്ലെന്ന് സ്ഥാപിക്കാൻ ബി.ജെ.പിക്കാകുന്നുമുണ്ട്. പ്രചാരണപരമായ ഇൗ അവസ് ഥയെയാണ് ഭയക്കേണ്ടത്.
⊿ഇതോടെ ഒരു മൂന്നാം മുന്നണിയുടെ സാധ്യത വർധിക്കുന്നില്ലേ?
മൂന്നാം മുന്നണിക്ക് ദേശീയതലത്തിൽ എന്നും പ്രസക്തിയുണ്ട്. ജനങ്ങൾ അതാഗ്രഹിക്കുന്നുമുണ്ട്. പ്രാദേശിക പാർട്ടികൾക്കാണ് ഇവിടെ നിർണായക പങ്കുള്ളത്. പക്ഷേ, ആര് നയിക്കും എന്നതാണ് പ്രശ്നം. പ്രാദേശിക പാർട്ടിയിലെ ഒരു നേതാവും മറ്റൊരു നേതാവിനെ അംഗീകരിക്കാൻ താൽപര്യം കാണിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ, ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന് ഒരു മൂന്നാം മുന്നണി രൂപപ്പെട്ടാൽതന്നെ ഏറെത്താമസിയാതെ അതൊരു നാഥനില്ലാ വേദിയായി മാറും.
⊿യു.പി തെരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് നൽകുന്ന സൂചനകൾ?
സൂചനകളല്ല, ചില പാഠങ്ങളാണുള്ളത്. ന്യൂനപക്ഷ, ദലിത് വോട്ടുകൾ ഭിന്നിച്ചതിൽനിന്ന് മുതലെടുത്തത് ബി.ജെ.പിയാണ്. 2019ൽ ഇതേ ഭിന്നത ആവർത്തിച്ചാലും മുതലെടുക്കുക ബി.ജെ.പിതന്നെയാകും. ഇത് മുൻകൂട്ടിക്കണ്ട് വ്യക്തമായ പദ്ധതിയും കൂട്ടുകെട്ടും രൂപപ്പെടുത്താൻ മതേതര പാർട്ടികൾക്ക് കഴിഞ്ഞില്ലെങ്കിൽ സ്ഥിതി ഭയാനകമാകും. ബി.ജെ.പിക്ക് ഭരണം ലഭിച്ചശേഷം രാജ്യത്ത് വർഗീയ ധ്രുവീകരണമാണ് നടക്കുന്നത്. രാമക്ഷേത്ര നിർമാണം, ഏകസിവിൽകോഡ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് വർഗീയ ധ്രുവീകരണം നടത്തുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിതരെയും അടിച്ചമർത്തുകയാണ്.
മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന ആരോപണം ഉയർത്തി അഖ്ലാഖിനെ തല്ലിക്കൊന്നു. പശുക്കടത്തിെൻറ പേരിൽ സമാന സംഭവങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നു. ലവ് ജിഹാദ്, മതപരിവർത്തനം തുടങ്ങിയ വിഷയങ്ങളിൽ വ്യാജപ്രചാരണം നടത്തി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. സർക്കാർ നയങ്ങളെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുകയാണ്. സാംസ്കാരിക നായകർക്കു പോലും മിണ്ടാൻ കഴിയാത്ത സ്ഥിതി വന്നിരിക്കുന്നു. കാമ്പസുകളിൽ പോലും ജനാധിപത്യം ധ്വംസിക്കപ്പെടുന്നു. മോദി സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് സമസ്ത മേഖലകളും സംഘ്പരിവാര്‍ നിയന്ത്രണത്തിലാക്കാനാണ് ശ്രമിക്കുന്നത്.
