ഫാഷിസത്തിനെതിരെ ഒരു നാടകം
text_fieldsമഹാരാഷ്ട്രയിലെ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യുന്നു എന്നെഴുതിയാൽ അതൊരു സാമാന്യ പ്രസ്താവന എന്നർഥത്തിൽ ശരിയാവും. എന്നാൽ, ഇതിനോട് എന്തിന്, എങ്ങനെ, എവിടെ, എപ്പോൾ എന്നിങ്ങനെയുള്ള കൃത്യം ചോദ്യങ്ങൾ ചോദിക്കുന്നില്ലെങ്കിൽ ആ പ്രസ്താവന ഉള്ളടക്കം ചോർന്ന ഒരു പുറംതോട് മാത്രമാവും. ആമയില്ലാത്ത ഒരാമത്തോട് പോലെ! അതേസമയം മഹാരാഷ്ട്രയിലെ കരിമ്പുപാടങ്ങളിൽ ആർത്തവം കാരണം തൊഴിൽ മുടങ്ങാതിരിക്കാൻ സ്ത്രീകൾ ഗർഭപാത്രം നീക്കംചെയ്യാൻ നിർബന്ധിതരാവുന്നു എന്നെഴുതിയാൽ അത് ശരിയെന്നപോലെ സത്യവുമാകും. രോഗം കാരണം ജീവിതം നിലനിർത്താൻ ഗർഭപാത്രം നീക്കംചെയ്യുന്നതും, ആരോഗ്യമുള്ളവർ തൊഴിൽ നഷ്ടപ്പെടാതിരിക്കാനും അതുവഴി ജീവിതം നിലനിർത്താനും വേണ്ടി മാത്രം സ്വന്തം ഗർഭപാത്രം നിസ്സഹായമായി നീക്കം ചെയ്യേണ്ടിവരുന്നതും അടിസ്ഥാനപരമായി രണ്ടുവിധത്തിലുള്ള കാര്യങ്ങളാണ്. അതിൽ രണ്ടിലും തൊഴിൽ രംഗത്തെ ചൂഷണത്തിന്റെ വെട്ടേറ്റ് വീണ മനുഷ്യരുടെ നിലവിളി കേൾക്കാനോ, അവരുടെ ചിതറിപ്പോവുന്ന ജീവിതങ്ങളെ ചേർത്തുനിർത്താനോ കഴിയില്ല. സാമാന്യ പ്രസ്താവങ്ങൾ അപ്രസക്തമാവുന്നതുകകൊണ്ടല്ല, സവിശേഷ യാഥാർഥ്യങ്ങളെ മറിച്ചിടാനുള്ള ചട്ടുകമാക്കി അവയെ സമർഥമായി മേൽക്കോയ്മാ ആശയാധികാരലോകം മാറ്റുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
സവിശേഷമായ സംഭവങ്ങളെയും അവസ്ഥകളെയും വ്യക്തമാക്കുന്നതിനു പകരം, അവയെ അവ്യക്തമാക്കാനും മായ്ച്ചു കളയാനുമുള്ള ഉപാധിയാക്കി സാമാന്യപ്രസ്താവങ്ങളെ സങ്കോചിപ്പിക്കുക എന്നത് എന്നും മർദകാധികാരത്തിന്റെ കാര്യപരിപാടിയിലുള്ളതാണ്. മാർകേസിന്റെ കഥാപാത്രമായ ഡോ. ഉർബിനോ മരക്കൊമ്പ് പൊട്ടി ദാരുണമായി മരിച്ചത്, അനവസരത്തിൽ അദ്ദേഹം നടത്തിയ ഒരു സാമാന്യ പ്രസ്താവനയെ തുടർന്നായിരുന്നു എന്നത്, ഏതുകാലത്തെയും കേവലസാമാന്യ പ്രസ്താവങ്ങളെ അന്ധമായി കൊണ്ടാടുന്നവരെ കാത്തിരിക്കുന്ന അപകടമാണ്! സംസാരിക്കാത്ത ഒരു ജന്തുവിനെയും ഈ വീട്ടിൽ വളർത്താൻ അനുവദിക്കുകയില്ലെന്നാണ്, ജന്തുക്കളെ വളർത്താൻ ഏറെ കൊതിച്ച ഭാര്യയോടയാൾ പറഞ്ഞത്. എന്നാൽ സംസാരിക്കുന്ന തത്തയെ പോറ്റുന്നതിൽനിന്നും അതുകൊണ്ടാണയാൾക്ക് ഭാര്യയെ തടയാൻ കഴിയാഞ്ഞത്. ഒരിക്കൽ കൂടുവിട്ട് പറന്ന് മരക്കൊമ്പിലിരുന്ന തത്തയെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ അയാൾ മരക്കൊമ്പ് പൊട്ടിവീണ് മരിക്കുകയാണുണ്ടായത്. കേവല സാമാന്യ പ്രസ്താവനകൾക്കെതിരെ ഡോ. ഉർബിനോവിന്റെ അപകടമരണത്തെ സാക്ഷിയാക്കി, മുമ്പ് മാർകേസ് നടത്തിയത് ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാർ പ്രയോഗമാണ്. ഒരു സൂക്ഷ്മതയുമില്ലാതെ സാമാന്യതയിൽ സ്തംഭിച്ചുനിൽക്കുന്ന മാനസികാവസ്ഥയെയാണ്, ഗബ്രിയേൽ ഗാർസ്യാ മാർകേസ് അപ്പോൾ കീഴ്മേൽ മറിച്ചത്.
