മാറുന്ന കേരളത്തിന്റെ ജീവിതശൈലീരോഗം
text_fieldsകേരളീയ സമൂഹത്തെ ബാധിച്ച ജീവിതശൈലി രോഗമായി വേണം ഗുണ്ടാപ്രവർത്തനങ്ങളെയും കാണാൻ. മയക്കുമരുന്ന്, നെറ്റ്വർക് മാർക്കറ്റിങ്, സ്വർണക്കടത്ത്, ഹണി ട്രാപ്, ഫോൺ ആപ് വായ്പ എന്നിവ തുടങ്ങി ദുരഭിമാന കൊലപാതകം വരെ ശീലമാക്കിയ നാട്ടിൽ അതിെൻറ ദുർമേദസ്സായി ഗുണ്ടാ അക്രമി സംഘങ്ങൾ തടിച്ചു കൊഴുക്കുന്നു. ഫോൺ വഴി മണിക്കൂറിനുള്ളിൽ വായ്പ നൽകുന്ന സംഘങ്ങളിൽനിന്ന് കൊള്ളപ്പലിശക്ക് കടംവാങ്ങുന്ന പലരും പിന്നീട് ഗുണ്ടകളെപ്പേടിച്ച് നാടുവിടുകയോ ജീവൻ അവസാനിപ്പിക്കുകയോ ചെയ്യേണ്ടിവരുന്നു.
ഒറ്റക്കും തെറ്റക്കും അക്രമങ്ങൾ നടക്കാറുണ്ടെങ്കിലും മറ്റു നാടുകളിലേക്കും വേരാഴമുള്ള ഗുണ്ടാസംഘങ്ങൾ പാലക്കാട്ടുണ്ടെന്ന് വെളിപ്പെട്ടത് 2021 ജൂൺ 21ന് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബൊലേറോ ജീപ്പ് ലോറിയിലിടിച്ച് തകര്ന്ന് അഞ്ച് യുവാക്കള് മരിച്ച സംഭവത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ 1.11 കോടിയുടെ സ്വർണം തട്ടിയെടുക്കാൻ വന്ന ചെർപ്പുളശ്ശേരി സ്വദേശി ചരൽ ഫൈസലിെൻറ സഹായികളായിരുന്നു മരിച്ചവർ. തുടർന്ന് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വാളയാർ തൊട്ട് മറ്റേയറ്റമായ ചെർപ്പുളശ്ശേരി വരെ വട്ടിപ്പിരിവ് മുതൽ സ്വർണവും മയക്കുമരുന്നും സ്പിരിറ്റും കടത്തുന്നത് തൊഴിലാക്കിയ സംഘങ്ങളുടെ ക്രൂരതകൾ പലതും ചർച്ചയായി, പക്ഷേ, നടപടികൾ കഷ്ടിയായിരുന്നു.
തമിഴ്നാട് വട്ടിപ്പലിശ സംഘത്തിൽനിന്ന് കാർഷികാവശ്യത്തിനെടുത്ത കടം വീട്ടിയിട്ടും പലിശക്കാരുടെ ഗുണ്ടകൾ ഭീഷണി തുടർന്നപ്പോഴായിരുന്നു കഴിഞ്ഞ ജൂലൈയിൽ പാലക്കാട് എലവഞ്ചേരി സ്വദേശി കണ്ണൻകുട്ടി ആത്മഹത്യ ചെയ്തത്. തുടർന്ന് ആരംഭിച്ച പൊലീസ് നടപടി ആരംഭശൂരത്വമായൊതുങ്ങി. ന്യൂജൻ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് പണമെടുത്ത് പലിശ ഒന്നു തെറ്റിയാൽ പിറ്റേദിവസം ഭീഷണിയുമായി ഇവർ വീട്ടിലെത്തും. രാമനാട്ടുകര സംഭവത്തിലെ പെരുമ്പാവൂർ സ്വദേശിയായ ക്വട്ടേഷൻ സംഘത്തലവൻ പദ്ധതി ആസൂത്രണം ചെയ്തത് ചെർപ്പുളശ്ശേരിയിലിരുന്നാണ്. ഇയാൾക്ക് എറണാകുളം ജില്ലയിൽ പ്രവേശനം വിലക്കപ്പെട്ടതോടെ ചെർപ്പുളശ്ശേരിയിലെ സംഘ നേതാവാണ് താമസമൊരുക്കിയതെന്ന് പൊലീസ് ഭാഷ്യം.
