ലൈഫ്: കേരള മാതൃകയുടെ നവജീവൻ
text_fieldsഇതിനകം നാലു ലക്ഷത്തിലധികം വീടുകൾക്കുള്ള ധനസഹായമായി 16,000 കോടിയോളം രൂപയാണ് ലൈഫ് ഭവനപദ്ധതിക്കുവേണ്ടി ചെലവഴിച്ചത്. പി.എം.എ.വൈ ഗ്രാമീണ ഭവനപദ്ധതി പ്രകാരം ലഭിച്ച 29,475 വീടുകൾക്കായി കേന്ദ്ര സർക്കാർ വീടൊന്നിന് 72,000 രൂപ നിരക്കിൽ നൽകുന്ന 212.22 കോടി രൂപയും പി.എം.എ.വൈ നഗര ഭവനപദ്ധതിയിൽ നൽകുന്ന 77,803 വീടുകൾക്ക് വീടൊന്നിന് ഒന്നര ലക്ഷം രൂപ നിരക്കിലുള്ള 1167.04 കോടി രൂപയും ചേർത്ത് 1379.26 കോടി രൂപയാണ് ഇതിൽ കേന്ദ്ര സഹായം. ബാക്കി 14620.74 കോടി രൂപയും സംസ്ഥാന സർക്കാറിന്റെ സംഭാവനയാണ്
നിർമാണം പൂർത്തിയാക്കിയ 20,073 വീടുകളുടെ താക്കോൽ ഇന്ന് മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് കൈമാറുന്നതോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടക്കമിട്ട ലൈഫ് ഭവനപദ്ധതി പുതിയൊരു നേട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. 41,439 പേർക്ക് പുതുതായി വീടുകൾ നിർമിക്കാനുള്ള കരാറും ഇന്ന് ഒപ്പുവെക്കും.
2016 ൽ ഒന്നാം പിണറായി സർക്കാർ തുടങ്ങിവെച്ച പദ്ധതിപ്രകാരം 3,42,156 വീടുകൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. അടിമാലി, അങ്കമാലി, വെങ്ങാനൂർ, മണ്ണന്തല എൻ ജി യൂനിയൻ, കീഴ്‌മാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിർമിച്ച ഭവനസമുച്ചയങ്ങളിലായി 469 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകി.
ഭൂരഹിത ഭവനരഹിതർക്കായി നിർമിക്കുന്ന 29 ഭവനസമുച്ചയങ്ങളിൽ കടമ്പൂർ, വിജയപുരം, കരിമണ്ണൂർ, പുനലൂർ എന്നിവിടങ്ങളിലായി നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ച് 174 കുടുംബങ്ങൾക്ക് നൽകി. ബാക്കിയുള്ള 25 ഭവനസമുച്ചയങ്ങളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്.
കാസർകോട് ജില്ലയിലെ ചെമ്മനാട്, കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍, കണ്ണപുരം, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം, ഇടുക്കി ജില്ലയിലെ കട്ടപ്പന, ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി, പത്തനംതിട്ടയിലെ ഏനാത്ത് എന്നിവിടങ്ങളില്‍ നിർമാണപുരോഗതിയിലുള്ള ഭവനസമുച്ചയങ്ങള്‍ 2023 ജൂലൈ മാസത്തോടെ നിർമാണം പൂര്‍ത്തീകരിക്കുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്.
എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്നീ പഞ്ചായത്തുകളില്‍ പുതിയ ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകൾ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. ഇതില്‍ 2022 ഏപ്രില്‍ മുതല്‍ മാർച്ച് 31 വരെ 54,648 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ഇതിനകം നാല് ലക്ഷത്തിലധികം വീടുകൾക്കുള്ള ധനസഹായമായി 16,000 കോടിയോളം രൂപയാണ് ലൈഫ് ഭവനപദ്ധതിക്കു വേണ്ടി ചെലവഴിച്ചത്. പി.എം.എ.വൈ ഗ്രാമീണ ഭവനപദ്ധതി പ്രകാരം ലഭിച്ച 29,475 വീടുകൾക്കായി കേന്ദ്ര സർക്കാർ വീടൊന്നിന് 72,000 രൂപ നിരക്കിൽ നൽകുന്ന 212.22 കോടി രൂപയും പി.എം.എ.വൈ നഗര ഭവനപദ്ധതിയിൽ നൽകുന്ന 77,803 വീടുകൾക്ക് വീടൊന്നിന് ഒന്നര ലക്ഷം രൂപ നിരക്കിലുള്ള 1167.04 കോടി രൂപയും ചേർത്ത് 1379.26 കോടി രൂപയാണ് ഇതിൽ കേന്ദ്ര സഹായം. ബാക്കി 14,620.74 കോടി രൂപയും സംസ്ഥാന സർക്കാറിന്റെ സംഭാവനയാണ്.
