ലൈഫ് ലൈൻ
text_fieldsമന്ത്രി ബാലഗോപാലിന്റെ ചരിത്രപ്രസിദ്ധമായ സർചാർജ് പ്രഖ്യാപനങ്ങൾക്കുശേഷം നിയമസഭയിൽ ബജറ്റ് ചർച്ച പൊടിപൊടിക്കുകയാണ്. പെട്ടെന്നാണ്, പ്രതിപക്ഷം മറ്റൊരു വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാറിന്റെ അഭിമാനപദ്ധതിയായ ‘ലൈഫ്’ ഇഴഞ്ഞുനീങ്ങുന്നുവെന്ന് നാട്ടുകാർക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയിട്ട് കുറച്ചായി. അതൊന്ന് ഏറ്റുപിടിക്കാനുള്ള പരിപാടിയിലാണ് സതീശനും സംഘവും. ‘‘സർ, ലൈഫ് എന്നാൽ ജീവിതം എന്നാണ് അർഥം; പക്ഷേ, ഇവിടെ കേരളത്തിൽ അത് കാത്തിരിപ്പ് എന്നാണ്’’ - 2020 മുതൽ വീടിനായി അപേക്ഷ നൽകിയ ഒമ്പത് ലക്ഷത്തോളം ആളുകളുടെ ദൈന്യതയും നിരാശയും, ഒറ്റവാചകത്തിൽ വിഷയം കൊണ്ടുവന്ന പി.കെ. ബഷീർ അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തിനുപോലും ചിരിയടക്കാനായില്ല.
സംഗതി വാസ്തവമാണ്. കേരളീയർക്കിപ്പോൾ ജീവിതമെന്നപോലെ കാത്തിരിപ്പുകൂടിയാണ് ‘ലൈഫ്’. പദ്ധതിയുടെ ഗുണഭോക്താക്കൾ മാത്രമല്ല, പിണറായി സഖാവ് തൊട്ടിങ്ങോട്ടുള്ള സകല മലയാളികൾക്കും ‘ലൈഫി’ൽ ഏതെങ്കിലും തരത്തിലുള്ള കാത്തിരിപ്പ് വന്നുകൂടിയിട്ടുണ്ട്. സഖാവിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും മറ്റൊരു ലൈഫ് ലൈൻ തേടിയുള്ള കാത്തിരിപ്പിലാണ്. ആളിപ്പോൾ ഇ.ഡി കസ്റ്റഡിയിലാണ്; അതും വേറൊരു ‘ലൈഫ്’ കേസിൽ. നാളെയറിയാം, കസ്റ്റഡി വീണ്ടുമൊരു ജയിൽവാസത്തിലേക്ക് നയിക്കുമോ എന്ന്.
ഒന്നാം തീയതി മുതൽ സ്വസ്ഥമായി വീട്ടിലിരിക്കേണ്ടയാളായിരുന്നു. സർവിസിന്റെ അവസാന കാലത്തുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളത്രയും ഒരു ദുഃസ്വപ്നമായിക്കണ്ട് ശിഷ്ടകാലം മനസ്സമാധാനത്തോടെ കഴിയാമെന്നു തീരുമാനിച്ചാണ് ജനുവരി 31ന് സെക്രട്ടേറിയറ്റിന്റെ പടിയിറങ്ങിയത്. പഴയ സംഭവങ്ങളുടെ ഓർമകൾ തികട്ടിവരുന്നത് ഒഴിവാക്കാനാകണം, ചട്ടപ്പടിയുള്ള യാത്രയയപ്പു പരിപാടികളൊന്നുമുണ്ടായില്ല. ‘വിവാദങ്ങൾ ബാക്കിയാക്കി ശിവശങ്കർ പടിയിറങ്ങി’യെന്ന് മാധ്യമങ്ങളും. തീർത്തും പുതിയൊരു ലൈഫിനായുള്ള കാത്തിരിപ്പ്. പക്ഷേ, വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ ഹാജരാകാനുള്ള ഇ.ഡി നോട്ടീസ് കൈപ്പറ്റിയതും ഇതേ ദിവസമാണ്. അതോടെ, എല്ലാം തീർന്നു. മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനുശേഷം, കാര്യങ്ങൾ അത്രശരിയല്ലെന്ന് മനസ്സിലാക്കിയ എൻഫോഴ്സ്മെന്റുകാർ അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കി പത്തു ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. അത്രവേണ്ട, അഞ്ചു മതിയെന്ന് കോടതിയും. നാളെ കോടതി കൂടുമ്പോൾ ബാക്കിയറിയാം. അതുവരെയും നെഞ്ചിടിപ്പോടെത്തന്നെ കാത്തിരിക്കണം. ഈ കാത്തിരിപ്പ് ശിവശങ്കറിന് മാത്രമല്ല, പിണറായി സഖാവിനും കൂട്ടർക്കും കൂടിയുള്ളതാണ്. അത് അഭിമാന പദ്ധതിയിൽ വെള്ളം ചേർത്തതുകൊണ്ടുമാത്രമല്ല, കോഴക്കേസിലെ പ്രതികളിൽ ചിലരുടെയെങ്കിലും മൊഴികൾ സർക്കാറിലേക്കുകൂടി നീളുന്നതുകൊണ്ടാണ്. അക്കാരണത്താൽ, പ്രതിപക്ഷത്തിനുമുണ്ട് കാത്തിരിപ്പിനുള്ള സ്കോപ്. മുഖ്യൻ ശിവശങ്കർ എന്നാണ് ഇ.ഡി പറയുന്നതെങ്കിലും പ്രതിപക്ഷത്തിന്റെ നോട്ടവും കാത്തിരിപ്പും മന്ത്രിമുഖ്യനിലേക്കാണ്.
