ഉയിർത്തെഴുന്നേൽക്കട്ടെ നമ്മുടെ സ്പോർട്സ് സ്കൂളുകൾ
text_fieldsറെസിഡൻഷ്യൽ രീതിയിൽ പ്രവർത്തിച്ചുവരുന്ന സ്പോർട്സ് സ്കൂളുകളുടെ ഭരണസംവിധാനം കേവലം ഒരു അക്കാദമിക വിദ്യാലയത്തിന് തുല്യമായ രീതിയിലാണ് നടന്നുവരുന്നത്. ഈ രീതി മാറി മുഴുവൻ സമയവും പ്രവർത്തന നിരതമായ ഭരണസംവിധാനവും കായികമേഖലയിൽ ശാസ്ത്രീയ ധാരണയുള്ള ജീവനക്കാരുടെ വിന്യാസവും ഉറപ്പുവരുത്തണം
കേരളത്തിലെ സ്കൂളുകളിൽനിന്ന് മികച്ച പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി രാജ്യാന്തര നിലവാരമുള്ള കായികതാരങ്ങളാക്കി വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാനത്ത് സ്പോർട്സ് സ്കൂളുകൾ ആരംഭിച്ചത്. ആരംഭഘട്ടത്തിൽ പുലർത്തിയിരുന്ന മികവിൽനിന്ന് ക്രമേണ പിന്നാക്കംപോയത് കേരളത്തിന്റെ കായികശോഷണത്തിലേക്കു വഴിവെച്ചു.
1975ൽ ആരംഭിച്ച ഗവ. ജി.വി. രാജ സ്പോർട്സ് സ്കൂൾ ഉൾപ്പെടെയുള്ളവയിൽനിന്ന് വിരലിലെണ്ണാവുന്ന രാജ്യാന്തര താരങ്ങൾ മാത്രമാണ് നാളിതുവരെ ഉയർന്നുവന്നിട്ടുള്ളത്. നിലവിൽ കേരളത്തിലുള്ള അഞ്ചു കായികവിദ്യാലയങ്ങളിൽ മൂന്നെണ്ണം കായികവകുപ്പിനു കീഴിലും രണ്ടെണ്ണം പട്ടികജാതി, പട്ടികവർഗ വകുപ്പുകളുടെ കീഴിലുമാണ് പ്രവർത്തിക്കുന്നത്.
നിലവിൽ ഗവ. ജി.വി. രാജ സ്പോർട്സ് സ്കൂളിനെ കേന്ദ്ര കായിക-യുവജനകാര്യ മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ സെൻറർ ഓഫ് എക്സലൻസ് എന്ന പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടും പ്രതീക്ഷയാർന്ന കായികപ്രകടനങ്ങൾ ഇത്തരം വിദ്യാലയങ്ങളിൽനിന്നുണ്ടാകാത്തത് എന്തുകൊണ്ടാണ്, എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാൽ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാം എന്നീ കാര്യങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ട്.
സെലക്ഷൻ രീതിയിൽ സ്വീകരിക്കാവുന്ന നൂതനത്വം
ജില്ലയിലെ ഏതെങ്കിലും ഒരു പ്രത്യേക കേന്ദ്രത്തിൽ കുട്ടികളെ വിളിച്ചുവരുത്തി സെലക്ഷൻ നടത്തുന്നതിനു പകരമായി കൂടുതൽ വിശാലമായ പ്രതിഭാനിർണയ രീതികൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകളിൽ നേരിട്ടു പോയി കുട്ടികളെ കണ്ടെത്തുന്ന സംവിധാനം രൂപപ്പെടുത്തണം. പ്രതിഭാനിർണയം നടത്തുന്നതിനായി (ടാലന്റ് ഹണ്ട്) പ്രത്യേകം പരിശീലനം നൽകിയ ഒരു സ്ഥിരം സ്ക്വാഡ് രൂപപ്പെടുത്തി സജ്ജരായിരിക്കാനുള്ള നിർദേശവും നൽകണം.
