ലോക്ഡൗൺ
text_fieldsഇന്ദ്രപ്രസ്ഥത്തിെൻറ അധികാരം അഞ്ചു വർഷംകൂടി ഉറപ്പിച്ച കെജ്രിവാളിെൻറ രണ്ടാം ‘കുറ്റിച്ചൂൽ വിപ്ലവം’ എങ്ങനെയായിരിക്കും ശാഹീൻബാഗിലെ സമരപ്പന്തലിൽ ആഘോഷിച്ചിട്ടുണ്ടാവുക എന്നറിയാൻ അവിടേക്ക് തിരിച്ച മാധ്യമപ്രവർത്തകർക്ക് കിട്ടിയത് മറ്റൊരു ‘സ്കൂപ്പാ’ണ്. സമരപ്പന്തലിലെ സർവരും മൗനവ്രതത്തിലിരിക്കുന്നു! മൈക്ക് നീട്ടി ചോദ്യങ്ങൾ പലതും നീട്ടി പ്രകോപിപ്പിച്ചിട്ടും പൗരത്വസമരത്തിെൻറ കേന്ദ്രഭൂമിയിൽനിന്ന് ഒരു ശബ്ദവും കേൾക്കാനില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബി.ജെ.പി കേന്ദ്രങ്ങളിൽനിന്ന് തീവ്രവാദികളെന്നും പാകിസ്താനികളെന്നുെമാക്കെയുള്ള വിളികേട്ടവരാണ് ഇങ്ങനെ മിണ്ടാതിരിക്കുന്നതെന്നോർക്കണം. മൗനവ്രതം ആചരിക്കുേമ്പാഴുണ്ടാകുന്ന പരമോന്നത അനുഭൂതിയിൽ ദൈവവുമായി ഹൃദയ സംവാദം സാധ്യമാകുമെന്നാണ് പറയാറ്. കെജ്രിവാളിെൻറ വിജയത്തിൽ കാര്യമായി ആഘോഷിക്കാനൊന്നുമില്ലെന്ന് അത്തരമൊരു സംവാദത്തിൽ ആ വീട്ടമ്മമാർ തിരിച്ചറിഞ്ഞോ ആവോ. എന്തായാലും സത്യപ്രതിജ്ഞ ചെയ്തശേഷം ടിയാൻ മിണ്ടിയിട്ടില്ല. ഡൽഹി വംശീയാക്രമണത്തിലും പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുേമ്പാഴുമൊന്നും ടിയാൻ മൗനവ്രതം വെടിഞ്ഞിട്ടില്ല. ഏറ്റവുമൊടുവിൽ ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ തസ്തികയിൽ താൻ നിയമിച്ച സഫറുൽ ഇസ്ലാംഖാെനതിരെ രാജ്യദ്രോഹക്കേസ് ചുമത്തുേമ്പാഴെങ്കിലും രണ്ടക്ഷരം പറയാമായിരുന്നില്ലേ? എങ്ങനെ മിണ്ടും? ആ അറസ്റ്റ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് അമിത് ഷായെക്കാൾ കെജ്രിവാളായിരുന്നുവെന്നാണ് സംസാരം. സാഹചര്യത്തെളിവുകൾ വെച്ചു നോക്കുേമ്പാൾ ഇൗ ലോക്ഡൗൺ കെണിയിൽ ശരിയില്ലാതില്ല.
