ഹാഥറസിെൻറ പാഠങ്ങൾ
text_fieldsഡൽഹി വലിയൊരു പാഠപുസ്തകമാണ്. സുപ്രീംകോടതിയിൽ അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന പലരും ഡൽഹിയിലെന്നപോലെ സമീപപ്രദേശങ്ങളിലും താമസിക്കുന്നു. നോയിഡ, കൗശാംബി, ഗാസിയാബാദ് തുടങ്ങിയ സമീപസ്ഥലങ്ങൾ ഉത്തർപ്രദേശിെൻറ യഥാർഥമുഖത്തെ ചിലപ്പോഴെങ്കിലും മറനീക്കി പുറത്തുകാണിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്രമേൽ പ്രാധാന്യമുള്ള ഈ വലിയ സംസ്ഥാനത്തിന്- യു.പിക്ക് എങ്ങനെ ഏതാണ്ടെല്ലാ മേഖലയിലും പരിതാപകരമായ പിന്നാക്കാവസ്ഥയുണ്ടായി എന്നത് ആഴത്തിൽ പഠിക്കേണ്ട കാര്യമാണ്. ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും വർഗീയതയും ജാതീയതയുമെല്ലാം മുഖമുദ്രകളായ യു.പിയുടെ ദുർഗതി ഡൽഹിയിലെ മാറിമാറി വന്ന കേന്ദ്ര ഭരണകൂടങ്ങളെ കാര്യമായൊന്നും അലോസരപ്പെടുത്തിയില്ല എന്നതും മറ്റൊരു വൈപരീത്യം.
ഹാഥറസിൽ നടന്ന കുറ്റകൃത്യവും അതേത്തുടർന്ന് യു.പി സർക്കാർ സ്വീകരിച്ച നിലപാടും നടപടികളും ലോകമനഃസാക്ഷിയെത്തന്നെ നടുക്കി. നിയമവാഴ്ചയുടെ സമ്പൂർണ നിരാകരണത്തിനു നിയമത്തെത്തന്നെ ദുരുപയോഗം ചെയ്തതിെൻറ ഭയപ്പെടുത്തുന്ന ചിത്രങ്ങളാണ് ഈ പശ്ചാത്തലത്തിൽ നാം കണ്ടത്. ക്രിമിനൽ നടപടിക്രമത്തിെൻറ 144ാം വകുപ്പിെൻറ മറപിടിച്ചാണ്ഹാഥറസ് സന്ദർശിക്കാൻ ശ്രമിച്ച പലരെയും യു.പി പൊലീസ് മർദിക്കുകയും മടക്കിയയക്കുകയും ചെയ്തത്. 144ാം വകുപ്പിനെ പ്രാദേശികതലങ്ങളിലുള്ള 'അടിയന്തരാവസ്ഥ പ്രയോഗ'ത്തിനായി ദുരുപയോഗം ചെയ്തതുവഴി ലോകത്തെ ഏതാണ്ടെല്ലാ അമിതാധികാരശക്തികളെയും തോൽപിക്കാൻ കേന്ദ്ര ഭരണകൂടത്തിന് കഴിഞ്ഞു! ഭരണഘടനയിലെ ദേശീയ അടിയന്തരാവസ്ഥയെ സംബന്ധിച്ച 352ാം അനുച്ഛേദത്തിെൻറ പ്രയോഗത്തിലൂടെ ഇന്ദിര ഗാന്ധിക്കുണ്ടായ ദുഷ്പേരിെൻറ എത്രയോ ഇരട്ടി അപമാനമാണ് ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥയുടെ അമിതവും അനിയന്ത്രിതവുമായ ദുരുപയോഗത്തിലൂടെ മോദി സർക്കാറിനുണ്ടായത്. അത് സർക്കാർ മനസ്സിലാക്കുന്നില്ല; സർക്കാറിനെ നയിക്കുന്നവരും. ഈ വിവേകമില്ലായ്മയാകട്ടെ, അധികാരത്തിെൻറ മറ്റൊരു സവിശേഷത മാത്രവും.
