നദികൾ സ്വച്ഛമായി ഒഴുകട്ടെ - ഭാഗം രണ്ട്: ഡെൽറ്റ വർക്സ് എന്ന മഹാത്ഭുതം
text_fields1953ൽ നോർത്ത് സീ (North Sea) പ്രദേശത്തുണ്ടായ വെള്ളപ്പൊക്കം നെതർലൻഡ്സിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒന്നായിരുന്നു. അതിൽനിന്നു പാഠം ഉൾക്കൊണ്ട്, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അവിടെ നടപ്പാക്കിയ പദ്ധതിയാണ് ഡെൽറ്റ വർക്സ്.
അനേകം അണക്കെട്ടുകളുടെയും, തടയണകളുടെയും, ജലം തടഞ്ഞു നിർത്താനുള്ള മറ്റു സംവിധാനങ്ങളുടെയും ശൃംഖലയാണിത്. സങ്കീർണമായ ഹൈഡ്രോളിക് എൻജിനീയറിങ് സാധ്യതകൾ ഉപയോഗിച്ച്, പലവിധ പദ്ധതികളെ കൂട്ടിയിണക്കി നിർമിച്ച, ഡെൽറ്റ വർക്സ് ആധുനിക യുഗത്തിലെ ഏഴു മഹാത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്നു.
യുനെസ്കോ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി നിലവിൽവന്ന ശേഷം നെതർലൻഡ്സിൽ വെള്ളപ്പൊക്കഭീഷണി ഗണ്യമായി കുറഞ്ഞു. ഒപ്പം പരിസ്ഥിതി പരിരക്ഷിക്കാനും, പ്രദേശത്തിന്റെ തനതായ സൗന്ദര്യം വീണ്ടെടുക്കാനും, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനും കഴിഞ്ഞു.
അമേരിക്കയുടെ കിഴക്കുതീരത്തെ മിയാമി പോലുള്ള പ്രസിദ്ധ നഗരങ്ങൾ ഇപ്പോൾ സമുദ്രനിരപ്പുയരുന്നതിലുള്ള ആശങ്കയിലാണ്. സമുദ്രത്തെ തൊട്ടുരുമ്മി ഇവിടെ നിർമിച്ച ആഡംബര ഭവനങ്ങളും, പ്രാന്തപ്രദേശങ്ങളും സംരക്ഷിക്കുന്നതിന് ജനങ്ങളും, മേധാവികളും, നഗരാസൂത്രണ ശിൽപികളുമൊക്കെ ചേർന്ന് പുതിയ പദ്ധതികൾക്ക് രൂപം കൊടുത്തുവരുകയാണ്.
അവിടെയും പ്രതിവിധി പച്ചപ്പ് കൂട്ടുക എന്നതുതന്നെ. കണ്ടൽകാടുകൾ, പവിഴപ്പുറ്റുകൾ, ഉപ്പുപാടങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയവയെല്ലാം അതതു പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് വളർത്തിക്കൊണ്ട് ഈ പ്രതിസന്ധിയെ നേരിടാമെന്നാണ് മിയാമി മോഡൽ സൂചിപ്പിക്കുന്നത്.
ജലം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിവിധികൾ കണ്ടെത്തേണ്ടതുണ്ട്. ജനസാന്ദ്രതയും, നഗരവത്കരണവും, ഭൂവിനിയോഗത്തിൽ വന്നിട്ടുള്ള മാറ്റങ്ങളും മൂലം ജലക്ഷാമവും, വെള്ളപ്പൊക്കവുമൊക്കെ അനുഭവിക്കുന്ന ചൈന നടപ്പാക്കിവരുന്ന സ്പഞ്ച്സിറ്റി എന്ന ആശയം ഇപ്പോൾ ലോകത്ത് പലയിടങ്ങളും പരീക്ഷിച്ചു വരുന്നു.
എന്താണീ സ്പഞ്ച്സിറ്റി?
വെള്ളപ്പൊക്കം തടയുക, പരിസ്ഥിതിസംരക്ഷണം, നീരൊഴുക്ക് നിയന്ത്രണം തുടങ്ങിയ ലക്ഷ്യങ്ങളുമായി രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പ് ചൈനീസ് ഗവേഷകർ മുന്നോട്ടുവെച്ച ആശയമാണ് 'സ്പഞ്ച്സിറ്റി. നഗരങ്ങളുടെ മേൽത്തട്ട് ഒരുസ്പോഞ്ചിനു സമാനമാക്കി ജലം വലിച്ചെടുക്കുന്നതിലൂടെ വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഇല്ലാതാക്കുന്നതാണ് സ്പഞ്ച്സിറ്റികളുടെ രൂപകൽപന.
2014ൽ ചൈനീസ് കമ്യൂണിസ്റ്റ്പാർട്ടി അംഗീകരിച്ച ഈ പദ്ധതി ഇപ്പോൾ പലയിടത്തും പരീക്ഷണാർഥം നടപ്പാക്കുന്നുണ്ട്. കോൺക്രീറ്റും, തറക്കല്ലുകളും, കീലുമൊക്കെ ഉപയോഗിച്ച് എത്രയും വേഗം ഒഴുക്കിക്കളയുന്നതിനുപകരം വെള്ളം അതിന്റെ സ്വാഭാവികരീതിയിൽ തണ്ണീർത്തടങ്ങളിലും മറ്റും കെട്ടിക്കിടന്ന് പതിയെ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്നതിനു സഹായിക്കുന്നതാണ് സ്പഞ്ച്സിറ്റിയുടെ അടിസ്ഥാനം.
പാർക്കുകൾ, തോട്ടങ്ങൾ, വൃക്ഷങ്ങൾനട്ടു പിടിപ്പിച്ച വഴിയോരപാതകൾ എന്നിവയെല്ലാമുൾപ്പെടെ നഗരത്തിന്റെ നല്ലൊരു ഭാഗം പച്ചപ്പ് നിലനിർത്തുകയാണ് പ്രധാനം.
ഷാങ്ഹായ്, ന്യൂയോർക് തുടങ്ങി പല നഗരങ്ങളും ഈ ആശയം നടപ്പാക്കുന്നുണ്ട്. അടുത്ത കാലത്ത് വായിച്ച ഒരു പ്രബന്ധത്തിൽ സ്പഞ്ച്സിറ്റി എന്ന ആശയം കൂടുതൽ വിപുലമാക്കാനുള്ള നിർദേശങ്ങൾ കണ്ടു, നൂതന എൻജിനീയറിങ് സാധ്യതകൾ ഉപയോഗിച്ച് നഗരത്തിലെ പാർക്കുകൾ, നിരത്തുകൾ, മൈതാനങ്ങൾ തുടങ്ങി ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിൽ പൈപ്പുകളുടെയും, ടണലുകളുടെയും ഒരു ശൃംഖല തന്നെ സൃഷ്ടിച്ച് നീരൊഴുക്ക് നിയന്ത്രിക്കുക എന്ന ആശയമായിരുന്നു അതിൽ മുന്നോട്ടുവെച്ചിരുന്നത്.
സാധിക്കുന്നിടത്തൊക്കെ പുഴകളുടെ തണ്ണീർത്തടങ്ങളിലേക്ക് ഈ ജലധാരകൾ ഒഴുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, പാറമടകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയവയും ഈ ശൃംഖലയുമായി ബന്ധിപ്പിച്ച് അവയെയെല്ലാം ജലസംഭരണികളാക്കാനും നിർദേശമുണ്ട്.
ഉപയോഗശൂന്യമായി ഒഴുകിപ്പോകുന്ന വെള്ളം ഭൂഗർഭ ജലസംഭരണികളിലെത്തിക്കുക വഴി വരൾച്ച ഇല്ലാതാക്കാനും, ഭൂഗർഭജല വിതാനം താഴ്ന്നു പോകാതെ സൂക്ഷിക്കാനും കഴിയും. ഇങ്ങനെ സംഭരിക്കുന്ന ജലം കാർഷിക ആവശ്യങ്ങൾക്കും, ഗാർഹിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗപ്പെടുത്താം.
എന്തുകൊണ്ട് നമുക്കും നടപ്പാക്കിക്കൂടാ?
ചൈനയിലും യു.എസിലുമെല്ലാം പണം ഒരു പരിമിതിയല്ലാത്ത വിധത്തിലാണ് സ്പഞ്ച്സിറ്റികൾ രൂപം കൊള്ളുന്നത്. അതിന് സമാനപദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ നമുക്കും സാധിക്കേണ്ടതാണ്. വഴിയോരങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കാനുള്ള സഹായവും അനുമതിയും വീടുകൾക്കും, കടകൾക്കും നൽകുക; പുളി, മാവ് തുടങ്ങിയ വൃക്ഷങ്ങളാണെങ്കിൽ ഫലങ്ങൾ അവ പരിപാലിച്ചു വളർത്തുന്നവർക്ക് എടുക്കാനുള്ള അനുവാദം കൊടുക്കുക.
കൂടാതെ അത്തരം വീടുകൾക്ക് പ്രോപ്പർട്ടി ടാക്സിൽ ഇളവ് അനുവദിക്കുക. ഈ നിർദേശം രണ്ടുപതിറ്റാണ്ടു മുമ്പ് ഞാൻ ചില ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതാണ്. പക്ഷേ, ഇത്തരം പദ്ധതികൾ നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു മറുപടി, കാരണം- ഇതൊക്കെ പലവകുപ്പുകളുടെ കീഴിലെ സംഗതികളാണ് എന്നതുതന്നെ.
ദീർഘവീക്ഷണത്തിന്റെ അഭാവം; വിവിധ പദ്ധതികളും വകുപ്പുകളും തമ്മിലെ ഏകോപനമില്ലായ്മ; അതുകൊണ്ടുണ്ടാകുന്ന പാഴ് ചെലവുകൾ; അതൊക്കെ തന്നെയാണ് നാം പലപ്പോഴും നേരിടുന്ന പ്രതിസന്ധികൾ. പക്ഷേ അത്തരം വിഷയങ്ങൾ മൂലം അമാന്തം വിചാരിക്കുമ്പോൾ ഭീഷണിയിലാവുന്നത് നാടിന്റെ പച്ചപ്പും നിലനിൽപ്പുമാണ്.
നഗരങ്ങളെ പച്ചപുതപ്പിക്കൽ എന്ന ലക്ഷ്യം നടപ്പാക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകണം. മാറി വരുന്ന ഭരണങ്ങളും, വകുപ്പുകൾ തമ്മിലെ അധികാരപരിധികളും, ഉദ്യോഗസ്ഥരുടെ മനോഭാവവുമൊന്നും അതിന് തടസ്സമാകരുത്.
പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയുള്ള വികസനം, നദികളെ കടന്നാക്രമിക്കാതെ, അവയുടെ സ്വതന്ത്രമായ ഒഴുക്ക് തടയാതെയുള്ള നിർമാണ പ്രവർത്തനങ്ങൾ; അതിലൂടെ മാത്രമെ മനുഷ്യജനതക്ക് സുസ്ഥിരമായ പുരോഗതി കൈവരിക്കാനാവുകയുള്ളൂ.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.