രാജ്യത്തെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും മുസ്ലിം ബുദ്ധിജീവിയുമാണ്. ഇന്ത്യൻ മുസ്ലിംകളുടെ പ്രശ്നങ്ങളെക്കുറിച്ച് ലോകത്തെവിടെ ചർച്ച നടന്നാലും പാനലിൽ സഫറുൽ ഇസ്ലാം ഖാൻ എന്ന പേര് നിർബന്ധമാണ്. അത്രക്കുണ്ട് പ്രശസ്തി. ഉർദു, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകൾ ഒരുപോലെ കൈകാര്യം ചെയ്യും. അൽ ജസീറയിലും ബി.ബി.സിയിലുമൊക്കെ സ്ഥിരം സാന്നിധ്യമാണ്. ഇങ്ങനെയൊക്കെയുള്ള ഒരു പണ്ഡിതൻ വല്ല പള്ളിമൂലയിലും ഇരുന്ന് എന്തെങ്കിലും ഫത്വ കൊടുത്ത് ജീവിച്ചാൽ േപാരേ എന്നാണ് ഇൗ മൗനവ്രതത്തിലൂടെ കെജ്രിവാൾ ചോദിക്കുന്നത്. മോദിയുടെ രണ്ടാം വരവിനുശേഷം, കെജ്രിവാളിന് സംഭവിച്ച ‘പരിവർത്തനി’ൽനിന്നാണ് ഇൗ ചോദ്യമുയരുന്നതെന്ന് ഒാർക്കണം. മൂന്നുവർഷം മുമ്പ് ഇങ്ങനെയായിരുന്നില്ല. അതുകൊണ്ടാണ് അന്ന് ന്യൂനപക്ഷ കമീഷൻ ചെയർമാെൻറ കസേരയിൽ പിടിച്ചിരുത്തിയത്. ഇപ്പോൾ കാര്യങ്ങൾ ആകെ മാറിയിരിക്കുന്നു. അതിനനുസരിച്ചുള്ള മാറ്റം സഫറുൽ ഇസ്ലാമിൽ കാണുന്നില്ല. അദ്ദേഹം പഴയതുപോലെതന്നെ മോദി വിരുദ്ധത സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നല്ല, മോദി-അമിത് ഷാ ടീം ഇന്ത്യയിൽ ഇസ്ലാമോഫോബിയ പടർത്തിക്കൊണ്ടിരിക്കുന്നുവെന്ന തീസിസ് നിർമാണത്തിനും മുതിർന്നിരിക്കുന്നു. ലോക്ഡൗൺ മറവിലും തുടരുന്ന മുസ്ലിം വേട്ടക്കെതിരെ അറബ് രാജ്യങ്ങൾ പ്രതികരിച്ചപ്പോൾ ആ രാജ്യങ്ങളെ പ്രകീർത്തിച്ചും അതിെൻറ പേരിൽ ഭരണകൂടത്തെയും മോദി ഭക്തരെയും വിമർശിച്ചും സോഷ്യൽ മീഡിയയിൽ കുറിമാനം രചിച്ചിരിക്കുന്നു. ഇത് രാജ്യദ്രോഹമല്ലാതെ മറ്റെന്താണ്! അതിനാൽ, ഡൽഹിയിലെ ഒരു ദേശസ്നേഹി നൽകിയ പരാതിയിൽ താമസംവിനാ കേസെടുത്തിരിക്കുകയാണ്. തെൻറ കുറിപ്പുകൾ രാജ്യത്തിനെതിരല്ലെന്ന് വിളിച്ചുപറഞ്ഞിട്ടും അത് കേൾക്കാനാരുമില്ല. ഇസ്ലാമോഫോബിയ എന്ന വാക്കുച്ചരിക്കുന്നതുതന്നെ കുറ്റകരമാകുന്ന കാലം. ‘ഇതൊക്കെതന്നെയാണ് സർ ഇസ്ലാമോഫോബിയ’ എന്ന് കെജ്രിവാളിന് ആരാണൊന്ന് പറഞ്ഞുകൊടുക്കുക?
ഫെബ്രുവരി അവസാന വാരം വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന ‘കലാപ’ത്തെ വംശീയാക്രമണം എന്നു വിശേഷിപ്പിച്ചയാളാണ്. ബി.ജെ.പി നേതാക്കൾ അടക്കമുള്ള ഏതാനും ഹിന്ദുത്വവാദികളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം വരുന്ന സ്വകാര്യ കമാൻഡോകൾ പ്രദേശത്തെ മുസ്ലിംകൾക്കുനേരെ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെ എങ്ങനെ ‘കലാപ’മെന്നു വിളിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷ കമീഷൻ ചെയർമാൻ എന്ന നിലയിൽ ആ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി തെൻറ വാദം ശരിയാണെന്ന് ഉറപ്പിച്ചു. പൗരത്വ പ്രക്ഷോഭത്തെ അമർച്ചചെയ്യാനുള്ള േമാദി സർക്കാറിെൻറ ശ്രമത്തിനെതിരെ ശക്തമായ ഭാഷയിൽ സംസാരിച്ചു. കെജ്രിവാൾ പ്രഖ്യാപിച്ച സഹായത്തുക പര്യാപ്തമല്ലെന്ന് തുറന്നടിച്ച് ‘ആപ്പു’മായും പോർമുഖം തുറന്നു. ആക്രമണത്തിെൻറ ആദ്യദിവസംതന്നെ കർഫ്യൂ ഏർപ്പെടുത്താൻ താൻ നിർദേശിച്ചിട്ടും