കാമറയിലൂടെ ഞാൻ ഹൃദയങ്ങളിലേക്ക് നോക്കുന്നു
text_fieldsഅഫ്ഗാനിസ്താനിൽ യുദ്ധ റിപ്പോർട്ടിങ്ങിനിടെ കൊല്ലപ്പെട്ട റോയിട്ടേഴ്സ് ചീഫ് ഫോട്ടോജേണലിസ്റ്റ് ദാനിഷ് സിദ്ദീഖി അക്ഷരാർഥത്തിൽ ഒരു പാഠപുസ്തകമായിരുന്നു. തൻെറ ഫോട്ടോഗ്രഫി ജീവിതത്തെയും കുഞ്ഞുകുഞ്ഞ് ഇഷ്ടങ്ങളെയും കുറിച്ച് പണ്ടൊരിക്കൽ അദ്ദേഹം കുറിച്ചിട്ട വരികളിലൂടെ സഞ്ചരിക്കുേമ്പാൾ ആ അഭാവം വരുത്തുന്ന നഷ്ടത്തിൻെറ ആഴം നമ്മൾ കണ്ണാലെ കാണുന്നു
അയൽവാസിയിൽനിന്ന് കടംവാങ്ങിയ കാമറയാണ് ഫോട്ടോഗ്രഫിയിലെ ആദ്യ ഓർമ. അതിൽ പോക്കറ്റ് മണിയുടെ പാതി ചെലവിട്ട് വാങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം റോളും നിറച്ച് സ്കൂളിൽനിന്ന് ഒരു ഹിമാലയ യാത്ര പോയി. ഫിലിം സ്കൂളിൽ വെച്ചാണ് ഫോട്ടോഗ്രഫിയിൽ ഔപചാരിക പരിശീലനം ലഭിക്കുന്നത്. സ്റ്റിൽഫോട്ടോഗ്രഫി പഠിപ്പിക്കുന്നതിന് അവിടെ ഒരു മൊഡ്യൂൾതന്നെയുണ്ടായിരുന്നു. പിന്നീട് രാജ്യത്തെ ഏറ്റവും വലിയ ഒരു ടെലിവിഷൻ നെറ്റ്വർക്കിൻെറ ഭാഗമായ ഘട്ടത്തിൽ ഫോട്ടോ ജേണലിസത്തിൽ കൂടുതൽ അടുപ്പം കിട്ടി. പഠിച്ചതിൽ 90 ശതമാനം വിദ്യകളും ആ മേഖലയിലെ അനുഭവങ്ങളിൽനിന്ന് കൈവന്നതാണ്.
ഒരു വലിയ ആഘോഷ ചടങ്ങിൽ ചീഫ്ഫോട്ടോഗ്രാഫറുടെ സഹായിയായി പോയതാണ് റോയിട്ടേഴ്സിലെ ആദ്യ അസൈൻമെൻറ്. 12 വർഷത്തിലൊരിക്കലായി വിവിധ നഗരങ്ങളിൽ നടക്കുന്ന ഈ മേളാഘോഷത്തിൽ ആയിരക്കണക്കിന് ഹൈന്ദവവിശ്വാസികളാണ് എത്തിച്ചേരാറ്. വല്ലാത്ത ഒരു അനുഭവമായിരുന്നു എനിക്കത്. ഷൂട്ടിങ്ങിൻെറയും എഡിറ്റിങ്ങിൻെറയും ഫിലിമിങ്ങിൻെറയുമെല്ലാം പുതുപുതുവിദ്യകൾ അവിടെ വെച്ച് പഠിക്കാനായി.