പാവപ്പെട്ടവരുടെ ഭവന നിർമാണമേഖലയിൽ ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്ര വലിയ നേട്ടം കൈവരിച്ചത് അപൂർവമാണ്. ഭവനനിർമാണത്തിന് ഒരു സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും കൂടുതൽ സഹായമാണ് കേരളം നൽകുന്നത്. ഒരു വീടിന് നാലു ലക്ഷം രൂപയാണ് കേരളം നൽകുന്നത്.
തൊട്ടടുത്തു നിൽക്കുന്ന സംസ്ഥാനമായ ആന്ധ്രപ്രദേശിൽ ഒരു വീടിന് നൽകുന്ന സഹായം 1,80,000 രൂപയാണ്. കേന്ദ്ര സർക്കാർ പി.എം.എ.വൈ (ഗ്രാമീൺ) പദ്ധതിയിൽ നൽകുന്ന സഹായം 72,000 രൂപയും പി.എം.എ.വൈ(നഗരം) പ്രകാരം നൽകുന്നത് ഒന്നര ലക്ഷം രൂപയുമാണ്.
നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്. 2016 ൽ തീരുമാനിച്ച് 2017 ൽ ആരംഭിച്ച ലൈഫ് ഭവനനിർമാണ പദ്ധതിക്ക് 2018ലുണ്ടായ മഹാപ്രളയം പ്രതിബന്ധം സൃഷ്ടിച്ചു. സംസ്ഥാന സർക്കാറിന്റെ
ശ്രദ്ധ കുറെക്കാലം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കും തുടർന്ന് പുനർനിർമാണ പ്രവർത്തനങ്ങളിലേക്കും മാറി. ഇതിനിടയിലാണ് ലൈഫ് ഭവനപദ്ധതിയുടെ പ്രവർത്തനങ്ങളും നടന്നത്. 2019 ലും പ്രളയനാശങ്ങൾ ഉണ്ടായിരുന്നു. 2020 -21 കാലഘട്ടത്തിൽ കോവിഡ് മഹാമാരിയുടെ പിടിയിലായി സംസ്ഥാനം.
തുടർന്ന് കേന്ദ്ര സർക്കാർ വിവിധ ഘട്ടങ്ങളിലായി ധനസഹായങ്ങൾ വൻതോതിൽ വെട്ടിക്കുറച്ചത് വിഭവസമാഹരണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ജി.എസ്.ടി നഷ്ടപരിഹാരം നിന്നുപോയതും നികുതിവിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതുമായി ആകെ 40,000 കോടിയുടെ നഷ്ടം സംസ്ഥാന സർക്കാറിനുണ്ടായി. ഈ വലിയ പ്രതിസന്ധിയെ അതിജീവിച്ചാണ് ലൈഫ് പദ്ധതി മുന്നോട്ടുകൊണ്ടുപോയത്.
മറ്റ് സംസ്ഥാനങ്ങളിലെ ഭവനപദ്ധതികളിൽ വലിയൊരു പങ്കുവഹിക്കുന്നത് കേന്ദ്ര സർക്കാറാണ്. ഭവനരഹിതർക്കായി കേരളത്തിൽ ആകെ നിർമിച്ച വീടുകളിൽ 85% സംസ്ഥാന പദ്ധതികളിലൂടെയാണ്. അതിൽ ഇതുവരെയുള്ള വിവിധ പദ്ധതികൾ ഉൾപ്പെടും. കേരളത്തിൽ 15 ശതമാനം വീടുകളാണ് കേന്ദ്രപദ്ധതിയിൽ പൂർത്തിയാക്കിയത്. ഉത്തർപ്രദേശ് സ്വന്തം പദ്ധതികളിലൂടെ പൂർത്തിയാക്കിയത് 31 ശതമാനമാണ്.