ഫാഷിസത്തിനെതിരെ ഒരു നാടകം എന്ന അശോകൻ ചരുവിലിന്റെ സമകാലത്ത് സ്ഫോടനങ്ങൾ സൃഷ്ടിക്കുന്ന, കഥാനാടകവും ശ്രദ്ധേയമാവുന്നത് ആക്ഷേപഹാസ്യത്തിന്റെ അഗാധതകൊണ്ടും, ചരിത്രബോധത്തിന്റെ മൂർച്ചകൊണ്ടും, നവഫാഷിസത്തിനെതിരായ വിമർശന തീവ്രതകൊണ്ടുമാണ്. ചരിത്രവിരുദ്ധമായ സൗന്ദര്യവത്കരണത്തെ പ്രതിരോധിക്കാതെ നമ്മുടെ കാലത്ത് ഒരു കലാസൃഷ്ടിക്കും, അതെത്ര മികവുകൾ പുലർത്തിയാലും ഇളകിമറിയുന്ന ജീവിതത്തോട് കൂട്ട് ചേരാൻ കഴിയില്ല. ചെലവഴിക്കുന്ന പണമല്ല, അലങ്കാര ശബളിമതയുടെ സമാന്തര ലോകമല്ല, പ്രഗല്ഭരുടെ വിടുവാക്കുകളല്ല, അവിടെയും ഇവിടെയും തൊടാത്ത സംഭാഷണകോലാഹലമല്ല സ്റ്റേജിലൊരുക്കുന്ന അത്ഭുതദൃശ്യങ്ങളല്ല ഒരു കലാസൃഷ്ടിയെയും പ്രസക്തമാക്കുന്നതെന്ന കലാതത്ത്വവിചാരത്തിന്റെ മഹാസന്ദേശമാണ്, കഥ മാത്രമാവാത്ത ഫാഷിസ്റ്റ് വിരുദ്ധ നാടകകഥ ആവിഷ്കരിക്കുന്നത്. ജനകീയ നാടകവേദിക്കും, കേരളത്തിൽ സജീവമായ ഫാഷിസ്റ്റ് വിരുദ്ധ ആശയപ്രചാരണങ്ങൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക രോഗമാണ്, അത്ഭുതകരമാംവിധം ഈ നാടകകഥയുടെ ആരോഗ്യം! രോഗത്തിൽനിന്നുണ്ടായ പൂവല്ല, രോഗത്തെ പ്രതിരോധിക്കുന്ന മരുന്നാണത്. എല്ലാം കണക്കെന്ന് പറഞ്ഞ്, ഫാഷിസ്റ്റ് കണക്കുകളിൽമാത്രം കോരിത്തരിക്കുന്നവരുടെ കരണക്കുറ്റിക്ക് കിട്ടിയ ഒരടിയാണത്. ജനായത്ത കാഴ്ചപ്പാടുകൾ ആത്മാർഥമായി ഉൾക്കൊള്ളുന്നവർപോലും നിതാന്ത ജാഗ്രത കൈവിട്ടാൽ ചെന്നുവീഴാവുന്ന അഴുക്കുചാലുകളുടെ ആഴം കഥാവായനയിൽ അമ്പരപ്പുളവാക്കും. ഇതുവരെ കുടിച്ചതൊന്നുമല്ല കള്ളെന്ന്, അലസവായനകളെ അത് ശരിക്കും കുലുക്കിയുണർത്തും. സമവാക്യങ്ങളിലേക്കും ഒത്തുതീർപ്പുകളിലേക്കും സമരോത്സുകതയെപ്പോലും വഴി തിരിച്ചുവിടാനുള്ള നവ ഫാഷിസ്റ്റ് കോർപറേറ്റ് സമാന്യബോധത്തിന്റെ, അത്രയൊന്നും എളുപ്പത്തിൽ കീഴ്പ്പെടുത്താനാവാത്ത അപ്രതിരോധ്യമായ ശക്തിയെയാണ്, അതിന്റെ കുടില സമാർഥ്യ പ്രകടനങ്ങളെയാണ് പോരാളികളെ നിർവീര്യമാക്കാനും പ്രതിഭാശാലികളെ പിടിച്ചെടുക്കാനുമുള്ള അതിന്റെ അസാമാന്യ കഴിവിനെയാണ്, ഫാഷിസ്റ്റ് ആശ്ലേഷങ്ങൾക്കിടയിൽ ഒളിച്ചുകളിക്കുന്ന അപകടത്തിന്റെ ആഘാത തീവ്രതയേയാണ്, കൊതിപ്പിക്കുന്ന കെട്ടിക്കാഴ്ചകളുടെ മനോഹാരിതകൾക്കിടയിൽ യുദ്ധോത്സുകമാവുന്ന മാരകതയേയാണ്, സമരോത്സുക ശുഭാപ്തിവിശ്വാസത്തിൽ സുഷിരങ്ങൾ വീഴാനനുവദിക്കാത്തവിധം മേൽചൊന്ന കഥാനാടകത്തിൽ അപനിർമിക്കപ്പെടുന്നത്. മുഖ്യധാര, പൊതുബോധം, സാമാന്യബോധം എന്നിവയുടെ തണൽപറ്റി കഴിയുന്ന കേവലസാമാന്യപ്രസ്താവനകൾ, സംഘർഷങ്ങൾ ഇളകിമറിയുന്ന സാമൂഹികജീവിതത്തിന്റെ വ്യാകരണംതന്നെയായി മാറുമ്പോൾ അവ എത്രമാത്രം അപകടകരമായി മാറുമെന്നതിന് ഫാഷിസത്തിനെതിരെ ഒരു നാടകം എന്നതിൽനിന്നുള്ള ഒരൊറ്റ പരാമർശം മാത്രം അപഗ്രഥിച്ചാൽ മതിയാകും.
അശോകൻ ചരുവിലിന്റെ ഫാഷിസത്തിന്നെതിരായ നാടകം എന്ന കഥയിലെ പ്രശസ്ത നാടകപ്രതിഭ ദേവനാരായണൻ സംവിധാനം ചെയ്ത് കോടികൾ മുടക്കി അവതരിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധനാടകത്തിന്റെ അവസാനരംഗത്തിലെ കോറസ് ആ നാടകത്തിലുടനീളം നടന്ന അവതരണത്തിന്റെ ആകെത്തുകയുടെ വികാരനിർഭരമായ സംഗ്രഹമാണ്.
കഥയിൽ പറയുന്നു: ആ സമയത്ത് എല്ലാവരും കോറസായി മാറി. ഓരോരുത്തരായി മുന്നിലേക്ക് വന്ന് വിളിച്ചുപറയാൻ തുടങ്ങി: എല്ലായിടത്തും ഫാഷിസമാണ്, തൂണിലും തുരുമ്പിലും, എല്ലാ മനസ്സിലും, പാർലിമെന്റിലും കോടതിയിലും, പാടത്തും പണിശാലയിലും, മുതലാളിയിലും തൊഴിലാളിയിലും, പുരുഷന്മാരിലും സ്ത്രീകളിലും, കേരളത്തിൽ ഫാഷിമില്ലേ, അതിഭീകരമായി, വീടുകളിൽ ഫാഷിസമില്ലേ, ഉണ്ട്, പഞ്ചായത്തിലും, എവിടെ അധികാരമുണ്ടോ അവിടെ ഫാഷിസമുണ്ട്, എവിടെ സംഘടനയുണ്ട്, അവിടെ ഫാഷിസമുണ്ട്, ഇന്നത്തെ വിപ്ലവകാരി നാളത്തെ ഫാഷിസ്റ്റാണ്, ഫാഷിസം സർവ്വവ്യാപിയാണ്.
