എല്ലുറയുന്ന തണുപ്പിൽ അയാൾ ജീവിതം ചുട്ടെടുക്കുന്നു
text_fieldsവടക്കൻ ഫ്രാൻസിലെ ഡൺകിർക്കിൽ കഴിഞ്ഞയാഴ്ച പഴയ ഒരു റെയിൽപാതക്കരികിലായി അഭയാർഥികൾ ടെൻറടിച്ച് താമസിക്കാനൊരുങ്ങവെ ദവാൻ അൻവർ മഹ്മൂദ് മറ്റൊരു തയാറെടുപ്പിലായിരുന്നു- ഒരു താൽക്കാലിക റസ്റ്റാറൻറ് സജ്ജമാക്കൽ. മര ഫ്രെയ്മിൽ ടാർപ്പോളിൻ വലിച്ചുകെട്ടി ഒരു ദിവസംകൊണ്ട് ടെൻറിനേക്കാൾ അൽപം കൂടുതൽ ഉറപ്പുള്ള ഭോജനശാല റെഡിയാക്കി.
തീർത്തും അനിശ്ചിതത്വം നിറഞ്ഞ അവസ്ഥയാണവരുടേത്, ചൊവ്വാഴ്ച പൊലീസുകാരെത്തി ആളുകളെ ഇറക്കിവിട്ടു, അവരുടെ ടെൻറുകൾ പൊളിച്ചുകളഞ്ഞു.
പൊലീസ് എത്തുന്നതിന് മുമ്പാണ് മഹ്മൂദുമായി സംസാരിച്ചത്. അയാൾക്ക് 30 ആണ് പ്രായം. ഇറാഖി കുർദിസ്ഥാനിലെ ഖലാത് ദിസാ സ്വദേശി. റസ്റ്റാറൻറ് തട്ടിക്കൂട്ടിയതും കച്ചവടം തുടങ്ങിയതുമെല്ലാം എന്തിനാണെന്ന് അയാൾ പറഞ്ഞു. ഉഷ്ണകാലത്തിെൻറ അവസാനം ഫ്രാൻസിൽ എത്തിയ വകയിൽ കടത്തുകാരന് 1,600 ഫ്രാങ്കാണ് ( 2,100 ഡോളർ) കൊടുക്കേണ്ടിവന്നത്.
'ഇംഗ്ലണ്ടിലേക്ക് പോകാൻ വഴി കണ്ടെത്താനാണ് ഞാനീ കച്ചവടം തുടങ്ങിയത് എന്നാണ് തിങ്കളാഴ്ച ഇയാൾ പറഞ്ഞത്.
കഴിഞ്ഞയാഴ്ച 29 ആളുകളുമായി വന്ന ബോട്ട് ബ്രിട്ടനും ഫ്രാൻസിനുമിടയിലെ കടലിടുക്കിൽ മറിഞ്ഞിരുന്നു. രണ്ടേ രണ്ടുപേരാണ് രക്ഷപ്പെട്ടത്. ഇത്ര വലിയ അപായസാധ്യതയുള്ളപ്പോഴാണ് ബ്രിട്ടനിലേക്ക് കടക്കാൻ അഭയാർഥികൾ ശ്രമം തുടരുന്നത്. സമീപകാല ദുരന്തത്തിന് മുമ്പുതന്നെ മഹ്മൂദിന് കടൽ മുറിച്ചുകടക്കുന്ന കാര്യം കേട്ടാൽ പേടിയാണ്. ഒരു മാസം മുമ്പ് ഒരു കടത്തുകാരന് പണം നൽകി ബോട്ടിലേറി ബ്രിട്ടനിലേക്ക് പോകാൻ തീരുമാനിച്ചിരുന്നതാണ്. പക്ഷേ, 47 പേർ കയറിയ ബോട്ടിലാണ് താനും കയറിപ്പറ്റേണ്ടത് എന്നു കേട്ടപ്പോൾ മനസ്സുമുട്ടി- 'എനിക്ക് പേടിയാണെന്ന് തുറന്നു പറഞ്ഞപ്പോൾ അയാൾ അടിക്കുകയും എെൻറ ഫോൺ പൊട്ടിച്ചു കളയുകയും ചെയ്തു- ഞാൻ പൊലീസിൽ വിളിച്ചറിയിക്കില്ലെന്ന് ഉറപ്പാക്കാൻ'.