കെജ്രിവാൾ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടില്ലെന്നും കുറ്റപ്പെടുത്തി. വംശീയാക്രമണത്തിന് കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കുടപിടിച്ചുവെന്നാണ് ഇപ്പറഞ്ഞതിെൻറ അർഥം. അന്നേ കെജ്രിവാളും മോദിയും നോട്ടമിട്ടതാണ്; പക്ഷേ, ലോക്ഡൗൺ ചെയ്യാൻ മതിയായ കാരണങ്ങളുണ്ടായിരുന്നില്ല. പിന്നീട് ഇരകളെ ‘കലാപകാരികളാ’ക്കി വ്യാപക അറസ്റ്റ് നടന്നപ്പോഴും സഫറുൽ ഇസ്ലാം പ്രതികരിച്ചു. െപാലീസിനോട് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യെപ്പട്ട് നോട്ടീസ് അയച്ചു. ഇതിനിടയിൽ ഇരകളുടെ പുനരധിവാസത്തിനുള്ള റിലീഫ് പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നുണ്ടായിരുന്നു. അതിനിടയിലാണ് ലോക്ഡൗൺ വന്നുപെട്ടത്. നിസാമുദ്ദീൻ സംഭവവും തുടർന്ന് തബ്ലീഗ് പ്രവർത്തകരെ ‘കൊറോണ വാഹകർ’ എന്ന മുദ്രകുത്തി ആൾക്കൂട്ടവും ഭരണകൂടവും ഒരുപോലെ ശിക്ഷിക്കാനൊരുങ്ങിയതും ഇൗ ലോക്ഡൗണിെൻറ തുടർച്ചയാണല്ലോ. ഇൗ ആക്രമണ സംഭവങ്ങളെ ഒ.െഎ.സി പോലുള്ള സംഘടനകളും അറബ് രാജ്യങ്ങളും അപലപിച്ചപ്പോൾ അതിനെ ശരിവെക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, ഇക്കാലത്ത് ഒരു മുസ്ലിമിനെ ലോക്ഡൗൺ ചെയ്യാൻ അതുതന്നെ ധാരാളം. കശ്മീർ വിഷയത്തിൽ താൻ ഇന്ത്യക്കനുകൂലമായി ലേഖനമെഴുതി എന്നു പറഞ്ഞിെട്ടാന്നും കാര്യമില്ല. ഇപ്പോഴിവിടെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ.
1948 മാർച്ച് 12ന് യു.പിയിലെ അഅ്സംഗഢിൽ ജനനം. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മൗലാന വഹീദുദ്ദീൻ ഖാെൻറ മകനാണ്. അഅ്സംഗഢിലെ മദ്റസത്തുൽ ഇസ്ലാഹ്, ലഖ്നോവിലെ ദാറുൽ ഉലൂം നദ്വത്തുൽ ഉലമ എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന്, ഏഴു വർഷം കൈറോയിലെ അസ്ഹർ സർവകലാശാലയിൽ പഠനം. മാഞ്ചസ്റ്റർ സർവകലാശാലയിൽനിന്ന് ഇസ്ലാമിക വിജ്ഞാനീയത്തിൽ ഗവേഷണ ബിരുദവും സ്വന്തമാക്കി. 70കൾ തൊട്ട് എഴുത്തിൽ സജീവം. ലിബിയൻ വിദേശകാര്യ മന്ത്രാലയത്തിൽ വിവർത്തകനായായിരുന്നു തുടക്കം. വിവർത്തനമടക്കം 50ലധികം കനപ്പെട്ട പുസ്തകങ്ങളുടെ കർത്താവാണ്. ‘മില്ലി ഗസറ്റ്’ ദ്വൈവാരികയുടെ പത്രാധിപരും പ്രസാധകനുമാണ്. വിവിധ വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറുമായി സേവനമനുഷ്ഠിക്കുന്നു. രണ്ടു തവണയായി നാലു വർഷം ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറയുടെ അധ്യക്ഷസ്ഥാനത്തിരുന്നിട്ടുണ്ട്. മുസ്ലിം വ്യക്തിനിയമത്തിൽ കാലോചിത മാറ്റങ്ങൾ കൊണ്ടുവരണമെന്ന് എല്ലായ്പോഴും അഭിപ്രായമുണ്ട്. മുത്തലാഖ് നിരോധന ബില്ലിനെ ഇൗ ഗണത്തിലാണ് കാണുന്നത്. ആ ഉപകാര സ്മരണപോലും ഇപ്പോൾ കാവിപക്ഷത്തിനില്ലാതെ പോയി എന്നതാണ് ഇൗ എപ്പിസോഡിലെ ദയനീയ ചിത്രം. ന്യൂനപക്ഷ കമീഷൻ ചെയർമാൻ കസേരയൊഴിയാൻ ഇനി മൂന്ന് മാസമേ അവശേഷിക്കുന്നുള്ളൂ. ശേഷിക്കുന്ന ഇൗ അധികാരകാലമത്രയും രാജ്യേദ്രാഹക്കുറ്റത്തിെൻറ ലോക്ഡൗണിൽ കഴിയാനാണ് വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.