രാമനാട്ടുകര കേസിൽ വിവിധ ഗുണ്ട സംഘങ്ങളിലെ 70 പേരെ മലപ്പുറം പൊലീസ് അറസ്റ്റു ചെയ്തെങ്കിലും അന്വേഷണം തന്നെ ഏറക്കുറെ മരവിച്ച മട്ടിലാണ്. മലപ്പുറത്ത് ഗുണ്ട, ക്വട്ടേഷൻ, മണൽ മാഫിയ, ലഹരി സംഘങ്ങളുടെ വിളയാട്ടം അതിരുവിട്ടിരിക്കുന്നു. ഡിസംബർ മുതൽ ജനുവരി എട്ടു വരെ വിവിധ കുറ്റകൃത്യങ്ങളിലായി 2239 പേരാണ് ജില്ലയിൽ അറസ്റ്റിലായത്. ആയിരക്കണക്കിന് കിലോ കഞ്ചാവും ലഹരി വസ്തുക്കളുമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ പൊലീസ് പിടികൂടിയത്. ജനുവരി 17ന് രാത്രിപോലും മൂന്നു കിലോ ഹഷീഷ് ഓയിലുമായി യുവാവ് എക്സൈസ് സംഘത്തിെൻറ പിടിയിലായി. ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഭിന്നതയുണ്ടാകുമ്പോൾ കടത്ത് സംബന്ധിച്ച വിവരങ്ങൾ ചോരുന്ന ഘട്ടത്തിൽ പിടിക്കപ്പെടുന്നതാണിത്.
ഇതിെൻറ എത്രയോ ഇരട്ടി ലഹരി വസ്തുക്കൾ ജില്ലയിലേക്ക് ഒഴുകുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഈ മാഫിയയുടെ വലയിലുണ്ടെന്ന് പൊലീസുകാർ തന്നെ സമ്മതിക്കുന്നു. കുഴൽപ്പണ ഏജന്റുമാരിൽ നിന്ന് പണം തട്ടുന്ന ഗുണ്ട സംഘങ്ങളും ജില്ലയിൽ സജീവമാണ്. അടുത്തിടെ കോഡൂരിൽനിന്ന് കുഴൽപ്പണം കടത്തുകയായിരുന്ന യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന വളഞ്ഞ് പണം തട്ടിയ ഗുണ്ടസംഘം പിടിയിലായിരുന്നു.
നെറ്റ്വർക് മാർക്കറ്റിങ്, ഇന്റർനെറ്റ് തട്ടിപ്പ്, ബിറ്റ്കോയിൻ ഇടപാട്, സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് എന്നിവ വഴി പണക്കാരാവുന്ന യുവാക്കളുടെ ജീവിത രീതികൾ പുറംലോകത്തെത്തുന്നതാണ് ഇത്തരം സംഘങ്ങളിലേക്ക് മറ്റുള്ളവരെ കൂടി ആകർഷിക്കുന്നത്. ആയിരക്കണക്കിനാളുകളെ വഞ്ചിച്ചും യുവാക്കളെ ലഹരിയിൽ കുരുക്കിയും നേടുന്നതിൽ നിന്ന് പങ്കുവെക്കപ്പെടുന്ന പണപ്പൊലിമ മാത്രമേ പുറത്തുകാണുന്നുള്ളൂ. അതു വഴി തകർന്നുപോകുന്ന ജീവിതങ്ങൾ ചർച്ചയാവുന്നതേയില്ല.