69 ശതമാനവും കേന്ദ്ര പദ്ധതികളാണ്. രാജസ്ഥാനിൽ 33 ശതമാനം സംസ്ഥാനപദ്ധതിയും 67 ശതമാനം കേന്ദ്രപദ്ധതിയുമാണ്. പഞ്ചാബിൽ ഇത് 30: 70 ആണ്. ആന്ധ്രപ്രദേശ്- 69:31, കർണാടക- 65:35, തെലങ്കാന- 66:34, മഹാരാഷ്ട്ര- 39:61, തമിഴ്നാട്- 38: 62 എന്നിങ്ങനെയാണ്. (Source: മിഷൻ അന്ത്യോദയ. Telengana Socio - Economic Outlook - 2022).
എം.എൻ. ഗോവിന്ദൻനായർ കേരളത്തിന്റെ ഭവനനിർമാണ മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽ ലക്ഷം വീട് പദ്ധതി ആരംഭിച്ചത്. അന്ന് അതൊരു വിപുലപദ്ധതിയായിരുന്നു. രാജ്യമാകെ ശ്രദ്ധിച്ച പദ്ധതി. ജനസംഖ്യ കുതിച്ചുയരുകയും കുടുംബങ്ങൾ വിഭജിക്കപ്പെട്ട് പുതിയ വീടുകൾക്കുള്ള ആവശ്യം പല മടങ്ങായി വർധിക്കുകയും ചെയ്തപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വീടെന്നത് ഒരു സ്വപ്നമായി മാറി.
ഒരു വശത്ത് ആഡംബര വീടുകൾ ധാരാളമായി ഉയർന്നുവരുകയും നിർമിച്ച വീടുകളിൽ ലക്ഷക്കണക്കിനെണ്ണം താമസിക്കാൻ ആളില്ലാതെ പൂട്ടിക്കിടക്കുകയും ചെയ്യുമ്പോൾ മറുവശത്ത് തല ചായ്ക്കാൻ കൂരയില്ലാതെ നിരവധി പേർ ബുദ്ധിമുട്ടുന്ന വൈരുധ്യം കേരളം കണ്ടു. സ്വന്തമായി വീട് നിർമിക്കാൻ സാമ്പത്തികശേഷിയില്ലാത്ത ജനവിഭാഗത്തെയാണ് ലൈഫ് ഭവനപദ്ധതിയിലൂടെ സർക്കാർ ആശ്വസിപ്പിച്ചത്.
സർക്കാറിന്റെ മഹത്തായ ഈ യത്നത്തിൽ സഹകരിക്കാൻ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ മുന്നോട്ടുവരുന്നുണ്ട്. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ഭൂമിയും വീടുമില്ലാത്തവർക്ക് ഭൂമി വാങ്ങാൻ രണ്ടര ലക്ഷം രൂപ വീതം ആയിരംപേർക്ക് ധനസഹായം നൽകാൻ മുന്നോട്ടുവന്നു.
ഭൂരഹിത ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'മനസ്സോടിത്തിരി മണ്ണ് ' എന്ന സംരംഭത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
ലൈഫ് ഭവനപദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് വീടുണ്ടാക്കി കൊടുക്കുകയെന്ന കർത്തവ്യം കൊണ്ട് സർക്കാർ അവരോടുള്ള കടമ അവസാനിപ്പിക്കുന്നില്ല. എല്ലാ കുടുംബങ്ങൾക്കും ജീവനോപാധി നൽകി അന്തസ്സുള്ള ജീവിതം ഉറപ്പുവരുത്താനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കും. കേരള മോഡലിന് പുതുജീവൻ പകരുന്ന പദ്ധതിയായി ലൈഫ് മിഷനെ സമ്പൂർണമാക്കാൻ നമുക്ക് ഒന്നിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.