‘ഭവനരഹിതരില്ലാത്ത കേരളം’ എന്നാണ് ‘ലൈഫി’ന്റെ ആപ്തവാക്യം. പക്ഷേ, ലൈഫ് മിഷൻ കോഴക്കേസ് ചിലരെയെങ്കിലും ഭവനരഹിതരാക്കുമെന്ന് നൂറ് തരം. പ്രമാദമായ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഈ കോഴക്കേസ് പൊങ്ങിവന്നത്. സ്വർണക്കടത്ത് കേസിൽ അന്നേരം ശിവശങ്കർ പ്രതിയായിരുന്നില്ല; പക്ഷേ, ടിയാന്റെ അടുപ്പക്കാർ ലിസ്റ്റിലുണ്ട്. രണ്ടുകൂട്ടരെയും ബന്ധിപ്പിക്കുന്ന രേഖകളുമുണ്ട്. അങ്ങനെയിരിക്കെയാണ്, രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെയും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടിന്റെയും പേരിൽ ഒരു സംയുക്ത ലോക്കറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത്. ലോക്കർ തുറന്നപ്പോൾ, പലതിന്റെയും കൂട്ടത്തിൽ അതിൽ ഒരു കോടി രൂപയുടെ നോട്ടുകൾ! അത് ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ കൈക്കൂലിയായി (കമീഷൻ എന്നും പറയാം) കിട്ടിയതാണെന്ന് സ്വപ്നയുടെ മൊഴി.
ഫ്ലാറ്റ് നിർമാണത്തിന് കരാർ ഏറ്റെടുത്ത കമ്പനിയുടെ മുതലാളി നൽകിയ പണമാണ്. 20 കോടിയുടെ പദ്ധതിയിൽ ഒമ്പത് കോടിയും കമീഷൻ പോയി എന്നാണ് പ്രതിപക്ഷം പറയുന്നത്. അത്രയൊന്നുമില്ല, അഞ്ചരക്കോടിയേ വരൂ എന്ന് സ്വപ്നയും. അതെന്തായാലും, അതിലൊരു കോടി തൊണ്ടിയായി പിടിച്ചിട്ടുണ്ട്. പോരാത്തതിന്, ശിവശങ്കറിന്റെ പക്കലുണ്ടായിരുന്ന ലക്ഷം രൂപയുടെ മൊബൈൽ ഫോണിന്റെ ബിൽ ടി കമ്പനി മുതലാളി അടച്ചതായും കണ്ടെത്തിയിട്ടുണ്ട്. അല്ലെങ്കിലേ, വടക്കാഞ്ചേരി പദ്ധതിക്കുള്ള പണം നൽകിയത് ഇന്റർനാഷനൽ റെഡ് ക്രസന്റ് എന്ന സംഘടനയാണ്; പ്രളയദുരിതാശ്വാസത്തിനായി. വിദേശസംഘടനയുടെ പണം വാങ്ങിയെന്ന ആക്ഷേപം ഇക്കാര്യത്തിൽ നേരത്തേയുണ്ട് കേന്ദ്രത്തിന്. അതുംപോരാഞ്ഞിട്ടാണ് കമീഷൻ. പിന്നെ, ഇ.ഡിയും സി.ബി.ഐയുമെല്ലാം ഇടപെടാതിരിക്കുമോ? സി.ബി.ഐ വരുന്നത് തടയാൻ പിണറായി സഖാവ് വിജിലൻസിനെ ഇറക്കി. തുടക്കത്തിൽ വിജിലൻസ് നന്നായി പണിയെടുത്തു. പോയിപ്പോയി, അന്വേഷണം വലിയ കക്ഷികളിലെത്തുമെന്നായപ്പോൾ ഉദ്യോഗസ്ഥരെയൊക്കെ മാറ്റി ഫയൽ മടക്കിവെച്ചു. ആ ഒഴിവിലാണിപ്പോൾ ഇ.ഡി കളിച്ചത്. അതോടെ, വിജിലൻസ് ഒന്ന് ഉണർന്നുവെന്നാണ് അനന്തപുരിയിൽനിന്നുള്ള സംസാരം.
