Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉയര​ട്ടെ നാടിനെ...

ഉയര​ട്ടെ നാടിനെ നെഞ്ചേറ്റുന്ന യുവത

text_fields
bookmark_border
ഉയര​ട്ടെ നാടിനെ നെഞ്ചേറ്റുന്ന യുവത
cancel

കേരളത്തെ നടുക്കിയ വയനാട്​ ഉരുൾ ദുരന്തത്തി​ന്റെ മുറിവുണക്കാൻ വിവിധ ജീവകാരുണ്യ സംഘങ്ങൾ വ്യത്യസ്തവും മാതൃകപരവുമായ പുനരധിവാസ പ്രഖ്യാപനങ്ങളുമായി മുന്നോട്ടുവന്നു. അതിലൊന്ന്​ സംസ്ഥാനത്തെ ഏതാണ്ടെല്ലാ കുടുംബങ്ങളിലും പ്രാതിനിധ്യമുള്ള ഒരു കൂട്ടായ്​മയുടേതായിരുന്നു. 150 വീടുകൾ നിർമിച്ചുനൽകുമെന്ന്​ നാഷനൽ സർവിസ് സ്കീം (എൻ.എസ്​.എസ്​) പ്രഖ്യാപിച്ചപ്പോൾ അത്​ ദുരന്തബാധിതർക്കുള്ള ആശ്വാസ പ്രവർത്തനത്തിൽ കേരളത്തിലെ ഓരോ കുടുംബങ്ങളുടെയും സ്​കൂളുകളുടെയും കോളജുകളുടെയും പൂർവവിദ്യാർഥികളുടെയും അഭിമാനകരമായ പങ്കാളിത്തമായി മാറി. ദുരിതബാധിതർക്കുള്ള അവശ്യസാധനങ്ങൾ സ്വരൂപിക്കാനും കലക്ഷൻ...

കേരളത്തെ നടുക്കിയ വയനാട്​ ഉരുൾ ദുരന്തത്തി​ന്റെ മുറിവുണക്കാൻ വിവിധ ജീവകാരുണ്യ സംഘങ്ങൾ വ്യത്യസ്തവും മാതൃകപരവുമായ പുനരധിവാസ പ്രഖ്യാപനങ്ങളുമായി മുന്നോട്ടുവന്നു. അതിലൊന്ന്​ സംസ്ഥാനത്തെ ഏതാണ്ടെല്ലാ കുടുംബങ്ങളിലും പ്രാതിനിധ്യമുള്ള ഒരു കൂട്ടായ്​മയുടേതായിരുന്നു. 150 വീടുകൾ നിർമിച്ചുനൽകുമെന്ന്​ നാഷനൽ സർവിസ് സ്കീം (എൻ.എസ്​.എസ്​) പ്രഖ്യാപിച്ചപ്പോൾ അത്​ ദുരന്തബാധിതർക്കുള്ള ആശ്വാസ പ്രവർത്തനത്തിൽ കേരളത്തിലെ ഓരോ കുടുംബങ്ങളുടെയും സ്​കൂളുകളുടെയും കോളജുകളുടെയും പൂർവവിദ്യാർഥികളുടെയും അഭിമാനകരമായ പങ്കാളിത്തമായി മാറി.

ദുരിതബാധിതർക്കുള്ള അവശ്യസാധനങ്ങൾ സ്വരൂപിക്കാനും കലക്ഷൻ സെന്ററുകളെ ഏകോപിപ്പിക്കാനും റിലീഫ്​ ക്യാമ്പുകളിൽ സഹായമെത്തിക്കാനും സജീവമായി നിലകൊണ്ട കേരളത്തിലെ 3500 എൻ.എസ്.എസ് യൂനിറ്റുകളും 3500 പ്രോഗ്രാം ഓഫിസർമാരും 3,50,000 വളന്റിയർമാരും മുൻകാല പ്രവർത്തകരും വയനാടി​ന്റെ​ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാകുമെന്നും സ്വയം പ്രതിജ്ഞ ചെയ്​തിട്ടുമുണ്ട്​.

ദേശ സേവനത്തിന് വിദ്യാർഥികളെ സജ്ജമാക്കണമെന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നവും അധ്യാപകനും വിദ്യാർഥിയും വിദ്യാലയത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവർത്തിക്കണമെന്ന മുൻ രാഷ്ട്രപതി ഡോ. എസ്​. രാധാകൃഷ്‌ണന്റെ നിർദേശവും കോത്താരി കമീഷന്റെ ശിപാർശയും സി.ഡി. ദേശ്‌മുഖിന്റെയും പ്രഫ. സെയ്‌ദിന്റെയും പ്രായോഗിക നിർദേശങ്ങളും ചേർത്തുവെച്ച്​ മഹാത്മാ ഗാന്ധിയുടെ ജന്മശതാബ്​ദി വർഷത്തിൽ-1969 സെപ്‌റ്റംബർ 24ന് രാജ്യത്തെ 37 സർവകലാശാലകളിൽ 40,000 അംഗങ്ങളുമായി രൂപവത്​കരിക്കപ്പെട്ട എൻ.എസ്​.എസി​ന്റെ 55-ാം സ്ഥാപകദിനമാണിന്ന്​. 'ഞാൻ' എന്ന ചിന്തയിൽ നിന്ന്​ നിസ്വാർഥമായ 'നമ്മൾ' എന്ന ചിന്തയിലേക്കും ഐക്യത്തിലേക്കും വെളിച്ചം വീശുകയാണ്​ ഓരോ എൻ.എസ്​.എസ് വളന്റിയറുടെയും ലക്ഷ്യം.