റസ്റ്റാറൻറ് നടത്തി കിട്ടുന്ന പണംകൊണ്ട് കുറച്ചു പേർ മാത്രമുള്ള ഒരു ബോട്ടിൽ കയറിയോ അതല്ലെങ്കിൽ കടൽമാർഗം ഒഴിവാക്കി ട്രക്കിൽ കയറിയോ മറുകര പറ്റാനാകുമെന്ന് അയാൾ കണക്കുകൂട്ടി. നിയന്ത്രണങ്ങളും പരിശോധനയുമെല്ലാം വർധിച്ച സാഹചര്യത്തിൽ ട്രക്കിൽ ഒളിച്ച് കടലതിർത്തി കടക്കുന്നത് ഇപ്പോൾ അത്യപൂർവമാണ്.
കരുതൽ കൂടുതൽ വേണ്ട വഴികളാകുേമ്പാൾ കാശും കൂടും. ട്രക്കിലേറി ഇംഗ്ലണ്ടിലേക്ക് കടക്കാൻ 4000 ഫ്രാങ്ക് ചെലവുണ്ട്. ബോട്ട് യാത്രയാണെങ്കിൽ 2,500-3,000 ഫ്രാങ്കിൽ സാധിക്കും.
ദിവസേന 40-70 ഫ്രാങ്ക് വരുമാനമുണ്ട് മഹ്മൂദിന്. 25 ഫ്രാങ്ക് വീതം നൽകി രണ്ടു ജോലിക്കാരെയും വെച്ചിട്ടുണ്ട്. അവരും ബ്രിട്ടനിലേക്ക് പോകാൻ പണം സ്വരുക്കൂട്ടുന്നവരാണ്.
തിങ്കളാഴ്ച ഉച്ചക്ക് കോഴിക്കരളും തക്കാളിയും ഉള്ളിയും അരിഞ്ഞിട്ട് ബാഗറ്റുകളിൽ നിറച്ച സാൻഡ്വിച്ചാണ് തയാറാക്കിയത്. ഇറാനിലെ പിറാഷാർ സ്വദേശിയായ ഉസ്മാൻ എന്നയാൾ പറഞ്ഞത് കഴിഞ്ഞ വർഷം നാടുവിട്ടതിൽ പിന്നെ താനീ ഭക്ഷണം കഴിച്ചിട്ടില്ലയെന്നാണ്. പ്രിയപ്പെട്ട വിഭവമൊന്നുമല്ലെങ്കിലും ഉസ്മാന് ഇത് ഇഷ്ടമാണ്. ദേശീയ ഭക്ഷണം എന്ന നിലയിൽ ക്യാമ്പിൽ കിട്ടാവുന്ന ഏറ്റവും നല്ല സാൻഡ്വിച്ചാണിതെന്നും അയാൾ പറയുന്നു.
ഇറാഖിൽനിന്നുള്ള മുഹമ്മദ് ഹുസൈനിക്ക് ഇത് ഒരു ശരാശരി സാൻഡ്വിച്ച് മാത്രമായേ തോന്നിയിട്ടുള്ളൂ. ഫ്രാൻസിലേക്ക് വരുന്നതിന് മുമ്പ് മൂന്നു വർഷം തുർക്കിയിൽ കൊല്ലപ്പണി ചെയ്തിരുന്ന വേളയിലാണ് ഇതിന് മുമ്പ് കോഴിക്കരൾ ഇതുപോലെ പാചകം ചെയ്തത് കഴിച്ചിരിക്കുന്നത്.
രാത്രി പാചകമെല്ലാം അവസാനിപ്പിക്കുേമ്പാൾ ഒരാൾക്ക് മാത്രം കിടക്കാനിടമുള്ള ടെൻറിനുള്ളിൽ മഹ്മൂദ് തീ കത്തിച്ച് അവിടെയിരുന്ന് സിനിമകൾ കാണും. അപകടം പിടിച്ച പണിയാണെങ്കിലും വേറെ വഴിയില്ല. തണുത്തുറഞ്ഞു പോവുകയാണ്. ടെൻറിെൻറ ചുറ്റുമുള്ള നിലം ചളിഞ്ഞിരിക്കുന്നു, ഷൂസ് നനഞ്ഞ് കുതിർന്നുപോകുന്നു.
ക്യാമ്പിെൻറ പരിസരമാകെ വിഷപ്പുക മണമാണ്. ആളുകൾ തണുപ്പകറ്റാൻ പ്ലാസ്റ്റിക്കും കൂടുകളുമെല്ലാം കൂട്ടിയിട്ട് കത്തിക്കുന്നതിെൻറ പരിണതി. എല്ലാവരും അവരവരുടെ വീടുകളിൽ നെരിപ്പോടിനരികിലിരുന്ന് തീ കായുന്നു- ഞങ്ങളീ പ്ലാസ്റ്റിക് വിരിക്ക് താഴെയും- അയാൾ പറഞ്ഞു.
കാലിന് പരിക്കുപറ്റിയിട്ടുള്ളതിനാൽ മഹ്മൂദിന് തണുപ്പ് വലിയ പ്രശ്നമാണ്. 10 വർഷം മുമ്പ് പ്രവിശ്യ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പൊലീസ് പിടിച്ചുകൊണ്ടുപോയി ആറു മാസം ജയിലിലിട്ട് കാര്യമായി മർദിച്ചിരുന്നു. കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നത്.
2015ലെ കടുത്ത അടിച്ചമർത്തലുകൾക്കിടയിൽ നാടുവിട്ടോടാൻ തന്നെ തീരുമാനിച്ചു. സ്വീഡനിൽ താമസിക്കുന്ന പെങ്ങളുടെയടുത്തേക്കാണ് പോയത്. പക്ഷേ, ആറു മാസം കാത്തിരുന്നെങ്കിലും അഭയം നൽകണമെന്ന അപേക്ഷ നിരസിക്കപ്പെട്ടു.
അവിടെ ഒരു കുർദിഷ് റസ്റ്റാറൻറിൽ ജോലിചെയ്ത കാലത്താണ് പാചകം വശമാകുന്നത്.. അവിടെ കബാബും പരന്ന റൊട്ടികളും ഉണ്ടാക്കുന്നതിൽ വിദഗ്ധനായി മാറി. 800 റൊട്ടികൾ വരെ തനിച്ചു നിന്നുണ്ടാക്കുമായിരുന്നു.
ഒരു സ്ഥിരം ഭോജനശാല തുറക്കുകയാണ് മഹ്മൂദിെൻറ മനസ്സിലെ ചിന്ത. ബ്രിട്ടനാണ് പറ്റിയ സ്ഥലമെന്നാണ് കരുതുന്നത്, പക്ഷേ, അങ്ങെന നിർബന്ധമൊന്നുമില്ല.
'എനിക്കെല്ലാം ഒരു പോലെയാണ്. ഫ്രാൻസോ ബ്രിട്ടനോ ജർമനിയോ ബെൽജിയമോ ഏതുമാകട്ടെ- ഒരു പുതു ജീവിതം തുടങ്ങാനാണ് ഞാൻ വന്നത്'.
ടെൻറുകൾ ഒഴിപ്പിക്കപ്പെട്ടശേഷം മഹ്മൂദുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചു, പക്ഷേ പരിധിക്ക് പുറത്തായിരുന്നു.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.