ഭരണഘടനയിലെ 'ഷാ നാമ'
text_fieldsഇന്ത്യയുടെ ഭരണഘടനാശിൽപികളിൽ ഡോ. അംബേദ്കർ, നെഹ്റു, പട്ടേൽ തുടങ്ങിയവർ അമരന്മാരായപ്പോൾ ഭരണഘടനപിതാക്കളിൽ ചിലർ വിസ്മൃതരായി- അതിലൊരാളാണ് പ്രഫ. കെ.ടി. ഷാ. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഗ്രേയ്സ് ഇന്നിലും പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനും നിയമജ്ഞനുമായിരുന്നു ഷാ. ബിഹാറിൽനിന്ന് ഭരണഘടന നിർമാണസഭയിലെത്തിയ അദ്ദേഹം, മൗലികാവകാശ ഉപസമിതിയിലും 1946 ഏപ്രിലിൽ നെഹ്റു നിയമിച്ച കരട് നിർമാണ ഉപസമിതിയിലും അംഗമായിരുന്നു. ഈ കമ്മിറ്റിയാണ് നെഹ്റു രചിച്ച ഒബ്ജക്റ്റീവ് റെസലൂഷൻ പരിശോധിച്ചത്.
ഗ്രാൻവിൽ ഓസ്റ്റിൻ ചൂണ്ടിക്കാട്ടിയ പോലെ, നെഹ്റു-പട്ടേൽ-ആസാദ്-രാജേന്ദ്ര പ്രസാദ് എന്നിവരടങ്ങിയ ഒരു പ്രഭുത്വ വാഴ്ച(ഒലിഗാർക്കി)യായിരുന്നു ഭരണഘടന നിർമാണസഭയിൽ. നിഷ്ഫലമായ ഒരു പ്രതിപക്ഷം സഭയിലുണ്ടായിരുന്നു. പൊതുവായ ഒരു അജണ്ടയോ കാഴ്ചപ്പാടോ ഈ പ്രതിപക്ഷത്തിനില്ലായിരുന്നുവെന്നതാണ് ഇതിനെ ഫലശൂന്യമാക്കിയത്. 'കടുത്ത ഹിന്ദി അനുകൂലി മുതൽ സെക്കുലർ സോഷ്യലിസ്റ്റു വരെയും പ്രസിഡൻഷ്യൽ വ്യവസ്ഥക്കുവേണ്ടി വാദിച്ചവർ മുതൽ ഒത്തുതീർപ്പിന് തയാറാവാത്ത പാർലമെൻററിവാദികൾവരെ ഉൾക്കൊണ്ടതായിരുന്നു ഈ പ്രതിപക്ഷനിര. പ്രതിപക്ഷത്ത് നിലകൊണ്ടവർ അധികമൊന്നും ഗൗനിക്കപ്പെട്ടില്ല. ചിലപ്പോൾ ചില ചെറിയ അനുരഞ്ജനങ്ങൾക്ക് നേതൃനിര വഴങ്ങി എന്നുമാത്രം. എച്ച്.എൻ. കുൻസ്രു, കെ.ടി. ഷാ, സിബൻലാൽ സക്സേന എന്നിവർ ഉൾപ്പെട്ടതായിരുന്നു ഈ നിത്യപ്രതിപക്ഷം'- 'കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി ഓഫ് ഇന്ത്യ: സ്പ്രിങ് ബോർഡ് ഓഫ് റവലൂഷൻ 2000' എന്ന കൃതിയിൽ സിബാനി കിങ്കർ ചൗബേ നിരീക്ഷിക്കുന്നു. സഭക്കുള്ളിൽ പ്രതിപക്ഷമായി പ്രവർത്തിക്കാൻ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എന്നൊരു പാർട്ടി 1949 ൽ ഷാ രൂപവത്കരിച്ചു.
