ഒരുമിച്ച് പൊരുതാം, ഒത്തുചേർന്നുയരാം!
text_fieldsഎല്ലാ മനുഷ്യരെയും വേര്‍തിരിവുകളില്ലാതെ ചേര്‍ത്തു പിടിച്ച് പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് മുതൽ 16 വരെ എല്ലാവർഷവും സാമൂഹിക ഐക്യദാര്ഢ്യപക്ഷം ആചരിക്കുന്നത്. ‘ഉയരാം നമുക്കൊത്തുചേര്‍ന്ന്’ എന്നാണ് ഈ വർഷത്തെ മുദ്രാവാക്യം.
പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഘാടനം. ഇന്ന് രാവിലെ 11.30ന് എറണാകുളം ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
ഒക്ടോബര്‍ 16ന് വൈകീട്ട് കൊല്ലത്താണ് സമാപനം. വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിലൂടെ സമൂഹത്തില്‍ പരസ്പര വിശ്വാസവും, സൗഹൃദവും ഉറപ്പിക്കാമെന്ന ദര്‍ശനമാണ് സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ അടിസ്ഥാനശില. സ്വാതന്ത്ര്യം നേടി 76 വർഷങ്ങൾ പിന്നിട്ടിട്ടും രാജ്യത്തെ ദലിത്-പട്ടികവര്‍ഗ-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അതനുഭവവേദ്യമായിട്ടില്ല എന്നതാണ് യാഥാർഥ്യം.
കൂലി ചോദിച്ച യുവാവിന്റെ നഖങ്ങള്‍ പിഴുതെടുത്ത് നായ്ക്കളെ വിട്ട് കടിപ്പിച്ച ക്രൂരതയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ചതും അടുത്തിടെയാണ്. ദലിതര്‍ക്കും, പട്ടികവര്‍ഗക്കാര്‍ക്കും, പിന്നാക്കക്കാര്‍ക്കുമെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ വല്ലാത്ത ഒരവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിച്ചിരിക്കുകയാണ്. സാമൂഹിക നീതിയും, സുരക്ഷയുമൊന്നുമില്ലാത്ത അരക്ഷിതരാണ് ഇന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹം.
എന്നാല്‍ ഈ സ്ഥിതിയില്നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ത ചിത്രമാണ് കേരളത്തിന്റേത്. ഒട്ടനവധി നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് കേരളത്തില്‍ സാമൂഹിക നീതിയുടെ വേരുകളുറച്ചത്. അവര്‍ണരെന്ന് വിളിച്ച് മാറ്റി നിര്‍ത്തപ്പെട്ടവർ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയോടെ വഴി നടക്കാൻ നടത്തിയ വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി വർഷവുമാണിത്.
നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും, പുരോഗമന പ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് കേരളം ഇന്നു കാണുന്ന സാമൂഹിക പുരോഗതി കൈവരിച്ചത്. എന്നാൽ നമ്മൾ ആർജിച്ച നേട്ടങ്ങളെ ഇല്ലാതാക്കുന്ന പ്രവണത പലയിടങ്ങളിലും തലപൊക്കി വരുന്ന സാഹചര്യത്തിൽ ഈ പക്ഷാചരണ പരിപാടികൾക്ക് പ്രസക്തി ഏറുന്നുണ്ട്.
ജാതി-മത ശക്തികള്‍ക്ക് കീഴ്പ്പെടാതെ കേരളം എന്നും നിലനില്ക്കുന്നതും നമ്മുടെ സാമൂഹിക ഐക്യത്തിലൂടെയാണ്. അതുകൊണ്ടു തന്നെ ജാതി-ജന്മി നാടുവാഴിത്ത ഭൂതകാലത്തിന്റെ ഇരുട്ടറകളിലേക്ക് നമ്മളെ തളച്ചിടാന്‍ ശ്രമിക്കുന്നവരെ ഒന്നിച്ചെതിർക്കണം.
വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിൽ മികവുറ്റ സൗകര്യങ്ങൾ നല്കി എല്ലാ രംഗത്തും ഉയര്‍ന്നു വരാനുള്ള അവസരങ്ങളാണ് കേരള സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഒരുക്കുന്നത്. ‘ഉന്നതി’ എന്ന പൊതു കുടക്കീഴിൽ വകുപ്പുകളെ ഒന്നിച്ചു ചേർത്ത് മികച്ച സാമൂഹിക മൂലധനമാണ് സർക്കാർ നൽകുന്നത്.
അഭ്യസ്തവിദ്യരായ യുവജനങ്ങളെ ഒരേ സമയം തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്ന കേരള എംപവർമെന്റ് സൊസൈറ്റി, സർക്കാർ സംവിധാനത്തിൽ തൊഴിൽ പരിശീലനവും നൈപുണ്യവും നൽകുന്ന ട്രേസ്, വീടുകളെ പുതുമോടിയിലാക്കുന്ന സേഫ്, വിദേശ പഠന അവസരങ്ങൾ എന്നിവയെല്ലാം ഈ സർക്കാർ നടപ്പാക്കി വരുന്ന നൂതന പദ്ധതികളിൽ ചിലതു മാത്രമാണ്.
അതിക്രമങ്ങള്‍ക്കെതിരായ പ്രചാരണം, പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം, സംരംഭകത്വ സെമിനാര്‍, ശുചീകരണ പ്രവൃത്തികള്‍, ഊരുകൂട്ടങ്ങള്‍, ലഹരിവിരുദ്ധ പ്രചാരണം തുടങ്ങിയ പരിപാടികളും ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.