സ്വർണക്കടത്ത്, ഹവാല സംഘങ്ങളുടെ കീഴിലെ ഗുണ്ടസംഘങ്ങൾ കോഴിക്കോട് രഹസ്യമല്ലാത്ത പരസ്യമാണ്. എന്നാൽ, നാടിെൻറ മുക്കുമൂലകളിൽ വൈറസ് പോലെ പെരുകുകയും വ്യാപിക്കുകയും ചെയ്യുന്നത് ഏവരെയും ഞെട്ടിക്കുന്നു. ഒറ്റപ്പെട്ട ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർ പുതിയ കൂട്ടുകെട്ടുണ്ടാക്കി ഗുണ്ട-ക്വട്ടേഷൻ പ്രവർത്തനം തുടങ്ങുന്ന രീതിയാണിപ്പോൾ. ജില്ലയിലെ ഗുണ്ട -ക്വട്ടേഷൻ സംഘങ്ങളുടെ 'സ്പെഷൽ ഡ്യൂട്ടി' കള്ളക്കടത്ത് സ്വർണത്തിന് കാവൽ പോകലും കള്ളക്കടത്ത് സ്വർണം കവരാൻ (പൊട്ടിക്കാൻ) സൗകര്യമൊരുക്കലുമാണ്. കരിപ്പൂർ വിമാനത്താവളം വഴിയെത്തുന്ന കള്ളക്കടത്ത് സ്വർണത്തിൽ വിലയൊരു പങ്ക് അടുത്തകാലംവരെ കൊടുവള്ളി കേന്ദ്രീകരിച്ചുള്ളവരുടേതായിരുന്നു.
ഇങ്ങനെ കടത്തുന്ന സ്വർണം കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള ക്വട്ടേഷൻ സംഘം തട്ടിയെടുക്കുന്നത് തുടർക്കഥയായി. കള്ളക്കടത്ത് സ്വർണമായതിനാൽ പൊലീസിൽ പരാതി നൽകാനും കഴിയില്ല. ഇതോടെയാണ് സ്വർണത്തിന് കാവൽ നൽകാനെന്ന പേരിലാണ് ജില്ലയിലെ ഇത്തരം സംഘങ്ങൾ പ്രവർത്തനം തുടങ്ങിയത്. ഈ സംഘങ്ങളുടെ നേതൃത്വം മറ്റു ചിലർ ഏറ്റെടുക്കുകയും വിവിധ തരത്തിലുള്ള ക്രിമിനൽ പ്രവർത്തനം തുടങ്ങുകയുമായിരുന്നു.
കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ കാരിയർ സ്വർണം മറിച്ചുനൽകിയെന്നാരോപിച്ച് തട്ടിക്കൊണ്ടുപോയി കൈയും കാലും തല്ലിയൊടിച്ച് മാവൂർ ഭാഗത്ത് തള്ളിയതും ക്വട്ടേഷൻ സംഘമായിരുന്നു. ഇതിനുപിന്നാലെ ഒന്നര കിലോ സ്വർണവുമായി വിദേശത്ത് നിന്നെത്തിയ നാദാപുരം ഇയ്യങ്കോട് സ്വദേശിയെ കാണാതായെന്നാരോപിച്ച് ക്വട്ടേഷൻ സംഘങ്ങൾ പട്ടാപ്പകലാണ് വീട്ടിലും നാട്ടിലും ഭീഷണി മുഴക്കിയത്. സ്വർണകവർച്ചയുമായി ബന്ധപ്പെട്ട ഗുണ്ട ആക്രമണ കേസുകൾ നല്ലളം, താമരശ്ശേരി, കൊയിലാണ്ടി, കസബ തുടങ്ങിയ പൊലീസ് സ്റ്റേഷനകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരത്തിൽ ബംഗാൾ സ്വദേശിയെ ആക്രമിച്ച് ഒരുകിലോയിലേറെ തൂക്കംവരുന്ന സ്വർണക്കട്ടി കവർന്ന കേസിൽ അറസ്റ്റിലായ ഒരാൾ കോട്ടൂളിയിലെ ഗുണ്ടാനേതാവാണ്.
ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളിൽ പ്രധാനികൾ പന്തീരാങ്കാവ് സ്വദേശിയായ രഞ്ജിത്തും (കാക്ക രഞ്ജിത്ത്), പെരിങ്ങൊളം സ്വദേശി ടിങ്കു ഷിജുവുമാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർ ജയിലിൽ ആസൂത്രണം ചെയ്ത് സ്വർണം കവർന്ന കേസിലടക്കം പ്രതിയാണ് കാക്ക രഞ്ജിത്ത്. നേരത്തേ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾ ജയിലിൽ നിന്ന് കൊടി സുനിയുമായി പരിചയപ്പെടുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോൾ ചൊക്ലി സ്വദേശി സ്വർണം കൊണ്ടുവരുന്നുണ്ടെന്നും നല്ലളത്തുവെച്ച് പൊട്ടിക്കണമെന്നടക്കം കൊടി സുനി നിർദേശിച്ചു. രഞ്ജിത്ത് നാലുപേരെ നിയോഗിച്ചാണ് ഈ സ്വർണം കൈക്കലാക്കി കൊല്ലം സ്വദേശിയായ രാജേഷ് ഖന്നക്ക് മറിച്ചുവിറ്റ് ലക്ഷങ്ങൾ നേടിയത്. കേസിൽ പിന്നീട് രഞ്ജിത്ത് പിടിയിലായി.
ടിങ്കു നേരത്തേ നിരവധി ക്രിമിനിൽ കേസുകളിൽ പ്രതിയായിരുന്നു. ഇതിനിടെ കൊടുവള്ളി സ്വദേശി അബൂബക്കർ സിദ്ദീഖിനായി കൊണ്ടുവന്ന കള്ളക്കടത്ത് സ്വർണത്തിന് കാവൽപോകാനുള്ള ക്വട്ടേഷൻ ലഭിച്ചു. എന്നാൽ, ഈ സ്വർണം ഇയാൾതന്നെ മറ്റുചിലർക്കായി മറിച്ചു. ഇതോടെ ടിങ്കുവിൽനിന്ന് സ്വർണം വീണ്ടെടുക്കാൻ സിദ്ദീഖ് ക്വട്ടേഷൻ നൽകി. തുടർന്ന് മുങ്ങിയ ടിങ്കു പിന്നീട് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവിൽപോയി. ചേവായൂർ, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ രാത്രിയെത്തി സ്ത്രീകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു. കഴിഞ്ഞ നവംബറിൽ സുഹൃത്തിെൻറ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പിടിയിലായത്.