പ്രസിഡൻഷ്യൽ വ്യവസ്ഥയാണ് ഇന്ത്യക്ക് അനുയോജ്യം എന്ന് ഷാ വാദിച്ചു. ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഇന്ത്യയെ ഒരു സെക്കുലർ, ഫെഡറൽ,സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കണം എന്ന് ഷാ വാദിച്ചു. അംബേദ്കർ ഈ വാദം തള്ളി. പക്ഷേ, പിന്നീട് 42ാമത് ഭരണഘടന ഭേദഗതിയിലൂടെ സെക്കുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തപ്പോൾ കാൽനൂറ്റാണ്ടിനു ശേഷം ഷായുടെ വാദം രാഷ്ട്രം അംഗീകരിച്ചു.
ഷായും എച്ച്.വി. കമ്മത്തും മറ്റൊരു ഭേദഗതികൂടി അവതരിപ്പിച്ചു. മന്ത്രിമാരും മറ്റും പൊതുപദവി ഏറ്റെടുക്കുമ്പോൾ അവരുടെ സാമ്പത്തികബാധ്യതകളും സമ്പാദ്യവും താൽപര്യങ്ങളും വെളിപ്പെടുത്തണം എന്നതായിരുന്നു ആ ഭേദഗതി. അഴിമതി നിയന്ത്രിക്കാനായിരുന്നു ഈ നിർദേശം. പൊതുജനാഭിപ്രായവും നിയമസഭകളുമാണ് അഴിമതിയെ നിയന്ത്രിക്കേണ്ടത് എന്ന നിലപാടായിരുന്നു അംബേദ്കർക്ക്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് x യൂണിയൻ ഓഫ് ഇന്ത്യ കേസിൽ (2000) സുപ്രീംകോടതി പാർലമെൻറിലേക്കും സംസ്ഥാന നിയമസഭകളിലേക്കും മത്സരിക്കുന്നവർ സാമ്പത്തിക ബാധ്യതകളും സമ്പാദ്യവും പ്രഖ്യാപിക്കണം എന്ന് വിധിച്ചു. ഇതും ഒരു തരത്തിൽ ഷായുടെ വാദത്തെ ശരിവെക്കുന്നതായിരുന്നു.
സമൂഹനിർമിതിയിൽ ജുഡിഷ്യറിക്ക് വലിയൊരു പങ്കുണ്ടെന്ന് ഷാ കരുതി. 1948 നവംബർ 19നു സഭയിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: ''ഈ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയാഭിലാഷങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുന്ന ഒരേയൊരു സ്ഥാപനം ജുഡീഷ്യറി ആയിരിക്കും''. പിന്നീട് ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഉയർന്നു വന്ന 'ജുഡീഷ്യൽ ആക്ടിവിസം' എന്ന പ്രതിഭാസവും പൊതുതാൽപര്യ ഹരജികൾ എന്ന ഉപായവും ഷായുടെ വാദത്തെ സാധൂകരിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കാൻ ജുഡീഷ്യറിക്ക് സക്രിയമായ പങ്കു വഹിക്കാനാകുമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പി.എൻ.ഭഗവതി തുടങ്ങിയ ന്യായാധിപന്മാർ കാണിച്ചുകൊടുത്തു. ഇവിടെ വീണ്ടും കെ.ടി. ഷായുടെ ദീർഘദർശിത്വം അംഗീകരിക്കപ്പെട്ടു.