റിസര്‍വ് ബാങ്ക്, തെരഞ്ഞെടുപ്പ് കമീഷന്‍ തുടങ്ങിയവ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളുടെ അധികാരം എടുത്തുമാറ്റി അവയെയെല്ലാം തങ്ങളുടെ വരുതിയിലാക്കുകയാണ്. കോടതികളിലെ ജഡ്ജി നിയമനത്തിലടക്കം ഇടപെടുകയാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍പോലും സാധ്യമാകാത്ത സ്ഥിതിവിശേഷത്തിലേക്ക് രാജ്യം എത്തുന്നു. ഇൗ സ്ഥിതിയിൽ ബദൽ മുന്നണി രൂപപ്പെടുത്തി ഭരണം പിടിക്കുക എന്നതിനപ്പുറം ഫാഷിസത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിനാണ് മുൻഗണന നൽകേണ്ടത്. ഇൗ ലക്ഷ്യം കൈവരിക്കാൻ അഭിപ്രായ ഭിന്നതകൾ മാറ്റിവെച്ചും മതേതര പാർട്ടികൾ ഒന്നിക്കേണ്ടതുണ്ട്. മതേതര പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ അനായാസം പരാജയെപ്പടാവുന്ന പിന്തുണ മാത്രമേ ഇപ്പോഴും രാഷ്ട്രീയമായി സംഘ്പരിവാറിനുള്ളൂ.
⊿ഉയിർത്തെഴുന്നേൽപിെൻറ പ്രതീക്ഷകൾ?
ഫാഷിസത്തിന് എതിരായ ഉയിർത്തെഴുന്നേൽപിെൻറ പ്രതീക്ഷകൾ മുളപൊട്ടുന്നത് രാഷ്ട്രീയ പാർട്ടികളിൽനിന്നല്ല; കാമ്പസുകളിൽനിന്നാണ്. ജെ.എന്‍.യു, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി തുടങ്ങിയ കലാലയങ്ങളിലെ വിദ്യാർഥികള്‍ ഫാഷിസത്തിന് എതിരായി നടത്തുന്ന ചെറുത്തുനിൽപുകൾ പ്രതീക്ഷ ഉണർത്തുന്നതാണ്. ഈ സാഹോദര്യ രാഷ്ട്രീയത്തെ പിന്തുണക്കുകയും ഒപ്പം നടക്കുകയുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്യുന്നത്. രാജ്യത്തെമ്പാടും ഇത്തരമൊരു രാഷ്ട്രീയത്തെ കെട്ടിപ്പടുക്കുക എന്ന ദൗത്യം പാര്‍ട്ടി ഏറ്റെടുക്കും. സാഹോദര്യ രാഷ്ട്രീയത്തിെൻറ രൂപപ്പെടലിലൂടെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നിർമാണാത്മക ചലനങ്ങളുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
⊿ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ കേരള രാഷ്ട്രീയത്തിന് നൽകുന്ന പാഠം?
പാർട്ടികൾ ചെറുതായാലും വലുതായാലും വോട്ടർമാർക്കിടയിൽ ഒാരോ പാർട്ടിക്കും അവരുടേതായ ഇടമുണ്ടെന്ന കാര്യം മറക്കരുത്. കേരളത്തിലെ മുഖ്യധാര പാർട്ടികൾ ഇപ്പോഴും മറ്റു പാർട്ടികളോട് തൊട്ടുകൂടായ്മ കാണിക്കുന്നുണ്ട്. അത് ദീർഘകാലാടിസ്ഥാനത്തിൽ അവർക്കുതന്നെ ദോഷംചെയ്യും. ആദർശം ഉയർത്തിപ്പിടിച്ച് പോരാടുന്ന മതേതര പാർട്ടികളോടുള്ള തീണ്ടിക്കൂടായ്മയാണ് പലപ്പോഴും ഫാഷിസത്തിന് വഴിയൊരുക്കുന്നത്. ഉത്തർപ്രദേശിൽ സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കാതെ നോക്കാൻ ഇൗ പാഠം ഉൾക്കൊള്ളുകതന്നെ വേണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.