ക്രമസമാധാനപാലനത്തിനായി അന്യായമായ സംഘം ചേരലിന് തടയിടാൻ അധികാരികൾക്ക് ക്രിമിനൽ നടപടിക്രമം 144ാം വകുപ്പിനെഅവലംബിക്കാമെന്നതാണ് പുസ്തകങ്ങളിലെ നിയമത്തിെൻറ താൽപര്യം. എന്നാൽ, പൗരത്വ ഭേദഗതിക്കെതിരായി ദേശീയതലത്തിൽ നടന്ന പ്രക്ഷോഭം തൊട്ട് ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ നടന്ന പ്രക്ഷോഭങ്ങൾ വരെ, സമാധാനപരമായി നടന്ന ജനകീയ മുന്നേറ്റങ്ങൾക്കെതിരെ 144ാം വകുപ്പ് പ്രയോഗിച്ച് കേന്ദ്രസർക്കാർ വിയോജിപ്പിനെത്തന്നെ മറ്റൊരു കുറ്റകൃത്യമാക്കി മാറ്റി. മെേക്കാെള പോലും വിഭാവന ചെയ്തിട്ടില്ലാത്ത കുറ്റകൃത്യം!
പ്രശ്നം നിയമത്തിേൻറതോ വ്യാഖ്യാനത്തിേൻറതോ അല്ല; രാഷ്ട്രീയത്തിേൻറതും അധികാരത്തിേൻറതുമാണ്. സമാധാനപരമായി സമരം ചെയ്യാനുള്ള മൗലികാവകാശം പ്രതിപക്ഷ രാഷ്ട്രീയത്തിെൻറ ഒഴിച്ചുകൂടാനാവാത്ത ഊർജസ്രോതസ്സാണ്. അക്രമം ഒഴിവാക്കാനായുള്ള ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിനു മാത്രമേ നിയമത്തിെൻറ പിൻബലമുള്ളൂ എന്ന് സമരപശ്ചാത്തലത്തിൽ നിയമം വ്യാഖ്യാനിച്ചുകൊണ്ട് രാംലീലാ മൈതാൻ കേസിൽ (2011) സുപ്രീംകോടതി പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള ഘട്ടങ്ങളിൽ അതിവിരളമായി, സമാധാനപാലനത്തിനായി മാത്രം ഉപയോഗിക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി മുമ്പ് മധുലിമായെയുടെ കേസിലും (1970) പറഞ്ഞിരുന്നു. എന്നാൽ, പൗരത്വനിയമത്തിനെതിരായ സമാധാനപരമായ പ്രക്ഷോഭങ്ങളെയും ഹാഥറസിലെ ഭരണകൂട ഭീകരതക്കെതിരായ ജനമുന്നേറ്റങ്ങളെയും തടയാൻ ഭരണകൂടം 144ാം വകുപ്പിനെ തികച്ചും ഹീനമായ വിധത്തിൽ വളച്ചൊടിച്ചു. അതേസമയം, ഇരയുടെ വീട്ടുകാർക്കെതിരെയാണ് കേസെടുക്കേണ്ടത് എന്ന് പ്രഖ്യാപിക്കാനായി നടന്ന, അഞ്ഞൂറിലേറെപ്പേർ പങ്കെടുത്ത മേൽജാതിക്കാരുടെ സമ്മേളനത്തിനാകട്ടെ 144ാം വകുപ്പ് ബാധകവുമായില്ല!
സംഘ്പരിവാറിെൻറ അധികാര രാഷ്ട്രീയം കേന്ദ്ര-സംസ്ഥാനതലങ്ങളിൽ തകർത്തുകൊണ്ടിരിക്കുന്നത് മതേതര-ഫെഡറൽ തത്ത്വങ്ങൾ മാത്രമല്ല; നിയമവാഴ്ചകൂടിയാണ്. ഈ അധികാര രാഷ്ട്രീയത്തിെൻറ കൈയിലെ ചട്ടുകങ്ങൾ മാത്രമായി യു.പി പൊലീസ് മാറിയതിൽ അത്ഭുതമില്ല. എന്നാൽ, ചെറുത്തുനിൽപിനും ഇച്ഛാശക്തിക്കും മുന്നിൽ അമിതാധികാരശക്തികൾക്ക് പിന്നോട്ടുപോകേണ്ടിവരും.
ഈ ആശ്വാസകരമായ സന്ദേശം സ്വന്തം പ്രവൃത്തിയിലൂടെ രാജ്യത്തിന് വ്യക്തമാക്കിക്കൊടുത്തതിന് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമുണ്ടായ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറയണം. രാഷ്ട്രീയം ശ്രദ്ധിക്കാതെ, തൊടാതെ നിയമങ്ങളെക്കുറിച്ച് പറയാൻ ഇത്തരം സന്ദർഭങ്ങളിൽ പ്രയാസമാണ്. മെച്ചപ്പെട്ട രാഷ്ട്രീയ വ്യവസ്ഥയിൽമാത്രം ഉണ്ടാകുന്നതാണ് മെച്ചപ്പെട്ട നിയമവാഴ്ച. ഹാഥറസ് പഠിപ്പിക്കുന്നതും മറ്റൊന്നല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.