സ്വത്തവകാശത്തെ സംബന്ധിച്ച ചർച്ച ഭരണഘടന നിർമാണസഭയിൽ നടക്കുമ്പോൾ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട നദികൾ, കടൽത്തീരം, ധാതുഖനികൾ എന്നിവ സ്വകാര്യവത്കരിക്കാൻ അനുവദിക്കരുത് എന്ന് ഷാ വാദിച്ചു. കടൽ, വായു, വനം, ജലാശയങ്ങൾ എന്നിവ ആരുടേയും സ്വകാര്യസ്വത്തല്ലെന്നും ഇവയുടെ ട്രസ്റ്റി മാത്രമാണ് സ്റ്റേറ്റ് എന്നും നിഷ്കർഷിക്കുന്ന പബ്ലിക് ട്രസ്റ്റ് തത്ത്വം അർഥമാക്കുന്നതും ഇതുതന്നെ. റോമൻ സാമ്രാജ്യത്തിെൻറ കാലം മുതൽ അംഗീകരിക്കപ്പെട്ട ഈ സിദ്ധാന്തം, 1997ൽ എം.സി. മേത്ത x കമൽനാഥ് കേസിൽ സുപ്രീംകോടതി അംഗീകരിച്ചു. ഷായുടെ വാദഗതികളെ ഭരണഘടന നിയമത്തിലെ പിൽക്കാല സംഭവവികാസങ്ങൾ ശരിവെച്ചു.
തൊഴിൽ ചെയ്യാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നതായിരുന്നു ഷായുടെ മറ്റൊരു വിപ്ലവകരമായ വാദം. 1986ൽ സുപ്രീംകോടതി, ഓൾഗ ടെലിസ് x ബോംബെ മുൻസിപ്പൽ കോർപറേഷൻ കേസിൽ, ജീവിതായോധനത്തിനുള്ള അവകാശം, ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള മൗലികാവകാശത്തിെൻറ ഭാഗമാണെന്ന് വിധിച്ചു. സ്റ്റേറ്റ് വ്യക്തികൾ സ്ഥാനപദവികൾ (ടൈറ്റിൽസ്) നൽകുന്നത് നിരോധിക്കണം എന്ന ഷായുടെ നിർദേശം, ഭരണഘടന നിർമാണസഭ അംഗീകരിക്കുകയും അനുച്ഛേദം 18ൽ അത് നിഷ്കർഷിക്കുകയും ചെയ്തു. പത്രസ്വാതന്ത്ര്യം പ്രത്യേകം മൗലികാവകാശമായി ഭരണഘടനയിൽ ഉൾപ്പെടുത്തണം എന്നതായിരുന്നു മറ്റൊരു നിർദേശം.
ക്രമസമാധാനപാലന സംവിധാനത്തിനു മുമ്പിലുള്ള സമത്വം മാത്രമല്ല, ലിംഗം,വംശം, മതം, വർണം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം ഇല്ലാതിരിക്കുക എന്നതാണ് സമത്വാവകാശത്തിെൻറ അന്തസ്സത്ത. ഡൽഹി ഹൈകോടതിയുടെ, 2009ലെ നാസ് ഫൗണ്ടേഷൻ കേസിലെ ലൈംഗിക അഭിവിന്യാസത്തിെൻറ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന വിധി ഷായുടെ അഭിപ്രായത്തെ ശരിവെച്ചുവെന്ന് ഗൗതം ഭാട്ടിയ അഭിപ്രായപ്പെടുന്നു (ദി ട്രാൻസ്ഫോർമേറ്റീവ് കോൺസ്റ്റിറ്റ്യൂൻ: എ റാഡിക്കൽ ബയോഗ്രഫി ഇൻ നൈൺ ആക്ടസ്, 2019).
ഡോ. ഭീം റാവു അംബേദ്കറുടെ ഭരണഘടന നിർമാണസംഭാവനകളെ മുൻനിർത്തി ഭരണഘടനയെ 'ഭീം സ്മൃതി' എന്ന് വിളിക്കാറുണ്ട്. അതുപോലെത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ് പ്രഫ. കെ.ടി. ഷായുടെ സംഭാവനകളും. അങ്ങനെ നോക്കുമ്പോൾ ഭരണഘടന 'ഭീം സ്മൃതി' മാത്രമല്ല; 'ഷാ നാമ' കൂടിയാണ്.
(കേരള സർക്കാറിെൻറ നിയമവകുപ്പിൽ അണ്ടർ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.