നിർമിതബുദ്ധിയുടെ വഴിയേ മലയാളക്കരയെ വഴിനടത്താൻ ഇറങ്ങിപ്പുറപ്പെട്ട് സർവം നഷ്ടമായൊരു ഉദ്യോഗസ്ഥന്റെ കഥയാണ് ശിവശങ്കറിന്റേത്. സ്വപ്ന സാക്ഷാത്കാരത്തിനായി നാലര വർഷം സഖാവിനൊപ്പം ഊണും ഉറക്കവുമൊഴിച്ച് പണിയെടുത്തു. സഖാവിന്റെ വിശ്വസ്തനായി. പലപ്പോഴും, മുഖ്യന്റെ നിർദേശങ്ങൾക്കു കാത്തിരിക്കാതെ മുന്നോട്ടുപോയി. ഇടതുസർക്കാറിന്റെ സർവ പദ്ധതികളുടെയും സൂത്രധാരൻ എന്ന് സഹപ്രവർത്തകർ രഹസ്യമായി വിളിച്ചു. പക്ഷേ, മഹാപ്രളയത്തിൽ തകർന്ന കേരളത്തെ വീണ്ടെടുക്കാനായി നടപ്പാക്കിയ ‘റീ ബിൽഡ് കേരള ഇനീഷ്യേറ്റിവി’െൻറ കൺസൽട്ടൻസി കെ.പി.എം.ജിയെ ഏൽപിക്കാൻ ഒരുങ്ങിയതുമുതൽ ശനിദശയാണ്.
ടെക്നോ പാർക്കിൽ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കുന്നതിന് തത്ത്വത്തിൽ തീരുമാനമായപ്പോഴേക്കും തസ്തികയിലേക്ക് ആളെ നിയമിക്കാനൊരുങ്ങൽ, നിയമ-ധനകാര്യ വകുപ്പുകളെ നോക്കുകുത്തിയാക്കി സ്വന്തം നിലയിൽ സ്പ്രിൻക്ലറുമായി കരാർ, സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കളുടെ ശാപമേറ്റുവാങ്ങിയ ബെവ്കോ ആപ് നിർമാണം തുടങ്ങി സ്വപ്ന സുരേഷിെൻറ നിയമനം വരെയുള്ള കലാപരിപാടികൾകൂടി പുറത്തുവന്നതോടെ, ‘കേരളത്തിന്റെ സ്വന്തം സാം പിത്രോഡ’ക്ക് വില്ലൻ പരിവേഷമായി. ഒടുവിൽ പൊന്നുകേസിലും പേരുവന്നതോടെ സർക്കാറിനുതന്നെ പേരുദോഷമായി. ആ നിമിഷമാണ് മുഖ്യൻ ടിയാനോട് ‘കടക്കു പുറത്ത്’ പറഞ്ഞത്; അതുകേട്ട അന്വേഷണ ഉദ്യോഗസ്ഥർ ‘അകത്തു കിടക്കൂ’ എന്നു തിരുത്തി. അങ്ങനെയാണ് 98 നാൾ അകത്തുകിടന്നത്. ജാമ്യം കിട്ടി പുറത്തുവന്ന് കുറച്ചുകഴിഞ്ഞപ്പോഴേക്കേും സസ്പെൻഷൻ കാലാവധി കഴിഞ്ഞു. അതോടെ കായിക-യുവജന വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി. അവിടെയിരിക്കെയാണ് അടുത്തൂൺ പറ്റിയത്.
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് സ്വദേശി. 1963 ഏപ്രിൽ 24ന് ജനനം. ബി.ടെക്, എം.ബി.എ ബിരുദം നേടിയശേഷം റിസർവ് ബാങ്കിൽ ഉദ്യോഗസ്ഥനായി. പിന്നീട് ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന സർവിസിൽ പ്രവേശിച്ചു. 95ൽ, ഐ.എ.എസ് നൽകി സർക്കാറിന്റെ ആദരം. അക്ഷയ പദ്ധതി, ഇ-ഗവേണൻസ് സിസ്റ്റം തുടങ്ങിയവ വിജയകരമായി നടപ്പാക്കി നായനാർ മുതലിങ്ങോട്ടുള്ള മുഖ്യമന്ത്രിമാരുടെ പ്രീതി പിടിച്ചുപറ്റി. അതിന്റെ തുടർച്ചയിലാണ് പിണറായിയുടെ സ്വന്തക്കാരനായത്. ജയിലിൽനിന്നിറങ്ങിയശേഷം ‘അശ്വത്ഥാമാവ് വെറുമൊരു ആന’ പേരിൽ ഒരു പുസ്തകമിറക്കി. കേസും കൂട്ടവുമെല്ലാം അതിൽ സവിസ്തരമുണ്ട്. അതിന് ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരിൽ സ്വപ്ന മറുപടിയും കുറിച്ചു, കൃതിയായിത്തന്നെ. രണ്ടും ബെസ്റ്റ് സെല്ലറുകൾ. അതെന്തായാലും, ആ ‘ആന’യിപ്പോൾ കേന്ദ്രമൊരുക്കിയ പത്മവ്യൂഹത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.