വഴികാട്ടാം, നാളേയിലേക്ക്...
text_fieldsസ്വാ തന്ത്ര്യം ലഭിച്ച് 75 സംവത്സരങ്ങള്‍ കഴിഞ്ഞ ഘട്ടത്തിലും സ്കൂള്‍ പ്രായത്തിലുള്ള 3.22 കോടി കുട്ടികള്‍ സ്കൂളിന് വെളിയിലാണ് എന്ന സുഖകരമല്ലാത്ത സത്യം ദേശീയവിദ്യാഭ്യാസനയം 2020ല്‍ വ്യക്തമാക്കുന്നു. തീർത്തും വ്യത്യസ്തമായ ഒരവസ്ഥയാണ് കേരളത്തില്‍. സ്കൂള്‍ പ്രായത്തിലെത്തിയ ഏതാണ്ടെല്ലാ കുട്ടികളും ഇവിടെ സ്കൂളില്‍ എത്തിച്ചേര്‍ന്നു. അവർ 12ാം ക്ലാസ് വരെ പഠനം തുടരുന്നു. നമ്മുടെ കൊഴിഞ്ഞുപോക്ക് നിരക്ക് രാജ്യത്ത് ഏറ്റവും കുറവാണ് 0.1%. നിതി ആയോഗ് പുറത്തിറക്കിയ സ്കൂള്‍ എജുക്കേഷന്‍ ക്വാളിറ്റി ഇൻഡക്സ് റിപ്പോര്‍ട്ടിലും, യുനൈറ്റഡ് നേഷന്‍സും നിതി ആയോഗും സംയുക്തമായിറക്കിയ എസ്.ഡി.ജി ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരവും ഏറ്റവും മുന്നില്‍ കേരളമാണ്. കേന്ദ്രവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡ് ഇൻഡക്സിലും നാം ഒന്നാം ശ്രേണിയില്‍ തന്നെ. ഈ നേട്ടങ്ങളുടെയെല്ലാം പിറകില്‍ നമ്മുടെ അധ്യാപകര്‍ വഹിച്ച പങ്ക് ഈ ദിവസത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
മികവിനായുള്ള പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് കോവിഡ് 19 മഹാമാരി ലോകമാകെ ബാധിച്ചത്. ലോകം മുഴുവന്‍ എന്തുചെയ്യണം എന്നാലോചിച്ചിരിക്കുന്ന ഘട്ടത്തില്‍ നാം 2020 ജൂണില്‍ തന്നെ കുട്ടികളില്‍ ആത്മവിശ്വാസം ഉളവാക്കാനും പഠനപാതയില്‍ നിലനിര്‍ത്താനും ഡിജിറ്റല്‍ ക്ലാസുകളാരംഭിച്ചു. സംപ്രേഷണ രീതിയിലുള്ള ക്ലാസുകളേക്കാള്‍ അധ്യാപകര്‍ നേരിട്ടെടുക്കുന്ന ക്ലാസുകളാണ് കുട്ടികള്‍ക്ക് ഇഷ്ടം എന്നതിനെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് നാം.
നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലായി ഹയർ സെക്കൻഡറി ഘട്ടം വരെ 1.80 ലക്ഷം അധ്യാപകരുണ്ട്. അതില്‍ 70 ശതമാനത്തിലേറെയും അധ്യാപികമാരാണ്. ദേശീയ തലത്തില്‍ ഇത് 50 ശതമാനത്തിനടുത്താണ്. കോവിഡ് കാലത്ത് അധ്യാപകര്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തില്‍ അധ്യാപക സംഘടനകള്‍ക്ക് നിർണായക പങ്കുവഹിക്കാന്‍ കഴിയണം എന്ന് അധ്യാപകദിനം നമ്മെ ഓർമപ്പെടുത്തുന്നു. സമവര്‍ത്തി പട്ടികയിലുള്ള വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൂടി ഇടപെടാനുള്ള സൂചനകള്‍ കേന്ദ്ര വിദ്യാഭ്യാസനയത്തിലുണ്ട് എന്നതും കൂടി നാം കാണണം. ഓരോ സംസ്ഥാനത്തിെൻറയും സവിശേഷതകള്‍ കൂടി പരിഗണിച്ച് വിദ്യാഭ്യാസരംഗത്ത് നിലപാട് കൈക്കൊള്ളാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്. അത് ലംഘിക്കാനുള്ള ഏത് ശ്രമത്തേയും കൂട്ടായി ചെറുക്കേണ്ടതുണ്ട്.
കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ശാസ്ത്രീയ വികാസം ഉറപ്പാക്കാനും ഏറ്റവും മികച്ച വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കുന്നതിനും കഴിയും വിധത്തിൽ പാഠ്യപദ്ധതി നമുക്ക് പുതുതായി വികസിപ്പിക്കണം. തൊഴിലിനോടുള്ള മനോഭാവത്തിൽ മാറ്റം വരണം. ജ്ഞാനസമൂഹം, പ്രാദേശികസമ്പദ്ഘടന ശക്തിപ്പെടുത്തല്‍ തുടങ്ങിയ പുതിയ ധാരണകളുമായി കേരളീയസമൂഹം മുന്നോട്ടു പോകുമ്പോള്‍ അതിനൊപ്പം ചലിക്കാന്‍ സ്കൂൾ പാഠ്യപദ്ധതിക്ക് കഴിയണം. ഇതെല്ലാം ഉള്‍ക്കൊള്ളും വിധം അധ്യാപകരുടെ മനോഭാവം മാറേണ്ടതുണ്ട്. സാങ്കേതികവിദ്യാമാറ്റം കൂടി നാം കാണണം. അധ്യാപകരുടെ പ്രഫഷനലിസം വർധിപ്പിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിലും എക്സലന്‍സ് ആകണം നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും മുമ്പെന്ന പോലെ ഇപ്പോഴും വഴികാട്ടികളാകാന്‍ അധ്യാപകര്‍ക്ക് കഴിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.