വിദ്യാർഥികൾ സാമൂഹിക ഉത്തരവാദിത്തങ്ങൾ വിസ്മ‌രിക്കരുതെന്നും വിദ്യാഭ്യാസത്തെ ഒരുതരം ബൗദ്ധികമായ ആഡംബരമായി (Intellectual Luxury) കാണരുതെന്നും നിരന്തരം ഓർമിപ്പിച്ച ഗാന്ധിജി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അത് സ്ഥിതി ചെയ്യുന്ന പ്രദേശവുമായി സജീവവും ക്രിയാത്മകവുമായ ബന്ധമുണ്ടാവണമെന്നും ആഗ്രഹിച്ചിരുന്നു.

വിദ്യാർഥികളിൽ അന്തർലീനമായ സർഗ വാസനകളെ ക്രിയാത്മകമായി വിനിയോഗിക്കാനും തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും സാമൂഹിക സേവന ആഭിമുഖ്യം വളർത്താനും നാഷനൽ സർവിസ് സ്‌കീമിന്റെ പ്രവർത്തനങ്ങൾക്ക് കഴിയുന്നു. ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന പരിമിതമായ അറിവിനുപരി തങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യരുടെ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വിദ്യാർഥികളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിന് നാഷനൽ സർവിസ് സ്‌കീം പദ്ധതികൾ സഹായകമാവുന്നു. ഒരു നേരത്തെ ആഹാരത്തിനുപോലും വിഷമിക്കുന്നവർക്ക് ആഹാരത്തിന്റെ രുചിയും സ്നേഹവും പകർന്നു നൽകിയും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമുള്ള നിരാലംബരെ ചേർത്തുനിർത്തിയും ഓരോ വളന്റിയറും നാളെയുടെ പൗരരായി വളരുന്നു.

ഏതൊരു സാഹചര്യത്തെയും ആത്മവിശ്വാസത്തോടെ നേരിടാനും നിസ്വാർഥമായി പ്രവർത്തിക്കാനുമാണ് ഓരോ വിദ്യാർഥിയെയും എൻ.എസ്.എസ് പ്രാപ്തമാക്കുന്നത്. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് കാലത്തും സ്വജീവൻ പോലും വകവെക്കാതെ സേവനരംഗത്ത്​ കർമനിരതരായിരുന്നു അവർ. ക്വാറന്റീനിൽ കഴിഞ്ഞ രോഗികൾക്ക് ഭക്ഷണവും അവശ്യ സാമഗ്രികളും എത്തിക്കാനും വാക്‌സിനേഷൻ കേന്ദ്രങ്ങളിലുമെല്ലാം മലയാളി യുവതയുടെ ​പ്രതിനിധികളായി എൻ.എസ്​.എസ്​ ഉണ്ടായിരുന്നു. പ്രളയത്തിൽ മുങ്ങിയ കേരളത്തെ പൂർവസ്ഥിതിയിലെത്തിക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്​ത ശുചീകരണ യജ്ഞത്തിലും ഹെൽപ് ലൈൻ ഡെസ്കുകളിലും വലിയ പങ്കാളിത്തം എൻ.എസ്. എസ് വളന്റിയർമാരുടേതായുണ്ടായിരുന്നു.

മറ്റു പല വികസന രംഗങ്ങളിലുമെന്ന പോലെ കേരളത്തിലെ നാഷനൽ സർവിസ് സ്‌കീമിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന എൻ.എസ്.എസ് ഉപദേശക സമിതി യോഗമാണ് സംസ്ഥാനത്തെ നാഷനൽ സർവിസ് സ്കീം പ്രവർത്തനങ്ങൾ രൂപകൽപന ചെയ്യുന്നത്​. ലഹരിക്കെതിരെയുള്ള പ്രത്യേക സേന, സാമൂഹിക പ്രതിബദ്ധതയുള്ള വിശേഷ സ്ഥാപനങ്ങളെ ദത്തെടുക്കൽ, ഭവന നിർമാണം, ആരോഗ്യ-സുരക്ഷ കാമ്പയിനുകൾ, നിർമാണ യൂനിറ്റുകൾ, തൊഴിൽ പരിശീലനങ്ങൾ, സ്നേഹാരാമങ്ങൾ, ഇ-സാക്ഷരത, ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം, ഞങ്ങളും കൃഷിയിലേക്ക്, പുസ്‌തക തണൽ തുടങ്ങിയവയാണ്​ ഇത്തവണത്തെ പ്രധാന പദ്ധതികൾ.

(സംസ്ഥാന എൻ.എസ്.എസ് ഓഫിസറാണ്​ ലേഖകൻ) 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsYouthWayanad LandslideNational Service Scheme
News Summary - Let the youth who cherish the country rise
Next Story