പല രുചികൾ വിളമ്പിവെച്ച ഇലച്ചീന്തുപോലെ...
text_fieldsഏറ്റവും സൗമ്യമായി ലോകത്തെ സ്പർശിക്കാനുള്ള പരിശീലനമാണ് ഇരുപത്തിമൂന്ന് വർഷത്തെ പ്രവാചകജീവിതത്താൽ മുഹമ്മദ് നബി നിറവേറ്റിയത്. ഒച്ചപ്പാടുകളെ കാഴ്ചപ്പാടുകൊണ്ട് മുറിച്ചുകടന്ന് ആയുസ്സിന്റെ അർഥം പറഞ്ഞുതന്നു. ബദൽ എന്ന് വിളിക്കാവുന്നൊരു ജീവിതമനുഷ്ഠിച്ച് വിടപറഞ്ഞുപണ്ട്, ചങ്ങാതിയുടെ വീട്ടിലേക്കുള്ള യാത്രയിൽ, ഒരാൾ വഴിയടയാളം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘‘കുറച്ചുകൂടി പോയാൽ ഒരു പശു പുല്ലുതിന്നുന്നതു കാണാം, അതിന്റെ തൊട്ടുപിറകിലെ...
ഏറ്റവും സൗമ്യമായി ലോകത്തെ സ്പർശിക്കാനുള്ള പരിശീലനമാണ് ഇരുപത്തിമൂന്ന് വർഷത്തെ പ്രവാചകജീവിതത്താൽ മുഹമ്മദ് നബി നിറവേറ്റിയത്. ഒച്ചപ്പാടുകളെ കാഴ്ചപ്പാടുകൊണ്ട് മുറിച്ചുകടന്ന് ആയുസ്സിന്റെ അർഥം പറഞ്ഞുതന്നു. ബദൽ എന്ന് വിളിക്കാവുന്നൊരു ജീവിതമനുഷ്ഠിച്ച് വിടപറഞ്ഞു
പണ്ട്, ചങ്ങാതിയുടെ വീട്ടിലേക്കുള്ള യാത്രയിൽ, ഒരാൾ വഴിയടയാളം പറഞ്ഞത് ഇങ്ങനെയായിരുന്നു:
‘‘കുറച്ചുകൂടി പോയാൽ ഒരു പശു പുല്ലുതിന്നുന്നതു കാണാം, അതിന്റെ തൊട്ടുപിറകിലെ വീട്.’’
എത്ര പോയിട്ടും അങ്ങനൊരു പശുവിനെക്കണ്ടതേയില്ല. ആ വീട്ടിലേക്കെത്താൻ സമയമെടുത്തു. വൈകിയതിന്റെ കാരണം കേട്ടപ്പോൾ അവന്റെ അച്ഛൻ പറഞ്ഞൊരു വാക്ക് പിന്നൊരിക്കലും മറന്നില്ല, ‘‘ഇളകുന്ന ഒന്നിനെയും വഴിയടയാളമാക്കരുത്. മാറ്റമില്ലാത്തതു മാത്രമാണ് മാതൃക.’’
‘‘പാഴ്നിലാവുണ്ടാക്കാത്ത പൂനിലാവ്’’ എന്ന് വള്ളത്തോൾ കവിതകൊണ്ട് പറഞ്ഞതും അതുതന്നെ. എന്താണ് ഗുരു എന്നതിനുള്ള ഒന്നാന്തരം ഉത്തരം. നൂറ്റാണ്ടുകൾ ഇളകിയാടുമ്പോഴും ഗുരുവങ്ങനെ നിൽക്കുന്നു, ഇളക്കമേതുമില്ലാതെ. ഇരുട്ടുകളെയെല്ലാം ഭേദിക്കുന്ന വെളിച്ചത്തിലേക്ക് ചൂണ്ടി.