അറസ്റ്റുചെയ്യാനെത്തിയവരെ ആക്രമിച്ച ഒരു പൊലീസുകാരെൻറ കാല് അടിച്ചൊടിച്ചിരുന്നു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി റോഡിലെ കാറിന് മുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സാംസ്കാരിക നഗരിയിലെ ഗുണ്ടാ സംസ്കാരം
സാംസ്കാരികനഗരിയെന്ന് വിശേഷിപ്പിക്കുന്ന തൃശൂർ ജില്ല ഒരുകാലത്ത് ഗുണ്ടകളുടെ സ്വന്തം നാടായിരുന്നു. തൃശൂർ പടിഞ്ഞാറേ കോട്ട, ഒല്ലൂർ അഞ്ചേരി, ശക്തൻ തമ്പുരാൻ നഗർ, നെടുപുഴ ചിയ്യാരം, ചാലക്കുടി എന്നിവിടങ്ങൾ ഗുണ്ടാസംഘങ്ങൾ അടക്കിവാഴുകയായിരുന്നു. ചോരമണമുള്ള രാത്രികളിൽ നിന്ന് മുക്തമായി എന്ന് ആശ്വസിക്കവെ ഇക്കഴിഞ്ഞ ഒക്ടോബറിൽ ഒരാഴ്ചക്കിടയിൽ രണ്ട് ഗുണ്ടാ കൊലപാതകങ്ങളുണ്ടായി (മറ്റു കൊലപാതകങ്ങൾ വേറെയുണ്ട്). ഒക്ടോബർ 22ന് മണ്ണുത്തി പറവട്ടാനിയിൽ ചുമട്ടുതൊഴിലാളിയും നിരവധി കേസുകളിലെ പ്രതിയുമായ നാച്ചു ഷമീറിനെ (കരിപ്പാകുളം ഷെമീർ) ഓട്ടോറിക്ഷയിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. 31ന് ചാവക്കാട് മണത്തലയിൽ ചാപ്പറമ്പിൽ കൊപ്പര ബിജുവിനെ ബൈക്കിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി.
നാച്ചു ഷമീർ സി.ഐ.ടി.യു-സി.പി.എം പ്രവർത്തകനും, ബിജു ബി.ജെ.പി പ്രവർത്തകനുമായിരുന്നു. രണ്ടിടത്തെയും പ്രതികൾ എസ്.ഡി.പി.ഐക്കാരാണ്. സി.പി.എമ്മും, ബി.ജെ.പിയും ഇത് രാഷ്ട്രീയ കൊലപാതകങ്ങളായി ഏറ്റെടുത്തുവെങ്കിലും പൊലീസിെൻറ കണക്കിൽ ഇത് ഗുണ്ടാ കൊലപാതകങ്ങളാണ്. കൊല്ലപ്പെട്ടവരും കൊന്നവരും തമ്മിൽ കണക്ക് തീർത്തതാണ്.
ഏറ്റവും വലിയ ക്വട്ടേഷൻ സംഘങ്ങളുള്ള നാട് തൃശൂരായിരുന്നു. ഇവരെ രാഷ്ട്രീയക്കാർ, വ്യാപാരികൾ, പലിശക്കാർ, എന്നിവരൊക്കെ തരാതരം പോലെ ഉപയോഗിച്ചു. മുതലാളിമാർക്ക് നഷ്ടങ്ങളുണ്ടായില്ല. ടീമുകൾ പരസ്പരം പോരടിച്ച് ഓരോരുത്തരായി ഇല്ലാതാവുമ്പോൾ പുതിയ കൂട്ടങ്ങൾ രംഗപ്രവേശം ചെയ്തു.
പിപ്പിരി ജോസ് മുതൽ കടവി വരെ
തൃശൂരിലെ അറിയപ്പെടുന്ന ഗുണ്ടയായിരുന്ന പിപ്പിരി ജോസിനെ 1995 ൽ പടിഞ്ഞാറേ കോട്ടയിലെ ബിന്ദു തിയറ്ററിനു മുന്നിൽ വെച്ച് മറ്റൊരു ഗുണ്ടയായ അശോകെൻറ സംഘമാണ് കൊലപ്പെടുത്തിയത്. അശോകെൻറ കൂട്ടാളിയായ ബേക്കറി ജോസിനെ ആക്രമിച്ചതിനുള്ള ശിക്ഷ. അശോകനും പിപ്പിരി ജോസിനു ശേഷം ഗുണ്ടാത്തലവനായ രാജുവും പൊലീസിെൻറ നിരന്തര ഇടപെടലിലൂടെ ഗുണ്ടാപ്രവർത്തനം അവസാനിപ്പിച്ചതോടെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായതാണ്. രണ്ടായിരത്തിനു ശേഷം ചാപ്ലി ബിജു സംഘം രംഗത്തെത്തി.