വേണം പ്രത്യേക പാഠ്യപദ്ധതി
സ്പോർട്സ് സ്കൂളുകളിലെ കുട്ടികൾ അക്കാദമികപഠനത്തോടൊപ്പം ഓരോ ദിവസവും രാവിലെയും വൈകീട്ടുമായി അഞ്ചു മുതൽ ആറു മണിക്കൂർ വരെ കഠിനമായ കായികപരിശീലനത്തിൽ ഏർപ്പെടുന്നവരാണ്. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ പഠിക്കുന്ന സമാന പാഠ്യപദ്ധതിയാണ് സ്പോർട്സ് സ്കൂളിലെയും വിദ്യാർഥികൾ പഠിക്കുന്നത്.
കായികകേന്ദ്രീകൃതമായ അന്തരീക്ഷത്തിൽ ജീവിക്കുന്ന ഇവർക്ക് പൊതുപാഠ്യപദ്ധതിയും കായികപരിശീലനവും ഒരുപോലെ കൈകാര്യംചെയ്യാൻ പ്രയാസം നേരിടുന്നു. ഇത് കായികപ്രകടനത്തെയും സാരമായി ബാധിക്കുന്നു. ഇതുസംബന്ധിച്ച് വിവിധ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിൽ സ്പോർട്സ് സ്കൂൾ കുട്ടികൾക്ക് കായികബന്ധിതമായ പ്രത്യേക പാഠ്യപദ്ധതി രൂപവത്കരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കായികപരിശീലനവും അക്കാദമിക പഠനവും പരസ്പരപൂരിതമായി ഉൾച്ചേർത്തുകൊണ്ടുള്ള പഠനരീതിയാണ് ഇവിടെ ആവിഷ്കരിക്കേണ്ടത്. അക്കാദമിക വിഷയങ്ങൾ കൈകാര്യംചെയ്യുന്ന അധ്യാപകനും കായികപരിശീലനം നൽകുന്ന കോച്ചും തമ്മിൽ ഓരോ കുട്ടിയുടെയും വളർച്ചാവികാസത്തിന്റെ ഘട്ടങ്ങൾ കൃത്യമായി വിലയിരുത്തി നിരന്തരവും സമഗ്രവുമായ പിന്തുണ സംവിധാനം ഒരുക്കണം.
കായികപരിശീലനത്തിനും ഏകീകൃത പഠനരീതി
പരിശീലകനെ മാത്രം കേന്ദ്രീകരിക്കുന്ന (Trainer Centered) പഠന വിനിമയ രീതിയാണ് കേരളത്തിലെ കായിക കോച്ചിങ് മേഖലയിൽ നിലനിൽക്കുന്നത്. ഈ രീതിയിൽ എല്ലാതരം കുട്ടികൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ല. സംസ്ഥാനത്തെ മൊത്തമായി പരിഗണിക്കുമ്പോൾ ഒരേ പ്രായത്തിലുള്ള കുട്ടികൾക്ക് വിവിധ പരിശീലനകേന്ദ്രങ്ങളിൽ വിവിധതരത്തിലുള്ള പരിശീലനരീതിയാണ് പിന്തുടരുന്നത്.
ഇത് ശാസ്ത്രീയവും ഗുണമേന്മയേറിയതുമായ കായികപഠനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകാത്ത സാഹചര്യത്തിലേക്കു നയിക്കുന്നു. ഒരു പരിശീലകൻ മാറി മറ്റൊരു പരിശീലകൻ വരുമ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നു.
ഇത്തരത്തിൽ പരിശീലനത്തുടർച്ചയില്ലായ്മയും അശാസ്ത്രീയമായ കായികപരിശീലന രീതിശാസ്ത്രവും കായികപ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലും കായിക-യുവജന കാര്യാലയവും സംയുക്തമായി മേൽനോട്ടം വഹിച്ച് ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത കായികപരിശീലന കേന്ദ്രങ്ങളിൽ ഏകീകൃത കായികപരിശീലന പഠനസമ്പ്രദായം നടപ്പാക്കണം.