ഏറ്റവും സൗമ്യമായി ലോകത്തെ സ്പർശിക്കാനുള്ള പരിശീലനമാണ് ഇരുപത്തിമൂന്ന് വർഷത്തെ പ്രവാചകജീവിതത്താൽ മുഹമ്മദ് നബി നിറവേറ്റിയത്. ഒച്ചപ്പാടുകളെ കാഴ്ചപ്പാടുകൊണ്ട് മുറിച്ചുകടന്ന് ആയുസ്സിന്റെ അർഥം പറഞ്ഞുതന്നു. ബദൽ എന്ന് വിളിക്കാവുന്നൊരു ജീവിതമനുഷ്ഠിച്ച് വിടപറഞ്ഞു.
ഒരു തരി മണ്ണിന്, ഒരു പെണ്ണിന്, ഒരു തുള്ളി കള്ളിന് തലമുറകളോളം വൈരം കാത്തുസൂക്ഷിച്ച മനുഷ്യരുടെ കാലത്തായിരുന്നു പ്രവാചക ജീവിതം. എന്നിട്ടെങ്ങനെയാണ് ഒരു ബദൽ സാധിച്ചത് എന്നതിന് പറ്റിയൊരു സംഭവമുണ്ട്:
മക്കയിലെ പീഡിതകാലത്ത് കഅ്ബയുടെ അകത്തിരുന്ന് പ്രാർഥിക്കാൻ ആഗ്രഹിച്ചു പ്രവാചകൻ. താക്കോലിന്റെ സൂക്ഷിപ്പുകാരൻ ഉസ്മാനെക്കണ്ട് ആഗ്രഹം പറഞ്ഞു. അയാൾക്കത് തമാശയായിരുന്നു. കഅ്ബയുടെ താക്കോൽ നൽകിയില്ലെന്നു മാത്രമല്ല പരിഹാസം കോരിച്ചൊരിയുകയും ചെയ്തു. ദുഃഖഭാരത്തോടെ ആ വീട്ടിൽനിന്നിറങ്ങുമ്പോൾ പ്രവാചകൻ ഒരു വാക്കുമാത്രം പറഞ്ഞു: ‘‘ഉസ്മാന്, ഈ താക്കോല് എന്റെ കൈകളിൽ വന്നുവീഴുന്നൊരു ദിവസമെത്തും. അന്ന് ഞാൻ തീരുമാനിക്കും എന്തുചെയ്യണമെന്ന്. നമുക്ക് കാത്തിരുന്നു കാണാം.’’
ഉസ്മാൻ പൊട്ടിച്ചിരിച്ച് പരിഹാസത്തിന് മൂർച്ചകൂട്ടി. പക്ഷേ, ആ വാക്ക് വെറുതെയായില്ല. പറിച്ചെറിഞ്ഞാൽ തഴച്ചുവളരുന്ന കാട്ടുമുല്ലപോലെ, ആ നാടിന്റെ നായകനായി പ്രവാചകൻ തിരികെയെത്തി. കഅ്ബയുടെ താക്കോൽ പ്രവാചകന്റെ കൈയിൽ. ചരിത്രനിമിഷം! എന്തുസംഭവിക്കുമെന്നറിയാൻ ആയിരക്കണക്കായ മനുഷ്യർ ആകാംക്ഷാപൂർവം ഉറ്റുനോക്കി. ഹസ്രത്ത് അലിയെപ്പോലുള്ള ചിലർ താക്കോൽ ആവശ്യപ്പെടുകപോലും ചെയ്തു.