എതിരാളികളായി ദുർഗാ പ്രസാദിെൻറ സംഘവും. പലിശയിടപാടായിരുന്നു ഇവരുടെ വളർച്ചക്ക് പിന്നിൽ. സംഘത്തിലെ ഓരോരുത്തരെയായി രണ്ടു ടീമുകളും കൊലപ്പെടുത്തി. ചാപ്ലിയുടെ സംഘത്തിലെ വിനോദിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ദുർഗാപ്രസാദിനെ നാടൻ ബോംബെറിഞ്ഞ് ഇല്ലാതാക്കി. ദുർഗാപ്രസാദ് സംഘത്തിന്റെ ചുമതല ഏറ്റെടുത്ത പുല്ല ടോണി ചാപ്ലിയുടെ സംഘത്തിലെ കരടി മനോജിനെ കൂടെ നിർത്തി. വിശ്വാസ വഞ്ചനകാണിച്ചെന്നു പറഞ്ഞ് കരടി മനോജിനെ വീട്ടിൽ കയറിയാണ് ബിജു കൊലപ്പെടുത്തിയത്. പിന്നീടൊരു രാവിലെ കൂർക്കഞ്ചേരി റോഡരികിലെ ചായക്കടയിൽ നിൽക്കുകയായിരുന്ന ബിജുവിനെ ടോണിയുടെ സംഘം കാർ ഇടിപ്പിച്ചും നാടൻ ബോംബ് എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തി. കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ മലങ്കര വർഗീസ് വധം നടപ്പിലാക്കിയതും ടോണിയാണ്. സംസ്ഥാനത്തിനകത്തും പുറത്തും സംഘങ്ങളായി കോടാലി ശ്രീധരനും മധുര ജോഷിയും ചാർളിയുമൊക്കെ വളർന്നു.
പിന്നീട് മൂന്നോ നാലോ ഗുണ്ടാസംഘങ്ങൾ കൂടി തൃശൂരിലുണ്ടായെങ്കിലും പൊലീസ് ഇടപെടൽ കാര്യക്ഷമമാക്കുകയും ഗുണ്ടാ നിയമപ്രകാരം ചിലരെ അകത്തിടുകയും ചെയ്തതോടെ പലരും ഒതുങ്ങി. നാടൻ ബോംബ് കൈയിലിരുന്ന് പൊട്ടി രണ്ടു കൈപ്പത്തികളും അറ്റുപോയ കടവി രഞ്ജിത്തിന്റെ ഗുണ്ടാ സംഘമാണ് ഇപ്പോൾ തൃശൂരിലുള്ളത്. കഞ്ചാവ് നൽകിയാണ് ഇയാൾ സംഘത്തിലേക്ക് ആളെ കൂട്ടുന്നത്. കഴിഞ്ഞ ദിവസമാണ് പുറത്തായിരുന്ന കടവിയെ വീണ്ടും അഴിക്കുള്ളിലാക്കിയത്.
പൊലീസും ക്രിമിനലുകൾ
സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തത് തൃശൂർ ജില്ലയിലാണ്. ഇവർക്കെതിരെ കഴിഞ്ഞ ദിവസം വിജിലൻസ് കോടതിയിലും പരാതിയെത്തി. പാറമട ഉടമയിൽ നിന്ന് പണം വാങ്ങി കേസൊതുക്കുകയും പരാതിക്കാരനായ പൊതുപ്രവർത്തകനെതിരെ ഗൂഢനീക്കം നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
ഇതിനായി ഗുണ്ടാസംഘങ്ങളുമായി ധാരണയിലെത്തുകയും ചെയ്തുവെന്നതാണ് പൊലീസിനെതിരെയുള്ള ആക്ഷേപം. പൊലീസിനെതിരെ പരാതിപ്പെട്ടയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയതും തൃശൂരിലാണ്. വെള്ളിക്കുളങ്ങര പൊലീസാണ് പരാതിയും കേസുകളൊന്നുമില്ലാത്തയാളെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.