'സ്ലംഡോഗ് മില്യനർ' സിനിമയിലെ ബാലതാരമായിരുന്ന റുബീനയുടെ കഥ പകർത്താൻ പോയതാണ് ലഭിച്ച അസൈൻമെൻറുകളിൽ ശ്രദ്ധേയമായ ഒന്ന്. മുംബൈയിലെ ചേരികളിലൊന്നിൽ അവൾ പാർത്തിരുന്ന കുടിൽ തീപിടിച്ച് കത്തിനശിച്ചിരുന്നു. ആ പെൺകുട്ടിയുടെ ധൈര്യവും കാര്യപ്പിടിപ്പും കണ്ട് ശരിക്കും അതിശയിച്ചു പോയി. ലോസ് ആഞ്ജലസിൽ നടന്ന അക്കാദമി അവാർഡ് നിശയിൽ സഹതാരങ്ങൾക്കൊപ്പം റെഡ് കാർപ്പറ്റിലൂടെ നടക്കുന്നതിൻെറ അസുലഭ ചിത്രങ്ങളടക്കം അവൾക്ക് സ്വന്തമായുള്ള െതല്ലാം ഒറ്റ രാത്രികൊണ്ട് ഇല്ലാതായിത്തീർന്നിരുന്നു.
ദൈനംദിന, ഉപജീവന ജോലികൾക്കു പുറമെ, രാജ്യത്തിൻെറ എല്ലായിടത്തുനിന്നും ഏതെങ്കിലും വിഷയത്തിൽ ആഴത്തിലുള്ള ഫീച്ചറുകൾ ചെയ്യാനും എനിക്കിഷ്ടമാണ്. പിന്നെ രാജ്യത്തെ ഏറ്റവും ജനപ്രിയ വിശ്വാസപ്രമാണമായ ക്രിക്കറ്റും. മുംബൈയിലെ ഒരു തിയറ്ററിനെപ്പറ്റി ഒരു ഫീച്ചർ ചെയ്യവെ അവിടെ സിനിമ കണ്ടിരിക്കുന്ന ആളുകളുടെ ചിത്രം പകർത്തി. ഒരേ റൊമാൻറിക് സിനിമ 15 വർഷമായി കളിക്കുകയായിരുന്നു അവിടെ. സങ്കടങ്ങളും ദൈനംദിന പ്രശ്നങ്ങളുമെല്ലാം മറക്കാൻ ഒരു സിനിമ ആളുകളെ സഹായിക്കുന്നതെങ്ങനെയെന്ന് ഓർമപ്പെടുത്തുന്ന ആ ചിത്രം എനിക്കേറെ പ്രിയപ്പെട്ടതാണ്.
ബിസിനസ്, പൊളിറ്റിക്സ്, സ്പോർട്സ് ... അങ്ങനെ ഏതുതരം വാർത്തകൾ ശേഖരിക്കുന്നതും എനിക്കിഷ്ടമായിരുന്നു. പക്ഷേ, ഏറ്റവുമധികം ആസ്വദിക്കുന്നത് ഏതൊരു തകർപ്പൻ വാർത്തയുടെയും മാനുഷിക മുഖം പകർത്തുേമ്പാഴാണ്. പലതരം സംഘർഷങ്ങളിൽ അകപ്പെടുന്ന മനുഷ്യരുടെ വിഷയങ്ങൾ രേഖപ്പെടുത്തുന്നത് ഏറ്റവൂം താൽപര്യമുള്ള കാര്യമാണ്.
ആളുകൾക്ക് എല്ലായിടത്തും എത്തിച്ചേരാൻ കഴിഞ്ഞെന്നു വരില്ലല്ലോ, അതുകൊണ്ട് ഒരു സാധാരണക്കാരൻ തനിക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലത്തുനിന്ന് കാണാനും അനുഭവിക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ പകർത്തുവാനാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. ഒരു സംഭവം കവർ ചെയ്തു കൊണ്ടിരിക്കെ പൊടുന്നനെ വാർത്താ മർമം മാറിയേക്കാം, അതിനനുസരിച്ച് മാറാൻ കഴിയുക എന്നതാണ് പഠിച്ച ഏറ്റവും വലിയ പാഠം. എൻെറ ചിത്ര വിഷയങ്ങളെ ഞാൻ ആദരിക്കുന്നു, അവയാണ് എൻെറ പ്രചോദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.