ഇല്ല, അവർക്കൊന്നും നൽകിയില്ല. തിങ്ങിനിന്ന ആൾക്കൂട്ടത്തിൽ തലതാഴ്ത്തിനിന്ന ഒരാളെ പ്രവാചകൻ അരികിലേക്ക് വിളിച്ച് ആലിംഗനംചെയ്ത് താക്കോൽ ഏൽപിച്ചു. ചരിത്രനിയോഗത്തിന് തെരഞ്ഞെടുത്ത ആ മനുഷ്യനെക്കണ്ട് സർവരും അന്ധാളിച്ചുനിന്നു. മറ്റാരുമല്ല, അന്ന് പരിഹാസച്ചിരികൊണ്ട് അപമാനിച്ച അതേ ഉസ്മാൻ! ത്വൽഹയുടെ മകൻ ഉസ്മാൻ. ഇന്നും, രണ്ടായിരത്തി ഇരുപത്തിനാലിലും അതേ ഉസ്മാന്റെ നൂറ്റിപ്പത്താം തലമുറയുടെ കൈയിലാണ് കഅ്ബയുടെ താക്കോൽ.
അടുക്കാനോ സ്നേഹിക്കാനോ അല്ല, അകലാനും കലഹിക്കാനുമാണ് തങ്ങളുടെ ഇടം കൂടുതലും ആളുകളുപയോഗിക്കുന്നത് എന്ന് ഗൂഗ്ൾ പുറത്തുവിട്ട കണക്കുകളോർത്ത് ഈ താക്കോൽക്കഥ ഒന്നുകൂടി വായിച്ചുനോക്കൂ. ഇളക്കമില്ലാത്ത വഴിയടയാളമാണ് ഗുരു.
കടന്നുപോകുന്ന അനുഭവങ്ങളിലൂടെ പരുവപ്പെടുന്ന ജീവിയാണ് മനുഷ്യൻ. അനുഭവങ്ങൾ വേറെയും, ജീവിതം വേറെയുമല്ല. രണ്ടും ഒന്നാണ്, ഒപ്പമാണ്. സാധാരണ മനുഷ്യനേൽക്കുന്ന ജീവിതഭാരത്തിന്റെ ചൂടും ചുമടുമെല്ലാം അറിഞ്ഞനുഭവിച്ച ഗുരുനാഥനാണ് പ്രവാചകൻ. ലോകത്തിന് മുഴുവൻ അനുഗ്രഹമായിട്ടും ലോകത്തുനിന്ന് അധികം അനുഗ്രഹങ്ങളനുഭവിച്ചില്ല. അനാഥകളെ പരിഗണിക്കൂവെന്ന് പറഞ്ഞ പ്രവാചകന് അനാഥയുടെ കഠിനദുഃഖമെന്താണെന്ന് അറിയാമായിരുന്നു.
വിധവകളെ അവഗണിക്കല്ലേയെന്ന് പഠിപ്പിച്ച പ്രവാചകൻ, വിധവയുടെ അരക്ഷിതത്വം അറിഞ്ഞത് അയൽപക്കത്തുനിന്നല്ല, സ്വന്തം ഉമ്മയിലാണ്. നഷ്ടങ്ങളുടെ പൊരിവെയിലിൽ സങ്കടം പകുത്തൊന്നു കെട്ടിപ്പുണർന്ന് കരയാൻ ഉടപ്പിറപ്പുപോലുമില്ലാതെ ഒറ്റക്കായിരുന്നു. ദരിദ്രനായിരുന്നു, ആശ്രിതനായിരുന്നു, തൊഴിലാളിയായിരുന്നു. അനുഭവങ്ങളിലൂടെ ഒഴുകി. സമൂഹത്തിന്റെ ചൂടിൽതന്നെ ജീവിച്ചു. കിട്ടിയതെല്ലാം അപരനുകൂടി പകുത്തു.
പ്രവാചകത്വത്തിന്റെ ആദ്യാനുഭവത്താൽ ഭയന്നോടിവന്ന തിരുനബിയെ ഖദീജ ആശ്വസിപ്പിച്ച വാക്കുകളോർത്തുനോക്കൂ; ‘‘പ്രിയപ്പെട്ടവനേ, താങ്കൾ പാവപ്പെട്ടവന്റെ കൂട്ടുകാരൻ. വിശക്കുന്നവർക്ക് അന്നമേകുന്നവൻ. ബന്ധങ്ങളെ ചേർത്തുനിർത്തുന്നവൻ. ഇല്ല, എന്റെ പ്രിയപ്പെട്ടവനെ ദൈവം വിഷമത്തിലാക്കില്ല.’’
