മനുഷ്യസങ്കടങ്ങളുടെ കടൽ കണ്ട എഴുത്തുകാരൻ
text_fieldsമനുഷ്യാത്മാവിന്റെ മഹാസങ്കടങ്ങളുടെ ആഴക്കടൽ കണ്ട എഴുത്തുകാരൻ പാറപ്പുറത്തിന്റെ ജന്മശതാബ്ദി ദിനമാണ് 2024 നവംബർ 14. 1924ൽ മാവേലിക്കരക്കടുത്ത കുന്നത്ത് എന്ന ഗ്രാമത്തിലാണ് ജനനം. ഈശോ മത്തായി എന്നായിരുന്നു ശരിയായ പേര്. പട്ടാളക്കാർക്ക് തൂലികനാമത്തിലേ എഴുതാൻ സാധിക്കുമായിരുന്നുള്ളൂ എന്നതിനാലാണ് ‘പാറപ്പുറത്ത്’ എന്ന പേരു സ്വീകരിച്ചത്.
നിണമണിഞ്ഞ കാൽപാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, ആദ്യ കിരണങ്ങൾ, തേൻ വരിക്ക, മകനേ നിനക്കു വേണ്ടി, പണിതീരാത്ത വീട്, ഓമന, അരനാഴിക നേരം ഇങ്ങനെ ഇരുപതോളം നോവലുകളും 14 കഥാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. പട്ടാളബാരക്കുക ളിൽനിന്ന് വാർന്നുവീണവയാണ് പല രചനകളും. നിണമണിഞ്ഞ കാൽപാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ രണ്ടു നോവലുകളും പട്ടാളത്തിൽ ജോലിക്കുപോയി തിരിച്ചുവന്ന പട്ടാളക്കാരന്റെയും ഒരു പട്ടാളക്കാര നഴ്‌സിന്റെയും കഥയാണ്. നാടിനെക്കുറിച്ചുള്ള പച്ചപിടിച്ച ഓർമകളാണല്ലോ പട്ടാളക്കാരുടെ സൂക്ഷിപ്പു മുതൽ. സമാനമായ ഗൃഹാതുരത്വം നിഴലിച്ച് നിൽക്കുന്നവയാണ് മറ്റൊരു മുൻ സൈനികനായ കോവിലന്റെ രചനകളും.
മാത്യു എന്ന പട്ടാളക്കാരൻ തങ്കമ്മ എന്ന പെൺകുട്ടിയെ പ്രേമിക്കുന്നതും തിരിച്ചുവരുേമ്പാൾ അവൾക്ക് ജാരനുണ്ടെന്ന് സംശയിച്ച് മറ്റൊരു വിവാഹം കഴിക്കുന്നതും പരീക്ഷണങ്ങളിലുഴറുന്നതുമാണ് ‘നിണമണിഞ്ഞ കാൽപാടുകൾ’ പ്രമേയവത്കരിച്ചത്. പ്രഫ. തോമസ് മാത്യു പറയുന്ന മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളിൽ കാണുന്ന ഇരട്ട ജീവിതമാണ് ഇതിൽ പ്രകടമാവുന്നത്. പുറപ്പരപ്പിൽ വേദപുസ്തകവും ആത്മീയതയും അവരെ അലട്ടുന്നു. അടിയിൽ പച്ച ജീവിതത്തിന്റെ തുച്ഛ കാമനകൾ കാണിക്കുന്ന വഴിക്കുതന്നെയാണ് അവർ പോകുന്നത്.
അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന നോവലിലെ സാറാമ്മയുടെ അവസ്ഥയും സമാനമാണ്. പട്ടാളത്തിൽ നഴ്‌സായി സേവനമനുഷ്ഠിച്ച് തിരിച്ചുവന്നപ്പോൾ അവളെ ആർക്കും വേണ്ട. പത്തമ്പതു വർഷം മുമ്പത്തെ കഥയാണ്. അന്നത്തെ കേരളീയ സാമൂഹിക അവസ്ഥയുടെ ഡോക്യുമെന്റേഷനായും സാറാമ്മയുടെ വ്യഥകളെക്കാണാം.
‘അരനാഴികനേര’മാണ് പാറപ്പുറത്തിന്റെ മാസ്റ്റർപീസ്. ബൈബിളിന്റെ പശ്ചാത്തലത്തിൽ പടുത്തുയർത്തിയ അനശ്വരനോവൽ ശിൽപമാണിത്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വേരുകളെ ഇതിലന്വേഷിക്കുന്നു. ഡോ. കെ.എം. തരകൻ ചൂണ്ടിക്കാട്ടുന്നതുപോലെ ബോധധാരാസങ്കേതത്തെ അതിവിദഗ്‌ധമായി അതിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. 90 വയസ്സായ കുഞ്ഞേനാച്ചൻ താൻ പിന്നിട്ടുപോന്ന താഴ്‌വാരങ്ങളുടെ ദുരന്തസ്മരണകൾ ഉരുവിട്ടുകൊണ്ട് കഴിഞ്ഞുകൂടുകയാണ്. മരണസാന്നിധ്യത്തിനരികെ നിന്നുകൊണ്ട് കുഞ്ഞേനാച്ചൻ തന്റെ ഓർമയുടെ ക്ഷീരപഥത്തിലൂടെ സഞ്ചരിക്കുകയാണ്. ആയകാലത്ത് ആസ്വദിച്ച മുന്തിരി ചഷകവും അതിനു കൊടുക്കേണ്ടിവന്ന വിലയും അത് തന്റെ തലമുറകളെപ്പോലും പിടിച്ചുകുലുക്കുന്നതും ഉപബോധ മനസ്സിന്റെ മഞ്ഞ വെളിച്ചത്തിലൂടെ അദ്ദേഹം കാണുന്നു. താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യ നികേതന’ത്തിന് സമശീർഷമാണ് ഈ കൃതി. പിംഗലകേശിയായ മരണത്തിന്റെ കാലൊച്ച തന്റെ നാഡീജ്ഞാനത്തിലൂടെ സംവേദനം ചെയ്യേണ്ടിവരുന്ന ജീവൻ മശായിയുടെ സന്ത്രാസം കുഞ്ഞേനാച്ചന്റെ അവസാനനാളുകളിൽ ഉപബോധ മനസ്സിന്റെ അഭിപ്രേരണയിൽ അനുവാചകർ കണ്ടെത്തിപോകുന്നു. മലയാള നോവൽ സാഹിത്യത്തിലെ കനപ്പെട്ട 10 പുസ്തകം തെര ഞ്ഞെടുത്താൽ അതിലൊന്ന് ‘അരനാഴികനേരം’ ആയിരിക്കുമെന്നതിൽ ഇതെഴുതുന്നയാളിന് സംശയമില്ലതന്നെ.
‘പണിതീരാത്ത വീടാ’ണ് മറ്റൊരു നോവൽ. നൈനിറ്റാളിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട എം.ടിയുടെ മഞ്ഞും പണിതീരാത്ത വീടും തമ്മിലുള്ള സാദൃശ്യം സി.പി. ശ്രീധരൻ പരിശോധന വിധേയമാക്കിയിട്ടുണ്ട്.
1981 ഡിസംബർ 30നാണ് പാറപ്പുറത്ത് അന്തരിച്ചത്. പഴയകാല കേരളത്തിന്റെ സാമൂഹിക -സാമുദായിക ജീവിതത്തെക്കുറിച്ച് തിരക്കുന്നവർക്ക് സർഗാത്മകമായ റഫറൻസാണ് ഈ സാഹിത്യകാരന്റെ ഓരോ കൃതികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.