സമവാക്യങ്ങളെ ഓവർടേക് ചെയ്യുന്ന ഇത്തരമൊരു ‘സർവ-വാക്യ’ അവതരണത്തിൽ നുരച്ചുപതയുന്നത്, ‘അസാമൂഹികത’യല്ല, ‘സമൂഹശൂന്യത’യാണ്. അസാമൂഹികതയിൽ, അടയാളപ്പെടുത്താതെപോയ, സാമൂഹികതയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനാകും. എന്നാൽ, സമൂഹശൂന്യതയിൽ (Non social) അപ്രകാരമൊന്നും കണ്ടെത്താനാവില്ല. അസമമായതിനെ സമമാക്കുന്ന, ‘സമവാക്യം’ (Equalising the unequal) അസാമൂഹികതയുടെ (asocial) ഭാഗമാണെങ്കിൽ; ‘എല്ലാ സംഘടനകളും ഫാഷിസ്റ്റാണ്, എല്ലാവരും ഫാഷിസ്റ്റാണ്’ എന്ന ഫാഷിസ്റ്റ് വിരുദ്ധ നാടകത്തിലെ സർവവാക്യം’. സമൂഹശൂന്യതയുടെ ദൃഷ്ടാന്തമാണ്. ആദ്യത്തെ ‘അസാമൂഹ്യം’ ചില സന്ദർഭങ്ങളിലെങ്കിലും പരിമിതതലത്തിൽ പ്രസക്തമാകും; എന്നാൽ രണ്ടാമത്തെ ‘സമൂഹശൂന്യം’ പ്രസക്തം, അപ്രസക്തം, മുഖ്യം, അമുഖ്യം എന്നിങ്ങനെയുള്ള വിഭജനത്തെപോലും ഇല്ലാതാക്കും. അസാമൂഹികത മുൻഗണനാ ക്രമങ്ങളെ അട്ടിമറിക്കും. സമൂഹശൂന്യത സർവതിനെയും! അത്തരമൊരു സർവശൂന്യാവസ്ഥയിലേക്ക് നീങ്ങുന്ന മലയാളി. മധ്യവർഗത്തിലൊരു വിഭാഗത്തിന്റെ അരാഷ്ട്രീയ അവസ്ഥയാണ് അശോകൻ ചരുവിലിന്റെ ‘ഫാഷിസത്തിനെതിരെ ഒരു നാടകം’ അതിന്റെ സമസ്ത സംഘർഷങ്ങളും ഉൾക്കൊണ്ടുകൊണ്ട് ആവിഷ്കരിക്കുന്നത്. ‘I am not agaist the asocial, if you know; I am against the non social (ബ്രഹ്ത്).