കേരളത്തിലെ കായികമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിക്കാൻ ഈ രീതി അവലംബിക്കുന്നതിലൂടെ സാധിക്കും. വിദ്യാലയങ്ങളിൽ അധ്യാപകരെ വിവിധ തലങ്ങളിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയിൽ കായികപരിശീലകരെ കുട്ടികളുടെ പ്രായം, കായിക നിലവാരം, പരിശീലകന്റെ പ്രായോഗിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ നിയമിക്കേണ്ടതുണ്ട്.
ഓരോ കായികപരിശീലകർക്കും നിശ്ചിത ഇടവേളകളിൽ കായിക വിദഗ്ധരുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ കോഴ്സുകൾ നൽകണം. ഓരോ പരിശീലകന്റെയും പ്രകടനം കൃത്യമായി വിലയിരുത്തി പ്രതീക്ഷിത ഫലം നൽകാത്തവരെ ഒഴിവാക്കി യോഗ്യരായ പുതിയ ആളുകളെ നിയമിക്കണം.
സുസജ്ജമാക്കണം ഭരണസംവിധാനം
റെസിഡൻഷ്യൽ രീതിയിൽ പ്രവർത്തിച്ചുവരുന്ന സ്പോർട്സ് സ്കൂളുകളുടെ ഭരണസംവിധാനം കേവലം സാധാരണ ഒരു അക്കാദമിക വിദ്യാലയത്തിന് തുല്യമായ രീതിയിലാണ് നടന്നുവരുന്നത്. ഈ രീതി മാറി മുഴുവൻ സമയവും പ്രവർത്തന നിരതമായ ഭരണസംവിധാനവും കായികമേഖലയിൽ ശാസ്ത്രീയ ധാരണയുള്ള ജീവനക്കാരുടെ വിന്യാസവും ഉറപ്പുവരുത്തണം.
നമ്മുടെ സംസ്ഥാനത്ത് ആദ്യത്തെ സ്പോർട്സ് സ്കൂൾ രൂപവത്കൃതമായിട്ട് 50 വർഷത്തോളമാകുന്നു. എന്നാൽ, പി.ആർ. ശ്രീജേഷ് 2020ൽ ടോക്യോയിൽ നേടിയ വെങ്കലം മാത്രമാണ് സ്പോർട്സ് സ്കൂളുകളുടെ ഏക ഒളിമ്പിക്സ് നേട്ടം. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര മേളകളിൽ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുള്ള ഇനങ്ങൾക്ക് മുൻഗണന നൽകിയുള്ള തെരഞ്ഞെടുപ്പും പരിശീലനവും സ്പോർട്സ് സ്കൂളുകളുടെ നേതൃത്വത്തിൽ ഉണ്ടാകണം.
ഓരോ വർഷവും തിരഞ്ഞെടുക്കുന്ന കുട്ടികളിൽ ഏറ്റവും മികവുള്ള ടാലന്റുകളെ മാത്രം നിലനിർത്തുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി മാത്രം പിന്തുടരണം.
പ്രവേശിപ്പിക്കേണ്ട കുട്ടികളുടെ ആകെ എണ്ണം പരിഗണിക്കുന്നതിനു പകരമായി ഉയർന്ന കായികനിലവാരമുള്ള കുട്ടികൾക്കു മാത്രം പ്രവേശനം നൽകുന്ന രീതി അവലംബിക്കുമ്പോൾ ഘട്ടം ഘട്ടമായി രാജ്യത്തിന്റെ കായിക പുരോഗതിയുടെ അടിത്തറയായി കേരളത്തിലെ സ്പോർട്സ് സ്കൂളുകൾക്ക് മാറാൻ സാധിക്കും.
സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എസ്.സി.ഇ.ആർ.ടി) റിസർച് ഓഫിസറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.