ഹിറാ ഗുഹയിൽ തപസ്സിരുന്ന പ്രവാചകൻ, കഠിനമായ മലകയറി ദൈവത്തെമാത്രം ധ്യാനിച്ചിരുന്ന പ്രവാചകൻ. എന്നിട്ടും അതേപ്പറ്റിയൊന്നുമല്ലല്ലോ പ്രിയപ്പെട്ടവൾ ഓർമപ്പെടുത്തിയത്. ‘‘ഇത്രയേറെ ആരാധനകൾ ചെയ്യുന്നവനല്ലേ’’ എന്നു പറയാമായിരുന്നില്ലേ? ആരാധനകൾ കുഞ്ഞുങ്ങൾപോലും അനുഷ്ഠിക്കുന്നത് കാണാം.
അത്രയെളുപ്പം വഴങ്ങിത്തരാത്ത ചിലതുണ്ട്. അത്രവേഗം ഹൃദയം ശ്രദ്ധിക്കാതെ പോകുന്ന ചില കനിവുകളുണ്ട്. കേൾക്കേണ്ട ചില വിതുമ്പലുകളുണ്ട്. ഒരാളുടെ ജീവിതം പ്രത്യേകതയുള്ളതാകുന്നത് ആ ബിന്ദുവിലാണ്. അതേപ്പറ്റിയാണ് അവർ ഓർമിപ്പിച്ചത്. മക്കയിലെ ഭയത്തിന് അഭയമായത് മദീനയാണ്. അതൊരു നഗരം മാത്രമല്ല, ബോധമാണ്. അഭയമേകുന്ന മദീനയാകൂ എന്ന ബോധം.
ആത്മീയതയെ ബഹളങ്ങളിൽനിന്ന് വിമോചിപ്പിച്ച ദൗത്യമായിരുന്നു പ്രവാചകന്റേത്. ഉണങ്ങാതെ നിൽക്കാൻ വേരിലൊഴിക്കുന്ന വെള്ളമാണ് ആത്മീയത. ദേഹം ചീർക്കുകയും ദേഹി ചീഞ്ഞുപോവുകയും ചെയ്യുന്നതിൽനിന്ന് കാത്തുരക്ഷിക്കുന്ന മരുന്നാണത്. പക്ഷേ, അത് ആരാധനകൾ നിർവഹിക്കുമ്പോൾ മാത്രം നേടുന്നതോ, തീർഥാടനങ്ങളാൽ മാത്രം കൈവരുന്നതോ അല്ലെന്നും, ഇതാ, ഈ ജീവിതത്തിന്റെ പച്ചയിൽ അനുഭവിക്കാനുള്ളതാണെന്നും അതിമധുരമായി പഠിപ്പിച്ചുതന്നു, പ്രവാചകൻ.
അതിർത്തികളെല്ലാം മറന്ന് മനുഷ്യനെ സ്വീകരിക്കാനുള്ള സന്നദ്ധതയാണ് ശരിയായ ആന്തരികവളർച്ചയും ആത്മീയതയുമെന്നതിന് ആ ജീവിതം സാക്ഷിയായി. പല കാലങ്ങളിൽ പല ജീവിതമുള്ള മനുഷ്യർക്ക് ഒരൊറ്റ ജീവിതംകൊണ്ട് മാതൃക പാകി. ഏതവസ്ഥകളിൽ ഉരുകുമ്പോഴും വഴികാട്ടാനുള്ള ചൂണ്ടുപലകയായി. പല രുചികൾ വിളമ്പിവെച്ച ഇലച്ചീന്തുപോലെ ആ ജീവിതം ധന്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.