സാമാന്യബോധം ഏറെക്കുറെ ഇതുവരെ ഏറ്റവും കൂടുതൽ ലാഭം കൊയ്തത് ചെറുകിട വൻകിട സമവാക്യസെൻ്ററുകൾ ആശയജീവിതത്തിലുടനീളം വ്യാപകമാംവിധം സ്ഥാപിച്ചുകൊണ്ടായിരുന്നു. അതിെൻ്റ ആവർത്തിച്ചുള്ള വായ്ത്താരികളിൽ ഒന്ന്, നിങ്ങൾ ഫാഷിസത്തെക്കുറിച്ച് പറയുമ്പോൾ, എല്ലാം പറയണം ഒന്നിനെ മാത്രം പറഞ്ഞാൽ പോരാ എന്നുള്ളതായിരുന്നു. സത്യത്തിൽ വർഗീയതയും മതമൗലികവാദവും നാനാതരത്തിലുള്ള തീവ്രവാദങ്ങളും എന്തിന് വ്യക്തികൾ തമ്മിലുള്ള ഉന്തും തള്ളും വീടുകളിൽ ഉണ്ടാകാവുന്ന പലതരത്തിലുള്ള കച്ചറകളും എതിർക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ അതും ഫാഷിസവും അടിസ്ഥാനപരമായി രണ്ടാണെന്ന കാര്യം മറന്നാൽ അതോടെ ഫാഷിസത്തിന്നെതിരായ ആത്മാർഥമായ എതിർപ്പുകൾപോലും ഫാഷിസത്തിന് ആവേശം പകരുംവിധമുള്ള വളമാവും. വംശഹത്യകളും, ആൾക്കൂട്ടകൊലകളും നടക്കുന്നുണ്ടെങ്കിൽ അതിനുകാരണം ഞങ്ങൾ മാത്രമല്ലല്ലോ എന്നൊരാശ്വാസം ഫാഷിസത്തിനുണ്ടാക്കുക മാത്രമല്ല, അതും ഇതും സമവാക്യങ്ങൾ വഴി സംഭവിക്കുന്നത്. മറിച്ച് ഭരണകൂടശക്തിയായി മാറിയ ഫാഷിസ്റ്റ് സംഘടനകളെയും, അതിനോട് എതിരിടുകയോ ഒത്തുതീർപ്പിലെത്തുകയോ അവർക്ക് പരോക്ഷസഹായമായി തീരുകയോ ചെയ്തവരെയും ചെയ്യുന്നവരെയും ഒരേ തുലാസിലിട്ട് തൂക്കുക അസാധ്യമാണെന്ന തിരിച്ചറിവ് തകർക്കുന്നതിനാണ് സന്ദർഭ പരിഗണനയില്ലാത്ത പൊതു പ്രസ്താവങ്ങൾ വഴിവെക്കുന്നത്.
എല്ലാവരും ഫാഷിസ്റ്റാണ് എന്ന ഫാഷിസ്റ്റ് വിരുദ്ധ നാടകത്തിലെ പൊതു പ്രസ്താവത്തിൽ സർവരും ഒപ്പുവെച്ച് കഴിഞ്ഞാൽ, അതോടെ ഫാഷിസത്തിനെതിരായ സമരങ്ങൾ നിർവീര്യമാവും. ഇത് പഴയ സമവാക്യത്തിൽനിന്നും മുഴുവൻ മനുഷ്യരെയും പ്രധാനമായും ഫാഷിസ്റ്റ് വിരുദ്ധ സമീപനമെടുക്കുന്ന സംഘടനകളെയും അകാരണമായി കുറ്റവാളികളാക്കാനുള്ള ഫാഷിസ്റ്റ് തന്ത്രമാണ്. അതായത് അസമമായതിനെ സമമാക്കുന്ന പഴയ സമവാക്യവിദ്യയിൽനിന്നും നവഫാഷിസം ഇപ്പോൾ സർവതിനെയും ഒരൊറ്റ അച്ചിലേക്ക് അടിച്ചൊതുക്കുന്ന സർവസമവാക്യ നിർമിതിയിലേക്ക് വളർന്ന് കഴിഞ്ഞിരിക്കുന്നു. അതിന്റെ മാനിഫസ്റ്റോയാണ്, എവിടെ സംഘടനയുണ്ടോ, അവിടെ ഫാഷിസമുണ്ട്എന്ന കഥയുടെ ന്യൂക്ലിയസ്സായ, കോർപറേറ്റ്–ജാതിമേൽക്കോയ്മാ സംയുക്തമായി മാറിക്കഴിഞ്ഞ നവഫാഷിസത്തിന് ഏറെ പ്രിയംകരമായ കുടിലവാക്യം. ഭരണവർഗത്തിന്റെ തത്ത്വചിന്തയെന്നും, തത്ത്വചിന്തകരല്ലാത്തവരുടെ തത്ത്വചിന്തയെന്നും, തിരിച്ചറിവുകളെ തകർക്കുംവിധമുള്ള കേവലസാമാന്യ പ്രസ്താവങ്ങളെന്നും പലവുരു ചിന്തകർ വിശേഷിപ്പിച്ച സാമാന്യബോധം ഇന്നത്തെ ഇന്ത്യനവസ്ഥയിൽ സ്വയമൊരു സായുധ സംഘടനയായി മാറിയിരിക്കുന്നു എന്ന സംഭ്രമജനകമായ സത്യമാണ്, അതിന് കപ്പംകൊടുക്കുന്ന വെറും തൊമ്മികളായി മനുഷ്യർ മാറിയാൽ, അതോടെ ചെറുത്തുനിൽപ്പുകൾ കടുത്ത പ്രതിസന്ധി നേരിടുമെന്ന താക്കീതാണ്, അശോകൻ ചെരുവിലിന്റെ കഥമാത്രമല്ലാത്ത കഥ ഒരു പിടച്ചിലോടെ പങ്കുവെക്കുന്നത്. ഫാഷിസ്റ്റ് ഭീകരതകളെ സ്വാഭാവികതയായി സ്വീകരിക്കാൻ ഒരു ജനസമൂഹം സജ്ജമാക്കപ്പെടുമ്പോൾ, ആവിധം ജനതയെ സജ്ജമാക്കാനുള്ള ഒരു ഉപകരണമായി നാടകമടക്കമുള്ള കലകൾ മാറുമ്പോൾ, ഫാഷിസത്തിനെതിരായ ജനായത്ത പ്രതിഷേധത്തിന്റെ വീര്യം കുറയും. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ഫാഷിസ്റ്റ് വിരുദ്ധ ജാഗ്രതക്ക് ഊർജം പകരുന്നതിന്റെ ഭാഗമായി അശോകൻ ചരുവിലിന്റെ, ഫാസിസത്തിന്നെതിരെ ഒരു നാടകം എന്ന കഥക്ക് നാടകാവിഷ്ക്കാരം നൽകി, നാട്ടിലുടനീളം അവതരിപ്പിക്കുകയും, സമവാക്യ–സർവ്വവാക്യ പ്രവണതകൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുകയും ബദൽബോധരൂപീകരണത്തിന് കരുത്ത് പകരുകയും ചെയ്യേണ്ടത് ഇന്ന് അത്യന്തം അനിവാര്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൻ ഫാഷിസ്റ്റ് വിരുദ്ധമായ സർവരചനകളും, അത് കവിതയായാലും കഥയായാലും നോവലായാലും, ജനകീയനാടകമായി അവതരിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് തന്നെയാണ്, ഫാഷിസത്തിന്നെതിരെ ഒരു നാടകം പരോക്ഷമായി പറയാതെ പറയുന്നത്. നമ്മുടെ അണികൾക്കിടയിലും അസഹിഷ്ണുതയോടെ ഫാഷിസ്റ്റപകടത്തെ വിലകുറച്ച് കണ്ടവരുണ്ടായിരുന്നു. ഇന്നുവരെയും എല്ലായിടത്തും ആ പ്രവണതയെ മറികടക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല (ദിമിേത്രാവ്). ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിക്ക് നേതൃത്വം നൽകിയ സ: ദിമിേത്രാവ് തൊള്ളായിരത്തി മുപ്പതുകളിലെ ക്ലാസ്സിക്കൽ ഫാഷിസ്റ്റ് പശ്ചാത്തലത്തിലെഴുതിയ ഇത്തരമൊരു അപകടാവസ്ഥ പുതിയ ഭാവരൂപങ്ങളാർജ്ജിച്ച് മലയാളി മധ്യവർഗ ജീവിതത്തിന്റെ സ്വഭാവമായി തീർന്നൊരു പശ്ചാത്തലത്തിലാണ്, അതിനെ അടപടലം കശക്കുന്ന പ്രശസ്ത കഥാകൃത്തായ അശോകൻചെരുവിലിന്റെ ഫാഷിസത്തിന്നെതിരെ ഒരു നാടകം എന്ന നാടകകഥ എഴുതപ്പെട്ടിട്ടുള്ളതെന്നത്, സാംസ്കാരികജീവിതത്തിലെ ആവേശകരമായ ഒരടയാളമാണ്. കാഴ്ചക്കാരുടെ കണ്ണിന്റെ കെട്ടഴിച്ചും, അവരറിയാതെ അധികാരം കാതിൽ തിരുകിയ പഞ്ഞി എടുത്തുമാറ്റിയും ഇന്ദ്രിയ സാധ്യതകളെ ചിന്താ പ്രബുദ്ധതയുമായി കണ്ണിചേർക്കുന്ന ഇതുപോലുള്ള കഥകളും കവിതകളും നോവലുകളും സിനിമകളും പാട്ടുകളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളുമാണ് നമ്മുടെ നവഫാഷിസ്റ്റ്കാലം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.